Category Archives: കവിത

ഉറുമ്പിന്‍കൂട്ടം

ഞാനൊന്നുറങ്ങിയിട്ട് എത്രയോ നാളായി

എന്നും
ലോകം ഇരുട്ടില്‍ മുങ്ങുന്നതിനുമുമ്പുതന്നെ
ഇരമ്പങ്ങളെയെല്ലാം മുറിക്കുപുറത്താക്കി വാതിലടച്ച്
മൃദുവായ മെത്തയിലേക്കുവീണ്
രാവിന്റെ തണുത്ത കമ്പളം ഞാന്‍ പുതയ്ക്കും
Continue reading ഉറുമ്പിന്‍കൂട്ടം

Advertisements

നീതിദേവത

കാത്തിരിക്കാനാവശ്യപ്പെട്ട്
അര്‍ദ്ധരാത്രിക്ക് പിരിഞ്ഞുപോയവര്‍
ഒരു യുഗം കഴിഞ്ഞ് തിരിച്ചെത്തി
വിഷം നിറഞ്ഞ എന്റെ
എല്ലുകള്‍ തോണ്ടിയെടുത്തു

ഉറങ്ങിക്കിടക്കുകയായിരുന്ന എന്നെ
മുഖത്തെന്തോ കുടഞ്ഞുണര്‍ത്തി
ശ്വസിക്കാന്‍ പണിപ്പെട്ട്
ഉള്ളും പുറവും നീറി
ഞാന്‍ എഴുന്നേറ്റുനിന്നു

വികലമായ കൈകള്‍ കൊണ്ട്
പൊള്ളുന്ന സൂര്യനെ ഞാന്‍
കണ്ണില്‍ നിന്നകറ്റി
രക്ഷപ്പെടാന്‍ ശ്രമിക്കാഞ്ഞിട്ടും
അവരെന്നെ ചങ്ങലയ്ക്കിട്ടു

നാറുന്ന തെരുവുകളിലൂടെ വലിച്ചിഴച്ച്
മാറാലനിറഞ്ഞ ഒരു മുറിയിലേക്ക്
അവരെന്നെ കൊണ്ടുപോയി
ഇത്തിരിവെട്ടത്തില്‍ ഞാന്‍
എനിക്കുചുറ്റും മുഖങ്ങളെ പരതി

അവരെന്നെ സ്വതന്ത്രനാക്കി
മേലാകെ വെള്ളപൂശി
വെള്ളവസ്ത്രം ധരിപ്പിച്ചു
കൈകളില്‍ തുരുമ്പിച്ച ഒരു വാളും
ഒരു തുലാസും വെച്ചുതന്നു

പിന്നെയൊരു കറുത്ത തുണികൊണ്ട്
അവരെന്റെ കണ്ണുകള്‍ മൂടി
ഇപ്പോള്‍ വീണ്ടും വിഷപ്പുക മണക്കുന്നു
എനിക്കൊന്നും കാണാനാകുന്നില്ലല്ലോ
എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്?

പിന്‍കുറിപ്പ് : ഞാനും എന്റെ കൂട്ടുകാരും ചേര്‍ന്ന് ഭോപാല്‍ വിഷയമാക്കി കവിതകളെഴുതി ഒരുമിച്ച് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമാണിത്. “സീരീസിലെ” മറ്റ് കവിതകള്‍ : പ്രവീണ്‍, നത (ഇംഗ്ലീഷാണ്). ഈ കവിതയെ ഭീകരമായി കൊന്ന് കൊലവിളിച്ച ഒരു തര്‍ജ്ജമ ഇവിടെക്കാണാം. കാവ്യയുടെയും ശ്രീജിത്തിന്റെയും പോസ്റ്റുകളും കാണുക.

ഇരുട്ടിന്റെ രണ്ടുതുള്ളി

നക്ഷത്രങ്ങളില്‍ നിന്നുതിര്‍ന്ന്

അഴുക്കുനിറഞ്ഞ മൂലകളില്‍ നിന്ന്
പൊടിതട്ടിയെടുക്കുമ്പോള്‍
വേദനിച്ച്

തുരുമ്പിച്ച ചങ്ങലക്കണ്ണികള്‍ക്കിടയിലൂടെ
നിശ്ശബ്ദമായി ഒലിക്കുമ്പോള്‍
പുഞ്ചിരിച്ച്

വഴിയോരത്ത് പാതി ചാരിയ
വാതിലിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നവരെ
അവഗണിച്ച്

പിന്നിട്ട വഴികളില്‍ ഉപ്പുവിതറി
ഓരോ മണ്‍തരിയെയും കരയിച്ച്
ചിരിപ്പിച്ച്

ഒടുവില്‍ ശൂന്യതയിലെങ്ങോ അമരാനൊരുങ്ങവേ
മടക്കമില്ലാത്ത ആഴങ്ങളിലേക്ക്
ഇറ്റുവീഴുന്നു

ഇരുട്ടിന്റെ രണ്ടുതുള്ളി

മൗനം

മൗനം
വാക്കുകള്‍ ഇല്ലാത്ത അവസ്ഥയല്ല
പറയാതെപോയവ
ഹൃദയത്തില്‍ സൃഷ്ടിക്കുന്ന
വേലിയേറ്റമാണ്

നിന്നെത്തേടിയിറങ്ങിയ
ആയിരം സന്ദേശവാഹകര്‍
എന്റെ നാവിന്‍തുമ്പില്‍ വച്ച്
ദാരുണമായി വധിക്കപ്പെട്ടത്
കാത്തിരുന്ന നീയറിഞ്ഞില്ല

എങ്കിലും
ഇത്രമാത്രം അറിയുക :
ഞാന്‍ പറയാതെപോയ ഓരോ വാക്കും
നിന്നെക്കാള്‍ കൂടുതല്‍
എന്നെയാണ് മുറിവേല്‍പിച്ചത്