ഋതുക്കളും ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവും


സ്വിറ്റ്സര്‍ലാന്റില്‍ താമസം തുടങ്ങിയിട്ട് മാസം നാലായി. ഞാന്‍ ഈ ബ്ലോഗിന്റെ പടി കണ്ടിട്ട് അതിലും കൂടുതല്‍ കാലമായി. ഇവിടെ ഇപ്പോള്‍ തണുപ്പുകാലമാണ്. കോഴിക്കോടായിരുന്നപ്പോള്‍ താപനില 19 ഡിഗ്രി സെല്‍ഷ്യസില്‍ താഴ്ന്നാല്‍ ഞാന്‍ തണുത്തു വിറച്ച് പുതച്ചുകിടക്കുമായിരുന്നു, കാന്‍പൂര്‍ എത്തിയപ്പോള്‍ ആ തണുപ്പൊന്നും പ്രശ്നമല്ലാതായി. കാന്‍പൂരിലെ തണുപ്പും ഇനി കാര്യമായി എടുക്കേണ്ടി വരാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഇവിടത്തെ കാര്യം. “കഹാനി അഭി ഭീ ബാകീ ഹേ ഭായ്” എന്നാണ് ലാബില്‍ കൂടെയുള്ളവര്‍ പറയുന്നത്, ഡിസംബര്‍-ജനുവരി ആകുമ്പോഴേക്ക് എന്നെ വീട്ടിലേക്ക് പാഴ്സല്‍ അയക്കേണ്ട ഗതി വരാതിരുന്നാല്‍ മതിയായിരുന്നു. ഇതെന്താണ് വടക്കോട്ട് ചെല്ലും തോറും തണുപ്പുകാലം ഇങ്ങനെ കടുത്തതാകുന്നത്? സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ പരിക്രമണവും ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവുമാണ് ഋതുക്കള്‍ക്ക് കാരണമാകുന്നതെന്ന് സ്കൂളില്‍ പഠിക്കുന്നതാണല്ലോ. ഈ ആശയമുപയോഗിച്ച് അത്ര കഠിനമല്ലാത്ത കണക്കുകൂട്ടലുകളിലൂടെ അക്ഷാംശവും ഋതുക്കളും തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം.

ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവ് 23.4 ഡിഗ്രിയാണ്
സ്രഷ്ടാവ് : Dna-webmaster
സ്രോതസ്സ് : വിക്കിമീഡിയ കോമണ്‍സ്

ഋതുക്കള്‍ എന്നത് വളരെ സങ്കീര്‍ണ്ണമായ ഒരു പ്രതിഭാസമാണ്. വളരെ സങ്കീര്‍ണ്ണമായ മാതൃകകളും ശക്തിയേറിയ സൂപ്പര്‍കമ്പ്യൂട്ടറുകളുമില്ലാതെ ഈ വിഷയത്തില്‍ കൃത്യമായ പ്രവചനങ്ങളും വിശദീകരണങ്ങളും നടത്തുന്നത് അസാധ്യമാണെന്നുതന്നെ പറയാം. എങ്കിലും ഏത് സങ്കീര്‍ണ്ണ വ്യവസ്ഥയുടെ കാര്യത്തിലേതും പോലെ ലളിതമായ ഒരു മാതൃകയുപയോഗിച്ച് ഇവിടെയും നമുക്ക് ചില കാര്യങ്ങളെങ്കിലും മനസ്സിലാക്കാനാകും. ഋതുക്കളുടെ മേല്‍ ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവിനുള്ള പ്രഭാവം മാത്രമാണ് ഈ പോസ്റ്റിലൂടെ അന്വേഷിക്കാന്‍ ശ്രമിക്കുന്നത്.

ഒരു പ്രദേശത്ത് ലഭിക്കുന്ന മൊത്തം സൗരോര്‍ജ്ജത്തിന്റെ അളവ് അവിടത്തെ താപനിലയും അതിനാല്‍ ഋതുക്കളും നിര്‍ണ്ണയിക്കുന്നു എന്ന oversimplified മാതൃകയാണ് ആണ് ഞാന്‍ ഇവിടെ ഉപയോഗിക്കാന്‍ പോകുന്നത്.

