ക്വിസ്സിങ്ങ് പുരാണം


ഈ ആഴ്ച വളരെ എഞ്ചോയബിള്‍ ആയിരുന്നു. ഉറക്കം, ജേണല്‍ വായന, ഉറക്കം, ബ്ലോഗുവായന (പ്രധാനമായും കാഫില, സിദ്ധാര്‍ത്ഥ് വരദരാജന്റെ ബ്ലോഗ്), ഉറക്കം, എഴുത്ത്, ഉറക്കം എന്നിവയായിരുന്നു പ്രധാന പണികള്‍. ഇന്നുച്ചക്ക് സൂപ്ലാന്റേഷനില്‍ കേറി ഒമ്പത് ഡോളറിന്റെ ഓള്‍ യൂ കാന്‍ ഈറ്റ് ബുഫേയെടുത്ത് ഇന്ത്യക്കാരെ മൊത്തം നാണം കെടുത്തുന്നവിധം വെട്ടിവിഴുങ്ങി ഒടുവില്‍ ബോധം കെട്ടുറങ്ങിയതാണ് ആകെ ചെയ്ത വീരകൃത്യം (സ്കൂളില്‍ വച്ച് എന്നെ പരിചയമുള്ളവര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം കാണും. ഐഐടിയില്‍ ചെന്നശേഷം ഭക്ഷണത്തോടുള്ള ആറ്റിറ്റ്യൂഡ് മാറി. സംശയമുണ്ടെങ്കില്‍ ചൈന ടൗണില്‍ നിന്ന് ഒരു ചാക്ക് ഭക്ഷണം വാങ്ങി ഒറ്റ സിറ്റിങ്ങില്‍ തിന്നുതീര്‍ക്കാന്‍ എന്റെകൂടെയുണ്ടാകുന്ന ഐഐടി സുഹൃത്തുക്കളോട് ചോദിച്ചുനോക്കൂ). ആ, ഏതായാലും നാളെ ഡിസ്നിലാന്റില്‍ പോയി വീക്കെന്‍ഡെങ്കിലും മൊതലാക്കണം.

അപ്പോള്‍ എഴുതാന്‍ വിഷയദാരിദ്ര്യമുണ്ട്. എങ്കിലും സമ്മതിച്ചുതരാന്‍ മനസ്സില്ല. അതുകൊണ്ട് ഇങ്ങനത്തെ അവസരങ്ങളില്‍ സാധാരണ ചെയ്യുന്നപോലെ ചിതലരിച്ച് നാശമാകാറായ ഓര്‍മ്മകള്‍ പൊടിതട്ടിയെടുക്കുന്നു.

ഞാനങ്ങനെ ഫേമസൊന്നുമല്ല. എങ്കിലും കേരളത്തില്‍ എവിടെയെങ്കിലുമൊക്കെ പോകുമ്പോള്‍ “റസിമാനല്ലേ, ഞാനറിയും” എന്നുപറഞ്ഞ് ഏതാണ്ട് സമപ്രായക്കാരായ ചിലരെങ്കിലും ഐഡന്റിഫൈ ചെയ്യാറുണ്ട്. ക്വിസ്സിങ്ങാണ് ഇങ്ങനെയെങ്കിലുമൊരു മേല്‍വിലാസമുണ്ടാക്കാന്‍ സഹായിച്ചത്; പിന്നെ ഒളിമ്പ്യാഡുകളും.

