സ്ലാം ബുക്ക്


പാതിരയാകാറായി, എഴുതിക്കഴിയുമ്പഴേക്ക് എന്തായാലും ആകും. പക്ഷെ ഉറക്കം വരുന്നില്ല. ഹെവി ആകും എന്ന് വിശ്വാസമുള്ള ഒരു വര്‍ക്കിങ്ങ് വീക്ക് മുന്നില്‍ കിടക്കുന്നു. ഇരുണ്ട പേപ്പറുകളിലേക്കും ഇക്വേഷനുകളിലേക്കും ഊളിയിടുന്നതിനുമുമ്പ്, അമേരിക്കയിലേക്ക് വന്നത് ബ്ലോഗെഴുതാനും തെണ്ടിത്തിരിയാനും സര്‍ഫ് ചെയ്യാനുമാണെന്നുള്ള പോപ്പുലര്‍ ഒപീനിയന്‍ (കടപ്പാട് : അനൂപന്‍, അദീബ, മുനീര്‍) ഒന്നുകൂടി ഊട്ടിയുറപ്പിക്കാന്‍ ഒരു പോസ്റ്റാകാമെന്ന് വച്ചു.

കാവ്യയുടെ പോസ്റ്റ് കണ്ടപ്പോള്‍ ഓര്‍മ്മ വന്നതാണ്. വിദ്യാലയജീവിതത്തിന്റെ അവസാനദിനങ്ങള്‍. വര്‍ഷങ്ങള്‍ ഒരുമിച്ചുപഠിച്ച കൂട്ടുകാരോട് വിടപറയുന്ന കാലം – സ്ലാം ബുക്കുകളുടെ കാലം.

ഒരു ഇഫക്റ്റിന് ഇങ്ങനെ തുടങ്ങീന്നേ ഉള്ളൂ. ഇപ്പറഞ്ഞതില്‍ ഒന്നിലധികം ഫാക്ച്വല്‍ ഇനാക്യുറസീസ് ഉണ്ട്. ഒന്നാമത്, കാലം ബഹുവചനത്തില്‍ ഉപയോഗിക്കണം. പത്തിലും പന്ത്രണ്ടിലും സ്ലാം ബുക്കുകള്‍ ക്ലാസ്സാകെ പറന്നുനടന്നിട്ടുണ്ട്. രണ്ടും വിവേചിക്കേണ്ട ആവശ്യകത താഴെ വ്യക്തമാക്കാം. പിന്നെ അധികം കൂട്ടുകാരോട് വിടപറയണ്ട ആവശ്യവും ഇല്ലായിരുന്നു – കൈയിലിരിപ്പുകൊണ്ട് ഉറ്റ സുഹൃത്തുക്കളുടെ ആധിക്യം ഒരുകാലത്തും പ്രശ്നമായിരുന്നിട്ടില്ല.

പത്താം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് ആദ്യമായി സ്ലാം ബുക്ക് എന്ന വക കാണുന്നത്. പെട്ടെന്ന് ക്ലാസാകെ സ്ലാം മയമായി (ഇലക്ട്രോണിക് സാമാനങ്ങള്‍, സിഡീകള്‍, സ്വര്‍ണ്ണം, കഠാരകള്‍ മുതലായവയൊക്കെ കൊണ്ടുവരുന്നതിന് സ്കൂളില്‍ വിലക്കുണ്ട്.  സ്ലാം ബുക്കിന് വിലക്കുണ്ടായിരുന്നോ എന്നറിയില്ല). പെണ്‍കുട്ടികളാണെന്നു തോന്നുന്നു ഇന്‍ട്രൊഡ്യൂസ് ചെയ്തത്. ചെറിയൊരു ഡയറി പോലെ ആകെ ബഹുവര്‍ണ്ണത്തില്‍. പാതി സ്ഥലത്തും പിങ്ക് വാരിപ്പൂശിയിരിക്കും. കണ്ട പൂച്ചകളുടെയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയുമൊക്കെ ചിത്രങ്ങളും. ഇതിന്റൊക്കെ ഇടയില്‍ ആര്‍ക്കോ നന്നായി തോന്നിയ കുറേ ചോദ്യങ്ങളും എസ്സേ ക്വസ്റ്റ്യന്‍സിന് ഉത്തരമെഴുതാന്‍ രണ്ടുവരി സ്പേസും.

ആകെ ബോറാണ്. എന്നാലും ചോദിച്ചവര്‍ക്കൊക്കെ ഞാന്‍ എഴുതിക്കൊടുത്തു (അധികമാരും ചോദിച്ചില്ലെന്നതും ചോദിച്ചുപോയവരൊക്കെ പ്രാകുകയാണുണ്ടായതെന്നതും വേറെക്കാര്യം). എഴുതാനാഗ്രഹിച്ചതു മുഴുവന്‍ അലോട്ട് ചെയ്ത ഇത്തിരി സ്ഥലത്ത് ഒപ്പിക്കാനാകാതെ (എന്തും വലിച്ചുവാരി എഴുതുന്നതാണ് പണ്ടേ എന്റെ രീതി) പല സ്ലാം ബുക്കുകളിലും ഞാന്‍ ധര്‍മ്മരോഷം കൊണ്ടു. നാളെ ലോകം മാറ്റിമറിച്ച് നന്നാക്കിയെടുക്കുന്നതിന്റെ മുന്നോടിയായി സ്ലാം ബുക്ക് രംഗം റെവല്യൂഷനലൈസ് ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു.

എന്നുവച്ചാല്‍ എനിക്കും ഒരു സ്ലാം ബുക്ക് ഇറക്കാന്‍ തോന്നി. ആഗോള പിശുക്കനെന്ന് ക്ലാസ്മേറ്റ്സിന്റെയും ടീച്ചര്‍മാരുടെയും ഒക്കെ ഇടയില്‍ പേരെടുത്ത നമ്മള്‍ കാശുകൊടുത്ത് സ്ലാം ബുക്ക് വാങ്ങുന്നത് വര്‍ഷങ്ങള്‍ കൊണ്ട് ക്രിയേറ്റ് ചെയ്ത ഇമേജ് നശിപ്പിക്കും. പത്തുപൈസ കൊടുത്ത് നാരങ്ങാമുട്ടായി വാങ്ങിത്തിന്നാത്ത സ്ഥിതിക്ക് ഇേേേേത്രേം പൈസ കൊടുത്ത് സ്ലാം ബുക്ക് വാങ്ങുന്നത് ഇമ്മോറലുമാണ്. അങ്ങനെയാണ് തലയില്‍ ബള്‍ബ് മിന്നിയത്.

അഞ്ചുപൈസ ചിലവില്ലാതെ പണി ഒപ്പിക്കാം. സ്വന്തമായി ചോദ്യങ്ങളുണ്ടാക്കി വല്ല പഴയ പുസ്തകത്തിലും എഴുതി സര്‍ക്കുലേറ്റ് ചെയ്താല്‍ മതി.

നമ്മളെ പിശുക്കിനെപ്പറ്റി കുറേക്കാലമായി അറിയുന്നതുകൊണ്ട് ആര്‍ക്കും ഇതൊരു സര്‍പ്രൈസാകില്ല എന്നാണ് വിചാരിച്ചത്. എന്നാലും “ഡാ, നെന്റെ കൈയില്‍ സ്ലാം ബുക്ക് വാങ്ങാന്‍ പോലും പൈസയില്ലെങ്കില്‍ ഞാന്‍ തരാഡാ” എന്നു പറഞ്ഞുകൊണ്ട് വല്ല പ്രകൃതിദുരന്തവും കഴിഞ്ഞതുപോലെ നാലുപാടുനിന്നും സഹായഹസ്തങ്ങള്‍ നീളാന്‍ തുടങ്ങി. എനിക്കിഷ്ടമുള്ള ചോദ്യങ്ങള്‍, ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളത്ര എഴുതാനുള്ള സ്ഥലം എന്നൊക്കെയുള്ള തത്ത്വങ്ങള്‍ പറഞ്ഞ് ഞാനതൊക്കെ നിരസിച്ചു (അതിനുപകരം ഓരോരുത്തരുടെ അടുത്തുനിന്നും ഇരുപതു രൂപ വച്ച് പിരിച്ചാ മതിയായിരുന്നെന്ന് പിന്നെ തോന്നി).

