ഡിസ്നിലാന്‍ഡ്


സ്വയം പ്ലാനുണ്ടാക്കി എവിടേലും പോകാന്‍ കുറേ ദിവസമായി ശ്രമിക്കുന്നു. എട്ടുമണിക്ക് റെഡിയായി ഇന്നിടത്തേക്ക് പോകാം എന്ന് തലേന്ന് രാത്രി മൂന്നാളുംകൂടി തീരുമാനിച്ചുവെക്കും. എന്നിട്ട് ഒരാളെങ്കിലും പന്ത്രണ്ടുമണിവരെ ഉറങ്ങിക്കിടക്കും. പരസ്പരമുള്ള കുറ്റപ്പെടുത്തലുകളും  മൈനാകിന്റെ ധര്‍മ്മരോഷവും എന്റെ ഡോണ്ട് കെയറുകളും രാഘവിന്റെ കുളിയും (ഇംഗ്ലീഷിലാണെങ്കില്‍ BATH എന്ന് കാപ്പിറ്റലിലെഴുതണ്ട ടൈപ്പ് സാധനാണ്) കഴിയുമ്പഴേക്ക് രണ്ടുമണിയായി എന്നു കാണുന്നതോടെ പ്ലാനൊക്കെ ഷെല്‍വ് ചെയ്ത് മൂന്നാളും ഒത്തൊരുമയോടെ ലഞ്ചടിച്ച് പിന്നേം ഉറങ്ങാന്‍ കിടക്കും.

ഈ ചാക്രികപ്രതിഭാസത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ബാഹ്യമായ ഉല്‍പ്രേരകത്തിന്റെ സഹായം കൂടിയേ തീരൂ (ദേ പിന്നേം വിക്കിപീഡിയ ഭാഷ വരാന്‍ തുടങ്ങി) എന്ന് മനസ്സിലായതുകൊണ്ടാണ് കൂടെ ഒരാളെക്കൂടി കൂട്ടി പ്ലാനുണ്ടാക്കാന്‍ തീരുമാനിച്ചത്. Subhonmesh Bose ആണ് കക്ഷി (ബംഗാളി പേര് മൊത്തമായി മലയാളത്തിലാക്കി നാറാന്‍ മനസ്സില്ല. ബോസ് എന്നേ ഞാന്‍ വാതുറന്ന് വിളിക്കാറുള്ളൂ). ഐഐടിയില്‍ ഞങ്ങളുടെയൊക്കെ സീനിയറായിരുന്നു. ഒരു തവണ ഐഐടിയില്‍ നടന്ന ടെക് ഒളിമ്പ്യാഡില്‍ എന്റെ പാര്‍ട്ണറായിരുന്നതുകൊണ്ട് നമ്മള്‍ തമ്മില്‍ പരിചയവുമുണ്ട്. ദസ്സയും ഡയറക്ടേഴ്സ് ഗോള്‍ഡ് മെഡല്‍ ജേതാവുമൊക്കെയായിരുന്ന വലിയ പുള്ളിയാണ്. ഒരു വര്‍ഷമായി ഇവിടെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ പിഎച്ച്ഡി ചെയ്യുകയാണ്. മുമ്പ് സര്‍ജ് പ്രോഗ്രാമിനും കാല്‍ടെക്കില്‍ വന്നിട്ടുണ്ടായിരുന്നു. ഇത്രയും കാലമായിട്ടും ഡിസ്നിലാന്‍ഡ് കണ്ടിട്ടില്ലാത്തതിനാല്‍ ബോസ് കൂടെവരാമെന്ന് സമ്മതിച്ചു.

ബോസിനെക്കാള്‍ ഞങ്ങള്‍ക്ക് നോട്ടം ബോസിന്റെ കാറിലായിരുന്നു. സ്പോര്‍ട്സ് കാര്‍ – അടുത്ത് വാങ്ങിയതാണ്. ബസിലും തീവണ്ടിയിലും കയറി പോകാമെന്നു വച്ചാല്‍ മൂന്ന് മണിക്കൂറോളമെടുക്കും, കാറുണ്ടെങ്കില്‍ സുഖമാണ്. തോന്നുന്ന സമയത്ത് തിരിച്ചുവരുകയും ചെയ്യാം. എന്‍യുഎസില്‍ പഠിക്കുന്ന ചൈനക്കാരിയായ ഐറിനും ഡിസ്നിലാന്‍ഡ് കാണണമെന്നുണ്ടായിരുന്നു. പക്ഷെ അവളെക്കൂടി കൂടെക്കൂട്ടാമെന്നുവച്ചാല്‍ പ്രശ്നമാണ്. കാറില്‍ നാലു സീറ്റേ ഉള്ളൂ, നമ്മള നാട്ടില്‍ ചെയ്യണപോലെ കുത്തിനറച്ച് കൊണ്ടോവാന്‍ നോക്കിയാല്‍ ഇരുന്നൂറ്റമ്പത് ഡോളറൊക്കെയാണ് മിനിമം ഫൈന്‍. മൈനാകിനെ ഒഴിവാക്കി ഐറിനേം കൂട്ടി ഡിസ്നിലാന്‍ഡിലേക്ക് പോവാന്‍ ബോസും രാഘവും ഞാനും കൂടെ ഗൂഢാലോചന നടത്തി. പക്ഷെ അവസാനം ഇതൊന്നും വേണ്ടിവന്നില്ല, ഐറിന്‍ വീക്കെന്‍ഡില്‍ ന്യൂയോര്‍ക്ക് കാണാന്‍ പോയി.

അപ്പോള്‍ ഞായറാഴ്ച രാവിലെ ഏഴുമണിക്ക് വീട്ടില്‍ നിന്നിറങ്ങാമെന്നുവച്ചു. രാഘവിന്റെ കുളി കഴിഞ്ഞപ്പോള്‍ എട്ടുമണിയായി. കാറിനകത്തിരുന്ന് അവന്റെ കുളിയെയും സമയനിഷ്ഠയെയും കുറിച്ച് വാദപ്രതിവാദം തുടങ്ങി. അറുപത്തിഅഞ്ച് മൈല്‍ സ്പീഡില്‍ പോകണ്ട റോട്ടിലൂടെ ചുറ്റും പോലീസില്ലെന്ന് ഉറപ്പുവരുത്തി ബോസ് നൂറില്‍ പോകാന്‍ തുടങ്ങിയതോടെ കച്ചറ മാറി മൗനപ്രാര്‍ത്ഥനയായി. ഏതായാലും തല, കൈ, കാല്‍ ഒന്നും മിസ്സാവാതെതന്നെ അനഹൈമിലെത്തി.

കാറൊക്കെ പാര്‍ക്ക് ചെയ്ത് റിസോര്‍ട്ടിലേക്ക് നടന്നു. ഒരുമാതിരി റാന്‍ഡം റൂട്ടാണ്. കുറേ തിരിഞ്ഞുകളിച്ചിട്ടാണെങ്കിലും ഒടുവില്‍ സ്ഥലത്തെത്തി.

 ഡിസ്നിലാന്‍ഡ് റിസോര്‍ട്ടിന്റെ കവാടത്തില്‍
ഡിസ്നിലാന്‍ഡ് റിസോര്‍ട്ടിന്റെ കവാടത്തില്‍

അവിടെ രണ്ട് പാര്‍ക്കുണ്ട്. രണ്ടും കൂടി ഒരു ദിവസം കാണാന്‍ വിചാരിച്ചാ നടക്കില്ല. അതുകൊണ്ട് കാലിഫോര്‍ണിയ അഡ്വെഞ്ചര്‍ പാര്‍ക്കില്‍ കയറാമെന്ന് തീരുമാനിച്ചു. ഇതില്‍ കുറേ റൈഡുകളൊക്കെയുണ്ട് – മറ്റേ പാര്‍ക്ക് കുറച്ചുകൂടി കാര്‍ട്ടൂണ്‍ ടൈപ്പില്‍ കിഡ്സിനുള്ളതാണ് (ഞാന്‍ കിഡ്സിനുള്ള പാര്‍ക്കില്‍ പോവുകയോ? ഛെ, ലജ്ജാവഹം)

കാലിഫോര്‍ണിയ അഡ്വെഞ്ചര്‍ പാര്‍ക്ക്
കാലിഫോര്‍ണിയ അഡ്വെഞ്ചര്‍ പാര്‍ക്ക്

പാര്‍ക്ക് അടിപൊളിയായിരുന്നു. യൂനിവേഴ്സലിനെക്കാള്‍ നല്ല സ്ഥലം. റൈഡുകളിലൊക്കെ നല്ല വെറൈറ്റിയുണ്ട്. രാത്രി ഒരു ലൈറ്റ് ആന്‍ഡ് വാട്ടര്‍ ഷോ (ഇതിനെന്തു മലയാളം കൊടുക്കും? പ്രകാശജലധാര?) ഉള്ളതിന് പാസ്സ് വാങ്ങലായിരുന്നു ആദ്യ പരിപാടി. ഒരു പത്തഞ്ഞൂറ് മീറ്റര്‍ നീളമുള്ള ക്യൂവില്‍ നിന്ന് നേരത്തെയെത്തിയതിന്റെ ഗുണമൊക്കെ ന്യൂട്രലൈസായി. എങ്കിലും അതുകഴിഞ്ഞ് സമയം കളയാതെ പാര്‍ക്ക് കഴിയുന്നത്ര എക്സ്പ്ലോര്‍ ചെയ്യാന്‍ ശ്രമിച്ചു (എഴുപത്തിരണ്ട് ഡോളറാണ് എന്‍ട്രി ഫീ. വെറുതെ കളയാന്‍ പറ്റില്ലല്ലോ).

ഗ്രിസ്‌ലി റൈഡിനിടെ
ഗ്രിസ്‌ലി റൈഡിനിടെ

അങ്ങനെ എക്സ്പ്ലോര്‍ ചെയ്തിരിക്കുമ്പഴാണ് “ഹെവി” റൈഡുകളുടെ സ്ഥലത്തെത്തിയത് – പാരഡൈസ് പയര്‍. എന്നുവച്ചാല്‍ എന്നെപ്പോലത്തെ ലോലഹൃദയന്മാര്‍ക്ക് (എനിക്ക് ഹൃദയമുണ്ടെന്ന് ഇവിടെ പ്രവീണ്‍ പറഞ്ഞിട്ടുണ്ട്. ലോലമാണെന്ന് അങ്ങ് വിശ്വസിച്ചേരേ) പറ്റാത്ത സാധനങ്ങള്‍. നാട്ടില്‍ ഞാനിതുപോലുള്ള പാര്‍ക്കുകളിലൊന്നും പോകാറില്ല. പണ്ട് പിള്ളേര്‍ കൂടിയിരുന്ന് കറങ്ങുന്ന വകയില്‍ കേറുമ്പോഴൊക്കെ എനിക്ക് തലകറക്കവും ഛര്‍ദ്ദിയും വരുമാരുന്നു, ഒരിക്കല്‍ വീഗാലാന്‍ഡിലോ മറ്റോ പോയപ്പോള്‍ ഒന്നില്‍ കയറിയതോടെ എനിക്ക് മതിയാവുകയും ചെയ്തു. എങ്കിലും ഇവിടെ ഒഴിയാന്‍ പറ്റില്ല, അഭിമാനപ്രശ്നമാണ്. കണ്ണടച്ച് കൈ മുറുക്കിപ്പിടിച്ചിരുന്നാല്‍ എല്ലാം ശരിയാകും എന്നു പറഞ്ഞ ബോസ് എനിക്ക് മോട്ടിവേഷനായി (അങ്ങേരും എന്നെപ്പോലെ റൈഡുകളെ അത്ര പ്രിയമില്ലാത്ത ടൈപ്പാണ്). പിന്നെ ഞാനെത്ര ബോറായാലും മൈനാകിന്റെ അത്ര ബോറാവില്ല എന്ന് യൂനിവേഴ്സലില്‍ പോയപ്പഴേ മനസ്സിലായതാണ്.

അപ്പോള്‍ ആ ധൈര്യം വച്ച് ഞാന്‍ ആദ്യത്തെ റൈഡിലേക്ക് അടിവച്ചു. റൈഡ് കണ്ടപ്പഴേ ധൈര്യം തിരിച്ചോടി ഞാന്‍ മാത്രം ബാക്കിയായി. നല്ല ഉയരമുള്ള ഒരു തൂണുപോലുള്ള സാധനം. അതിനുചുറ്റും ആള്‍ക്കിരിക്കാവുന്ന സ്ലൈഡ് ചെയ്യുന്ന വേറൊരു വസ്തു. പൊടുന്നനെ അതിനെ മുകളിലേക്ക് ബ്ലാസ്റ്റ് ചെയ്തുവിടും. ത്വരണം എത്രയാന്നൊന്നും അറിഞ്ഞൂടാ. ഏതായാലും മോളില്‍ പോയി ഏതാണ്ട് അതേ സ്പീഡില്‍ തിരിച്ചുവരുന്നു, പാതിവഴിക്കുവച്ച് അങ്ങോട്ടുമിങ്ങോട്ടും കുറച്ച് തട്ടുകൂടെ. ആരും വടിയാകുന്നത് കാണുന്നില്ല, എങ്കിലും എനിക്ക് തലകറങ്ങാന്‍ തുടങ്ങി. ആ, ഏതായാലും കേറിയിരുന്നു. ഷൂസില്ലാതിരുന്ന ഒരേയൊരു മനുഷ്യന്‍ ഞാനായതുകൊണ്ട് ചെരിപ്പൂരിവച്ച് കേറേണ്ടിവന്നു. വിചാരിച്ചതിനെക്കാള്‍ ജോറാണെന്ന് മനസ്സിലായി. മുകളിലേക്ക് പോകുമ്പോഴുള്ള ത്വരണം കുഴപ്പമില്ല. തുറന്ന വ്യവസ്ഥയായതുകൊണ്ട് ബൈക്കിലൊക്കെ പറക്കുന്നപോലെ (എനിക്ക് ബാക്ക് സിറ്റിലിരുന്ന പരിചയമേ ഉള്ളൂ) നല്ല കാറ്റുണ്ടായിരുന്നു. പക്ഷെ അവിടെത്തി തിരിച്ചുവരുമ്പോളുള്ള ഫ്രീ ഫാള്‍ കുഴപ്പമായിരുന്നു, പിന്നെ നടുക്കുവച്ച് അങ്ങോട്ടുമിങ്ങോട്ടും പന്തുതട്ടിയതും. പുറത്തെത്തിയപ്പോഴേക്ക് ഞാനാകെ കലങ്ങിത്തെളിഞ്ഞിരുന്നു.

ഇനി അതിലും ഭീകരമായ റൈഡിനൊക്കെ പോകുന്നതിനുമുമ്പ് ലഞ്ചുകഴിക്കാം എന്ന് ബുദ്ധിപൂര്‍വം തീരുമാനിച്ചു. ഒരു മെഹികന്‍ (Mexico ഇനി ഇങ്ങനെ ഉച്ചരിച്ചാ മതിയെന്നാണ് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം. മൊട്ടയടിച്ചും സ്വതവേ കോലംകെട്ട മുഖമാകെ ചൊറിയുന്ന പെയിന്റടിച്ച് മനുഷ്യന് പേടിസ്വപ്നങ്ങള്‍ സമ്മാനിച്ചും നാടാകെ അര്‍ജന്റീന കീ ജയ് കൂവി നടക്കുന്ന [തങ്ങള്‍ക്കിട്ട് താങ്ങുകയാണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ അങ്ങ് സഹിച്ചേരേ] Argentina ഫാന്‍സിന് രാജ്യത്തിന്റെ പേരിന്റെ നേറ്റീവ് ഉച്ചാരണമറിയില്ല എന്നതും സത്യം) റെസ്റ്റോറന്റില്‍ നിന്നാണ് ഭക്ഷണം കഴിച്ചത്. അകമ്പടിയായി മെഹികന്‍ സംഗീതവുമുണ്ടായിരുന്നു. ഒഥെന്റിക് ആണെന്നൊന്നും ഞാന്‍ പറയില്ല, എങ്കിലും കേള്‍ക്കാന്‍ രസമുണ്ടായിരുന്നു.

സംഗീതസംഘം
സംഗീതസംഘം

ലഞ്ചുകഴിഞ്ഞ് കുറച്ചുനേരം രാഷ്ട്രീയവും സാമ്പത്തികശാസ്ത്രവും ഇന്ത്യയുടെ ഭാവിയും തേങ്ങാപ്പിണ്ണാക്കുമൊക്കെ ഡിസ്കസ് ചെയ്തിരുന്നു. എല്ലാവരും അതുകഴിഞ്ഞ് പാരഡൈസ് പയറിന്റെ കാര്യം ബുദ്ധിപൂര്‍വം വിസ്മരിച്ച് വേറോരോ മൈല്‍ഡ് വകകളിലേക്ക് പോകാന്‍ തുടങ്ങി. റൈഡുകളും 3ഡി പടവും ഒക്കെ രസമായിരുന്നു. എങ്കിലും രണ്ടു കാര്യങ്ങള്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്നു.

ഒന്ന് ഒരു ബാക്ക്ഡ്രോപ്പായിരുന്നു. ഐഐടിയില്‍ ഓരോ പരിപാടി നടക്കുമ്പോള്‍ ബാക്ക്ഡ്രോപ്പുകള്‍ ഉണ്ടാക്കാറുണ്ട്. ഫസ്റ്റ് ഇയേഴ്സിനെക്കൊണ്ട് അടിമവേല ചെയ്യിച്ചാണുണ്ടാക്കുന്നതെങ്കിലും ഫൈനല്‍ പ്രൊഡക്റ്റ് കാണാന്‍ രസമാണ് (എങ്കിലും ഒന്നാം വര്‍ഷം മുഴുവന്‍ ഞാന്‍ ഇങ്ങനത്തെ വകയില്‍ നിന്നൊക്കെ മുങ്ങിനടന്നതുകൊണ്ട് നിര്‍മ്മാണത്തിന്റെ ഗോറി ഡിറ്റെയില്‍സ് അറിയില്ല). പക്ഷെ ഇവിടെ സാധനം സൂപ്പര്‍റിയലിസ്റ്റിക് ആയിരുന്നു. യഥാര്‍ത്ഥ കെട്ടിടങ്ങള്‍ എവിടെ അവസാനിക്കുന്നു, ബാക്ക്ഡ്രോപ് എവിടെ തുടങ്ങുന്നു എന്ന് പറയാനാവാത്ത അവസ്ഥ. വളരെ അടുത്തുചെന്ന് നോക്കിയിട്ടും കണ്‍ഫ്യൂഷന്‍ മാറിയില്ല.

ബാക്ക്ഡ്രോപ്
ബാക്ക്ഡ്രോപ്

അലാവുദ്ദീന്‍ നാടകമായിരുന്നു അടുത്തത്. ദൃശ്യവിസ്മയം എന്നുതന്നെ പറയണം. നമ്മുടെ നാട്ടിലെ നാടകങ്ങള്‍ ഇങ്ങനെയായിരുന്നെങ്കില്‍ നാടകരംഗം, പ്രതിസന്ധി എന്നീ വാക്കുകളെ ഒരുമിച്ചുച്ചരിക്കാന്‍ സാധിക്കുമായിരുന്നില്ല. വളരെ വ്യത്യസ്തമായ സെറ്റുകള്‍ക്കിടയില്‍ യാതൊരു ഡിലേയുമില്ലാതെ മാറുന്നു. വളരെ പഴയ വിഷയമായിരുന്നെങ്കിലും തമാശകളൊക്കെ ഇന്നത്തെ സാഹചര്യത്തിനുള്ളതായിരുന്നു.

അലാവുദ്ദീന്‍ നാടകത്തിലെ ഒരു രംഗം
അലാവുദ്ദീന്‍ നാടകത്തിലെ ഒരു രംഗം

കാലിഫോര്‍ണിയക്കുമീതെ ഗ്ലൈഡറില്‍ പറക്കുന്ന അനുഭൂതിയുണ്ടാക്കുന്ന ഒരു നല്ല റൈഡുമുണ്ടായിരുന്നു. ഇതുകഴിഞ്ഞ് ഏറ്റവും ഭീകരമായ റൈഡിന് പോകാന്‍ തീരുമാനിച്ചു. കാലിഫോര്‍ണിയ സ്ക്രീമിങ്ങ് എന്നായിരുന്നു പേര്. ഭീമന്‍ ഉയരങ്ങളില്‍ നിന്നുള്ള ഫ്രീ ഫാളും തലകീഴായി അല്‍പസമയമുള്ള ഇരിപ്പും എല്ലാമായി റൈഡര്‍മാരുടെ അലര്‍ച്ചയില്‍ റിസോര്‍ട്ടാകെ വിജൃംഭിച്ചുനില്‍ക്കും (സത്യമായും ഈ വാക്കിന്റെ അര്‍ത്ഥം അറിഞ്ഞൂടാ. ഇവിടെ ഉപയോഗിക്കാമോ എന്നും അറിഞ്ഞൂടാ. ഒന്നുരണ്ട് പുലി സാഹിത്യകാരന്മാരൊക്കെ ഉപയോഗിച്ചുകണ്ടിട്ടുണ്ട്, പക്ഷെ സന്ദര്‍ഭത്തില്‍ നിന്ന് അര്‍ത്ഥം മനസ്സിലായില്ല. ഈ വാക്ക് ഇവിടെ ഉപയോഗിക്കാന്‍ യോഗ്യമല്ലെങ്കില്‍ എന്നെ ഉപദേശിച്ചുവിടുക). ഞാനതില്‍ കേറി എന്ന് കേട്ടാല്‍ തന്നെ ഉമ്മ തലകറങ്ങിവീഴും. ഇതിനുമുമ്പ് ഹോളിവുഡ് ടവര്‍ റൈഡില്‍ കയറിയപ്പോള്‍ തന്നെ വടിയായതാണ് – നല്ല ഹൈറ്റുള്ള ഒരു ബില്‍ഡിങ്ങിലെ ലിഫ്റ്റ്. നല്ല ആക്സിലറേഷനില്‍ (മുകളില്‍ ത്വരണം എന്നെഴുതിയ സാധനം തന്നെ) മുകളിലെത്തിച്ച ശേഷം ഫ്രീഫാളിലും കൂടുതല്‍ ത്വരണത്തില്‍ താഴേക്കിടുന്നു. അതിനാല്‍ ലിഫ്റ്റിന് ആപേക്ഷികമായി നമ്മള്‍ മുകളിലേക്ക് പൊങ്ങാന്‍ തുടങ്ങുന്നു, ഒരു ചെറിയ സീറ്റ് ബെല്‍റ്റാണ് പിടിച്ചുനിര്‍ത്തുന്നത്. ഇതൊരഞ്ചാറു തവണ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്ക് ഞാന്‍ നക്ഷത്രമെണ്ണാന്‍ തുടങ്ങിയിരുന്നു.

അപ്പോള്‍ കാലിഫോര്‍ണിയ സ്ക്രീമിങ്ങിനു പോയാല്‍ ഞാന്‍ ഒരു പീസില്‍ തിരിച്ചുവരാന്‍ സാധ്യത കുറവാണ്. എനിക്കു മാത്രമല്ല, ബാക്കി മൂന്നു പേര്‍ക്കും ധൈര്യം കുറവാണ്. എങ്കിലും അഭിമാനസംരക്ഷണാര്‍ത്ഥം നാലുപേരുംകൂടി റൈഡിനുനെരെ നടന്നു (ഇതിന് നാഷ് തുലനാവസ്ഥ എന്ന് പറയുന്നു [ആക്ച്വലി സാധനം വേറെയാണ്. എങ്കിലും ബ്ലോഗ് വായിക്കുന്നതുകൊണ്ട് ഇങ്ങനേലും ഒരു ഗുണമുണ്ടാവട്ടെ]). മനസ്സില്‍ ഒരു വിചാരം മാത്രം. സമയം ഏഴര കഴിഞ്ഞു. എട്ടുമണിക്ക് ജലധാരയ്ക്കുവേണ്ടി ഈ റൈഡടയ്ക്കും. അതിനുമുമ്പ് എത്താതിരുന്നാല്‍ രക്ഷപ്പെട്ടു. ഇഴച്ചിഴച്ചും വഴിതെറ്റിയും ഒക്കെ നടന്നിട്ടും ഗേറ്റടയ്ക്കുന്നതിന് ഒരു പത്തുമിനിറ്റുമുമ്പ് അവടെത്തി.

डर सब को लगता है
गला सब का सूखता है

നാലുപേരും കൂടി ഇല്ലാത്ത ഉമിനീരിറക്കാന്‍ തുടങ്ങി. രാഘവ് ജീവനോടെ റൈഡ് കഴിഞ്ഞിറങ്ങുന്നവരെ നോക്കി (അതില്‍ ചിലരുടെ മുഖഭാവം കണ്ടാലേ നമ്മുടെ ജീവന്‍ പോകും) “ഈ ചെറിയ കുട്ടിക്ക് റോളര്‍ കോസ്റ്ററില്‍ പോകാമെങ്കില്‍ നമുക്ക് പോയാലെന്താ”, “കണ്ടോ, പെണ്‍കുട്ടികള്‍ പോലും റൈഡില്‍ പോകുന്നത്”, “റൈഡിനു പോയി ആരും ചാവുന്നില്ലല്ലോ” എന്നീ വിജ്ഞാനശകലങ്ങളോടെ നാല്‍വര്‍സംഘത്തിന്റെ ആത്മവിശ്വാസമുയര്‍ത്താന്‍ ശ്രമിച്ചു. ശാന്തമായി ഞാന്‍ മനസ്സിനെ പാകപ്പെടുത്തി.

റൈഡ് തുടങ്ങിയപ്പോള്‍ തന്നെ വിചാരിച്ചതൊക്കെ ശരിയാണെന്ന് മനസ്സിലായി. ഒടുക്കത്തെ ത്വരണമാണ്, ഭീകരമായ ഹൈറ്റില്‍ നിന്നാണ് വീഴ്ചകള്‍, തലകുത്തനെ നീങ്ങുന്നത് വിചാരിച്ചപോലെ നോണ്‍ട്രിവ്യലാണ്, ഇതിന് സാധാരണ റൈഡുകളെക്കാള്‍ നീളം കൂടുതലുണ്ട് – എല്ലാം. പക്ഷെ റൈഡിലിരിക്കുന്ന സമയത്ത് ഒരിക്കലും പേടി ഇല്ലായിരുന്നു. യൂനിവേഴ്സലിലെ ജുറാസിക് റൈഡില്‍ നിന്ന് വ്യത്യസ്തമായി റൈഡ് ഫോട്ടോയില്‍ എന്റെ മുഖം വളരെ പ്രസന്റബിളുമായിരുന്നു (ഐ മീന്‍, കോലക്കേട് പോയി എന്നല്ല. മുഖഭാവത്തിന്റെ കാര്യമാണ് പറഞ്ഞത്).

കാലിഫോര്‍ണിയ സ്ക്രീമിങ്ങ് റൈഡ് ഫോട്ടോ
കാലിഫോര്‍ണിയ സ്ക്രീമിങ്ങ് റൈഡ് ഫോട്ടോ

डर के आगे जीत है

ഇതൊന്നുമൊരു റൈഡല്ലെന്നും “ശരിക്കുള്ള” റൈഡുകളുള്ള വേറൊരു പാര്‍ക്കുണ്ടെന്നുമാണ് എല്ലാരും പറേണത്. അവടെ ഒരു ദിവസം പോണം, ഹാര്‍ട്ടറ്റാക്കാകാഞ്ഞാ മതിയായിരുന്നു. റൈഡ് കഴിഞ്ഞ് നേരെ ജലധാര കാണാന്‍ പോയി. രാവിലെ ക്യൂവില്‍ നിന്ന് പാസ്സെടുത്തതൊക്കെ വെറുതെയായിരുന്നു എന്ന് മനസ്സിലായി. ജലധാര കാണാനിരുന്ന് ആകെ നനഞ്ഞു. എങ്കിലും പരിപാടി നന്നായിരുന്നു.

റിസോര്‍ട്ടിന്റെ രാത്രിദൃശ്യം
റിസോര്‍ട്ടിന്റെ രാത്രിദൃശ്യം
റിസോര്‍ട്ടിലെ രാത്രിദൃശ്യം
റിസോര്‍ട്ടിലെ രാത്രിദൃശ്യം
വേള്‍ഡ് ഓഫ് കളേഴ്സ്
വേള്‍ഡ് ഓഫ് കളേഴ്സ്
വേള്‍ഡ് ഓഫ് കളേഴ്സ്
വേള്‍ഡ് ഓഫ് കളേഴ്സ്

പരിപാടി കഴിഞ്ഞതോടെ മടക്കമായി. വഴിക്കുവച്ച് നല്ല സൈസുള്ള ഒരു ടര്‍ക്കിക്കാല്‍ വാങ്ങി ഒറ്റയ്ക്ക് തിന്നാന്‍ നോക്കി പരാജയപ്പെട്ടു. ഏതായാലും ഇനി വേറൊരു ഡിന്നര്‍ വേണ്ട. വണ്ടിയില്‍ കേറിയതേ ഉറങ്ങിപ്പോയി. കഴിഞ്ഞ രാത്രി രണ്ടുമൂന്ന് മണിക്കൂറേ ഉറക്കം സാധിച്ചിരുന്നുള്ളൂ. അതുകൊണ്ട് ബോസ് പുതിയ സ്പീഡ് റെക്കോര്‍ഡുകളുണ്ടാക്കിയതും മൂന്നുപേരും ഇടയ്ക്ക് വണ്ടി നിര്‍ത്തി ഒരു ചൈനീസ് റെസ്റ്റോറന്റില്‍ കയറിയതും ഒന്നും അറിഞ്ഞില്ല. അപാര്‍ട്മെന്റിലെത്തിയപ്പോഴേക്കും ഒരുമണിയാകാറായിരുന്നു.

ഇനി വല്ലപ്പോഴും സമയം കിട്ടുകയാണെങ്കില്‍ ഒന്നുകൂടെ ഡിസ്നിലാന്‍ഡില്‍ പോയി മറ്റേ പാര്‍ക്കും ഒന്ന് കാണണം. പിന്നെ നമ്മുടെ “ശരിക്കുള്ള റൈഡുള്ള” പാര്‍ക്കിലേക്കും ഒരു ദിവസം പോണം. അല്ലേല്‍ വേണ്ട, മൈല്‍ഡായുള്ള സ്ഥലത്തൊക്കെ പോയി അടങ്ങിയൊതുങ്ങി ബ്ലോഗെഴുതിയും പ്രൊജക്റ്റുചെയ്തും ജീവിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

13 thoughts on “ഡിസ്നിലാന്‍ഡ്”

  1. സാഹിത്യഭംഗിയുണ്ട്. പിന്നെ ചിത്രങ്ങള്‍ മനോഹരമായിരിക്കുന്നു. ഡ്രസ് ഇങ്ങനെയൊന്നും പോര. കുറച്ച് ഫ്രീക്കി ആവണം :). സ്വത്വം നഷ്ടപ്പെടുമെന്ന പേടിയുണ്ടേല്‍ വേണ്ട . ആംഗലേയത്തിന്‍റെ അതിപ്രസരം ഉണ്ട്. അല്ല ഉണ്ടാവുന്നതില്‍ കുഴപ്പമൊന്നുമില്ല. ചുമ്മാ പറഞ്ഞെന്നേ ഉള്ളൂ. പിന്നെ ജൃംഭിച്ച എന്ന വാക്ക്‌ ഞാനും കണ്ടിട്ടുണ്ട്. എനിക്കും അറിയില്ല. ചില ഊഹങ്ങളുണ്ട്.

    Like

    1. എന്റെ ഡ്രസ് കാണുമ്പോള്‍ ഇപ്പഴേ ആളുകള്‍ ഫ്രീക്ക്ഡ് ഔട്ട് ആകുന്നുണ്ട്. സ്വത്വബോധവും വര്‍ഗ്ഗബോധവുമൊന്നുമല്ല, ഇങ്ങനെ നടക്കുന്നതാണിഷ്ടം.

      Like

  2. വിജ്രുംഭിച്ചതില്‍(ക്ഷമിക്കണം,ലിപ്യന്തരണത്തില്‍ ഇങ്ങനെയേ പറ്റുന്നുള്ളൂ..) തെറ്റില്ല.ഇങ്ങനയുള്ള അവസരങ്ങളില്‍ ആ വാക്കുപയോഗിക്കാമെന്ന് ഈയടുത്ത് IN Ghost house Inn ലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ജഗദിഷ് വ്യക്തമാക്കിയിരുന്നു..അത് കൊണ്ട് കേരളത്തില്‍ ഈ വാക്ക് ഇപ്പോള്‍ പ്രചുര പ്രചാരം നേടിക്കഴിഞ്ഞു…

    Like

  3. ബ്ലോഗ് നന്നാവുന്നുണ്ട്. സഞ്ചാരസഹിത്യം പ്രത്യേകിച്ചും. എഴുതിക്കൊണ്ടേ ഇരിക്കൂ!

    P.S – Abilene paradox അല്ലെ?

    Like

      1. അനോണ് അറിയാതെ ആയതാണ്.

        എനിക്കും സംഭവം കേട്ടു പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു. ഗൂഗിള്‍ ഉള്ളടതോളം കാലം ജീവിച്ചു പോകാം.

        btw, ഇവിടെ Englishil എഴുതിയാല്‍ എന്തെങ്കിലും ശിക്ഷ ഉണ്ടോ?

        Like

  4. To be honest, i didn’t read much of it. Went through all the pictures and a few lines of text near the picture, assuming it’ll describe the picture 🙂 . You’ve always dressed like this, and I saw you saying “എന്റെ ഡ്രസ് കാണുമ്പോള്‍ ഇപ്പഴേ ആളുകള്‍ ഫ്രീക്ക്ഡ് ഔട്ട് ആകുന്നുണ്ട്.” Adhu kondu thanneya parayunne, maryadiku dress cheydude ? [I still haven’t figured how to type in malayalam in Ubuntu ]

    Like

    1. ഡ്രസ്സിങ്ങ് സ്റ്റൈല്‍ മാറ്റാന്‍ മനസ്സില്ല
      ഉബുണ്ടുവില്‍ മലയാളം ടൈപ് ചെയ്യാന്‍ ഞാനുപയോഗിക്കുന്ന വഴി ഇതാ. ഹാര്‍ഡിക്കുള്ളതാണ്. പുതിയ സാധനത്തില്‍ എന്തുചെയ്യണമെന്നുള്ളത് സ്വയം മനസ്സിലാക്കാനുള്ള വിവരമുണ്ടെന്നറിയാം, അതുകൊണ്ട് വിശദീകരിച്ച് ബോറ്ക്കുന്നില്ല.

      Like

ഒരു അഭിപ്രായം ഇടൂ