ബീഫില്ലാനാട്


തീറ്റക്കാര്യത്തില്‍ ഞാനൊരു അസഹിക്കബിള്‍ ടൈപ്പാണ്.

നോ എക്സാജറേഷന്‍സ് – വെറും സത്യം. എന്നെ സഹിക്കാന്‍ പലരും ബുദ്ധിമുട്ടാറുള്ളത് വ്യത്യസ്തമായ കാരണങ്ങളാലാണെങ്കിലും എന്നെ തീറ്റുക എന്ന ദൗത്യം ഏറ്റെടുക്കേണ്ടി വരുന്നവര്‍ ഞാന്‍ പണ്ടാരടങ്ങിപ്പോട്ടെ എന്ന് ശപിക്കാതിരിക്കാന്‍ വഴിയില്ല. ഉമ്മയുടെ മുടി വളരെ ചെറുപ്പത്തിലേ നരച്ചുതീരാനുള്ള പ്രധാന കാരണം എന്റെ ഫീഡിങ്ങ് ടെന്‍ഡറുമായി ബന്ധപ്പെട്ട ടെന്‍ഷനാണെന്നാണ് എന്റെ ശക്തമായ വിശ്വാസം. പെണ്ണുകെട്ടുകയാണെങ്കില്‍ എന്റെ തീറ്റ മാനേജ് ചെയ്യാനുള്ള ഉത്തരവാദിത്തം കെട്ട്യോളുടെ തലയില്‍ കെട്ടിവയ്ക്കുന്നത് ഗാര്‍ഹീകപീഡനനിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സംശയമുള്ളതുകൊണ്ടാണ് ഇനി വീട്ടില്‍ ചെല്ലുമ്പോള്‍ ഉമ്മയുടെ അടുത്തുനിന്ന് അല്‍പം പാചകം പഠിക്കാമെന്ന് തീരുമാനിച്ചത് (പെണ്ണുകെട്ടല്‍ എന്ന പരിപാടിയേ വേണ്ടിവരില്ലെന്നാണ് അടുത്തകാലത്തെ ചില സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്, എന്നാലും പ്രിപ്പെയര്‍ഡ് ആയിരിക്കുന്നതുകൊണ്ട് ആര്‍ക്കും നഷ്ടമൊന്നുമില്ലല്ലോ).

അപ്പം എന്താ പ്രശ്നം? മനുഷ്യന്‍മാര് തിന്നുന്നതൊന്നും ഞാന്‍ തിന്നില്ല, തിന്നാത്ത കോലത്തില്‍ ഓരോന്ന് തിന്നുകയും ചെയ്യും. ഒന്നാമത് ചോറ് എനിക്ക് അത്ര ഇഷ്ടമല്ല. പള്ളേലാക്കാനുള്ള എളുപ്പം കൊണ്ടാണെന്ന് തോന്നുന്നു, ചപ്പാത്തി ജീനസില്‍ പെടുന്ന സ്പീഷിസുകളോടാണ് കൂടുതല്‍ മമത. പിന്നെ പച്ചക്കറികളും മീനും അലര്‍ജിയാണ്. വീട്ടിലാകട്ടെ പച്ചക്കറികളും മീനുമാണ് സാധാരണ വാങ്ങുക, എന്തുചെയ്യും? ചപ്പാത്തി + പഞ്ചസാര, പച്ചച്ചോറ് + പച്ചവെള്ളം ഇതൊക്കെയായിരുന്നു ഒരുകാലത്ത് എന്റെ സ്റ്റേപ്പിള്‍ ഫുഡ്.

വീട്ടുകാര്‍ ബുദ്ധിമുട്ടി. അടക്കയായിരുന്നപ്പോള്‍ ഉപദേശിച്ച് നന്നാക്കാന്‍ നോക്കി, അടക്കാമരമായിട്ടും മാറ്റമില്ലെന്നു കണ്ടപ്പോള്‍ കൈയൊഴിഞ്ഞു. ഇടക്കൊക്കെ നമ്മള്‍ തിന്നുന്ന മറ്റ് സാധനങ്ങള്‍ (ഇറച്ചി, മത്സ്യേതര കടല്‍ജന്തുക്കള്‍) ഒക്കെ വാങ്ങുകയും ചെയ്യും. ഐഐടിയില്‍ ഹോസ്റ്റല്‍ ജീവിതമാരംഭിച്ച ശേഷം വീട്ടില്‍ വിരുന്നുകാരനായി മാറിയതോടെ പ്രത്യേകിച്ചും.