അങ്ങനെ പ്രിപ്പറേഷന്‍ തുടങ്ങി. ഒളിമ്പ്യാഡുകാര്‍ ഓസിനുതന്ന ഒരു പുസ്തകത്തില്‍ നിന്ന് കുറേ പേജ് പിച്ചി. വലിയ വിപ്ലവകരമൊന്നുമല്ലാത്ത ഒരു സെറ്റ് ചോദ്യങ്ങളുണ്ടാക്കി ജ്യോത്സ്നയോട് (അതോ സൂസനായിരുന്നോ?) ഒരു ഷീറ്റില്‍ പകര്‍ത്താന്‍ പറഞ്ഞു (എന്റെ കൈയക്ഷരവും പിശുക്കുപോലെത്തന്നെ ലോകപ്രശസ്തമായിരുന്നു). എന്നിട്ട് ആ ഷീറ്റും ഒരു ബ്ലാങ്ക് ഷീറ്റും കൊടുത്ത് സ്വന്തം പേനകൊണ്ട് ഉത്തരങ്ങളെഴുതാന്‍ പറഞ്ഞ് ഓരോരുത്തര്‍ക്ക് സര്‍കുലേറ്റ് ചെയ്തു. അവരുടെയൊക്കെ വായിലിരിക്കുന്നത് മുഴുവന്‍ കേട്ടെങ്കിലും കുറേപേരൊക്കെ എഴുതിത്തന്നു (“സ്കോഡ” വിജയ് നാരായണന്‍ രണ്ടെണ്ണം എഴുതിത്തന്നു – ഒന്ന് സ്കോഡ സംഭവം നടന്ന ഉടനെയും മറ്റൊന്ന് സാധാരണ മൂഡിലും – രണ്ടും വായിച്ചാല്‍ കര്‍ത്താവ് ഒരാളാന്ന് തോന്നുകേ ഇല്ല). ഇതെല്ലാംകൂടി കറുത്ത കീറിയ ഒരു ഫയലിലിട്ട് വീട്ടില്‍ വച്ചു.

പത്താം ക്ലാസ് കഴിഞ്ഞു. ജോ ജെയിംസും സ്കോഡയുമൊക്കെ സ്കൂള്‍ മാറിപ്പോയി. എങ്കിലും പുതിയ കൂട്ടുകാരനെ വളരെ വേഗം കിട്ടി : എല്‍ദോ മാത്തുള്ള. എന്നെപ്പോലെത്തന്നെ അരപ്പിരി ലൂസായതുകൊണ്ട് നമുക്ക് രണ്ടുപേര്‍ക്കും വളരെ നന്നായി ഒത്തുപോകാന്‍ പറ്റി. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് ക്ലാസ്സിലെല്ലാരും കോറസായി പാടുകയും ചെയ്തു.

പന്ത്രണ്ടാം ക്ലാസ്സായി. അടുത്ത സ്ലാം സീസണ്‍. ഇതിനിടക്ക് ഞാന്‍ ഭീകരമായ ആ സത്യമറിഞ്ഞു. ഉമ്മ ഇടക്കിടക്ക് വീടാകെ ഓര്‍ഡറിലാക്കി വെക്കും. കുറ്റം പറഞ്ഞിട്ട് കാര്യല്ല്യ, ഞാനും അനിയനും ആ ടൈപ്പാണ്. ഇതിനിടക്ക് വേസ്റ്റായി തോന്നുന്നതൊക്കെ ഓരോ മൂലക്കാക്കി വെക്കും. ഈ ശുദ്ധികലശത്തിനിടെ എന്റെ കരളിന്റെ കരളായ പത്താം ക്ലാസ് സ്ലാം പേപ്പര്‍ കെട്ട് ഉമ്മ ഏതോ ചവറിനിടയില്‍ കൊണ്ടുപോയിട്ടിട്ടുണ്ട്. ഞാന്‍ നോക്കുമ്പോള്‍ കീറിയ ഫയല്‍ അതുപോലുണ്ട്, ഉള്ളില്‍ സ്ലാം ഉത്തരങ്ങളുമുണ്ട്. മഹത്തായ കൈപ്പടയിലെഴുതിയിരുന്ന ചോദ്യപ്പേപ്പര്‍ മാത്രം കാണുന്നില്ല (ഐ ആം റിയലി സോറി ജ്യോത്സ്ന/സൂസന്‍). ഞാന്‍ ഫയലെടുത്ത് ഒരു സുരക്ഷിതസ്ഥാനത്ത് വച്ചു (പക്ഷെ ഉമ്മ പിന്നേം വീട് ക്ലീനിക്ലീനി അതേതോ ചണ്ടിക്കൂമ്പാരത്തിലെത്തിച്ചിട്ടുണ്ട്, തപ്പിയെടുക്കണം).