എന്താണ് ഇത്തരമൊരു അപ്രോക്സിമേഷന്‍ എടുക്കാനുള്ള ന്യായീകരണം? ശൂന്യാകാശത്ത് നമ്മള്‍ ഒരു വസ്തു വച്ചിരിക്കുന്നുവെന്ന് കരുതുക. ആ വസ്തുവിനെ നമ്മള്‍ നിരന്തരമായി P പവര്‍ ഉള്ള വികിരണത്തിന് വിധേയമാക്കുന്നു. ഇതിന്റെ ഫലമായി വസ്തു ചൂടാവുകയും സ്വയം വികരണം പുറത്തുവിടുകയും ചെയ്യുന്നു. സ്ഥിരസ്ഥിതിയില്‍ (steady state) വസ്തുവിന്റെ താപനില എത്രയായിരിക്കുമെന്ന് ബ്ലാക്ക്ബോഡി റേഡിയേഷന്റെ സമവാക്യങ്ങളുപയോഗിച്ച് കണ്ടുപിടിക്കാം. ഭൂമിയിലെ വ്യത്യസ്ത പ്രദേശങ്ങളുടെ കാര്യത്തില്‍ ഈ മാതൃക അതേപടി ഉപയോഗിക്കാനാവില്ല – കാരണം, വിവിധ പ്രദേശങ്ങള്‍ തമ്മില്‍ താപചാലനം വഴിയും അന്തരീക്ഷത്തിലൂടെ താപസംവഹനം വഴിയുമെല്ലാം ഊര്‍ജ്ജകൈമാറ്റം നടക്കും. എങ്കിലും ഒരു ഏകദേശധാരണ ലഭിക്കാന്‍ ഈ അപ്രോക്സിമേഷന്‍ സഹായിക്കുന്നു.

ഈ അപ്രോക്സിമേഷന്‍ വഴി നാം എന്തൊക്കെ പ്രധാനപ്പെട്ട ഘടകങ്ങളാണ് അവഗണിക്കുന്നത്?

  • വിവിധ ഭൂപ്രദേശങ്ങളുടെ ആല്‍ബിഡോ, ആകാശം തെളിഞ്ഞിരിക്കുന്ന അവസ്ഥയിലും മേഘാവൃതമായിരിക്കുന്ന അവസ്ഥയിലും
    സ്രഷ്ടാവ് : Giorgiogp2
    സ്രോതസ്സ് : വിക്കിമീഡിയ കോമണ്‍സ്

    ഭൂമിയുടെ താപനില നിയന്ത്രിക്കുന്നതില്‍ ഭൗമാന്തരീക്ഷത്തിന് സുപ്രധാന പങ്കുണ്ട്. ബ്ലാക്ക്ബോഡി റേഡിയേഷന്റെ വിക്കിപീഡിയ താളില്‍ കൊടുത്തതുപോലെ അന്തരീക്ഷത്തെ അവഗണിച്ച് ഭൂമിയുടെ ശരാശരി താപനില കണക്കാക്കാന്‍ ശ്രമിച്ചാല്‍ നമുക്ക് യഥാര്‍ത്ഥത്തിലും വളരെ താഴ്ന്ന ഒരു വിലയാണ് ലഭിക്കുക. ഇതിനുപുറമെ, മഴക്കാലം എന്നത് അന്തരീക്ഷവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രതിഭാസമാണ്. സൗരോര്‍ജ്ജത്തിന്റെ അളവ് ഋതുക്കളെ നിശ്ചയിക്കുന്നു എന്ന ലളിതവല്‍കരണം അന്തരീക്ഷത്തിന്റെ പ്രഭാവങ്ങളെ പൂര്‍ണ്ണമായി അവഗണിക്കുന്നു.

  • വസ്തുക്കളെല്ലാം അവയുടെമേല്‍ പതിക്കുന്ന പ്രകാശത്തിന്റെ ഒരു ഭാഗം മാത്രം ആഗിരണം ചെയ്ത് ബാക്കി പ്രതിഫലിപ്പിക്കുന്നു. ഒരു പ്രതലത്തിനുമേല്‍ പതിക്കുന്ന പ്രകാശത്തില്‍ എത്ര ഭാഗം പ്രതിഫലിപ്പിക്കപെടുന്നു എന്നതിന്റെ അളവാണ് ആല്‍ബിഡോ. ഒരേ ആകൃതിയും വലുപ്പവുമുള്ള – എന്നാല്‍ ആല്‍ബിഡോ വ്യത്യസ്തമായ – രണ്ട് വസ്തുക്കളുടെമേല്‍ പ്രകാശം പതിക്കുകയാണെങ്കില്‍ ആല്‍ബിഡോ കുറഞ്ഞ വസ്തു കൂടുതല്‍ ഊര്‍ജ്ജം ആഗിരണം ചെയ്യുകയും അങ്ങനെ കൂടുതല്‍ ഉയര്‍ന്ന താപനില കൈവരിക്കുകയും ചെയ്യുന്നു. മഞ്ഞിന്റെ ആല്‍ബിഡോ വളരെ ഉയര്‍ന്നതായതിനാല്‍ ധ്രുവങ്ങളോടടുത്ത പ്രദേശങ്ങള്‍ക്ക് ലഭിക്കുന്ന സൗരോര്‍ജ്ജം പോലും താപനിലയില്‍ ഉയര്‍ച്ചയുണ്ടാക്കാതെ വരാന്‍ ഇത് കാരണമാകാം.

ഇനി ഒരു പ്രദേശത്ത് ഒരു ദിവസം ആകെ ലഭിക്കുന്ന സൗരോര്‍ജ്ജം കണക്കാക്കുന്നതെങ്ങനെയെന്ന് നോക്കാം. സൂര്യനില്‍ നിന്ന് ഒരു ആസ്ട്രോണമിക്കല്‍ യൂണിറ്റ് അകലെ സൂര്യന്റെ രശ്മികള്‍ക്ക് ലംബമായ ഒരു പ്രതലത്തില്‍ പതിക്കുന്ന സൗര വിദ്യുത്കാന്തികോര്‍ജ്ജത്തിന്റെ അളവ് സൗരസ്ഥിരാങ്കം എന്നറിയപ്പെടുന്നു. ഭൂമിക്ക് അന്തരീക്ഷമില്ലായിരുന്നെങ്കില്‍ (അതാണല്ലോ നമ്മുടെ മാതൃക) സൂര്യന്‍ കൃത്യം ഒരാളുടെ തലയ്ക്കുമീതെ വരുന്ന പ്രദേശത്തെ നിലത്ത് ഒരു ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഭാഗത്ത് S=1361W ആണ് സൗരോര്‍ജ്ജം പതിക്കുക. എന്നാല്‍ സൂര്യന്‍ കൃത്യം തലയ്ക്കുമുകളില്‍ വരുന്നതിനു പകരം ചക്രവാളത്തില്‍ നിന്ന് θ ഡിഗ്രി ഉയരത്തിലായാണ് കാണപ്പെടുന്നതെങ്കില്‍ ഒരു ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഭാഗത്ത് S*sin(θ) ഊര്‍ജ്ജം മാത്രമേ പതിക്കുകയുള്ളൂ. പ്രതലം സൂര്യരശ്മികള്‍ക്ക് ലംബമല്ലാത്തതിനാലാണ് ഇങ്ങനെ വരുന്നത്.

അതായത്, ഓരോ സമയവും സൂര്യന്‍ ചക്രവാളത്തില്‍ നിന്ന് എത്ര ഉയരെയാണെന്ന് കണക്കുകൂട്ടാനാവുമെങ്കില്‍ ആകെ ലഭിക്കുന്ന സൗരോര്‍ജ്ജവും കണക്കുകൂട്ടാം. ഇത് ഏതെങ്കിലും ജ്യോതിശാസ്ത്രകാറ്റലോഗുകളില്‍ നിന്നോ ജ്യോതിശാസ്ത്രസോഫ്റ്റ്വെയറുകളുപയോഗിച്ചോ കണ്ടെത്താവുന്നതേ ഉള്ളൂ. എന്നാല്‍, മാതൃക ഇത്രയൊക്കെ ലളിതവല്ക്കരിച്ച സ്ഥിതിക്ക് അല്‍പം കൂടി അപ്രോക്സിമേഷനുകള്‍ ഉപയോഗിക്കാമല്ലോ, ഇങ്ങനെ ചെയ്താല്‍ ഈ കണക്കുകൂട്ടലുകളും സ്വയം നടത്താനാകും (ഇത്രേം അപ്രോക്സിമേഷനുകള്‍ നടത്തുന്നതുകൊണ്ടാണ് ഞങ്ങള്‍ തിയററ്റികല്‍ ഫിസിക്സുകാരെക്കുറിച്ച് ഇത്തരം തമാശകളൊക്കെ പറയുന്നത്). അപ്രോക്സിമേഷനുകള്‍ :

  • ഭൂമിയുടെ പരിക്രമണപഥം വൃത്താകാരമാണ് : യഥാര്‍ത്ഥത്തില്‍ ഇത് 0.016 വികേന്ദ്രതയുള്ള ദീര്‍ഘവൃത്തമാണ്. ഇത് അവഗണിക്കുക വഴി നമ്മുടെ മാതൃക രണ്ട് രീതിയില്‍ ലളിതമാകുന്നു. സൗരോര്‍ജ്ജം സ്ഥിരമായി നില്ക്കുന്നു എന്നതാണ് ഒന്ന്. ദീര്‍ഘവൃത്തമായ ഭ്രമണപഥം കണക്കിലെടുക്കുകയാണെങ്കില്‍ സൂര്യനിലേക്കുള്ള ദൂരം വ്യത്യാസപ്പെടുന്നതിനനുസരിച്ച് സൂര്യനില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവിലും വ്യത്യാസം വരുത്തേണ്ടിവരും. വൃത്തപഥത്തില്‍ പരിക്രമണം ചെയ്യുമ്പോള്‍ പരിക്രമണത്തിന്റെ കോണീയവേഗം സ്ഥിരമായിരിക്കുന്നു എന്നതാണ് വേറൊരു ഗുണം.
  • ഭൂമി സൂര്യനെ ചുറ്റുന്നത് കൃത്യം 365 ദിവസമെടുത്തിട്ടാണ് : വെറുതെ കാല്‍ ദിവസം കണക്കിലെടുത്ത് പാടുപെടേണ്ടല്ലോ 🙂

ജ്യോതിശാസ്ത്രത്തിലെ നിര്‍ദ്ദേശാങ്കവ്യവസ്ഥകളുപയോഗിച്ച് ഇനി സൂര്യന്റെ ചക്രവാളത്തില്‍ നിന്നുള്ള ഉയരം കണ്ടുപിടിക്കാം. നിര്‍ദ്ദേശാങ്കവ്യവസ്ഥകളെക്കുറിച്ചുള്ള വിക്കിപീഡിയ താളിലെ Converting coordinates എന്ന ഭാഗത്തിലെ സമവാക്യങ്ങളാണ് ഇതിനുപയോഗിക്കാന്‍ പോകുന്നത്. ഈ സമവാക്യങ്ങള്‍ ഡിറൈവ് ചെയ്തിരിക്കുന്നത് ഗോളീയ ത്രികോണമിതി ഉപയോഗിച്ചാണ്, അതേതായാലും ഈ ഒരു പോസ്റ്റില്‍ വിശദീകരിച്ചെടുക്കാന്‍ പറ്റിയ വകയല്ല. എങ്കിലും നമുക്ക് ആവശ്യമുള്ള ചരങ്ങളുടെ നിര്‍വചനം ഇവിടെ നല്‍കുന്നു:

  • λ : ക്രാന്തിവൃത്തത്തില്‍ സൂര്യന്റെ മേടവിഷുവസ്ഥാനത്തില്‍ നിന്നുള്ള കോണീയ അകലം. ഭൂമിയുടെ പരിക്രമണപഥം വൃത്തമായി സങ്കല്‍പിച്ചിരിക്കുന്നതിനാല്‍ λ യുടെ വിലയും സ്ഥിരവേഗത്തിലാണ് മാറുന്നത്. ഒരു വര്‍ഷം കൊണ്ട് λ യുടെ വില 360 ഡിഗ്രി മാറുന്നു, മേടവിഷുവത്തില്‍ സൂര്യന്റെ λ പൂജ്യമാണ്. ഈ വിവരങ്ങളുപയോഗിച്ച് ഏത് സമയത്തെയും സൂര്യന്റെ λ കണക്കുകൂട്ടാം.
  • β : ക്രാന്തിവൃത്തത്തിന് ലംബമായി സൂര്യന്റെ കോണീയ അകലം. സൂര്യന്‍ എപ്പോഴും ക്രാന്തിവൃത്തത്തില്‍ തന്നെ ചലിക്കുന്നതിനാല്‍ ഇതിന്റെ വില പൂജ്യമാണ്
  • LST (Local Sidereal Time) : നക്ഷത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള സമയമാണിത്. വര്‍ഷത്തില്‍ D ദിവസങ്ങളുണ്ടെങ്കില്‍, സാധാരണ സമയത്തിന്റെ 1+1/D ഇരട്ടി വേഗത്തിലാണ് LSTയില്‍ വരുന്ന മാറ്റം. സൂര്യന്‍ മേടവിഷുവത്തിലാകുമ്പോള്‍ സാധാരണ സമയത്തിന് തുല്യമാണ് LST.
  • α, δ, h : λ, β, LST എന്നിവയുടെ വിലയില്‍ നിന്ന് ഇവ കണ്ടുപിടിക്കാം. ക്രാന്തിവൃത്തത്തിനു പകരം ഖഗോള മധ്യരേഖ ഉപയോഗിക്കുന്ന നിര്‍ദ്ദേശാങ്കവ്യവസ്ഥയിലെ ചരങ്ങളാണിവ
  • a : ചക്രവാളത്തില്‍ നിന്ന് സൂര്യന്റെ ഉയരം. ഇതാണ് നമുക്ക് കണ്ടുപിടിക്കേണ്ട ചരം

a യുടെ വില കാണാനും അതുപയോഗിച്ച് ഓരോദിവസവും ഓരോ അക്ഷാംശത്തിലും ലഭിക്കുന്ന മൊത്തം സൗരോര്‍ജ്ജം കണക്കുകൂട്ടാനും ഞാന്‍ ഉപയോഗിച്ച കോഡ് ഇവിടെ. ഒരു വര്‍ഷത്തില്‍ ഒരു ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സ്ഥലത്ത് ലഭിക്കുന്ന മൊത്തം ഊര്‍ജ്ജത്തിന്റെ ഗ്രാഫിതാ:

ഓരോ അക്ഷാംശത്തിലെയും പ്രദേശങ്ങളില്‍ ഒരു വര്‍ഷത്തില്‍ ആകെ ലഭിക്കുന്ന സൗരോര്‍ജ്ജം

അതിശയകരമായി ഒന്നുമില്ല. ഭൂമധ്യരേഖയിലെ ഒരു പ്രദേശത്തില്‍ ഒരു വര്‍ഷം ലഭിക്കുന്ന മൊത്തം സൗരോര്‍ജ്ജത്തിന്റെ പകുതിയില്‍ താഴെയേ ധ്രുവപ്രദേശത്ത് ലഭിക്കുന്നുള്ളൂ. ഭൂമധ്യരേഖയില്‍ നിന്ന് അകലുന്തോറും വാര്‍ഷിക സൗരോര്‍ജ്ജലഭ്യത കുറഞ്ഞുകൊണ്ടേയിരിക്കുന്നു. വടക്കോട്ട് പോകുന്തോറും പൊതുവെ തണുപ്പ് കൂടുന്നതിനുള്ള ഒരു കാരണം ഇതാണ്. ഇനി ഓരോ പ്രദേശത്തും സൗരോര്‍ജ്ജലഭ്യതയുടെ വാര്‍ഷിക മാറ്റം നോക്കാം:

വിവിധ അക്ഷാംശങ്ങളില്‍ ദൈനിക സൗരോര്‍ജ്ജലഭ്യതയുടെ വാര്‍ഷികമാറ്റം

ഇവിടെയാണ് അത്ഭുതാവഹമായ ഒരു കാര്യം കാണാനാവുന്നത്. ഒരു ദിവസത്തില്‍ ഏറ്റവുമധികം സൗരോര്‍ജ്ജം ലഭിക്കുന്നത് ഭൂമധ്യരേഖയ്ക്കടുത്തല്ല, ധ്രുവപ്രദേശത്താണ്. ഭൂമിയുടെ ഭ്രമണപഥത്തിന്റെ വികേന്ദ്രത കണക്കിലെടുത്താല്‍ ദക്ഷിണധ്രുവമാണ് 24 മണിക്കൂര്‍ സമയത്ത് ഏടവുമധികം സൗരോര്‍ജ്ജം പതിക്കുന്ന സ്ഥലം എന്ന് വരുന്നു (ഭൂമി സൂര്യനോട് ഏറ്റവും അടുത്തുവരുന്നത് ദക്ഷിണാര്‍ദ്ധഗോളത്തില്‍ ഗ്രീഷ്മകാലം മൂര്‍ദ്ധന്യത്തിലായിരിക്കുമ്പോഴാണ്). എന്നാല്‍ ധ്രുവങ്ങളോടടുത്ത പ്രദേശങ്ങളില്‍ ചില കാലത്ത് സൂര്യന്‍ ഉദിക്കുകയേയില്ല, അതിനാലാണ് ധ്രുവങ്ങളില്‍ വാര്‍ഷിക സൗരോര്‍ജ്ജലഭ്യത വളരെ കുറവായിരിക്കുന്നത്. വിവിധ ദിനങ്ങളിള്‍ സൗരോര്‍ജ്ജലഭ്യത അക്ഷാംശമനുസരിച്ച് എങ്ങനെ മാറുന്നുവെന്ന് നോക്കൂ

പ്രത്യേക ദിനങ്ങളിലെ സൗരോര്‍ജ്ജലഭ്യത.

വിഷുവദിനത്തിലും അയനാന്തദിനങ്ങളിലും ഭൂമധ്യരേഖാപ്രദേശത്തെ സൗരോര്‍ജ്ജലഭ്യതയില്‍ വലിയ വ്യത്യാസമില്ല. എന്നാല്‍ ഭൂമധ്യരേഖയില്‍ നിന്നകലുംതോറും ഈ വ്യത്യാസം കൂടിക്കൂടിവരുന്നു. ഋതുക്കളുടെ പ്രഭാവം മൂലം താപനിലയില്‍ വരുന്ന വ്യത്യാസങ്ങള്‍ ഭൂമധ്യരേഖയില്‍ നിന്നകന്ന പ്രദേശങ്ങളില്‍ കൂടുതലാകാന്‍ ഇതാണ് കാരണം. ഇത് വ്യക്തമാക്കാന്‍ ഉത്തരാര്‍ദ്ധഗോളത്തിലെ വിവിധ അക്ഷാംശങ്ങളില്‍ ദൈനികസൗരോര്‍ജ്ജലഭ്യതയുടെ ഈ ഗ്രാഫ് നോക്കൂ

ഉത്തരാര്‍ദ്ധഗോളത്തിലെ പ്രത്യേക അക്ഷാംശങ്ങളില്‍ ദൈനിക സൗരോര്‍ജ്ജലഭ്യതയുടെ വാര്‍ഷികവ്യതിയാനം

കോഴിക്കോട്ട് (അക്ഷാംശം ~ 11 ഡിഗ്രി) സൗരോര്‍ജ്ജലഭ്യതയുടെ വാര്‍ഷികവ്യതിയാനം കുറവാണ്, 25 ശതമാനത്തോളം മാത്രമാണ് വ്യത്യാസം. എന്നാല്‍ ലൊസാനില്‍ (അക്ഷാംശം ~ 45 ഡിഗ്രി) ശീതകാലത്തെ സൗരോര്‍ജ്ജലഭ്യത ഉയര്‍ന്ന സൗരോര്‍ജ്ജലഭ്യതയുടെ നാലിലൊന്നു മാത്രമാണ്. ഋതുക്കള്‍ മൂലം താപനില വ്യത്യാസപ്പെടാന്‍ വേറെന്ത് കാരണമാണ് വേണ്ടത്?

പിന്‍കുറിപ്പ്:
ഉത്തരാര്‍ദ്ധഗോളത്തില്‍ നിന്ന് അകന്നുപോകുംതോറും പൊതുവെ തണുപ്പേറുന്നതെന്തുകൊണ്ട്, കാലാവസ്ഥാമാറ്റം മൂലമുള്ള താപനിലവ്യതിയാനങ്ങള്‍ക്ക് ധ്രുവങ്ങളോടടുത്ത പ്രദേശങ്ങളില്‍ കൂടുതല്‍ പ്രഭാവമുള്ളതെന്തുകൊണ്ട് എന്ന രണ്ട് ചോദ്യങ്ങള്‍ക്ക് ഈ ലളിതമായ മാതൃകയിലൂടെ ഏകദേശധാരണ നല്‍കാനായി എന്ന് കരുതുന്നു. തീര്‍ച്ചയായും അനേകം ചോദ്യങ്ങള്‍ ഈ ലളിതമാതൃകയുപയോഗിച്ച് നിര്‍ദ്ധരിക്കാനാകാത്തതായുണ്ട്. ഉദാഹരണമായി, ഉയര്‍ന്ന സൗരോര്‍ജ്ജലഭ്യതയുള്ള ദിവസങ്ങളില്‍ ധ്രുവപ്രദേശങ്ങളില്‍ ഭൂമധ്യരേഖാപ്രദേശത്തെക്കാളും ചൂടുണ്ടാകേണ്ടതല്ലേ എന്ന് ന്യായമായും ചോദിക്കാം 🙂 (ഇതിന്റെ നിര്‍ദ്ധാരണം എനിക്കറിഞ്ഞുകൂട. മാതൃകയില്‍ അക്ഷാംശത്തിലെ പ്രദേശങ്ങളുടെ ശരാശരി ആല്‍ബിഡോ ഉള്‍പ്പെടുത്തിയാല്‍ ഒരുപക്ഷെ നന്നാകുമായിരിക്കും)

ഞാൻ തന്ന കോഡിൽ അല്പസ്വല്പം വ്യത്യാസങ്ങൾ വരുത്തിയാൽ കൂടുതൽ ആവശ്യങ്ങൾക്കുപയോഗിക്കാം. ഉദാഹരണമായി, ഓരോ അക്ഷാംശത്തിലും ദിവസത്തിന്റെ നീളം (സൂര്യൻ ഉദിക്കുന്നത് മുതൽ അസ്തമിക്കുന്നതുവരെയുള്ള സമയം) കണക്കുകൂട്ടാം.

മാതൃകയില്‍ എന്ത് ലളിതമായ മാറ്റങ്ങള്‍ വരുത്തിയാലാണ് കൂടുതല്‍ വ്യക്തമായ ഫലങ്ങള്‍ ലഭിക്കുക എന്ന് നിര്‍ദ്ദേശിക്കുമല്ലോ. അതുപോലെ പോസ്റ്റിലെ പല കാര്യങ്ങളും കട്ടിയാണെന്ന് മനസ്സിലാക്കുന്നു. ഏതെങ്കിലും ഭാഗം വ്യക്തമാകുന്നില്ലെന്ന് പോസ്റ്റില്‍ കമന്റിട്ടാല്‍ തിരുത്തിയെഴുതാന്‍ ശ്രമിക്കുന്നതാണ്.

7 thoughts on “ഋതുക്കളും ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവും”

  1. ഇന്ത്യക്ക് പുറത്ത് ആദ്യമായി ഞാനിറങ്ങിയ സ്ഥലമാണ് സ്വിറ്റ്സർലാന്റ്. കമ്പിളി വസ്ത്രങ്ങളെല്ലാം ചെക്ക്ഡ് ഇൻ ബാഗ്ഗേജിൽ ആയിരുന്നതിനാൽ ഒരു മുറിക്കയ്യാൻ ഷർട്ടും പാന്റ്സും മാത്രം ധരിച്ച് സൂറിച്ച് എയർപോർട്ടിലിരുന്ന് കിടു കിടാ വിറച്ചിരുന്ന എന്നെ, ഇവന് തലക്ക് ഓളമാണോ എന്ന മട്ടിൽ ആളുകൾ നോക്കുന്നുണ്ടായിരുന്നു!!

    Like

    1. ഇവിടെ ഓഫീസിലും വീട്ടിലും മെട്രോയിലുമൊക്കെ ഹീറ്റിംഗ് സംവിധാനങ്ങള്‍ ഉള്ളതുകൊണ്ട് (ഇതുവരെ) വലിയ പ്രശ്നം തോന്നിയിട്ടില്ല. എയര്‍പോര്‍ട്ടില്‍ അതൊന്നും ഇല്ലായിരുന്നോ?

      Like

      1. ഉണ്ടായിരുന്നിരിക്കണം. അല്ലെങ്കിൽ പത്തുമണിക്കൂറുകൾക്ക് ശേഷം സൂറിച്ചിൽ നിന്നും ഡസൽഡോർഫിലേക്കുള്ള എന്റെ യാത്ര റസിമാൻ പറഞ്ഞ പോലെ പാർസലായിട്ടാകുമായിരുന്നു.

        Like

  2. റസിമാന്‍ ,

    ബ്ലോഗ്‌ വായിക്കാറുണ്ടെങ്കിലും ആദ്യമായിട്ടാണ് കമന്റ്‌ ഇടുന്നത്.ഐന്‍സ്ടീനെയും അദേഹത്തിന്റെ ആപേക്ഷികത സിദ്ധാന്തത്തെപറ്റിയും ഒരു പോസ്റ്റ്‌ ഇടാമോ ?

    Like

  3. ഒരു കാര്യം പ്രത്യേകം സൂചിപ്പിക്കുക കൂടി വേണം.
    ഋതുക്കളിൽ മാറ്റം വരുന്നതിൽ ഭ്രമണപഥത്തിന്റെ ആകൃതി (ദീർഘവൃത്തം) ചെലുത്തുന്ന പങ്കു്, അച്ചുതണ്ടിന്റെ 23.4 ഡിഗ്രി ചെരിവുമൂലമുള്ളതുമായി തട്ടിച്ചുനോക്കുമ്പോൾ വളരെ നിസ്സാരമാണു്.
    ഭൂമിയുടെ ഭ്രമണപഥം ദീർഘവൃത്തമാണു് എന്നു പേരിനു പറയാമെന്നേ ഉള്ളൂ. മിക്കവാറും ഒരു വൃത്തം തന്നെയാണതിന്റെ ആകൃതി. ആ വൃത്തത്തിന്റെ ചെറിയ ചളുക്കു് (വീതി കൂടിയതും വീതി കുറഞ്ഞതുമായ വശങ്ങളുടെ വ്യത്യാസം) വെറും 3% മാത്രമാണു്. അതുമൂലം ഭൂമിയിൽ ഒരു പ്രദേശത്തുണ്ടാകാവുന്ന പരമാവധി സൂര്യപ്രതാപത്തിൽ (ആൽബിഡോ) ഉണ്ടാവുന്ന വ്യത്യാസം 6% വരെയും.

    അതുപോളെത്തന്നെ, ഭൂമിയുടെ ആകൃതി ചിത്രങ്ങളിൽ നാം കാണാറുള്ളത്രയും ‘ചമ്മി‘യതല്ല. മിക്കവാറും ഒരു ഗോളം തന്നെയാണതു്. മദ്ധ്യരേഖാവൃത്തത്തിലൂടെയുള്ള കൂടുതൽ ‘വണ്ണം‘ ചിത്രങ്ങളിൽ കാണുന്നത്രയൊന്നുമില്ല.
    ഇത്രയും കൂടി ലേഖനത്തിൽ പരാമർശിക്കണേ.

    Like

ഒരു അഭിപ്രായം ഇടൂ