മുകളിലെ പാരയില്‍ ബ്രാക്കറ്റില്‍ എഴുതിയ സാധനങ്ങളാണ് നമ്മുടെ വീക്ക്നെസ്സ്. ചിക്കന്‍, ബീഫ്, അടുത്തകാലത്തായി മട്ടണ്‍. ജലജന്തുക്കളില്‍ ചെമ്മീന്‍, ഞണ്ട്, കൂന്തള്‍, എരുന്ത്, കടുക്ക (വല്ലതും വിട്ടുപോയോ?). കിട്ടിയാല്‍ എത്രേം തിന്നും. എന്റെ അനിയന്‍ ഇതിലും റാഡിക്കലായിരുന്നു. ഇര പിടിക്കുന്ന അമീബയെപ്പോലെ കൂര്‍ത്തുമൂര്‍ത്ത കോമ്പല്ലുകലുള്ള (ഇപ്പം പിന്നേം സഹിക്കാം. ആദ്യത്തെ സെറ്റ് പല്ല് നാട്ടുകാരെ കുറച്ചൊന്നുമല്ല കഷ്ടപ്പെടുത്തിയത്) അവന്‍ ഒരു മിനി കാര്‍ണിവോര്‍ ആണ്. ഒരു ദിവസം വിട്ടില്‍ നോണ്‍ വെജില്ലെങ്കില്‍ പട്ടിണിവീട് എന്ന് പറഞ്ഞുനടക്കും.

വീട്ടിലായിരുന്നപ്പോള്‍ പൊതുവെ തീറ്റയുടെ കാര്യത്തില്‍ ഞാനൊരു മോഡറേറ്റ് ആയിരുന്നു (ഇത് ആത്മരക്ഷാര്‍ത്ഥമുള്ള ഒരു എവല്യൂഷണറി റെസ്പോണ്‍സ് ആയിരുന്നിരിക്കണം. രാവിലത്തെ ചായ, ഇടത്തീറ്റി, ഉച്ചഭക്ഷണം, വൈകുന്നേരത്തെ അടുത്തെ ഇടത്തീറ്റി, രാത്രിഭക്ഷണം എന്നിങ്ങനെ അഞ്ചു നേരമൊക്കെയായിരുന്നു ഫുഡ് ഇന്‍ടേക്). ഐഐടിയിലെത്തിയശേഷം രുചി എന്നുള്ളത് മെസ് ഭക്ഷണത്തില്‍ ആരോപിക്കാനാവാത്ത ക്വാളിറ്റിയായി മാറിയതോടെ ഇഷ്ടമുള്ള സാധനങ്ങളൊക്കെ വാരിവലിച്ച് തിന്നാന്‍ തുടങ്ങി. നാട്ടിലെ കോഴികളൊക്കെ എന്നെ പേടിസ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നു. ശുഭായു & പാര്‍ട്ടിയുടെ കൂടെ കാന്റീനില്‍ പോവുകയും ചൈന ടൗണില്‍ നിന്ന് വല്ലതും വരുത്തിക്കഴിക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെ ചിക്കന്‍, മട്ടണ്‍ ഇന്‍ടേക് ഗണ്യമായി കൂടി (നാല്‍പതുറുപ്പികയ്ക്ക് കോഴിബിരിയാണി കിട്ടുന്ന ചൈന ടൗണില്‍ നിന്ന് ഒരു ഡിന്നറിന് എണ്ണൂറ് രൂപയോളമാണ് ഞങ്ങളാറുപേര്‍ ചേര്‍ന്ന് ചിലവാക്കാറ് – അതില്‍ ലൊഹാനിയും സിഡും പേരിനല്ലാതെ തിന്നുകയുമില്ല). ഇവിടെ കടല്‍ജന്തുക്കളെയൊന്നും കിട്ടില്ലെങ്കിലും അത് വീട്ടില്‍ ചെല്ലുമ്പോള്‍ ദിവസവുമെന്നോണം കൈയിലെത്തുന്നതുകൊണ്ട് പ്രശ്നമില്ല.

ഇങ്ങനെ നോക്കുമ്പോള്‍ അമേരിക്ക അടിപൊളിയായിരുന്നു. അവിടുള്ളോര്‍ക്ക് വിവരമുണ്ട്, ഇറച്ചിയുള്ള ഭക്ഷണത്തിനും ഇല്ലാത്തതിനും ഏതാണ്ട് ഒരേ വിലയാണ്. വെജിറ്റേറിയന്‍ റെസ്റ്റോറന്റുകളില്‍ സത്യം പറഞ്ഞാല്‍ പൊതുവെ വിലക്കൂടുതലാണ്. അതുകൊണ്ട് മൂന്നുനേരത്തെ ഭക്ഷണവും നോണ്‍ വെജായിരുന്നു (കാലക്രമത്തില്‍ ഇത് രണ്ടുനേരം, ഒരുനേരം എന്നിങ്ങനെയായി – നോണ്‍ വെജ് മടുത്തതുകൊണ്ടല്ല, ഡയറ്റിങ്ങ് തുടങ്ങിയതുകൊണ്ട്. എന്റെ സിക്സ് പാക്ക് [തെറ്റിദ്ധരിക്കരുത്, ശ്വാസമെടുക്കുമ്പോള്‍ കാണുന്ന വാരിയെല്ലുകളുടെ എണ്ണമാണ് ഉദ്ദേശിച്ചത്] മെയിന്റേന്‍ ചെയ്യണ്ടേ?). ഏതാണ്ട് ദിവസവും ലഞ്ച് കാമ്പസില്‍ വരുന്ന എര്‍ണിയുടെ മെഹികന്‍ ട്രക്കില്‍ നിന്നായിരുന്നു. മൂന്നേമുക്കാല്‍ ഡോളറിന് ചോറും പയറും പത്തിരിപോലുള്ള ഒരു സാധനവും കിട്ടും, ഒരു ലോഡ് ഇറച്ചിയും. ഇടക്ക് ചിക്കനും കഴിച്ചിരുന്നെങ്കിലും ബീഫായിരുന്നു കൂടുതലും. നോണ്‍വെജ് കഴിക്കാതെ ഒരു ദിവസം പോലും ഇരിക്കേണ്ടി വന്നിട്ടില്ല. രാത്രിഭക്ഷണത്തിന് ഹോട്ട് ഡോഗോ (ദേശാഭിമാനിക്കാരെപ്പോലെ ചൂടുള്ള പട്ടിയിറച്ചിയാണ് എന്ന് വിചാരിക്കരുത്, ഞാനാ ടൈപ്പല്ല. ഇതാണ് സാധനം) പവിലിയന്‍സില്‍ നിന്ന് വാങ്ങിയ ചെമ്മീനോ ഞണ്ടോ ഒക്കെ തിന്നും.

ഇടക്കൊക്കെ പുറത്തുപോയി കഴിക്കാറുള്ളപ്പോള്‍ വേറെ ചില വകയും കഴിക്കാന്‍ പറ്റി. ജിങ്ങിന്റെ കൂടെ പോയി കഴിച്ച സൂഷി കൊള്ളാമായിരുന്നു. ചിപോട്ലേയില്‍ പലതവണ പോയി കഴിച്ച സാധനങ്ങളും നന്നായിരുന്നു. എങ്കിലും shredded ബീഫ് ഉപയോഗിച്ചുണ്ടാക്കിയ സാധനങ്ങളാണ് എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്. റൂബിയോസിലെ ചെമ്മീന്‍ ബുറിറ്റോയും കൊള്ളാമായിരുന്നു. ഓരോ തവണ തായ്, അര്‍ഹന്റീനിയന്‍ റെസ്റ്റോറന്റുകളിലും പോയി (അവിടെ വച്ചാണ് മൈനാക് കൂന്തളും കടുക്കയും ആദ്യമായി തിന്നതെന്ന് പറയുന്നു. പിന്നെ ബംഗാള്‍ ഉള്‍ക്കടലൊക്കെ എന്തോന്ന് കടലാ?). സാന്‍ ഫ്രാന്‍സിസ്കോയിലെ ചൈന ടൗണിലെ ചീപ് ഭക്ഷണവും ഇഷ്ടപ്പെട്ടു. എട്ട്-ഒമ്പത് ഡോളറിന് ഓള്‍ യൂ കാന്‍ ഈറ്റ് കിട്ടുന്ന സൂപ്ലാന്റേഷനില്‍ ഓരോ ഞായറാഴ്ചയും പോയി വയറ് പൊട്ടും വരെ ഞണ്ണി ഫ്ലാറ്റായി. സാന്‍ ഫ്രാന്‍സിസ്കോയില്‍ ഒരു കെഎഫ്‌സിയില്‍ കയറി ഓരോ സെവന്‍ പീസ് വാല്യൂ മീലടിച്ച് ഞാനും മൈനാകും ഒരു വഴിക്കായതും അവന്‍ ഒരു സിറ്റ്വേഷനിലായതുമൊക്കെ ഒരു പ്രത്യേക ബ്ലോഗ് പോസ്റ്റ് ഡിസര്‍വ് ചെയ്യുന്ന സംഭവമാണ്.

ആ സെറ്റ് അങ്ങനെ കഴിഞ്ഞു. ഇപ്പം വീട്ടില്‍ പോകാതെ നേരിട്ട് ഇന്‍സ്റ്റിയിലേക്ക് വന്നതുകൊണ്ട് മെസ്സേ ശരണം. അമേരിക്കയില്‍ നിന്ന് വന്നതുകൊണ്ടാകും, ഇവിടെ ഭക്ഷണത്തിന് കുഴപ്പമില്ലാത്ത രുചി തോന്നുന്നു. ആകെ പോക്കാണ് വകയെന്നാണ് വേറെയെല്ലാരും പറയുന്നത്. ആ, കുറച്ചുകാലം നോക്കട്ടെ. മെസ്സില്‍ ആഴ്ചയില്‍ മൂന്നുനേരം ചിക്കന്‍ കിട്ടും. എക്സ്ട്രാ ആണ്, പൈസ കൊടുക്കണം. കാന്റീനില്‍ നിന്നും ചൈനാടൗണില്‍ നിന്നും മട്ടണും ഒപ്പിക്കാം.

പക്ഷെ ബീഫ് മാത്രം കിട്ടാനില്ല. ഒരു കാലത്ത് ഇറച്ചി എന്നു പറഞ്ഞാല്‍ ബീഫായിരുന്നു, കോഴിയിറച്ചിക്ക് കോഴി എന്നാണ് പറയുക. ആഴ്ചയിലൊരിക്കലെങ്കിലും വീട്ടില്‍ ബീഫ് വാങ്ങുകയും ചെയ്യും. ഉപ്പക്ക് കോഴിയെക്കാള്‍ ഇഷ്ടം ബീഫാണ്. ബിരിയാണി വയ്ക്കുക പോലും ബീഫാണ് കൂടുതല്‍. അനിയന്‍ കോഴിപ്രാന്തനായി മാറിയതോടെയാണ് വീട്ടില്‍ ബീഫ് വാങ്ങുന്നത് കുറയ്ക്കുകയും കോഴി വാങ്ങുന്നത് കൂട്ടുകയും ചെയ്തത് (അതിന്റെ ഹോര്‍മോണല്‍ ഫലമാണെന്ന് തോന്നുന്നു പതിമൂന്ന് വയസ്സ് പ്രായത്തില്‍ അവന്റെ 187 സെന്റിമീറ്റര്‍ ഉയരം). എനിക്കും മുമ്പ് കോഴിയായിരുന്നു കൂടുതല്‍ ഇഷ്ടം. പക്ഷെ അടുത്തകാലത്തായി ബിഫിനോട് കൂടുതല്‍ താല്‍പര്യം തോന്നിത്തുടങ്ങിയിരിക്കുന്നു. ഏത് കാലവും ബീഫ് ലിവര്‍ എനിക്ക് ഏതുതരം ഇറച്ചിയെക്കാളും പ്രിയപ്പെട്ടതുമായിരുന്നു. ഉമ്മയാണെങ്കില്‍ ഇറച്ചികൊണ്ട് പലതരം വിഭവങ്ങള്‍ അടിപൊളിയായി ഉണ്ടാക്കുകയും ചെയ്യും.

ആ, അപ്പം എന്താ പറഞ്ഞുവന്നത്? ബീഫ് മാത്രം കിട്ടാനില്ല. എന്താ കാരണം? ബീഫടിക്കുന്നതുകൊണ്ട് പ്രത്യേക ആരോഗ്യപ്രശ്നം വല്ലതുമുണ്ടോ? എവിടെ? ഏതോ നാട്ടില്‍ പക്ഷിപ്പനി വന്നപ്പോള്‍ പേടിത്തൂറികളായ മലയാളികള്‍ കോഴിതീറ്റയാകെ നിര്‍ത്തിയതുകൊണ്ട് കോഴിവില പാതിയില്‍ താഴെയായിരുന്ന സമയത്ത് ദിവസവും കോഴി വാങ്ങിയിരുന്നു ഞങ്ങളുടെ വീട്ടില്‍. അതുപോലെ ഇമാജിനറി ആയ വല്ല പ്രശ്നവും കണ്ടേക്കാം, ആര് നോക്കുന്നു? പിന്നെന്താ വിലക്കൂടുതലുണ്ടോ? പശുക്കള്‍ക്ക് ക്ഷാമമുണ്ടോ? എവടെ? എന്നും കോഴിയെയും ആടിനെയുംകാള്‍ വിലകുറഞ്ഞതും സുലഭവും ബീഫായിരുന്നു