പന്ത്രണ്ടാം ക്ലാസിലെ സ്ലാം ബുക്കിനെങ്കിലും ഇത് വരരുത്. ഭാവി ഡിജിറ്റലാണ് – ഇത്തവണ എല്ലാവരുടെയും ഉത്തരങ്ങള്‍ സ്കാന്‍ ചെയ്ത് വെക്കണം. വീട്ടില്‍ ഹിന്ദു തന്ന സ്കാനര്‍ വെറുതെ കിടക്കുന്നുണ്ട്. എന്നാലും സ്ലാം ബുക്ക് വാങ്ങുന്നില്ല (രണ്ടുകൊല്ലം കൊണ്ട് എന്തൊക്കെ മാറിയാലും നമ്മളെ പിശുക്ക് മാത്രം മാറീട്ടില്ല).

അപ്പോള്‍ വീണ്ടും പ്ലാനിംഗ് ആരംഭിച്ചു. പഴയ പരിപാടി അതുപോലെ റിപ്പീറ്റ് ചെയ്താല്‍ ഒരു വെയ്റ്റുണ്ടാവില്ല. പുതിയ വല്ല ഐഡിയയും വേണം. അതുകൊണ്ട് എല്‍ദോയെ കൂടെക്കൂട്ടി രണ്ടുപേര്‍ക്കുകൂടി ഒരു സ്ലാം ബുക്ക് എന്ന പുത്തനാശയം മുന്നോട്ടുവച്ചു. ഡിജിറ്റലല്ലേ, ക്ലാസ്സിനുമൊത്തമായി ഒന്നാണെങ്കിലും പ്രശ്നമില്ല. പഴയപോലെ വല്ല പുസ്തകത്തില്‍ നിന്നും പേജുപിച്ചാം. അല്ലെങ്കില്‍ ഒരുപടികൂടി മുന്നോട്ടുപോയി പേജും സ്ലാമെഴുതുന്നവര്‍ കൊണ്ടുവരട്ടെ എന്നാക്കാം (അതിലും ഇന്‍ഡിവിജ്വാലിറ്റി ഉണ്ടാകട്ടെ എന്ന് വിശദീകരണവും കൊടുക്കാം). ചോദ്യം പിന്നേം എഴുതിയെടുക്കാന്‍ ജ്യോത്സ്നയെ (ആയിരുന്നോ?) ഏല്‍പിച്ചു (ഈ രണ്ടുകൊല്ലം കൊണ്ട് എന്റെ കൈയക്ഷരം വളരെ മെച്ചപ്പെട്ടിരുന്നു. ഞാനും എല്‍ദോയും കൂടുതല്‍ ചെറുതാക്കി ക്ലാസില്‍ ആര് നോട്ട്സെഴുതും എന്ന് മത്സരമായിരുന്നു. കെമിസ്ട്രിയില്‍ റിയാക്ഷന്‍സിനെക്കുറിച്ചുള്ള പാഠത്തിന്റെ മൊത്തം നോട്ട്സും ഞാന്‍ ഒരുപേജില്‍ ഒപ്പിച്ചപ്പോള്‍ അവന്‍ അരപ്പേജില്‍ താഴെയേ എടുത്തുള്ളൂ [ഒരു ചാപ്റ്റര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ ഈ പേജ് മുഴുവനാക്കാം എന്നായിരുന്നു അവന്റെ ക്ലാസിക് ഡയലോഗ്]. ഒടുവില്‍ ഉപ്പയും ടീച്ചേഴ്സും കൂടി എന്നെ പേടിപ്പിച്ചുവിടുകയാണുണ്ടായത്).

അപ്പളാണ് എല്‍ദോ കച്ചറയുണ്ടാക്കിയത് : “ഡാ, നീ ആഗോള തറയായിരിക്കും, ഞാനത്ര തറയല്ല”. അവന്‍ ചോദ്യങ്ങളൊക്കെ നാല് സെറ്റ് പ്രിന്റെടുത്തു. അസൈന്‍മെന്റുകള്‍ക്കുപോലും ന്യൂസ്പ്രിന്റ് ഉപയോഗിച്ച് ടീച്ചര്‍മാരെക്കൊണ്ട് ഏതുകാലവും പറയിപ്പിച്ചുനടന്നിരുന്ന എന്റെ ഹൃദയം കീറിമുറിച്ചുകൊണ്ട് അവന്‍ സ്ലാമെഴുതുന്നവര്‍ക്കായി എ4 ഷീറ്റുകള്‍ കൊണ്ടുവന്നു.

ആ, ഏതായാലും ഞാനതങ്ങ് സഹിച്ചു. ഒരിരുപത്തഞ്ചുപേര്‍ സ്ലാം എഴുതിത്തന്നു. കുറേപേര്‍ ശരിക്ക് മെനക്കെട്ടിരുന്നുതന്നെ എഴുതി. എനിക്കും എല്‍ദോക്കും എന്ത് സജഷന്‍ തരാനുണ്ട് എന്നൊരു ചോദ്യമുണ്ടായിരുന്നു. എല്‍ദോയോട് ബാക്കിയുള്ളവരെ വെറുപ്പിക്കുന്നത് കുറയ്ക്കാനും സ്വഭാവം (കൈയെഴുത്തും) നന്നാക്കാനും ഈ കാലം എഞ്ചോയ് ചെയ്യാനും ഒക്കെയായിരുന്നു ഉപദേശങ്ങള്‍. ഞാന്‍ ഡ്രെസ്സിങ്ങ് ശരിയാക്കണം (ഒന്ന് മുണ്ടുടുത്ത് കാണണമെന്ന് ഒരു സ്പെഷ്യല്‍ അപ്പീലും ഉണ്ടായിരുന്നു), മനുഷ്യന്മാരൊട് സംസാരിക്കുന്നതെങ്ങനാന്ന് പഠിക്കണം, കുറച്ചുകൂടി ഫ്രന്‍ഡ്‌ലി ആകണം, ജീവിതം എഞ്ചോയ് ചെയ്യണം, പിശുക്ക് ഒഴിവാക്കണം എന്നൊക്കെയായിരുന്നു പോപ്പുലര്‍ ഡിമാന്‍ഡ്. മൂന്നുകൊല്ലം കൂടി കഴിഞ്ഞു. പിശുക്കിത്തിരി കുറഞ്ഞു എന്നല്ലാതെ കാര്യമായി ഇമ്പ്രൂവ്മെന്റ്സ് ഒന്നും ഇല്ല.

ഇന്ന് കാവ്യയുടെ പോസ്റ്റ് വായിച്ചശേഷം ഞാന്‍ സ്കാന്‍ ചെയ്തുവച്ചിരുന്ന സ്ലാം ഷീറ്റുകളിലൂടെ ഒന്നോടിച്ചുപോയി. ആസിം, അഭയ്, അലക്സ്, ആമിന, അമൃത, അനീന, അശ്വിന്‍, അതുല്‍, ബിബിന്‍, ജ്യോത്സ്ന, കൃപ, മറിയ, മെഫ, നീതു, നിഖില്‍, നിതിന്‍, പ്രീതി, രാഹുല്‍, രഞ്ജു, റോള്‍സി, ഷെലിന്‍, ഷെനിന്‍, സിദിഷ, വിഷ്ണു, വിശാല്‍, യദു. ഇവരില്‍ ചിലര്‍ എനിക്ക് പേരുകളും മുഖങ്ങളും മാത്രമായിരുന്നു എന്ന് മനസ്സിലായി; ചിലര്‍ അതില്‍ ഏറെക്കൂടുതലായിരുന്നെന്നും. വെറുതെ ഒരു പ്രാന്തിന് ഈ സ്ലാമുണ്ടാക്കിയത് നന്നായിരുന്നെന്നും ഇപ്പോള്‍ തോന്നുന്നു – ആസിമിന്റെ പ്രിയപ്പെട്ട സിനിമയും അലക്സിനിഷ്ടമില്ലാത്ത പുസ്തകവും ഏതെന്നറിയാനല്ല – ഒരു കാലത്ത് ഞാന്‍ എങ്ങനെയായിരുന്നു എന്നോര്‍മ്മിക്കാന്‍, എന്റെ കൂടെ വര്‍ഷങ്ങള്‍ പഠിച്ച കൂട്ടുകാരുടെ കണ്ണിലൂടെ എന്നെത്തന്നെ നോക്കാന്‍. ഇങ്ങനെ ഇപ്പോള്‍ തോന്നുമെന്നറിയാമായിരുന്നെങ്കില്‍ ഇതുപോലുള്ള ചോദ്യങ്ങള്‍ കുറച്ചുകൂടെ ഇടാമായിരുന്നു. ഇനി വീട്ടില്‍ പോകുമ്പോള്‍ പത്താം ക്ലാസ്സിലെ ആ സ്ലാം കടലാസുകെട്ടും തപ്പിയെടുക്കണം, സ്കാന്‍ ചെയ്തുവെക്കണം.