ക്വിസ്സിങ്ങുമായി പെന്‍സില്‍ ഏജ് മുതലേ ബന്ധമുണ്ട്. ടെര്‍മിനോളജി മനസ്സിലാകാത്തവര്‍ക്ക് വിശദീകരിച്ചുതരാം. പതിനാല് കൊല്ലമാണ് കിന്‍ഡെര്‍ഗാര്‍ടെന്‍ + സ്കൂള്‍ ജീവിതം. നഴ്സറിയില്‍ ആദ്യത്തെ കൊല്ലം എഴുത്ത് കാര്യമായും സ്ലേറ്റ് പെന്‍സിലുവച്ചാണ്. ഇതിനെ ശിലായുഗം (സ്റ്റോണ്‍ ഏജ്) എന്നുവിളിക്കാം. പിന്നെ പെന്‍സിലിലേക്ക് ഗ്രാജ്വേറ്റ് ചെയ്യുന്നു. നാലാം ക്ലാസ്സുവരെ ക്ലാസ്സിലും പരീക്ഷകളിലുമൊക്കെ പെന്‍സില്‍ തന്നെ ഉപയോഗിക്കണം. അഞ്ചാം ക്ലാസ്സിലെത്തുന്നതോടെ മഷിപ്പേന യുഗത്തിന്റെ ആരംഭമായി. കൈയും ഷര്‍ട്ടുമൊക്കെ ഇടക്കിടെ ആകെ നീലിച്ചിരിക്കുന്ന, ഒരു തുള്ളി വെള്ളം വീണാല്‍ എഴുതിയതൊക്കെ മാഞ്ഞുപോണ, എഴുത്ത് തെളിയാതാവുമ്പോള്‍ പേന കുടയുന്നതിന് മുമ്പിലുള്ളവന്റെ പരാതി കേള്‍ക്കുന്ന കാലം. ബോള്‍ പെന്‍ ഉപയോഗിക്കാന്‍ സമ്മതിക്കില്ല – എത്രവര്‍ഷമെന്നോര്‍മ്മയില്ല, പക്ഷെ അഞ്ചാം ക്ലാസ്സില്‍ ബോള്‍പേനകള്‍ക്ക് തീര്‍ച്ചയായും സ്കൂളില്‍ വിലക്കുണ്ടായിരുന്നു. പിന്നെ ബോള്‍പെന്‍ യുഗം, ഐടി യുഗം, എന്‍ട്രന്‍സ് യുഗം (ഈ അവസാനം പറഞ്ഞ രണ്ട് സാധനങ്ങള്‍ തുടങ്ങിയതെപ്പോഴെന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്). ആ, അത് അന്തകാലം. എന്റെ അനിയനെ പേന തൊടാനൊക്കെ നേരത്തെ സമ്മതിച്ചു എന്നാണോര്‍മ്മ.

എനിവേ, കഥയിലേക്ക് തിരിച്ചുവരാം. മൂന്നില്‍ പഠിക്കുമ്പോള്‍ ക്വിസ്സിന് ആഴ്ചയില്‍ ഒരു അവര്‍ തന്നെ ഉണ്ടായിരുന്നു. ഉമട്ടീച്ചര്‍ ക്ലാസില്‍ വരും. എന്നിട്ട് ഓരോ റോയെയും ഒരു ടീമാക്കി ക്വിസ് നടത്തും. പതിനഞ്ചുപേര്‍ ചേര്‍ന്ന് ഡിസ്കഷന്‍ നടത്തുന്നതിന്റെ എല്ലാ ഒച്ചയും ബഹളവും ക്ലാസ്സിലുണ്ടാകും, ബഹുജോറാണ്. ഇടക്കിടെ ഒന്നുരണ്ട് ഞെട്ടിക്കല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞു എന്നല്ലാതെ നൊട്ടീസബിളായി വേറെ കാര്യമായൊന്നും ചെയ്തില്ല. ഏതായാലും രസമായിരുന്നു.

നാലില്‍ പഠിക്കുമ്പഴാണ് ആദ്യമായി ഒരു “പ്രോപ്പര്‍” ക്വിസ്സില്‍ പങ്കെടുക്കുന്നത്. ആഗോള ക്വിസ്സിങ്ങ് പുലിയും ജൂനിയേഴ്സിന്റെയൊക്കെ ഹീറോയും പിന്നീട് സ്കൂള്‍ ലീഡറും എസ്എസ്എല്‍സി റാങ്കറും ഐഐഎമ്മുകാരനുമൊക്കെയായ ആബിദായിരുന്നു ക്വിസ് മാസ്റ്റര്‍. ഇതുപോലൊരു ക്വിസ് നടത്താനുള്ള ഐഡിയയുമായി സ്കൂള്‍ മുന്നോട്ടുവന്നതെന്തിനാന്നു മാത്രം ഓര്‍ക്കുന്നില്ല. രണ്ടുപേരടങ്ങിയ ടീം – അര്‍ജുന്‍ എം ആയിരുന്നു സഖാവ്. എതിര്‍ടീമുകളെയും ഓര്‍മ്മയില്ല – ഒന്നില്‍ അഭിമന്യൂ ഉണ്ടായിരുന്നു. Peacock ഇടുന്ന മുട്ടയുടെ നിറമെന്ത്, വാജ്പേയിയുടെ ഭാര്യയുടെ പേരെന്ത് മുതലായ ഗൂഗ്ലികളില്‍ ചവിട്ടി ഞങ്ങള്‍ ജയിച്ചു.

അഞ്ചില്‍ പഠിക്കുമ്പോള്‍ പിന്നേം ക്വിസ് അവറുണ്ടായിരുന്നെന്ന് തോന്നുന്നു. ഏതായാലും ക്ലാസ്സില്‍ ഒന്നുരണ്ട് ക്വിസ്സുകള്‍ നടന്നതായി ഓര്‍ക്കുന്നു. സ്കൂളിനുപുറത്തും കുറേയെണ്ണത്തില്‍ പങ്കെടുത്ത് വീണ്ടും വീണ്ടും പൊട്ടിനാറി ഉപ്പയുടെ വായില്‍ നിന്നിങ്ങനെ കേട്ട് സുഖമായി ജീവിച്ചുപോന്നു. ഇങ്ങനെ പൊട്ടിയതിനും ക്വിസ്സിങ്ങ് രംഗത്ത് യാതൊരു അഡ്രസ്സുമില്ലാതെ ഇരുന്നതിനും ഞാന്‍ മാത്രമല്ല കുറ്റക്കാരന്‍. ഇന്നത്തെപ്പോലെ അന്നും ജികെയുടെ കാര്യത്തില്‍ ഞാനൊരു കുട്ട്യേളെവമ്പനായിരുന്നെങ്കിലും ഒരു ക്വിസ് ജയിക്കാന്‍ അതൊന്നും മതിയാകുമായിരുന്നില്ല. തൊട്ട് സീനിയര്‍ ബാച്ചില്‍ ഇജാസ്, എഡ്‌വേര്‍ഡ്, ജിതിന്‍ മുതലായവരിരിക്കുന്നതുകൊണ്ട് സ്കൂളില്‍ തന്നെ ഒരു പാട്ട ക്വിസ് ജയിക്കാന്‍ പോലും വിഷമമാണ്. പിന്നെ ആഴ്ചക്കാഴ്ചക്ക് ആബിദ് പോയി സ്റ്റേറ്റും നാഷണലും ലെവല്‍ ക്വിസ്സുകള്‍ ജയിക്കുന്നതുകൊണ്ട് ബാക്കിയുള്ളവര്‍ ചെയ്യുന്നതിനൊന്നും ഒരു വിലയുമില്ല. ആബിദ് സ്കൂള്‍ വിട്ടതോടെ ഇജാസിന്റെ ബാച്ചിന്റെയും അവര്‍ക്കും സീനിയറായിരുന്ന ഖയാസ്, നിര്‍മല്‍ ജോയ് തുടങ്ങിയവരുടെയും കാലം തെളിഞ്ഞു. നമ്മുടെ കാലം മാത്രം തെളിഞ്ഞില്ല.

പെട്ടെന്നാണ് എല്ലാം കലങ്ങിമറിഞ്ഞത്. ആറില്‍ പഠിക്കുമ്പോള്‍ ഡിസിഎല്‍ ഐക്യു ടെസ്റ്റില്‍ ജയിച്ചുപോയി – വല്യ വിവരമൊന്നും ഉണ്ടായിട്ടല്ല, കണക്കിനും മെന്റല്‍ എബിലിറ്റിക്കും പേപ്പറില്‍ നല്ല വെയ്റ്റേജുണ്ടായിരുന്നു. സ്കൂളിലുള്ളവര്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. അതില്‍ പിന്നെ എവടന്നാന്നറിയില്ല, ഉപ്പക്ക് ക്വിസ് പ്രാന്ത് തലക്കുപിടിച്ചു. എന്നുവച്ചാല്‍ ക്വിസുകള്‍ക്ക് പോകാന്‍ തുടങ്ങി എന്നല്ല അര്‍ത്ഥം – ഇന്ന സിനിമയിലെ നായിക ആദ്യമായി അഭിനയിച്ച സിനിമയുടെ നിര്‍മാതാവിന്റെ മൂത്താപ്പന്റെ ഇളയ പേരക്കുട്ടീന്റെ പേരെന്ത്  എന്ന് ചോദിക്കുന്ന തരം സിനിമാക്വിസ്സുകളില്‍ ഉപ്പ കേറി ജയിക്കുന്നതും (ദിവസക്കണക്കിന് സിനിമ കണ്ടിരുന്ന ഒരു കാലം ഉപ്പ അങ്ങനെ മുതലാക്കി. ഞാന്‍ കണ്ട ഹിന്ദി സിനിമയൊക്കെ ഉപയോഗം വരുന്നതെന്നാണാവോ?) സാഹിത്യ, ചരിത്ര ക്വിസ്സുകളിലേക്ക് കാലുവക്കുന്നതും ക്വിസ്‌മാസ്റ്ററാകുന്നതുമൊക്കെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. ഉപ്പക്ക് എന്നെ ക്വിസ് പഠിപ്പിക്കണം, എന്നിട്ട് ഞാനിങ്ങനെ ക്വിസ്സൊക്കെ ജയിക്കണം. നല്ലമ്പോലെ കളിച്ചുനടക്കണ്ട കാലത്ത് കുത്തിയിരുന്ന് എന്നെ ജനറല്‍ നോളെജ് പഠിപ്പിക്കാന്‍ തുടങ്ങി. ഏഴില്‍ പഠിക്കുമ്പോള്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്സിലേക്ക് വീടുമാറിക്കഴിഞ്ഞപ്പോള്‍ പ്രത്യേകിച്ചും. അന്ന് എന്റെ അനിയനെക്കാള്‍ സൈസുണ്ടായിരുന്ന ഒരു കൂറ്റന്‍ ക്വിസ് പുസ്തകമെടുത്ത് (പേരുതന്നെ ക്വിസ് ഭീമ എന്നായിരുന്നു) അതില്‍ നിന്ന് എന്നോട് ചോദ്യം ചോദിക്കും, ഞാനതൊക്കെ പഠിച്ചെടുക്കണം.