പിന്നെന്താ പ്രശ്നം? ഞാന്‍ ബീഫടിക്കുന്നത് ആര്‍ക്കോ ഇഷ്ടമല്ല. ഞാന്‍ ബ്ലോഗെഴുതുന്നതും വിക്കിപീഡിയ എഡിറ്റ് ചെയ്യുന്നതും കോഡെഴുതുന്നതും പോലും ഇഷ്ടമില്ലാത്തവരുണ്ട്. പക്ഷെ അവരു പറയുന്നതൊക്കെ ആര് കേള്‍ക്കുന്നു? ആകെ വ്യത്യാസമെന്താന്ന് വച്ചാല്‍ ഞാന്‍ ബീഫടിക്കുന്നത് ഇഷ്ടമില്ലാത്തവര്‍ക്ക് നിയമനിര്‍മ്മാണം നടത്താനുള്ള പവര്‍ ഉണ്ട്. നാളെ എല്ലാവരും തലകുത്തിനടക്കണമെന്ന് ഇവര്‍ നിയമം പുറപ്പെടുവിച്ചാല്‍ എന്തുചെയ്യും? തമാശയാണെന്ന് തോന്നുന്നുണ്ടോ? ഒരു നിയമമുണ്ടാക്കണമെങ്കില്‍ അതിന് വല്ല കാരണവും വേണം. ഇക്കാര്യത്തില്‍ അതെവിടെയും കണ്ടില്ല.

ബീഫ് കറിഞാനിത് കഴിച്ചാ നിങ്ങള്‍ക്കെന്താ?
കടപ്പാട് : M. Tawsif Salam
ഉറവിടം : വിക്കിമീഡീയ കോമണ്‍സ്
ലൈസന്‍സ് : cc-by-sa-3.0

“ഗോവധം മതവികാരം വ്രണപ്പെടുത്തുന്നു” എന്നതാണ് ഗോവധനിരോധനത്തിന് കൊടുക്കുന്ന ഒരു “റീസണ്‍”. ആരുടെയൊക്കെയോ എന്തൊക്കെയോ വികാരങ്ങള്‍ വ്രണപ്പെടുന്നുണ്ടെന്ന് ബീഫ് നിരോധത്തെ എതിര്‍ത്ത് പലരും എഴുതിയ വകകളില്‍ കമന്റ് ചെയ്യുന്ന ഓരോരുത്തരെ കണ്ടാലറിയാം. എങ്കിലും പൊന്നേ, ഇതൊക്കെ ഒരു കാരണമാണോ? അതും ഇന്ത്യയില്‍? സ്ത്രീകള്‍ വീട്ടിനുപുറത്തിറങ്ങി നടക്കുന്നത് എന്റെ മതവികാരം വ്രണപ്പെടുത്തുന്നെന് ഞാന്‍ പറഞ്ഞാല്‍ എങ്ങനിരിക്കും? ഞാനൊരു മതവിശ്വാസിയാണ്. ചില വകയൊക്കെ കാണുമ്പോള്‍ എനിക്കും വ്രണിക്കാറുണ്ട് (അടുത്തിടെയായി വ്രണനം കുറവാണ്, അതുകൊണ്ട് സമാധാനം കൂടുതലും). ഞാന്‍ പന്നിയിറച്ചി കഴിക്കാറില്ല. എങ്കിലും എന്റെ കൂടെയുള്ളവന്‍ പന്നിയിറച്ചി തിന്നുന്നോ ഇല്ലയോ എന്നത് ഞാനെന്തിന് നോക്കണം?

രാഘവ് ബീഫ്, പോര്‍ക്ക്, മീന്‍ ഒഴികെയുള്ള ജലജീവികള്‍ – ഇതൊന്നും തിന്നില്ല. അമേരിക്കയിലായിരുന്നപ്പോള്‍ അപാര്‍ട്മെന്റിലേക്ക് ബീഫ് കൊണ്ടുവരരുതെന്ന് അവന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. എങ്കിലും റെസ്റ്റോറന്റുകളില്‍ അവന്റെ കൂടെയിരുന്ന് പലപ്പോഴും ബീഫടിച്ചിട്ടുണ്ട്. ചെമ്മീന്റെയും ഞണ്ടിന്റെയും മണം വല്ലാതെ അടിച്ചാല്‍ അവന് ഓക്കാനം വരും എന്ന് അവന്‍ ക്ലെയിം ചെയ്തിട്ടും അവനോടൊപ്പം ഒരു മേശയ്ക്കുചുറ്റുമിരുന്ന് ഞാനും മൈനാകും ഇതൊക്കെ കഴിച്ചിട്ടുണ്ട്. ശര്‍മ്മിള, നാന്‍സി, യഷ് എന്നിവര്‍ വെജിറ്റേറിയന്മാരായിരുന്നു. അവര്‍ക്കും ഇതൊക്കെ കഴിക്കുന്ന ഞങ്ങളോടൊപ്പമിരിക്കുന്നതില്‍ യാതൊരു പ്രശ്നവുമില്ലായിരുന്നു. രാഹുല്‍ കുറച്ചുകൂടി റാഡിക്കലാണ് – ബീഫ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ത്യന്‍ റെസ്റ്റോറന്റുകളില്‍ നിന്ന് മട്ടണ്‍ പോലും വാങ്ങിക്കഴിക്കാറില്ല.

എന്നിട്ടും ബീഫ് കഴിക്കുന്നതില്‍ നിന്ന് ഇവരാരും എന്നെ തടയുന്നില്ല. തടയുന്നവരുടെ വ്രണനവാദം നോക്കൂ. പശു ചിലര്‍ക്ക് (ഹിന്ദുമതവിശ്വാസികള്‍ക്ക് എന്ന് പൊതുവായി പറയുന്നില്ല. ഹിന്ദുമതം ബീഫുതീറ്റയ്ക്ക് എതിരല്ലെന്ന് പല സ്ഥലത്തും ക്ലെയിം കണ്ടിട്ടുണ്ട്, എനിക്കധികം അറിഞ്ഞൂടാ) ഒരു മതചിഹ്നമായിരിക്കാം. എന്നാല്‍ അതൊരു മതത്തിന് ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കാവുന്ന ചിഹ്നമല്ല. പശു ഒരു മൃഗം. നിങ്ങള്‍ പശുവിനെ നോക്കുമ്പോള്‍ കാണുന്നത് ആരാധിക്കപ്പെടേണ്ട ഒരു എന്റിറ്റിയെയാകാം, ഞാന്‍ കാണുന്നത് ഇത്ര് കിലോ ബീഫാണ്. ഇതാണ് ഗോവധ കേസും എംഎഫ് ഹുസൈന്റെ ചിത്രങ്ങളുമായി ബന്ധപ്പെട്ട വിവാദവും തമ്മിലുള്ള വ്യത്യാസം. അവിടെ ഹുസൈന്‍ വരച്ച ദേവതകളെ താത്ത്വികമായെങ്കിലും മതചിഹ്നങ്ങള്‍ മാത്രമായി കാണാമായിരുന്നു. അതുകൊണ്ടാണ് ഹുസൈനെ അനുകൂലിച്ചവര്‍ കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ചത്. ഇവിടെ കഥ വേറെയാണ്. ഏതെങ്കിലും മതവിഭാഗത്തിന്റെ വിശുദ്ധഗ്രന്ഥത്തിനുമേല്‍ മൂത്രമൊഴിക്കുന്നതിനെക്കുറിച്ച് രണ്ടുപക്ഷമുണ്ടാകുമെന്ന് തോന്നുന്നില്ല (ഇനി ഉണ്ടോ?). എന്നാല്‍ പശുവിനെ മതചിഹ്നം മാത്രമായി കാണുകയാണെങ്കില്‍ നമുക്ക് കാര്യമായി എന്തോ കുഴപ്പമുണ്ട്.

പിന്നെ ആളുകള്‍ പാലുകുടിക്കാനില്ലാതെ മരിക്കുന്ന നാട്ടില്‍ പാലുതരുന്ന പശുവിനെ കൊന്നുതിന്നുന്ന സാമൂഹ്യക്രൂരതയെപ്പറ്റി കണ്ണീരൊഴുക്കിക്കൊണ്ടുള്ള ഇമോഷണല്‍ വാദവും കണ്ടിട്ടുണ്ട്. നാട്ടിലാരും ആട്ടിന്‍പാല് കുടിക്കാറില്ലേ? എല്ലാവര്‍ക്കും സ്വതന്ത്രമായി കോഴിമുട്ടകള്‍ തിന്നാനാകുന്ന ഒരു സമത്വസുന്ദരലോകത്തിനുവേണ്ടി കോഴിതീറ്റയും നിരോധിച്ചാല്‍ എന്തുപറ്റും?

ബീഫ് കൈവശം വക്കുന്നതിന് ഏഴുകൊല്ലം തടവ് എന്നൊക്കെ പറഞ്ഞാല്‍ ശുദ്ധ പ്രാന്താണ്. ഇതൊന്നും ഭരണഘടനാവിരുദ്ധമാകാത്തത് എന്തുകൊണ്ട് എന്നതിലാണ് എനിക്ക് അദ്ഭുതം. മറ്റുള്ളവരുടെ സ്വാതന്ത്ര്യങ്ങളെ – അവ വസ്ത്രധാരണവുമായോ ഭക്ഷണവുമായോ ലൈംഗികതയുമായോ ബന്ധപ്പെട്ടതാകട്ടെ – ഹനിക്കുന്നതില്‍ നമുക്കെന്താണിത്ര താല്‍പര്യം? ഗാന്ധി ഗോസംരക്ഷണത്തിന്റെ വക്താവായിരുന്നിരിക്കാം, എങ്കിലും മൂപ്പരുടെ പാത പിന്തുടര്‍ന്ന് പബ്ലിക്കായി ബീഫു കഴിച്ച് നിയമലംഘനം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Anyone in for a beef Dandi?

Advertisements

23 thoughts on “ബീഫില്ലാനാട്”

 1. എന്റെ പിന്തുണ(മാനസിക!)വാഗ്ദാനം ചെയ്യുന്നു!
  ധൈര്യമായി പോയി നിയമം ലംഘിച്ചോ!

  നല്ല എഴുത്ത്!
  പിന്നെ, അമേരിക്കൻ അതിക്രമങ്നഗ്ലൊക്കെ വായിച്ചപ്പോ, നമ്മുടെ പഴയ എം.എ.ധവാനെ ഒർത്തു പോയി! ഹി… ഹി!!
  അതു സാരമില്ല.
  എനിക്കിഷ്ടപ്പെട്ടു!

  Like

 2. പൊന്നനിയാ, എത്രയും പെട്ടെന്ന്‌ ഐ.ഐ.ടി യിൽ നിന്നും പഠിക്കാവുന്നതെല്ലാം പഠിച്ച് വല്ല അമേരിക്കയിലോ യൂറോപ്പിലോ പോയി രക്ഷപ്പെട്ടോളൂ. നമ്മുടെ രാജ്യത്ത് ഇനി എന്തെല്ലാമാണ്‌ നടക്കാൻ പോകുന്നതെന്ന് ഒരു നിശ്ചയവുമില്ല. ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത്‌ അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സർവ്വകലാശാലാതലത്തിൽ ജ്യോതിഷം ഒരു ബിരുദപഠന വിഷയമാക്കണം എന്നു പറഞ്ഞിരുന്നു. അതിനി എന്നാണാവോ കാണേണ്ടി വരിക.

  Like

 3. നമ്മടെ നാട്ടിലും ഗോവധ നിരോധനം വരുന്ന കാര്യം ആലോചിച്ചു നോക്കൂ. കോഴിക്കോടും മലപ്പുറത്തും പട്ടിണി മരണങ്ങള്‍ നടക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. സര്ക്കാര് താഴെവീഴും.
  ആരുടേയും സ്വാതന്ത്ര്യം ഹനിക്കാന്‍ മറ്റൊരാള്‍ക്ക് അവകാശമില്ല, ശരിതന്നെ.
  അകുവേരിയത്തിലെ മീനുകളെ പോലും നോക്കി വെള്ളമിറക്കുന്ന, പശുവിനെ വെറും ബീഫായും കാണുന്ന, മൃഗങ്ങള്‍ക്ക് വെറും ചരക്കു വില കല്പിക്കുന്ന മലയാളി സമൂഹത്തിന്റെ കാഴ്ചപ്പാട് മാറേണ്ടിയിരിക്കുന്നു. ഈ ഭൂമിയില്‍ മൃഗങ്ങളും നമ്മുടെ സഹജീവികള്‍ തന്നെയല്ലേ?
  വല്ലപ്പഴും ഇത്തിരി മാംസാഹാരം എന്നതില്‍ നിന്ന് മാറി, മാംസം മാത്രമാണ് ആഹാരം എന്ന നിലക്ക് ചിന്തിക്കുന്നത് അപകടമല്ലേ?

  Like

  1. പടച്ചോനേ, നത ഇവിടേം എത്തിയോ? ഡാ പ്രവീണേ, ഒരു കൈ തന്ന് സഹായിക്കെടാ.

   സീരിയസാകാം. കോഴിക്കോട്ട് ബീഫ് നിരോധിച്ചാ പട്ടിണിമരണം നടക്കുമെന്ന് തോന്നുന്നില്ല. സാമ്പത്തികപ്രതിസന്ധിയുടെ കാര്യം അറിയില്ല, പക്ഷെ കുറേപേര്‍ തൊഴില്‍രഹിതരാകും. നിരോധനം കൊണ്ടുവരുന്ന സര്‍ക്കാര്‍ താഴെവീഴുന്നതാണ് നല്ലതും.

   പശുവിനെ ബീഫായി മാത്രം കാണുന്നു എന്നുപറഞ്ഞത് ലേശം (ലേശം മാത്രം) എക്സാജറേഷനായിരുന്നു. എങ്കിലും മൃഗങ്ങളോടുള്ള സഹതാപത്തിന്റെ പേരില്‍ അവയെ തിന്നാതിരിക്കുക എന്ന വാദത്തോട് യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്. സിംഹം ആടിനെ തിന്നുന്നതും ഞാന്‍ തിന്നുന്നതും തമ്മില്‍ കാര്യമായി വിവേചിച്ചു കാണേണ്ടതില്ല. മാംസം മാത്രമാണ് ആഹാരം എന്നൊന്നും പറയുന്നില്ല, എങ്കിലും മാംസം ആഹാരത്തിന്റെ വലിയൊരു ഭാഗം വരാം. തിന്നുന്നു എന്നതുകൊണ്ട് സഹജീവികളായി പരിഗണിക്കുന്നില്ല എന്ന അര്‍ത്ഥവും വരുന്നില്ല.

   Like

   1. കൊള്ളാം, ഇങ്ങനെത്തന്നെ വേണം, നത എന്നെ പിരാന്ത് പിടിപ്പിക്കുന്നത് കുറേ കണ്ടു രസിച്ചതല്ലെ. ഇനി സ്വയം അനുഭവിക്ക്. പോസ്ട് കലക്കി. വിശുദ്ധപശുവിനെ തിന്നാല്‍ പുളിക്കുമെങ്കില്‍ അതൊന്ന് കാണുക തന്നെ വേണം. ഞാനും പിന്തുണ പ്രഖ്യാപിക്കുന്നു.

    Like

   2. സിംഹം ആടിനെ തിന്നുന്നതും മനുഷ്യന്‍ തിന്നുന്നതും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളുണ്ട്. ഒരെണ്ണം പറയാം.
    ആര്‍ത്തിയടക്കുന്നതിന് വേണ്ടി മനുഷ്യനല്ലാത്ത മറ്റൊരു മൃഗവും മറ്റു മൃഗങ്ങളെ ഭക്ഷിക്കാറില്ല. ആവശ്യത്തിന് വേണ്ടി അവ മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ .
    “For every 16 pounds of grain and soy fed to meat animals, only one pound of meat is obtained. 16 pounds of grain and soy contain 21 times more calories and eight times more protein but only three times more fat than a pound of meat.” Taking into consideration the amount of energy loss that occurs in going UP the food chain, it is desirable that we keep our meat consumption under check to find answer for food crisis and related economic problems.

    Like

   1. പട്ടിണിമരണം സംഭവിക്കുമെന്നത് എന്റെ നാട്ടിലെ ഇറച്ചിക്കൊതിയന്മാരെ ചെറുതായി ഒന്നു ആക്ഷേപിച്ചുവിടാന്‍ വേണ്ടി എഴുതിയതാണ്. അല്ലാതെ ഗോവധ നിരോധനം വന്നാല്‍ ആരും പട്ടിണി വന്നു മരിച്ചു പോകുമെന്നൊന്നും തോന്നുന്നില്ല. സാമ്പതികപ്രതിസന്ന്ധിയോ, ആഭ്യന്തര പ്രശ്നങ്ങളോ ഉണ്ടാകാനും സാധ്യത കുറവാണ്.
    ഈ കമന്റ്‌ വായിച്ചു താങ്ങല്‍ക്കോ, മലപ്പുറതുകാര്‍ക്കോ, കോഴിക്കൊട്ടുകാര്‍ക്കോ, ഒരു പ്രത്യേക മതവിഭാഗത്തില്‍ പെടുന്നവര്‍ക്കോ എന്തെങ്കിലും നീരസം തോന്നിയിട്ടുണ്ടെങ്കില്‍ ഞാന്‍ ആത്മാര്‍ഥമായി മാപ്പ് ചോദിക്കുന്നു. ഇനി മറ്റു പ്രദേശങ്ങളില്‍ എവിടെയെങ്കിലും പട്ടിണിമരണം നടക്കുമോ എന്നുള്ളതിനെപ്പറ്റിയും അറിവില്ല.
    Ms. നത ഹുസൈന്‍

    Like

 4. ഒക്കെ ഓക്കെ. ഇതു മാത്രം “പെണ്ണുകെട്ടല്‍ എന്ന പരിപാടിയേ വേണ്ടിവരില്ലെന്നാണ് അടുത്തകാലത്തെ ചില സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്” – എങ്ങനത്തെ സംഭവവികാസങ്ങളാന്ന് – മനസ്സിലാവ്‌ണില്ലാലോ റസിമാനേ… 🙂

  Like

  1. ഗൊച്ചുഗള്ളന്‍, ചുഴിഞ്ഞുനോക്കി വായിച്ചെടുത്തല്ലോ.

   സംഭവവും വികാസങ്ങളും തല്‍ക്കാലം സീക്രട്ടായിത്തന്നെ ഇരിക്കട്ടെ – എന്നെ നേരിട്ടറിയുന്ന ചിലര്‍ക്ക് മാത്രം മനസ്സിലാകുന്ന എന്തെങ്കിലും വകയും ബ്ലോഗില്‍ വേണമല്ലോ.

   Like

 5. കന്നുകാലികള്‍ വംശനാശ ഭീഷണി നേരിടുന്ന കാലം വരെയും എന്റെ പിന്തുണ ഉണ്ടായിരിക്കും …
  ഇങ്ങനെയുള്ള ബില്ലുകള്‍ക്ക് പിന്നില്‍ എനിക്ക് ചില വെഗിടര്യന്‍ ഹോട്ടല്‍ മാഫിയകളെയാണ് സംശയം..:D …

  Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )