തിരോധാനം


അവളെ കാണാതായി.

അതായിരുന്നു സത്യം. അതു മാത്രം. അതിനു മുന്‍പും പിമ്പുമുള്ളതെല്ലാം മിഥ്യാധാരണകളോ ഭാവനാസൃഷ്ടികളോ മാത്രമായിരുന്നു. ഒളിച്ചോട്ടമായിരുന്നിരിക്കാം, തട്ടിക്കൊണ്ടുപോകലായിരുന്നിരിക്കാം, ബലാത്സംഗമായിരുന്നിരിക്കാം, അറുകൊലയായിരുന്നിരിക്കാം. ഇതില്‍ ഏതായിരുന്നാലും അതിലിത്രമാത്രം വാര്‍ത്താപ്രാധാന്യം നേടാന്‍ എന്താണുള്ളതെന്ന് ന്യായമായും ചിന്തിക്കാം – ഇതാദ്യമായിട്ടൊന്നുമല്ലല്ലോ ഒരു പെണ്‍കുട്ടിയെ കാണാതാകുന്നത്. കുട്ടിക്ക് പതിനെട്ട് വയസ്സ് തികഞ്ഞു എന്നാണ് അറിയാന്‍ കഴിഞ്ഞത്. പതിനെട്ട് വയസ്സ് തികഞ്ഞ ആ നിമിഷം മുതല്‍ അവള്‍ക്ക് ഒളിച്ചോടാനുള്ള അവകാശം ഉണ്ടായിരിക്കുന്നു. അതൊരു ഒളിച്ചോട്ടമായിരുന്നെങ്കില്‍, ജീവനോടെയോ അല്ലാതെയോ വീട്ടിലെത്താനാവും അവളുടെ യോഗം. ഒരുപക്ഷെ ഏതെങ്കിലും ചുവന്ന തെരുവിലോ ഒരു കയറിന്റെ തുമ്പത്തോ ജീവിതം അവസാനിപ്പിച്ചു എന്നും വരാം. ഇനി അഥവാ അതൊരു ഒളിച്ചോട്ടം ആയിരുന്നില്ലെങ്കില്‍, അവളുടെ ഭാവി എന്താകുമെന്ന് എപ്പോഴോ തീരുമാനിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

അവളെ കാണാതായി.

രണ്ടുവാക്കിലൊതുങ്ങുന്ന ആ സത്യത്തില്‍ നിന്നായിരുന്നു സാമാന്യം വലിയ ഒരു ഫീച്ചറുണ്ടാക്കേണ്ടിയിരുന്നത്. ഇത്രയും പറഞ്ഞുവരാനുണ്ടായ കാരണം അതു മാത്രമാണ്. കഞ്ഞികുടിക്കാനുള്ള ഒരു വഴി – അവിടെ തീരുന്നു ഇക്കാര്യത്തിലും ഫീച്ചറെഴുത്തിലുമുള്ള താത്പര്യം.

‘മരണവീട്’ പോലെ ജനനിബിഡമായിരുന്നു ‘കാണാതായ വീട്.’ രണ്ടു ദിവസം മുന്‍പു വരെ ഉച്ചത്തില്‍ സൗണ്ട് സിസ്റ്റം വയ്ക്കുന്നതിന് അവളെ ശകാരിച്ചിരുന്ന അയല്‍ക്കാരന്‍ ഒരുറുമ്പിനെപ്പോലും നോവിക്കാത്ത അവളുടെ ഗുണഗണങ്ങള്‍ വാഴ്ത്തിപ്പാടുന്നുണ്ടായിരുന്നു. സമരം എന്നോമനപ്പേരിട്ട് വിളിക്കുന്ന കലാപരിപാടികളുടെ മൂര്‍ദ്ധന്യത്തില്‍ കല്ല്, മരക്കുറ്റി ഇത്യാദി ആയുധങ്ങളാല്‍ ഞങ്ങളുടെ വര്‍ഗത്തിന്റെയും പോലീസിന്റെയും ശരീരങ്ങള്‍ തടവുന്നതില്‍ മിടുക്കനായ ഒരുത്തന്റെ തല കൂട്ടത്തില്‍ കണ്ടപ്പോള്‍ ഉറപ്പിച്ചു, നല്ലൊരു കോള് വരാനുണ്ടെന്ന്. അസിസ്റ്റന്റ് കമ്മീഷണര്‍ വെടി പൊട്ടിക്കുന്നതും സ്വപ്നം കണ്ടു നില്‍ക്കുകയാവും കേരള ജനാധിപത്യത്തിന്റെ ഭാവി വാഗ്ദാനം. ഒരുവിധം തിക്കിത്തിരക്കി അകത്ത് കയറി.

ലിവിങ് റൂമില്‍ സ്ഥാനം പിടിച്ചിരുന്നവരില്‍ അധികവും സ്ത്രീകളായിരുന്നു. റൂമിന്റെ ഒത്ത നടുക്കുള്ള ഒരു സോഫയില്‍ തന്നെ കഥയിലെ ഉപനായകനും ഉപനായികയും (ഒരു പക്ഷേ പ്രതിനായകര്‍) ഉപവിഷ്ടരായിരുന്നു. പോളിസ്റ്റര്‍ സാരികൊണ്ട് കണ്ണിരൊപ്പാന്‍ പാടുപെടുകയായിരുന്നു നായികയുടെ അമ്മ. നിര്‍വികാരതയായിരുന്നു അച്ഛന്റെ മുഖത്ത്. അവരുടെ അടുത്തായി നിലത്തിരിപ്പുണ്ടായിരുന്ന എട്ടോ ഒന്‍പതോ വയസ്സ് പ്രായം തോന്നിക്കുന്ന അനിയന്‍ “ചേച്ചിയെവിടെപ്പോയി അമ്മേ” എന്നോ “ഇവരൊക്കെ എന്തിനു വന്നതാ അച്ഛാ” എന്നോ നിഷ്കളങ്കമായി ചോദിക്കുന്നുണ്ടായിരുന്നില്ല. അവന്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ഈ സീന്‍ ടെലിവിഷനില്‍ ഇതിനു മുന്‍പ് തന്നെ എത്രയോ തവണ കണ്ടിട്ടുണ്ടാകണം.

ജോലി ആരംഭിക്കാന്‍ സമയമായി.

* * *

“അവള്.. അവള്.. ബ്ഹുഹൂ!”

ഫീച്ചറെഴുതാനാവശ്യം കണ്ണിരായിരുന്നില്ല, വാക്കുകളായിരുന്നു (സത്യങ്ങള്‍ എന്ന് അറുത്തുമുറിച്ച് പറയുന്നില്ല.) അമ്മയില്‍ നിന്ന് പ്രതീക്ഷിച്ച തുടക്കം തന്നെ കിട്ടിയതിനാല്‍ അച്ഛന്റെ മുഖത്തേക്കായി നോട്ടം.

“ഇന്നലെ വൈകുന്നേരം ഗിഫ്റ്റ് ഷോപ്പിലേക്ക് പോയതാ, ഫ്രണ്ടിന് സമ്മാനം വാങ്ങാന്‍. ഇരുട്ടിയിട്ടും തിരിച്ചെത്താഞ്ഞപ്പൊ മൊബൈലിലേക്ക് വിളിച്ചു നോക്കി. സ്വിച്ചോഫായിരുന്നു. കാറെടുത്ത് ഷോപ്പില് ചെന്നു നോക്കിയപ്പോ അവിടെയുമില്ല. ഉടന്‍ തന്നെ പോലീസില്‍ ഇന്‍ഫോം ചെയ്തു.”

ഏതാണീ ‘ഫ്രണ്ട്’ ? എന്തിനു ഗിഫ്റ്റ് വാങ്ങാനാണ് അവള്‍ പോയത്? മനസ്സ് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.

“വാല—” ഉത്തരം മുഴുമിപ്പിക്കാന്‍ ഭര്‍ത്താവ് ഭാര്യയെ അനുവദിച്ചില്ല. ‘-ന്റൈന്‍സ് ഡേ’ എന്ന് സ്വയം മുഴുമിപ്പിക്കാന്‍ വലിയ പാടൊന്നും ഇല്ലായിരുന്നു.
വാലന്റൈന്‍സ് ഡേക്ക് ‘ഫ്രണ്ടിന്’ ഗിഫ്ടോ? എങ്കില്‍ ആ ഫ്രണ്ടിനെ പേടിക്കണം.

“നിങ്ങള്‍ വെറുതെ ഓരോന്ന് സങ്കല്‍പിച്ചുണ്ടാക്കരുത്,” അച്ഛന് ചൂടായി, “അങ്ങനെ വല്ലതും ഉണ്ടായിരുന്നെങ്കില്‍ അവള്‍ ആദ്യം ഞങ്ങളോടാവും പറഞ്ഞിരിക്കുക.”

‘നിങ്ങളോട് ഞങ്ങള്‍ പൂര്‍ണമായും സഹകരിക്കാന്‍ തയാറാണ്’ എന്നു പ്രഖ്യാപിക്കുന്നതായിരുന്നു ആ മറുപടി എന്നതിനാല്‍ മര്‍മ്മത്ത് കൈവക്കുന്ന കൂടുതല്‍ ചോദ്യങ്ങളൊന്നും ചോദിച്ചില്ല. പെണ്‍കുട്ടിക്ക് കോളേജില്‍ ശത്രുക്കള്‍ വല്ലവരും ഉണ്ടായിരുന്നോ, കുടുംബശത്രുക്കള്‍ ആരെങ്കിലുമുണ്ടോ പോലുള്ള കുറച്ച് പൊതുവിജ്ഞാന ചോദ്യങ്ങള്‍ ചോദിച്ചു. എല്ലാത്തിനും ‘ഇല്ല’ എന്നായിരുന്നു മറുപടി. ‘അറിയില്ല’ എന്നു പറയുന്നതാവും ഭേദമെന്ന് തോന്നി മുഖത്ത് നിഴലിച്ച ചോദ്യഭാവം കണ്ടപ്പോള്‍.

പുറത്ത് വണ്ടിവന്നു നില്‍ക്കുന്ന ശബ്ദം കേട്ടു. ആളുകളുടെ ആരവം കേട്ടപ്പോള്‍ മനസ്സിലായി അത് ഏതോ ചാനലുകാരാണെന്ന്. അവരെവിടെപ്പോയി എന്ന് സംശയിച്ച് നില്‍ക്കുകയായിരുന്നു ഇതുവരെ. ഇനി ഉപനായകനും ഉപനായികയും അവരുടേതാണ്.

മാതാപിതാക്കളോട് സംസാരിച്ചിറങ്ങിയപ്പോള്‍ ഓര്‍മ്മവന്നത് ആരുഷിയെയാണ്. ഒരു പത്രപ്രവര്‍ത്തകന്‍ ആരെയും വിശ്വസിച്ചുകൂടാ.

കോളേജിലെ ഒരു സഹപാഠിയെ കണ്ടെത്തലായിരുന്നു അടുത്ത ജോലി. പത്രത്തില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ ഒരു ഭാഗത്ത് തിങ്ങി നിന്നിരുന്ന കോളേജു പിള്ളാരെല്ലാവരുംകൂടി വന്ന് പൊതിഞ്ഞു. എന്നാല്‍, സംശയമോ ഭയമോ മുഖത്ത് എന്ന് അനുമാനിക്കാന്‍ പ്രയാസമുണ്ടായിരുന്ന, ഒരു മൂലയ്ക്ക് മാറി നിന്നിരുന്ന ഒരു പെണ്‍കുട്ടിയെയാണ് അഭിമുഖത്തിനായി തിരഞ്ഞെടുത്തത്. അത്തരക്കാരില്‍ നിന്നാണ് ഹരമുള്ള പല വിവരങ്ങളും ലഭിക്കുക എന്ന് അനുഭവംകൊണ്ട് അറിയാമായിരുന്നു. കൊക്കെത്ര കുളം കണ്ടിരിക്കുന്നു.

അഛനമ്മമാരുടെയടുത്ത് നിറുത്തിയിടത്തുനിന്നാണ് കൂട്ടുകാരിയുടെ അടുത്തുനിന്നാരംഭിച്ചത്.

“മഹേഷ്ന്നാ അവന്റെ പേര്,” തീരുമാനത്തെ ശരിവക്കുന്നതായിരുന്നു അവളില്‍ നിന്നുവന്ന ആദ്യവാചകം തന്നെ. “പ്ളസ്റ്റുവില് പഠിക്കുമ്പഴാ അവര് പരിചയപ്പെട്ടത്. രണ്ടു വീടുകളിലും വലിയ പ്രശ്നമായിട്ടുണ്ടായിരുന്നു. പ്ളസ്റ്റു കഴിഞ്ഞപ്പൊ അവര് രണ്ട് കോളേജിലായി. എന്നിട്ടും ഇടക്കിടക്ക് കാണാറുണ്ടായിരുന്നു അവര്.”

കഥ ക്ലൈമാക്സിലേക്ക് കടക്കുകയാണ്. അവന്‍ ഇന്നിവിടെയുണ്ടെങ്കില്‍, പ്രതി അവനല്ല. ഉണ്ടെങ്കില്‍..

“ഇന്ന് വന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഞാന്‍ ഇതുവരെ കണ്ടിട്ടില്ല അവനെ.”

ക്ലൈമാക്സ് കുളമായി. പോട്ടെ. ശത്രുക്കള്‍ വല്ലവരുമുണ്ടായിരുന്നോ അവള്‍ക്ക്?

“റാഗിങ്ങിന്റെ സമയത്ത് കുറച്ചു പ്രശ്നമുണ്ടായിരുന്നു. എന്തോ പറഞ്ഞ് അവളും ബിപിന്‍ന്ന് പേരുള്ള ഒരു സീനിയറും ഉടക്കി. അന്നു മുതല് ബിപിന്റെ ഗ്യാങ്ങിന്റെ നോട്ടപ്പുള്ളിയായിരുന്നു അവള്.”

കാമുകനും ശത്രുവും. പണി കിട്ടാനുള്ള എല്ലാ സ്കോപ്പും ഉണ്ടാക്കി വച്ചിരുന്നു അവള്‍. ജോലി കൂടുകയാണ്. ഇനി എളുപ്പം ഒരു അനുമാനത്തിലേക്കെത്താനാകുമെന്ന് തോന്നുന്നില്ല. ആവശ്യത്തിനുള്ള വിവരങ്ങള്‍ ലഭിച്ചതിനാല്‍ സാക്ഷി പെണ്‍കുട്ടിയെ വെറുതെ വിട്ടു.

മാതാപിതാവിസ്താരം കഴിഞ്ഞ് ചാനലുകാര്‍ പുറത്തിറങ്ങിയിരുന്നു. അവരെ കണ്ടതോടെ നാട്ടുകാരെല്ലാം അങ്ങോട്ട് പാഞ്ഞു. ടിവിയില്‍ മുഖം കാണിക്കാന്‍ കഴിയുമ്പോള്‍ പത്രമൊക്കെ ആര്‍ക്കു വേണം?

ഒരു പോലീസ് ജീപ്പ് ഗെയ്റ്റുകടന്ന് അകത്തു കയറി. അസിസ്റ്റന്റ് കമ്മീഷണറും പരിവാരങ്ങളുമായിരുന്നു.. ഓടിയടുത്ത ചാനലുകാരുടെ ചോദ്യങ്ങള്‍ക്കൊന്നും തന്നെ മറുപടി പറയാതെ അവര്‍ കുട്ടിയുടെ മാതാപിതാക്കളുടെ അടുത്തേക്ക് പോയി. കുറച്ചു സമയത്തിനു ശേഷം പുറത്തുവന്ന് എല്ലാവരോടുമായി പറഞ്ഞു:

“അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഉടന്‍ തന്നെ കുട്ടിയെ കണ്ടുപിടിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ.”

കുറച്ചു നാള്‍ മുന്പ് നഗരത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ കാണാതായപ്പോള്‍ ഇദ്ദേഹം തന്നെ പറഞ്ഞ ഡയലോഗല്ലേ ഇതെന്ന് സംശയം തോന്നി. ആയിരിക്കാം, അല്ലാതിരിക്കാം. ബൈക്ക് സ്റ്റാര്‍ട്ടാക്കി പുറത്തിറങ്ങി. ഇനി അവിടെനിന്ന് ഒന്നും കിട്ടാനില്ല എന്നുറപ്പായിരുന്നു.

ഹൈവേയിലൂടെ സഞ്ചരിക്കുമ്പോള്‍ മനസ്സ് നിറയെ ചിന്തകളായിരുന്നു. ഒരു പ്രൊമോഷന്‍ ആഗ്രഹിക്കാന്‍ തുട്ങ്ങിയിട്ട് എത്ര കാലമായി! എഡിറ്റര്‍ക്ക് ഫീച്ചര്‍ ഇഷ്ടപ്പെടുമോ എന്തോ? ഓരോ ദിശകളിലൂടെ മനസ്സ് പാഞ്ഞുനടന്നു. അതിനിടക്കെപ്പോഴോ രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകളുടെ രൂപം മനസ്സിലേക്കോടിയെത്തി. ആ ഒരു സന്ദര്‍ഭത്തില്‍ അതെങ്ങനെ സംഭവിച്ചു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.

* * *

തൊട്ടടുത്ത ദിവസം അവുക്കാദര്‍ക്കയുടെ ചായക്കടയിലെ സ്ഥിരം കസ്റ്റമേഴ്സ് ചായക്കൊപ്പം ചൂടുള്ള വാഗ്വാദം നടത്തിയത് പൊട്ടാന്‍പോകുന്ന ഡാമിനെ പറ്റിയോ അടുത്ത് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ പറ്റിയോ ആയിരുന്നില്ല, മറിച്ച് കാണാതായ ആ പെണ്‍കുട്ടിയെക്കുറിച്ചായിരുന്നു.

സംഭവം നടന്നതിനുശേഷമുള്ള മൂന്നാം ദിവസം മുഖ്യ പ്രതിപക്ഷകക്ഷിയുടെ വിദ്യാര്‍ഥിഘടകം കലക്റ്ററേറ്റിലേക്ക് മാര്‍ച്ചു ചെയ്തു. ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പോലെയുള്ള പതിവു കലാപരിപാടികള്‍ അരങ്ങേറി. ഭാഗ്യത്തിന് വെടി പൊട്ടിയില്ല.

അഞ്ചാം നാള്‍ ഭരണകക്ഷിയുടെ വിദ്യാര്‍ഥിഘടകം സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചു ചെയ്തു. പോലീസുകാര്‍ ഒരു മൂലക്ക് അതും നോക്കി നിന്നു.

ഏഴാമത്തെയും എട്ടാമത്തെയും ദിവസങ്ങളില്‍ കുട്ടിയെ കണ്ടുപിടിക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചുകൊണ്ടുള്ള പരസ്യം വന്നു. ഒന്‍പതാം ദിവസം ആ പരസ്യം അപ്രത്യക്ഷമായി.

പത്താം ദിവസം തൊട്ടടുത്ത താലൂക്കില്‍ നിന്ന് വേറെ ഒരു പെണ്‍കുട്ടിയെ കാണാതായി.

ഇനി ഈ കഥ തുടക്കം മുതല്‍ക്ക് ഒരിക്കല്‍കൂടി വായിച്ചു തുടങ്ങുക.

പിന്‍കുറിപ്പ് : എന്റെ പതിവ് പ്രാന്തന്‍ കഥകളില്‍ നിന്ന് ഇതിന് വ്യത്യാസം തോന്നുന്നുണ്ടെങ്കില്‍ അതിന് കാരണം ഇത് എഴുതിയത് ഞാനല്ലെന്നതാണ് 🙂 എന്റെ അനിയന്‍ സുല്‍യാബാണ് കഥാകാരന്‍ – സംസ്ഥാനതല ഹൈസ്കൂള്‍ യുവജനോത്സവത്തില്‍ രണ്ടാം സ്ഥാനം നേടിയ കഥയാണിത്. അവന് ഇവിടെ ഒരു ഇംഗ്ലീഷ് ടെക്നികല്‍ ബ്ലോഗുണ്ടെങ്കിലും മലയാളം ബ്ലോഗുകളൊന്നും ഇല്ലാത്തതിനാല്‍ ഉപ്പുമാങ്ങയില്‍ പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടു – മാറാല പിടിച്ചു കിടക്കുന്ന സ്ഥലമായതുകൊണ്ട് വാടക ഇല്ലാതെ പബ്ലിഷ് ചെയ്യുന്നു.

Advertisements

10 thoughts on “തിരോധാനം”

 1. അതെയതെ.. ഓല പറഞ്ഞതാണതിന്റെ ഒരു ശരി..
  നിത്യേനെ കാണുന്ന കേക്കുന്ന കാര്യങ്ങള് കോര്‍ത്തിണക്കീട്ട്ണ്ട് നന്നായിട്ട്..
  അഭിനന്ദന്സ്.. 🙂

  Like

 2. വരച്ചിട്ട ഇമേജുകള്‍ കൊള്ളാം. നന്നായി വായിക്കാന്‍ പറയൂ. എന്നിട്ട് തുടര്‍ന്നെഴുതാനും .സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കഥയെഴുത്ത്തില്‍ ഒന്നാസംമാനം കിട്ടിയ വളരെ പ്രതീക്ഷ നല്‍കിയിരുന്ന എന്റെ ഒരു കൂട്ടുകാരി യെ പിന്നെ എഴുത്തില്‍ കണ്ടിട്ടില്ല. മിക്കവാറു എല്ലാവരും ചെയ്യുന്നത് പോലെ എഴുത്തിനും ഭാഷക്കും ലോ പ്രിയോരിട്ടി കൊടുത്തു അവളും എങ്ങോട്ടോ പോയി.. അതുകൊണ്ട് തന്നെ അത്തരം സംഗതികള്‍ ഉണ്ടാവാതിരിക്കാന്‍ ഇവനെ വിടാതെ പിടിച്ചോളൂ 🙂

  Like

 3. എല്ലാവര്‍ക്കും നന്ദി… കഥയെഴുത്ത് നിറുത്താനൊന്നും ഉദ്ദേശ്യമില്ല. പക്ഷേ ബ്ളോഗിന്റെ കാര്യം സംശയമാണ്. ഒരു പത്തുപതിനഞ്ച് ബ്ളോഗുണ്ടാക്കി ആരും വായിക്കാനില്ലാത്തതുകൊണ്ട് ഡിലീറ്റ് ചെയ്ത വ്യക്തിയാണ്. ഒരു പുതിയ കഥ അടുത്തു തന്നെ വരാനുണ്ട്.

  Like

  1. കഥകള് തുടരുമെന്ന ആത്മവിശ്വാസം മാത്രം മതീലോ ബ്ലോഗ് തുടങ്ങാന്. 😀
   വായനക്കിവിടെ ഞങ്ങ്ളൊക്കെയില്ലെ..?ധൈര്യായിട്ട് തുടങ്ങിക്കോ..ഇനി ഡെലീറ്റ് ചെയ്യേണ്ടി വരില്ലാ, ഉറപ്പ്.

   Like

 4. നന്നായിട്ടുണ്ട് സുല്യാബ്. ഇനിയും ധാരാളം എഴുതൂ. സ്വന്തമായി ഒരു ബ്ളോഗ് തുടങ്ങിയാൽ പിന്നെ ഇക്കാക്കാന്റെ ബ് ളോഗ് വാടകയ്ക്കെടുക്കേണ്ടതില്ലല്ലോ? അപ്പോൾ എത്രയും പെട്ടെന്ന് തന്നെ ഒരു ബ്ളോഗ് തുടങ്ങി എഴുതിത്തുടങ്ങുക. അഭിനന്ദനങ്ങൾ. (പിന്നെ, സമയം കിട്ടുമ്പോൾ മനുഷ്യന് മനസിലാകുന്ന വിധത്തിൽ കഥകൾ എഴുതേണ്ടതെങ്ങനെയാണെന്ന് പഠിപ്പിച്ചു കൊടുക്കണം :))

  Like

  1. * പിന്നെ, സമയം കിട്ടുമ്പോൾ മനുഷ്യന് മനസിലാകുന്ന വിധത്തിൽ കഥകൾ എഴുതേണ്ടതെങ്ങനെയാണെന്ന് ഇക്കാക്കാക്ക് പഠിപ്പിച്ചു കൊടുക്കണം

   Like

 5. കഥ നന്നായിട്ടുണ്ട്. സ്വന്തം ബ്ലോഗുണ്ടാക്കി ആള്‍ക്കാരെ കാത്തിരിക്കുന്നതിനേക്കാള്‍ നല്ലത് ആള്‍റെഡി പബ്ലിസിറ്റിയുള്ള ബ്ലോഗില്‍ കഥയിറക്കുന്നതാണ് എന്ന ഐഡിയ കൊള്ളാം.

  Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )