ഇനിയുമൊരു രാത്രി


“അമ്മൂ, ഞാന്‍ പോവുകയാണ്.
കരയരുത്. സമൂഹം എന്ന അഴുക്കുചാലിന്റെ കഴുത്തില്‍ക്കൂടിയാണ് ഞാനീ കയര്‍ കോര്‍ത്തിരിക്കുന്നത്. ടിബറ്റില്‍ ബുദ്ധമതവിശ്വാസികള്‍ ആത്മഹത്യ ഒരു സമരമാര്‍ഗമായി സ്വീകരിക്കുന്നതിനെക്കുറിച്ച് അന്നു നീയെന്നോട് പറഞ്ഞിരുന്നില്ലേ? ഇതെന്റെ സമരമാണ്. ഞാനും ഞാന്‍ തൂങ്ങിക്കിടക്കുന്ന ഈ കയറും ഒരു പ്രതീകമാകണം. മുന്നറിയിപ്പാകണം.
അമ്മൂ,
നീയാണെന്റെ ജീവിതത്തിലെ ആദ്യപ്രണയം.
ഇപ്പോള്‍, അവസാനത്തേതും.”

പൊട്ടിയ ഹൃദയത്തോടെ, ഇടറുന്ന കൈകളോടെ ഈ ആത്മഹത്യക്കുറിപ്പ് അമ്മു വായിക്കുന്നതിനും ഒരു വര്‍ഷം മുന്‍പായിരുന്നു അവര്‍ രണ്ടുപേരും ആദ്യമായി കണ്ടുമുട്ടിയത്. ആ കുറിപ്പ് വായിച്ചുതീര്‍ത്ത് ബോധരഹിതയായി താഴെ വീണ് മൂന്നുമാസങ്ങള്‍ക്കു ശേഷമാണ്, ഇന്ന് രാത്രി തന്റെ കിടക്കയിലിരുന്നുകൊണ്ട് അമ്മു മീനുവിനോട് കയര്‍ത്തത്.
“മൂന്നു മാസം! ഞാന്‍ നേരാംവണ്ണം ഒന്നുറങ്ങിയിട്ടില്ല ഇക്കാലത്തിനിടയില്‍. അറിയാമോ?”
മീനു പതുക്കെ പുഞ്ചിരിച്ചു.
“അന്ന് നമ്മള്‍ ആദ്യമായി സംസാരിച്ചപ്പോഴും നീ പറഞ്ഞത് ഇതേ വാക്കുകളായിരുന്നു. ഓര്‍മ്മയുണ്ടോ?”

മഴ. മൂടിക്കെട്ടിയ പകല്‍. പുതിയ സ്കൂള്‍, പുതിയ ക്ലാസ്റൂം. അപരിചിതങ്ങളായ മറ്റ് നാല്‍പ്പത്തിനാല് മുഖങ്ങള്‍. ഒരുപാടു ചിന്തകള്‍ അമ്മുവിന്റെ മനസ്സിലൂടെ ഒരു മിന്നലല പോലെ കടന്നുപോയി.

“ഒരു മാസത്തോളമായി ഒറ്റ രാത്രിപോലും നീ കരയാതെയിരുന്നിട്ടില്ല എന്നാണ് നീയതിന് മറുപടി പറഞ്ഞത്” – അമ്മു പറഞ്ഞു. മീനു വീണ്ടും പുഞ്ചിരിച്ചു.

മഴ തോര്‍ന്നെന്ന് കൂട്ടാക്കാന്‍ വിസമ്മതിച്ച് വെള്ളത്തുള്ളികള്‍ ഇറ്റിറ്റായി പൊഴിച്ച മരങ്ങള്‍.
“നമുക്ക് ഒരേ ദു:ഖങ്ങളാണെന്ന് തോന്നുന്നു” – മീനു പറഞ്ഞു.
അമ്മു മീനുവിന്റെ കൈകള്‍ ചേര്‍ത്തുപിടിച്ചു. അവരെ നനയിച്ച തുള്ളികള്‍ കുടഞ്ഞ മരത്തിനുമപ്പുറം, മറ്റൊരു മഴയുടെ വരവറിയിച്ചുകൊണ്ട് മഴമേഘങ്ങള്‍ ചക്രവാളം കറുപ്പിച്ചിരുന്നു.

കിടയ്ക്കക്കരില്‍ വച്ചിരുന്ന സ്കൂള്‍ ബാഗ് തുറന്ന് ഹാന്‍ഡ്ബുക്കില്‍ നിന്ന് മാര്‍ക്ക് ലിസ്റ്റെടുത്ത് അമ്മു മീനുവിന് എറിഞ്ഞുകൊടുത്തു. ചുവപ്പുവരകളായിരുന്നു എല്ലാ ഒറ്റയക്ക മാര്‍ക്കുകള്‍ക്കു കീഴെയും.
“പതിനൊന്നു വര്‍ഷം ക്ലാസില്‍ ഒന്നാമതായിരുന്ന എന്റെ ഇപ്പോഴത്തെ മാര്‍ക്ക് ലിസ്റ്റാണ്. കണ്‍നിറയെ കാണൂ.”
മുഖത്തെ പുഞ്ചിരി കൈവിടാതെയാണ് മീനു അതെടുത്തു നോക്കിയത്. ഓരോ സംഖ്യയിലൂടെയും കണ്ണോടിക്കവെ, അവള്‍ പറഞ്ഞു:
“എനിക്കൊരു പരീക്ഷയെഴുതാന്‍ കൊതിയാവുന്നു!”

“..എനിക്ക് പരീക്ഷകളെ വെറുപ്പാണ്” – മീനു പറഞ്ഞുനിര്‍ത്തി. മഴവെള്ളം നിറഞ്ഞ റോഡിന് വശം ചേര്‍ന്നു നടക്കുമ്പോള്‍ അവളുടെ ഷൂസ് എലി കരയുന്നപോലെയുള്ള ശബ്ദങ്ങളുണ്ടാക്കി.
“അങ്ങനെ പറഞ്ഞാല്‍ ശരിയാവില്ല മീനു! പരീക്ഷയെ വെറുക്കുന്നതുകൊണ്ടാണ് നിനക്ക് പഠിക്കാന്‍ തോന്നാത്തത്. ഡോക്ടറാകണം എന്നൊക്കെയല്ലേ നിന്റെ ആഗ്ര–”
“– അവരുടെ ആഗ്രഹം” – മീനു ഇടയ്ക്കുകയറി തിരുത്തി.

“ആഗ്രഹം കൊള്ളാം! അസംഭാവ്യമായത് ആഗ്രഹിക്കാന്‍ എന്നും നിനക്ക് വലിയ ഇഷ്ടമായിരുന്നു അല്ലേ?” അമ്മുവിന്റെ രോഷം കെട്ടടങ്ങിയിരുന്നില്ല. ബെഡ്റൂമിലെ ക്ലോക്കിനടിയില്‍ നിന്ന് പുറത്തുചാടിയ പല്ലിയിലായിരുന്നു അപ്പോള്‍ മീനുവിന്റെ ശ്രദ്ധ. പെട്ടെന്ന് ദൃഷ്ടി അമ്മുവിനുനേരെയാക്കിക്കൊണ്ട് അവള്‍ ചോദിച്ചു:
“നീയും എന്റെ അസംഭാവ്യമായ ആഗ്രഹമായിരുന്നു അല്ലേ?”

“അപ്പോള്‍ എന്താണ് നിന്റെ ആഗ്രഹം?” ഷൂസിന്റെ എലിക്കരച്ചില്‍ ഇല്ലാതാക്കാന്‍ പാടുപെടുന്ന മീനുവിനെ ശ്രദ്ധിച്ചുകൊണ്ട് അമ്മു ചോദിച്ചു.
“എനിക്ക് ആഗ്രഹങ്ങളൊന്നുമില്ല” – നിഗൂഢമായ ഒരു പുഞ്ചിരി തൂകിക്കൊണ്ട് മീനു പറഞ്ഞു. ആ പുഞ്ചിരി. അമ്മുവിനെ ജീവിതത്തില്‍ ഏറ്റവുമധികം കുഴക്കിയ നിഗൂഢമായ ആ ചിരി ആദ്യമായി അവള്‍ മീനുവില്‍ കണ്ടത് അന്നായിരുന്നു.
“ആഗ്രഹങ്ങള്‍ ഇല്ലെന്നോ? പിന്നെ എന്തിനാ ജീവിക്കുന്നേ?”
മീനു ഒരു നിമിഷം അമാന്തിച്ചു. പിന്നെ പതുക്കെ, ഒരു വലിയ രഹസ്യം വെളിപ്പെടുത്തുംപോലെ, അമ്മുവിന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു:
“നിനക്കു വേണ്ടി!”
ഒരുനിമിഷം അതൊരു തമാശയാണെന്നാണ് അമ്മു കരിതിയത്. എന്നാല്‍, മീനുവിന്റെ മുഖത്തും അവള്‍ പറഞ്ഞ വാക്കുകളിലും നിറഞ്ഞുനിന്ന ആത്മാര്‍ത്ഥത കണ്ടില്ലെന്നുനടിക്കാന്‍ എത്ര ശ്രമിച്ചാലും അമ്മുവിനാകില്ലായിരുന്നു. അവള്‍ തരിച്ചു നിന്നുപോയി. വിറങ്ങലിച്ച്.
“മീനൂ..” അവള്‍ പതുക്കെ, അങ്ങേയറ്റം ക്ഷീണിതയെന്ന പോലെ വിളിച്ചു.

“എന്തേ?” മീനു വിളികേട്ടു.
അമ്മുവിന്റെ മുഖത്തുനിന്ന് അവള്‍ ഉള്ളിലനുഭവിക്കുന്ന വേദനയുടെ ആഴം വ്യക്തമായിരുന്നു.
“അതെല്ലാം നീയെന്നെ വീണ്ടും ഓര്‍മ്മിപ്പിക്കല്ലേ.. പ്ലീസ്..” അവള്‍ കേണു.

“പ്ലീസ് മീനു! നീ എന്തൊക്കെയാ ഈ പറയുന്നത്? എനിക്കാകെ വട്ടാവുന്നുണ്ട് ട്ടോ!” അമ്മു തീര്‍ത്തും അസ്വസ്ഥയായിരുന്നു.
“വട്ടാവാനുള്ള എന്താ അമ്മൂ ഞാന്‍ പറഞ്ഞത്? എനിക്ക് നിന്നോട് പ്രണയമാണെന്ന് പറഞ്ഞത് അത്ര വലിയ തെറ്റാണോ?”
“പക്ഷേ നമ്മള്‍ – നമ്മള്‍ രണ്ടുപേരും പെണ്‍കുട്ടികളാണ് മീനൂ! നമുക്ക്.. ആളുകളറിഞ്ഞാല്‍..”
മീനു അമ്മുവിനടുത്തേക്ക് നീങ്ങി.
“അപ്പോള്‍ ആളുകളറിയുന്നതു മാത്രമാണല്ലേ നിനക്കു ഭയം? അതിനര്‍ത്ഥം.. നിനക്കെന്നോടും പ്രണയമുണ്ടെന്നല്ലേ?” ഇതുപറയുമ്പോള്‍ മീനുവിന്റെ മുഖത്തുണ്ടായിരുന്ന ഭ്രാന്തമായ ആവേശം കണ്ട് അമ്മു അല്‍പം ഞെട്ടി.
“എനിക്ക് നീയും നിനക്ക് ഞാനും മാത്രം പോരേ അമ്മു..? നമുക്കു രണ്ടു പേര്‍ക്കും സ്നേഹിച്ച്.. സന്തോഷമായി ജീവിച്ചുകൂടെ?” മീനു അമ്മുവിന്റെ കൈകളില്‍ പതുക്കെ തലോടി.
“മീനൂ! മതി! ഇതിവിടെ വച്ച് അവസാനിപ്പിക്കണം. ഈ സംഭാഷണത്തെക്കുറിച്ച് ഇനിയെന്നെ ഓര്‍മ്മിപ്പിക്കരുത്. ബൈ.” കനത്ത കാലടികളോടെ അമ്മു നടന്നകന്നു.

“ഞാന്‍ ഓര്‍മ്മിപ്പിച്ചെങ്കിലേ നീയതൊക്കെ ഓര്‍ക്കൂ?” മീനു സംശയരൂപേണ ചോദിച്ചു.
അമ്മുവിന് മറുപടിയുണ്ടായിരുന്നില്ല.
“നിന്നെ എനിക്കറിയില്ലേ അമ്മൂ.. നമ്മുടെ ആ നല്ല ദിനങ്ങളുടെ ഓര്‍മ്മകളില്ലാതെ നിനക്ക് ജീവിക്കാന്‍ കഴിയുമോ?”

“നീയില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല അമ്മൂ..” മീനു പറഞ്ഞു.
ഒഴിഞ്ഞ ക്ലാസ് മുറിയില്‍ അവരിരുവരും മുഖത്തോടു മുഖം നോക്കി നിന്നു.
“ഞാനുണ്ടാവും നിനക്ക്. എപ്പോഴും.” അമ്മു വാക്കുകൊടുത്തു.
അവരിരുവരും പുഞ്ചിരിച്ചു. അവരുടെ മുഖങ്ങള്‍ അടുത്തു. ചുണ്ടുകള്‍ ചുണ്ടുകളെ പരിചയപ്പെട്ടു. വീണ്ടും വീണ്ടും തൊട്ടറിഞ്ഞു.
“അമ്മൂ! മീനൂ!”
ആ ഗര്‍ജ്ജനം ഉദ്ഭവിച്ച, വാതില്‍ നിന്ന മൂലയിലേക്ക് അവരിരുവരും ഞെട്ടിത്തരിച്ച് നോക്കി. സ്തബ്ധയായി വാപൊളിച്ചുനിന്ന സിസ്റ്ററുടെ കൈകളില്‍ നിന്ന് പുസ്തകങ്ങള്‍ താഴെവീണിരുന്നു.

“നല്ല ദിനങ്ങള്‍. അല്ലേ?” അമ്മു ദൈന്യതയോടെ പറഞ്ഞു.
“നമ്മുടെ നല്ല ദിനങ്ങള്‍” – മീനു തിരുത്തി. ആ ഒരു വാക്യത്തോടു കൂടി, കാര്യങ്ങള്‍ അമ്മുവിന്റെ സഹനശേഷിക്കുമപ്പുറമെത്തിയിരുന്നു.
“‘നമ്മുടെ’ അല്ലേ, ‘നമ്മുടെ’?? നിന്റെ!! നീ.. നീയാണെന്നെ എല്ലാത്തിലും വലിച്ചിട്ടത്! നിന്റെ തെറ്റാണെല്ലാം!” അമ്മു പൊട്ടിത്തെറിച്ചു.

“നീ! നിന്റെ തെറ്റാണെല്ലാം! അവളുടെ ഭ്രാന്തിനെല്ലാം കൂട്ടുനിന്നത് നിന്റെ തെറ്റ്!”
അമ്മുവിന്റെ മാതാപിതാക്കള്‍ അവളെ ശകാരിച്ചു. മീനുവിനെ ശകാരിച്ചു. ലോകത്തെയൊട്ടാകെ ശകാരിച്ചു.
മീനു മാത്രം, ചുറ്റും നടക്കുന്ന സംഭവങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും കല്‍പ്പിക്കാതെ പുഞ്ചിരിച്ചുകൊണ്ടിരുന്നു. കരയുമ്പോഴും, അലറുമ്പോഴും, വിദൂരതയില്‍ കണ്ണുനട്ടിരിക്കുമ്പോഴുമെല്ലാം. പന്ത്രണ്ടാം തവണ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴും “അമ്മുവില്ലാതെ എനിക്ക് ജീവിക്കാനാകില്ല” എന്ന് അവള്‍ പറഞ്ഞതോടെ മന:ശാസ്ത്രജ്ഞനും മനസ്സുകൊണ്ട് അവളെ കയ്യൊഴിഞ്ഞിരുന്നു; അക്കാര്യം പുറമെ പ്രകടിപ്പിച്ചില്ലെന്ന് മാത്രം. മീനുവിന്റെ ഭ്രാന്തമായ ചിരി സ്വപ്നത്തില്‍ കണ്ട് ഞെട്ടി, അവള്‍ ഉറങ്ങുന്ന മുറിയിലേക്ക് വെറുതെയൊന്ന് ചെന്നുനോക്കിയ അമ്മ പക്ഷേ, ഒരിക്കലും തന്റെ മകള്‍ ഫാനില്‍ കയറുകെട്ടി നിശ്ചലയായി ആടുന്നത് കാണേണ്ടിവരുമെന്ന് കരുതിക്കാണില്ല.

“എന്റെ തെറ്റാണല്ലേ എല്ലാം? നിനക്കെന്നോട് ഒരു തരിമ്പു പോലും പ്രണയമില്ലായിരുന്നു അല്ലേ? അല്ലേ അമ്മൂ?” മീനു ചോദിച്ചു.
അമ്മു തന്റെ കൈകള്‍കൊണ്ട് കണ്ണുകള്‍ മറച്ച്, വിങ്ങിപ്പൊട്ടിക്കൊണ്ട് ഇനി വയ്യ എന്ന രീതിയില്‍ തലയാട്ടി.
“മീനൂ.. പ്ലീസ്.. ഇനിയെങ്കിലും നീയെന്നെ വിട്ടുപോവൂ.. മൂന്നുമാസമായി ഞാനൊന്നുറങ്ങിയിട്ട്.. സന്തോഷിച്ചിട്ട്.. ഇനിയെങ്കിലും ഞാനൊന്ന് ജീവിക്കട്ടെ!”
“ഞാനെങ്ങനെ നിന്നെ വിട്ടു പോവും അമ്മൂ..,” മീനു എഴുന്നേറ്റ് പതുക്കെ അമ്മുവിന്റെയടുത്ത് വന്നിരുന്നുകൊണ്ട് പറഞ്ഞു, “ഞാന്‍ ജീവിച്ചിരിക്കുന്നുപോലുമില്ലല്ലോ. നിന്റെ മനസ്സിലെ ഒരോര്‍മ്മ മാത്രമല്ലേ ഞാന്‍? നീയെന്നെക്കൊണ്ടു ചെയ്യിക്കുന്നതും പറയിക്കുന്നതും മാത്രമല്ലേ എനിക്ക് ചെയ്യാനും പറയാനും കഴിയൂ.. അപ്പോള്‍.. അപ്പോള്‍ നിനക്ക് എന്നെയല്ലേ വിട്ടുപോകാന്‍ സാധിക്കാത്തത് അമ്മൂ?”
അമ്മു ഒന്നും പറഞ്ഞില്ല. നിറഞ്ഞ കണ്ണുകള്‍ ശാന്തമായ കണ്ണുകളെ ഇമവെട്ടാതെ നോക്കി. മീനു തുടര്‍ന്നു:
“മൂന്നു മാസമായി എല്ലാ രാത്രിയും ഇതേ സംഭാഷണമല്ലേ നമ്മള്‍ നടത്തുന്നത്? എന്നിട്ടും നമുക്കു മതിവരുന്നില്ലെന്നത് എന്തൊരത്ഭുതമാണ്, അല്ലേ അമ്മൂ.. എന്നും ഞാനിതുപോലെ നിന്റെ ചാരെ വന്നിരിക്കും.. ഞാനീ പറഞ്ഞുകൊണ്ടിരിക്കുന്ന വാക്കുകള്‍ പറയും.. നിന്റെ ചുണ്ടിലൊരുമ്മ തരും.. എന്നിട്ട്, നാളെ ഇനിയും വരാമെന്നു പറഞ്ഞ് തിരികെ നടക്കും.. പക്ഷേ, അപ്പോള്‍ – ” അവള്‍ പെട്ടെന്ന് നിറുത്തി. ഗൗരവപൂര്‍ണ ഭാവം.
“കാണാനുള്ളത് പറയുന്നതെന്തിന് അല്ലേ..” വീണ്ടും പുഞ്ചിരിച്ചുകൊണ്ട് അവള്‍ അമ്മുവിനരികിലേക്ക് ചാഞ്ഞു. അവരുടെ ചുണ്ടുകള്‍ കൂടിച്ചേര്‍ന്നു. അല്‍പം നിമിഷങ്ങള്‍ക്കുശേഷം, അമ്മുവില്‍ നിന്നുയര്‍ന്ന് മീനു പറഞ്ഞു:
“പോകാറായി.. നാളെ ഇനിയും വരാം, ട്ടോ..”
ഒരിക്കല്‍ക്കൂടി പുഞ്ചിരിച്ച ശേഷം മീനു എഴുന്നേറ്റ് തിരികെ നടക്കാന്‍ തുടങ്ങി. അനന്തതയില്‍, ഒന്നുമില്ലായ്മയില്‍ മറയാന്‍. അമ്മുവിന്റെ ഹൃദയമിടിപ്പ് കൂടാന്‍ തുടങ്ങി. ഇതാണ് പറയാനുള്ളത് പറയാനുള്ള അവസാന സന്ദര്‍ഭം. ഒരുപക്ഷേ നാളെ അവള്‍ തിരികെ വന്നില്ലെങ്കില്‍..
ദേഷ്യമുണ്ട്, ജീവിതം തകര്‍ത്തുകളഞ്ഞതില്‍. ഇനി കരകയറാന്‍ കഴിയാത്ത വിധം ഈ പടുകുഴിയിലിട്ട് ഒറ്റക്ക് കടന്നുപോയതില്‍. പക്ഷേ, മീനു.. മീനു.. അവള്‍ പോകാറായി. നാളെ അവള്‍ തിരികെ വന്നില്ലെങ്കില്‍.. ചുണ്ടുകളില്‍ ഉമ്മവച്ചില്ലെങ്കില്‍..
“മീനൂ..” അമ്മു വിളിച്ചു.
മീനു പതുക്കെ നിന്നു. തിരിഞ്ഞുനോക്കി.
“നീയാണെന്റെ ജീവിതത്തിലെ ആദ്യപ്രണയം.
അവസാനത്തേതും.”
അമ്മു പറഞ്ഞു.

പിന്‍കുറിപ്പ് :ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന എന്റെ അനിയന്‍ സുല്‍യാബിന്റെ രണ്ടാമത്തെ കഥയാണിത് (മുമ്പ് തിരോധാനം ഇതുപോലെ പ്രസിദ്ധീകരിച്ചിരുന്നു). സ്കൂള്‍ മാഗസിനിലേക്ക് അയച്ചുകൊടുത്തിട്ട് അവര്‍ (ഒബ്‌വ്യസ്‌ലി) തിരസ്കരിച്ച സാധനമാണ്. ഞാനിവിടെ സ്വന്തമായി എന്തെങ്കിലും എഴുതിയിട്ട് ഒരു യുഗം തന്നെയായി 😦 ബ്ലോഗ് അവന് തീറെഴുതിക്കൊടുത്തിട്ട് സന്യാസത്തിന് പോയാലോ?

2 thoughts on “ഇനിയുമൊരു രാത്രി”

ഒരു അഭിപ്രായം ഇടൂ