കിടക്കയിലിരുന്നാണ് പരിപാടി. ഉപ്പ ചോദ്യങ്ങളിങ്ങനെ ചോദിക്കാന്‍ തുടങ്ങും. ആദ്യംത്തെ കുറച്ചെണ്ണത്തിന്റെ ഉത്തരമൊക്കെ നമ്മക്കറിയും (കഴിഞ്ഞ ദിവസം ഉപ്പ തന്നെ ചോദിച്ചതുകൊണ്ടാണ്, അല്ലാതെ നമ്മള്‍ സ്വയം തേടിപ്പിടിച്ചുണ്ടാക്കിയ അറിവൊന്നുമല്ല), അതൊക്കെ വിളിച്ചുപറയും. പിന്നെ അറിയാതാകുമ്പോള്‍ അറീലെന്നുപറഞ്ഞ് ഉത്തരം മൂളിക്കേള്‍ക്കും. ഭൗമോപരിതലത്തില്‍ അസ്റ്റാറ്റിന് എത്രശതമാനമാന്നൊക്കെ എങ്ങനെ ഓര്‍ക്കാനാ? മുമ്പ് പറഞ്ഞുതന്ന ഉത്തരം അറീലെന്നാവുമ്പം ഉപ്പ ചൂടാവും. ഒരരമണിക്കൂറ് കഴിയുമ്പോള്‍ ഉപ്പയുടെ ചോദ്യങ്ങള്‍ക്ക് മറുപടി മൂളിച്ച മാത്രമാവും. ഞാന്‍ ഉറങ്ങി എന്ന് ഉപ്പക്ക് മനസ്സിലാവാന്‍ കുറച്ച് സമയമെടുക്കും. പിന്നെ വേറോരോ പുസ്തകത്തീന്നും പത്രത്തിന്നുമൊക്കെ (സ്പോര്‍ട്സ് പേജൊഴികെ ഒന്നും സ്വയം വായിച്ചെടുക്കുന്ന ദുഃസ്വഭാവം അന്നും ഇന്നുമില്ല) ചോദ്യങ്ങള്‍ കണ്ടുപിടിച്ച് എന്നോട് എഴുതിയെടുക്കാന്‍ പറയും – അപ്പോള്‍ പിന്നെ ഉറങ്ങാന്‍ പോലും പറ്റില്ല. വീട്ടിലിരിക്കുമ്പോള്‍ എന്നോട് വല്ലതുമൊക്കെ വായിച്ചിരിക്കാന്‍ പറഞ്ഞ് ഉപ്പ പോകും. ഉച്ചക്ക് ഇളംകാറ്റത്ത് കോലായിലിരുന്ന് ആ തടിച്ച പുസ്തകത്തിലെ വായില്‍ കൊള്ളാത്ത വാക്കുകളൊക്കെ നോക്കിയിരിക്കുന്ന ഞാന്‍ അഞ്ചുമിനിറ്റുകൊണ്ട് ഉറങ്ങിവീഴും. ക്വിസ്സിങ്ങ് കാര്യത്തില്‍ ഞാനൊരു സ്പൂണ്‍ഫെഡ് അമൂല്‍ ബേബിയാണെന്നു പറഞ്ഞാന്‍ ആരും വിശ്വസിക്കാറില്ല – എന്നെ ഒരു ക്വിസ്സറാക്കിയെടുക്കാന്‍ ഉപ്പയാണ് എന്നെക്കാള്‍ പത്തിരട്ടി കഷ്ടപ്പെട്ടിട്ടുള്ളത് എന്നതാണ് സത്യം.

ഏഴിലായതുകൊണ്ട് വേറൊരു ഗുണം കൂടിയുണ്ടായിരുന്നു. ഇജാസും എഡ്‌വേഡുമൊക്കെയടങ്ങുന്ന ക്വിസ് തീവ്രവാദികളുടെ ബാച്ച് എട്ടിലാണ്. നടക്കുന്ന ക്വിസ്സുകളൊക്കെ യുപി തലം, ഹൈസ്കൂള്‍ തലം എന്നിങ്ങനെയായതുകൊണ്ട് അവന്മാരെ  ഒരു കൊല്ലത്തേക്ക് പേടിക്കേണ്ട. എന്റെ ബാച്ചിലും എന്റെ ജൂനിയര്‍ ബാച്ചുകളിലും ക്വിസ്സിങ്ങിന്റെ അസ്ക്യതയുള്ള വേറാരുമങ്ങനെ ഇല്ലാതിരുന്നതുകൊണ്ട് ഏത് ക്വിസ്സിനും സ്കൂള്‍ എന്നെ അയയ്ക്കുമെന്ന ഗതിയുമായി. ഞാനിങ്ങനെ ആഴ്ചക്കണക്കിന് ക്വിസ്സുകള്‍ക്കും മത്സരപരീക്ഷകള്‍ക്കും പോകാന്‍ തുടങ്ങി. സ്കൂള്‍ മാഷുടെ ഭാരം നാന്നുറ്റമ്പത് കിലോ (മാഷെന്താ ആനയോ എന്നാണ് ക്വിസ്‌മാസ്റ്റര്‍ ചോദിച്ചത്), നാലും നാലും കൂട്ടിയാല്‍ പതിനാറ് തുടങ്ങിയ അത്യാധുനിക ഗണിതതത്ത്വങ്ങളുടെ സഹായത്തോടെ ശാസ്ത്രമേളയോടനുബന്ധിച്ചുള്ള കണക്കുക്വിസ്സില്‍ സ്റ്റേറ്റ് ലെവലിലെത്തി. ജൂനിയറായ അതുല്‍ മോഹനെ പാര്‍ട്ണറാക്കി ശാസ്ത്രക്വിസ്സിലും. “ബാക്കിള്ളോരൊക്കെ പൊട്ടന്മാരായതുകൊണ്ട് രക്ഷപ്പെട്ടു” എന്നായിരുന്നു ഉപ്പയുടെ വക പെര്‍ഫോമന്‍സ് അനാലിസിസ്.

മുമ്പും വിവിധ തലങ്ങളിലുള്ള മത്സരപരീക്ഷകളില്‍ പങ്കെടുത്തിട്ടുണ്ട്, പക്ഷെ ഒരു സ്റ്റേറ്റ് ലെവല്‍ ക്വിസ് ആദ്യമായാണ്. പെരിന്തല്‍മണ്ണയിലായിരുന്നു സംസ്ഥാന ശാസ്ത്രമേള. അതുലിന്റെ അച്ഛന്റെ കാറില്‍ അങ്ങോട്ടുവിട്ടു. ഈ ക്വിസ്സെന്നൊക്കെവച്ചാല്‍ അന്ന് എനിക്ക് ഭയങ്കര ടെന്‍ഷനും വെപ്രാളവുമൊക്കെയായിരുന്നു (ഇപ്പോഴും നാനാവിധ പരിക്ഷകള്‍ക്കിരിക്കുമ്പോള്‍ ഹൃദയമിടിപ്പ് അനാവശ്യമായി കൂടാറുണ്ട്). ഇതും യാത്രയുടെ പ്രശ്നങ്ങളുമൊക്കെയായി സ്ഥലത്തെത്തിയപ്പോള്‍ എനിക്ക് തലവേദനയും ഛര്‍ദ്ദിയുമൊക്കെയായി (അതുല്‍ പക്ഷെ ടോട്ടലി ഡിഫറന്റായിരുന്നു. ആകാശം ഇടിഞ്ഞുവീഴുന്നു എന്നുപറഞ്ഞാലും “തന്നേ?” ന്ന് ചോദിച്ച് അവന്‍ ചിരിച്ചോണ്ടിരിക്കും). മരുന്നൊന്നും കുടിച്ചിട്ട് കാര്യമില്ലതാനും. ആ കണ്ടീഷനില്‍ ആദ്യം സയന്‍സ് ക്വിസ്സെഴുതി, രണ്ടാം സ്ഥാനം കിട്ടി. ശരിയായ ഉത്തരം കൊടുത്തിട്ടും മാര്‍ക്ക് തരാത്തതിന് ക്വിസ് മാസ്റ്ററോട് ഉപ്പയും അതുലിന്റെ അച്ഛനും കുറേ കച്ചറയുണ്ടാക്കിയെങ്കിലും അതെവിടെയുമെത്തിയില്ല. ഈ ഹാങ്ങോവറൊക്കെ മാറി ഉച്ചക്ക് കണക്കുക്വിസ്സിനുപോയി അത് ജയിച്ചു. ആദ്യത്തെ സ്റ്റേറ്റ് ലെവല്‍ വിജയം.

ഈ വിജയം വളരെ സഹായിച്ചു. സ്കൂളില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിക്ക് മാത്രം പങ്കെടുക്കാവുന്ന തരം ക്വിസ്സുകളില്‍ ഇത്രേം പേര്‍ക്കിടയില്‍ സ്കൂളിന്റെ ചോയ്സാവുക എന്നതായിരുന്നു പ്രധാന കാര്യം. മേളയിലെ ക്വിസ്സുകളിലെ വിജയം മൂലം അതിനടുത്ത വര്‍ഷം മുതല്‍ സീനിയര്‍ ബാച്ചുമായി കോമ്പറ്റീഷനുണ്ടായിട്ടും പല പരിപാടിക്കും സ്കൂള്‍ എന്നെ പറഞ്ഞയച്ചു. എട്ടില്‍ പഠിക്കുമ്പോഴും ഉപ്പ സ്പൂണ്‍ ഫീഡിങ്ങ് തുടര്‍ന്നു. അക്കൊല്ലം വിജയങ്ങള്‍ അത്രയധികമൊന്നുമുണ്ടായില്ലെങ്കിലും കുറേ വക തലയില്‍ തങ്ങി നിന്നു.

ഒമ്പതാം ക്ലാസ്സുമുതല്‍ പിന്നങ്ങോട്ട് ലൈഫാകെ അടിപൊളിയായിരുന്നു. ഞാന്‍ നന്നാവില്ലെന്ന് തീരുമാനിച്ച് ഉപ്പ പഠിപ്പിക്കുന്നത് നിര്‍ത്തി. സീനിയര്‍ ബാച്ച് പൊതുപരീക്ഷയില്‍ ശ്രദ്ധവച്ചതുകൊണ്ട് സ്കൂളില്‍ തീരെ എതിരാളികളില്ലാത്ത നിലയായി (എസ്സെസ്സെല്‍സി റാങ്കിന്റെ കാര്യത്തില്‍ സില്‍വര്‍ ഹില്‍സ് യാതൊരു വിട്ടുവിഴ്ചയ്ക്കും തയ്യാറായിരുന്നില്ല. ഞാന്‍ പത്തില്‍ പഠിക്കുന്ന വര്‍ഷം റാങ്കിങ്ങ് എടുത്തുകളഞ്ഞതുകൊണ്ട് എനിക്ക് അവരുടെ സിറ്റ്വേഷന്‍ വന്നുമില്ല). ലേബര്‍ ഇന്ത്യ മെഗാക്വിസ്, വായനാമത്സരം, ഗണിതമേളയിലെ കണക്കുക്വിസ്സ് മുതലായ കുറേ സംസ്ഥാനക്വിസ്സുകളില്‍ പങ്കെടുത്ത് ജയിച്ചു. എത്രയോ എണ്ണത്തില്‍ പങ്കെടുത്ത് പൊട്ടി – അതൊന്നും ആരും ഓര്‍ക്കാറില്ലെന്നുമാത്രം. പിന്നെ പ്ലസ് റ്റു വരെ ആഴ്ചക്കണക്കിന് ക്വിസ്സുകളിലും മത്സരപരിക്ഷകളിലും പങ്കെടുക്കുമായിരുന്നു. ഇതിനിടക്ക് ഒളിമ്പ്യാഡുകളും വന്നുചേര്‍ന്നു. ബാച്ചില്‍ വേറാര്‍ക്കും ക്വിസ്സില്‍ അത്ര താല്‍പര്യമില്ലാതിരുന്നതുകൊണ്ട് ടീം ക്വിസ്സുകളില്‍ അങ്ങനെ പങ്കെടുത്തിരുന്നില്ല. കോഴിക്കോട്ട് അക്കാലത്ത് ക്വിസ്സുകളുടെ എണ്ണവും കുറവുമായിരുന്നു.

ഐഐടിയില്‍ എത്തിയതില്‍ പിന്നെ ക്വിസ്സിനുപോക്കൊക്കെ കുറഞ്ഞു. ഐഐടിക്കകത്ത് നടക്കുന്ന വകയിലല്ലാതെ ക്വിസ്സിനുവേണ്ടി വേറെങ്ങോട്ടും പോകാറില്ല. നാട്ടില്‍ പഠിക്കാത്തതുകൊണ്ടുണ്ടായ പല നഷ്ടങ്ങളിലൊന്നാണിത്. ഇടക്ക് നാട്ടില്‍ വരുമ്പോള്‍ വല്ല ക്വിസ്സുമുണ്ടെങ്കില്‍ പങ്കെടുക്കും. ടച്ചൊക്കെ പോയതുകൊണ്ട് പൊട്ടാറാണ് പതിവ്. എങ്കിലും പല്ലുപോയ സിംഹമാണെങ്കിലും പഴയ പ്രതാപം പറഞ്ഞ് ക്വിസ് നടത്താന്‍ ചിലരൊക്കെ വിളിക്കും.  സ്നേഹജിന്റെ ഡ്രീംസിന്റെ ക്വിസ് കാമ്പുകളില്‍ പങ്കെടുക്കുക, മറ്റു ക്വിസ്‌മാസ്റ്റര്‍മാര്‍ക്ക് ചോദ്യങ്ങളുണ്ടാക്കിക്കൊടുക്കുക തുടങ്ങിയവയൊക്കെ ചേര്‍ന്നതാണ് ഇപ്പോഴത്തെ ക്വിസ് ജീവിതം.

ഭാവിയിലെപ്പോഴെങ്കിലും എന്റെ കാര്യത്തില്‍ ഒരു ക്വിസ്സിങ്ങ് റിവൈവല്‍ ഉണ്ടാകുമോ എന്ന് സംശയമാണ്. സാധ്യത കുറവാണ്. നാട്ടില്‍ ക്വിസ്സുകളുടെ എണ്ണം കൂടി. ക്വിസ്സിങ്ങ് രംഗം വല്ലാതെ കോര്‍പറേറ്റൈസ്ഡ് ആയിക്കൊണ്ടുമിരിക്കുന്നു – ഒരു സിനിമാക്വിസ്സുണ്ടെങ്കില്‍ അതില്‍ മലയാളസിനിമയെക്കുറിച്ച് ചോദ്യങ്ങള്‍ തീരെയുണ്ടാകില്ല, പകുതിയിലേറെ ചോദ്യങ്ങളും ഹോളിവുഡ് സിനിമകളെക്കുറിച്ചായിരിക്കുകയും ചെയ്യും. എനിക്കിതൊന്നും അത്ര പിടിക്കില്ല (ഞാന്‍ വെറുമൊരു ഓള്‍ഡ് ടൈമര്‍ ആയതുകൊണ്ടാകാം). ഏതായാലും ഇപ്പോഴത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്സിങ്ങില്‍ താല്‍പര്യമുണ്ടെങ്കില്‍ കഴിവുതെളിയിക്കാനും നല്ല കാശുണ്ടാക്കാനും ധാരാളം അവസരങ്ങളുണ്ട് (ഐ മീന്‍, നല്ല ക്വാളിറ്റി ക്വിസ്സുകളില്‍ പങ്കെടുത്ത്. റിയാലിറ്റി ക്വിസ് പ്രോഗ്രാമുകള്‍ എന്ന അസംബന്ധത്തെക്കുറിച്ചല്ല ഈ പറയുന്നത്). ഇതൊക്കെ കാണുമ്പോള്‍ ഒരു നഷ്ടബോധം…

10 thoughts on “ക്വിസ്സിങ്ങ് പുരാണം”

  1. അപ്പോള്‍ ഇതാണ് റസിമാന്‍ ടി വിയുടെ quizzing ചരിത്രം. എഴുത്ത് നന്നായിരിക്കുന്നു. ബ്ലോഗ്‌ വായിക്ക്കാന്‍ തുടങ്ങിയതില്‍ പിന്നെ റസിമാനെ പട്ട്യുള്ള ധാരണകളൊക്കെ മാറാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാലും ‘Amul baby’ ഭാഗം വിശ്വസിക്കാനെ വയ്യ.
    അതുല്‍,റസിമാന്‍ എന്നീ പുലികള്‍ ഉണ്ടായിരുന്നതിനാല്‍ എനിക്ക് താല്പര്യമുണ്ടായിരുന്ന ശാസ്ത്ര ക്വിസ് ഇല പങ്കെടുക്കാന്‍ കയിഞ്ഞില്ല എന്നാണു എന്റെ ഓര്മ. അതിന്റെ സങ്കടം തീര്‍ക്കാന്‍ നാട്ടില്‍ നടക്കുന്ന ഓരോ quiz ഇലും പങ്കെടുക്കുകയും, പൊട്ടുകയും, പിന്നീട് മതിയായപ്പോള്‍ വെറുമൊരു കാണിയായി മാറുകയും ചെയ്തിരുന്നു. ഇപ്പോളും ചില്ലറ പരിപാടികളിലൊക്കെ പങ്കെടുക്കാറുണ്ട്. (ഒരിക്കല്‍ എന്റെ മാവും പൂക്കും).
    അല്ല, നമ്മള്‍ ആദ്യമായി പരിചയപ്പെടുന്നതും ഒരു quiz programme ഇല്‍ വച്ചല്ലേ ?

    Like

    1. ശ്ശൊ, ഈ നാട്ടുകാര്‍ എന്നോടു ചോദിക്കാതെ വെറുതെ എന്നെപ്പറ്റി ഓരോന്ന് വിചാരിച്ചുവക്കും. എന്തൊക്കെ ധാരണകളാണ് മാറിയത് നത? സത്യം പലപ്പോഴും അവിശ്വസിനീയമാണ്.
      കുറേപേരുടെ ക്വിസ്സിങ്ങ് മോഹങ്ങള്‍ ഞാന്‍ കാരണം തകര്‍ന്നിരിക്കാന്‍ സാധ്യതയുണ്ട്. മൂന്നുതവണ സംസ്ഥാന കണക്കുക്വിസ്സില്‍ ഒന്നാം സ്ഥാനം നേടിയപ്പോഴും രണ്ടാം സ്ഥാനം കിട്ടിയത് ഒരേ വിദ്യാര്‍ത്ഥിക്കുതന്നെയായിരുന്നു. പക്ഷെ നതയുടേത്? ഓര്‍ക്കുന്നില്ല. അതിന്റെ പേരില്‍ എന്നെ പ്രാകരുത്, പ്ലീസ്.
      ക്വിസ്സുകളില്‍ തോല്‍ക്കുന്നതുകൊണ്ട് കാണിയായി ഒതുങ്ങേണ്ട ആവശ്യമില്ല. ബിസിനസ് ക്വിസ്സുകളില്‍ പങ്കെടുത്താല്‍ ഞാന്‍ പൊട്ടുമെന്ന് 99 ശതമാനം ഉറപ്പാണ്, ന്നാലും ഐഐടിയില്‍ അതൊക്കെ നടക്കുമ്പോള്‍ ഞാന്‍ പോയി ഇരിക്കും. വെറുതെ, ഒരു രസം…
      നമ്മള്‍ ആദ്യമായി പരിചയപ്പെട്ടത് ഒരു ക്വിസ്സില്‍ വച്ചാണെന്നോ? ഓര്‍മ്മയില്ല 😦

      Like

  2. ഡാ, എനിക്ക് നിന്റെ പേര് കേട്ട കാലം മുതലേ ഭയങ്കര __ ആയിരുന്നു നിന്നോട്. കാരണം ഞാന്‍ ആ സമയത്ത് കണക്കു പഠിക്കുന്നതില്‍ മരമണ്ടനും മറ്റു വിഷയങ്ങളില്‍ വെരി ഗുഡും ആയിരുന്നു. പിന്നെ പത്താം ക്ലാസ്സു കഴിഞ്ഞപ്പോള്‍ നിന്നോടുള്ള അസൂയേം മാറി, ക്വിസ്നോടുള്ള താല്പര്യോം പോയി. ഇപ്പൊ ഞാനൊരു തിരിര്ച്ചുവരവിന്റെ വഴിയിലാ. നിന്റെ ആശീര്‍വാദം വേണം..നീ എനിക്കൊരു ഇന്സ്പിരെഷനും കൂടിയാണ്. ഞാനൊരു സാദാ ചെറുകിട ക്വിസ് പ്രേമി മാത്ത്രമാണ്. നിന്നെപ്പോലെ പുലിയൌന്നും അല്ല ട്ടോ..നീ പഠിച്ചു പഠിച്ചു ഐ ഐ ടി യില്‍ എത്തിയതിലും എനിക്ക് നല്ല സന്തോഷം തോന്നുന്നു. എല്ലാ ആശംസകളും നേരുന്നു.

    Like

  3. റസിമാന്‍, ഈ പെന്‍സില്‍ ഏയ്‌ജ് പുതിയൊരു ടേം ആണ് ട്ടോ. ഞാനൊക്കെ ധരിച്ചു വച്ചത് ഫസ്റ്റു സ്പൂനയ്ജ്, അതായത് സ്പൂണ്‍ ഫീഡിംഗ്, പിന്നെ ടൂനെയ്ജ് അത് കാര്‍ട്ടൂണ്‍ കാണും കാലം, പിന്നെ ടീനയ്ജ് അത് എക്സ്പ്ലൈന്‍ ചെയ്തു കൊളമാക്കണ്ടല്ലോ? പിന്നെത്തെതു മുഴുവനും ഡാമെയ്‌ജ് അതായത് damn എയ്ജ് അഥവാ damage ഇത്രെ ഉള്ളൂ ന്നായിരുന്നു. ഇപ്പഴല്ലേ പെന്‍സില്‍ എയ്ജ് പിന്നെ സ്ടോന്‍ എയ്ജ് ഒക്കെ ഉണ്ട് എന്ന് മനസിലായത്.

    Like

ഒരു അഭിപ്രായം ഇടൂ