അതിനെക്കാളുപരി, ഞാനിപ്പോള്‍ ഡിസ്റ്റര്‍ബ്ഡ് ആണ്. സില്‍വര്‍ ഹില്‍സിന്റെ പടിയിറങ്ങി മൂന്നുവര്‍ഷമായിട്ടും തോന്നാതിരുന്ന ഒരു കാര്യം ഇപ്പോള്‍ തോന്നുന്നു. I want to be back in school.

Advertisements

10 thoughts on “സ്ലാം ബുക്ക്”

 1. Read the post. Well written.Your posts are becoming more and more humorous these days(The American style, I guess).
  I too miss Silver Hills very much. I had been there for only one year, but the memories I cherish are numerous..the bougainvilla arch and the basketball ground..the canteen and the badam tree..Memories and memories…School life is unforgettable, isn’t it so?

  Like

 2. വര്‍ത്തമാനത്തിലെ കയ്പ്പും ചവര്‍പ്പും മധുരവും ഒക്കെ, ഭാവിയില്‍ ഓര്‍മയുടെ ചെപ്പിനിള്ളിലകുമ്പോള്‍ സുഖമുള്ള ഒരു നോവായി മാറും.
  രചന കൂടുതല്‍ ഹൃദയസ്പര്‍ശിയായി മാറുന്നുണ്ട്..

  Like

 3. കാശിന്റെ കാര്യത്തില്‍ പിശുക്കിയെങ്കിലും, ചോദ്യങ്ങള്‍ ഇന്റല്ലക്ച്വലി റിച്ച് ആയിരുന്നല്ലോ..
  “താങ്കളുടെ ഏറ്റവും അടുത്ത കൂട്ടുകാരന്‍/കൂട്ടുകാരി താങ്കളോട് ‘I hate you’ എന്ന് പറഞ്ഞാല്‍ താങ്കള്‍ എന്തു ചെയ്യും?” എന്ന ചോദ്യം വേറെ എവിടെ കാണാനാ??

  Like

  1. മലയാളത്തിലും ഇംഗ്ലീഷിലും എഴുതാന്‍ ആവശ്യം വരുന്ന സമയത്തില്‍ വലിയ വ്യത്യാസമില്ല (സാങ്കേതികപദങ്ങള്‍ ആവശ്യമില്ലാത്തിടത്തോളം. സാങ്കേതികപദങ്ങള്‍ ഓര്‍ത്തും ഉണ്ടാക്കിയും എടുക്കുന്നത് മെനക്കേടാണ്). അപ്പം പിന്നെ മലയാളത്തിലല്ലേ എഴുതൂ. വെബ് ആല്‍ബത്തില്‍ ഇംഗ്ലീഷുമുണ്ടല്ലോ. കുറച്ചുകൂടി വൈഡായ ഓഡിയന്‍സിനുള്ള ബസുകളും ഇംഗ്ലീഷിലാക്കാറുമുണ്ട്. ഇഖ്ബാലിന് മലയാളം വായിക്കാന്‍ വിഷമമൊന്നുമില്ലല്ലോ

   Like

 4. ഇതിനിട്ട് കമന്റണം എന്ന് പണ്ടേ കരുതിയതാണ്. റസിമാന് ഹൃദയമുണ്ട് എന്ന് തെളിയിക്കാന്‍ ഇത്തരം പോസ്റ്റ്‌ ഇടക്കിടക്ക്‌ വേണം. മറ്റു പോസ്റ്റുകളില്‍ ദുര്‍ല്ലഭമായ വികാരങ്ങള്‍ ഇവിടെ കാണാന്‍ കഴിഞ്ഞു. കുരെക്കാലങ്ങള്‍ക്ക് ശേഷം ആസ്വദിക്കാന്‍ കഴിഞ്ഞ ഒരു പോസ്റ്റ്‌. രണ്ടു കഥകള്‍ വായിച്ചു ഞാനാകെ തലകറങ്ങി നടപ്പായിരുന്നു.

  Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )