മഴവര്‍ണ്ണങ്ങള്‍


ചിത്രം വരയ്ക്കുന്നത് മനുഷ്യനല്ല, ദൈവമാണ്.

നിറക്കൂട്ടുകളിലൊളിച്ചിരിക്കുന്ന വിസ്മയങ്ങളെ എനിക്ക് തുറന്നുകാട്ടിത്തരുമ്പോള്‍ പണ്ടെപ്പൊഴോ സിസ്റ്ററമ്മ പറഞ്ഞതാണ്. ഏറെ കാലമെടുത്തു എനിക്കാ ബോധ്യം വരാന്‍, തന്റെ ബ്രഷിന്റെ ചലനങ്ങള്‍ക്ക് ഒരിക്കലും ചിത്രകാരന്‍ ഉത്തരവാദിയല്ല. ചായം മുക്കിയ ബ്രഷുമായി എന്റെ കൈകള്‍ ചലിക്കുന്നത് മറ്റാരുടെയോ ഇംഗിതമനുസരിച്ചാണ്. എന്റെ ക്യാന്‍വാസില്‍ വര്‍ണ്ണങ്ങള്‍ വിരിയുന്നത് നിങ്ങളെപ്പോലെ അദ്ഭുതത്തോടെയേ എനിക്കും നോക്കിക്കാണാന്‍ സാധിക്കുകയുള്ളൂ. ഒടുവില്‍ ഏറ്റവും സുന്ദരമായ ഒരു ചിത്രം ജനിച്ചാലും അതിനെക്കുറിച്ച് സന്തോഷിക്കാനല്ലാതെ അഭിമാനിക്കാന്‍ എനിക്കാവില്ല.

ശാന്തമായ ഈ കടല്‍ത്തീരത്ത് ഇന്ന് ഞാന്‍ വന്നിരിക്കുന്നത് മഴയുടെ ചിത്രം വരയ്ക്കാനാണ്. എങ്കിലും വരച്ചുതീരുമ്പൊഴേക്കും അത് മറ്റെന്തൊക്കെയോ ആയിമാറുമെന്ന് എനിക്കറിയാം.

മഴയുടെ നിറമെന്താണ്?

പച്ച എന്നായിരുന്നു ഞാനാദ്യം കരുതിയിരുന്നത്. എന്റെ ആദ്യത്തെ മഴയോര്‍മ്മകള്‍ തുള്ളികളിറ്റുവീഴുന്ന മരങ്ങളും നനഞ്ഞ പുല്‍നാമ്പുകളുമായിരുന്നു. മഴ തോര്‍ന്നുകഴിഞ്ഞാല്‍ കോണ്‍വന്റിലെ പുല്‍ത്തകിടികളിലൂടെ ഞാന്‍ ചെരിപ്പിടാതെ ഓടുമായിരുന്നു. മഴയില്‍ കുതിര്‍ന്ന് കൂമ്പിയ പച്ചപ്പിനുചുവട്ടിലെ കുളിരില്‍ ഇത്തിരിനേരം നില്‍ക്കുമ്പോഴേക്കും സിസ്റ്ററമ്മ അകത്തേക്കുവിളിക്കും. മഴ തോര്‍ന്നാലും പെയ്യുന്ന മരച്ചുവട്ടില്‍ അഞ്ചുമിനിറ്റിരുന്നാല്‍ എനിക്ക് അസുഖം വരുമെന്ന് സിസ്റ്ററമ്മയ്ക്കറിയാം. കളിക്കുന്നതിനിടെയില്‍ അകത്തേക്കുവിളിക്കുമ്പോള്‍ ഏതൊരു കുട്ടിയെയുംപോലെ വിഷമത്തോടെയാണ് ഞാന്‍ തിരിച്ചുപോവുകയെങ്കിലും എന്നെ ചേര്‍ത്തുപിടിച്ച് സിസ്റ്ററമ്മ തലതോര്‍ത്തിത്തരുമ്പോഴേക്കും അതൊക്കെ മാറിയിരിക്കും. ഒടുവില്‍ നെറ്റിയില്‍ ഒരുമ്മതന്ന് ഇനി മഴയത്ത് പുറത്തിറങ്ങരുത് എന്ന് പറയുമ്പോള്‍ ഞാന്‍ ലോകത്തിലെ ഏറ്റവും സന്തോഷവാനായ കുട്ടിയാകുമായിരുന്നു.

പിന്നീടെപ്പൊഴോ അത് ചുവപ്പായി. കൃത്യമായിപ്പറഞ്ഞാല്‍ കോണ്‍വെന്റില്‍ നിന്ന് എന്നെയും കൂട്ടി സിസ്റ്ററമ്മ ചെറിയൊരു വാടകവീട്ടിലേക്ക് താമസം മാറിയതിനുശേഷം. അങ്ങിങ്ങായി ചോര്‍ന്നൊലിക്കുന്ന മുറിയില്‍ കിടക്കുമ്പോള്‍ മഴ എനിക്ക് ഭയം മാത്രമായിരുന്നു സമ്മാനിച്ചത്. ഇടിവെട്ടുമ്പോള്‍ ഞാന്‍ ഓടിച്ചെന്ന് സിസ്റ്ററമ്മയെ കെട്ടിപ്പിടിക്കും. മുട്ടുകുത്തി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാകുമായിരുന്ന അവര്‍ പുഞ്ചിരിച്ചുകൊണ്ട് പറയും, “എന്താ മോനൂ ഇത്, ഇത്ര വലുതായിട്ടും ഇടിമിന്നലിനെ പേടിച്ചാലോ?” ഏതുസമയവും കുരിശുരൂപത്തിനുമുന്നില്‍ മുട്ടുകുത്തിയിരിക്കുന്ന സിസ്റ്ററമ്മയ്ക്ക് കര്‍ത്താവിനെയാകും വിശ്വാസം, എന്നാല്‍ എന്റെ ധൈര്യം സിസ്റ്ററമ്മ മാത്രമായിരുന്നു. ചോരയിറ്റുന്ന ചുവന്ന നാക്കുനീട്ടി കണ്ണുതുറിച്ച് എന്നെത്തേടിവരുന്ന മഴയുടെ രൂപം മനസ്സിലെത്തുമ്പോഴെല്ലാം ഞാന്‍ കൊന്ത കൈയിലെടുത്ത് സിസ്റ്ററമ്മയെ ധ്യാനിച്ചു.

അക്കാലത്ത് ചായങ്ങള്‍ മാത്രമായിരുന്നു എന്റെ കൂട്ടുകാര്‍. കണ്ണില്‍ പതിയുന്നതെല്ലാം വര്‍ണ്ണങ്ങളില്‍ കടലാസില്‍ പകര്‍ത്താന്‍ ആദ്യം പഠിപ്പിച്ചതും സിസ്റ്ററമ്മ തന്നെയായിരിക്കണം, എന്റെ ഏറ്റവും പഴകിയ ഓര്‍മ്മകള്‍ക്കും മുമ്പ്. അവരുടെ ചുംബനങ്ങളാണ് എന്റെ ചിത്രങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അംഗീകാരവും. ഒരിക്കല്‍ എന്റെ ചിത്രത്തിന് നിറം കൊടുത്തുകൊണ്ടിരിക്കുന്നതിനിടയില്‍ ഞാന്‍ സിസ്റ്ററമ്മയോട് ചോദിച്ചു, “സിസ്റ്ററമ്മേ, മഴയുടെ നിറമെന്താണ്?”

“കറുപ്പ്”.

ദുഃഖത്തിന്റെ, ഇരുട്ടിന്റെ ഈ വര്‍ണ്ണത്തില്‍ ഇന്ന് ഞാന്‍ മഴയെ വരയ്ക്കാന്‍ പോകുന്നു.

ഓരോ തവണ മഴപെയ്യുമ്പോഴും സിസ്റ്ററമ്മ മഴയത്തിറങ്ങി നില്‍ക്കും. പിന്നീട് തലതുവര്‍ത്തുക പോലും ചെയ്യാതെ മുട്ടുകുത്തി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങും. എപ്പൊഴോ ഞാന്‍ ചോദിച്ചിട്ടുണ്ട്, “സിസ്റ്ററമ്മ ചെറിയ കുട്ടിയൊന്നുമല്ലല്ലോ, പിന്നെന്താ മഴയത്തിറങ്ങി കളിക്കുന്നത്?” അവര്‍ ഉത്തരം ഒരു പുഞ്ചിരിയിലൊതുക്കുന്ന അനേകം ചോദ്യങ്ങളിലൊന്നുമാത്രമായിരുന്നു ഇത്. നമ്മളെന്തിനാ കോണ്‍വെന്റില്‍ നിന്ന് ഇങ്ങു പോന്നത്? സിസ്റ്ററമ്മയ്ക്ക് കൂട്ടുകാരാരുമില്ലേ? കോണ്‍വെന്റില്‍ നിന്ന് സിസ്റ്റര്‍മാരാരുമെന്താ നമ്മളെ കാണാന്‍ വരാത്തത്?…

ഒന്നും മിണ്ടാതെ അവര്‍ എന്നെ കെട്ടിപ്പിടിക്കുമ്പോള്‍ എന്റെ മനസ്സിലെ നൂറുനൂറു ചോദ്യങ്ങള്‍ അലിഞ്ഞില്ലാതാകുമായിരുന്നു.

ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുമ്പോഴാണ് പലപ്പോഴും നാം ദുഃഖിക്കുന്നത്.

ഒരിക്കല്‍ ഞാന്‍ സിസ്റ്ററമ്മയോട് അവരുടെ ചിത്രം വരച്ചോട്ടേ എന്ന് ചോദിച്ചു. “വേണ്ട മോനൂ, ലോകത്ത് സുന്ദരമായ എന്തൊക്കെയുണ്ട്? അതിലേതെങ്കിലും പോയി വരയ്ക്കൂ” എന്നായിരുന്നു മറുപടി. അന്ന് ഞാന്‍ കന്യാമറിയത്തെ വരയ്ക്കാന്‍ തീരുമാനിച്ചു. അതുവരെ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത എന്തോ ഒന്ന് ആ ചിത്രരചനയ്ക്കിടെ ഞാന്‍ അറിഞ്ഞു. ഒടുവില്‍ ഞാന്‍ പോലുമറിയാതെ എന്റെ കൈകള്‍ വരച്ച ചിത്രത്തിലേക്ക് നോക്കിയപ്പോഴാണ് അത് ഞാന്‍ കണ്ടത് – കന്യാമറിയത്തിന് സിസ്റ്ററമ്മയുടെ ഛായയായിരുന്നു, ഉണ്ണിയേശുവിന് പഴയ ചിത്രങ്ങളില്‍ മാത്രം കണ്ട് പരിചയമുള്ള എന്റെ കുഞ്ഞുമുഖത്തിന്റെയും. സിസ്റ്ററമ്മയ്ക്ക് ചിത്രം കാട്ടിക്കൊടുത്തപ്പോള്‍ അവരെന്നെ കെട്ടിപ്പിടിച്ചു. എന്തോ ചോദനയാല്‍ ഞാനപ്പോള്‍ അവരെ ആദ്യമായി അമ്മേയെന്ന് വിളിച്ചു. രണ്ടുതുള്ളി കണ്ണുനീര്‍ എന്റെ നെറുകയിലിറ്റുവീണത് ഞാനറിഞ്ഞു. ആരോ വിളിച്ചിട്ടെന്നപോലെ പാഞ്ഞെത്തിയ മഴയത്തേക്ക് സിസ്റ്ററമ്മ ഓടിയിറങ്ങിയപ്പോഴാണ് എന്റെ ഒരു ചോദ്യത്തിന് ഉത്തരം കിട്ടിയത്.

ഹോസ്റ്റല്‍ ജീവിതത്തിനിടയ്ക്കെപ്പൊഴോ പണ്ട് കോണ്‍വെന്റിലുണ്ടായിരുന്ന മറ്റ് സിസ്റ്റര്‍മാരിലൊരാളെ കാണാനവസരമുണ്ടായപ്പോഴാണ് മറ്റുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമായത്. എന്റെ കൈയും പിടിച്ച് കോണ്‍വെന്റില്‍ നിന്നിറങ്ങുമ്പോള്‍ ഒരു ലോകം തന്നെയാണ് അവര്‍ ഉപേക്ഷിച്ചതെന്നറിയാന്‍ ഞാന്‍ എത്രയോ വൈകിപ്പോയി. അതിനുശേഷം ഹോസ്റ്റലില്‍ നിന്ന് ഫോണ്‍ ചെയ്യുമ്പോള്‍ കേള്‍ക്കുന്ന ദിനംപ്രതി ശോഷിച്ചുവരുന്ന ആ ശബ്ദം എന്റെ മനസ്സില്‍ മുള്ളുകള്‍ കുത്തിനിറയ്ക്കാന്‍ തുടങ്ങി. എനിക്കുവേണ്ടി എരിച്ചുകളഞ്ഞ ആ ജീവിതത്തിന് പകരമായി എന്തെങ്കിലും എന്നെങ്കിലും ചെയ്യാന്‍ സാധിക്കണേ എന്നുമാത്രമായിരുന്നു എന്റെ ആഗ്രഹം. കന്യാമറിയത്തിന്റെ ആ ചിത്രവും കെട്ടിപ്പിടിച്ച് ഒരു രാത്രി ഉറങ്ങാന്‍ കിടന്ന സിസ്റ്ററമ്മ പിന്നീട് കണ്ണുതുറന്നില്ല എന്ന വാര്‍ത്തയെത്തിയതോടെ ആ ആശയ്ക്ക് അവസാനമായി.

എന്നെങ്കിലും ഞാന്‍ വായിക്കാന്‍ വേണ്ടി അവര്‍ എഴുതിയ കുറേ കുറിപ്പുകളാണ് വീട്ടില്‍ എന്നെ കാത്തിരുന്നത്. അതെല്ലാം ചുട്ടുകരിച്ച് മറ്റൊരു പെരുംമഴയത്ത് ആ വീട്ടില്‍ നിന്ന് എന്നെന്നേക്കുമായി ഞാന്‍ പടിയിറങ്ങി. അതിനുശേഷം ഈ ചായക്കൂട്ടുകളല്ലാതെ ഒന്നും എന്റെ ജീവിതത്തിലുണ്ടായിരുന്നില്ല. എത്ര ശ്രമിച്ചിട്ടും എന്റെ ചിത്രങ്ങളിലെല്ലാം സിസ്റ്ററമ്മയുടെ മുഖം മാത്രം ആവര്‍ത്തിക്കാന്‍ തുടങ്ങി. ആരും കാണാതെ കരയാനായി ഞാനും ഓരോ മഴയ്ക്കും വേണ്ടി കാത്തിരുന്നു.

എന്റെ ബ്രഷ് കടലാസില്‍ കറുപ്പ് ചേര്‍ക്കാന്‍ തുടങ്ങി. വീണ്ടും എനിക്ക് എന്റെ കൈകളുടെ മേലുള്ള നിയന്ത്രണം നഷ്ടമാകുന്നു. ഈ ചിത്രത്തിനുള്ളിലും സിസ്റ്ററമ്മയുടെ മുഖം എന്നെ നോക്കി പുഞ്ചിരിക്കുന്നു. അപ്പോഴേക്കും മഴയെത്തുന്നു. മഴത്തുള്ളികളിലും എന്റെ കണ്ണീരിലും അലിയുന്ന കറുപ്പില്‍ നിന്നും പുറത്തുവരുന്ന ഏഴു നിറങ്ങളില്‍ ഞാനും അലിഞ്ഞുചേരുന്നു…

പിന്‍കുറിപ്പ് : പണ്ട് ജില്ലാ യുവജനോത്സവത്തിന് എഴുതിയ കഥയാണ്. അന്ന് അതിന്റെ ബാക്കപ്പ് എടുത്തുവയ്ക്കാന്‍ ബുദ്ധി പോയില്ല. ഇപ്പോള്‍ എഴുതി വന്നപ്പോള്‍ ഒറിജിനലുമായി പുലബന്ധം പോലുമില്ല. ആകെ ബോറാവുകയും ചെയ്തു. ഏതായാലും കാക്കക്കൂട്ടിലെ കൂട്ടുകാരുടെ മഴപ്പോസ്റ്റുകള്‍ക്കൊപ്പം ഇതുകൂടി ആകട്ടെ എന്നുകരുതി പബ്ലിഷ് ചെയ്യുന്നു

Advertisements

3 thoughts on “മഴവര്‍ണ്ണങ്ങള്‍”

 1. വളരെ ധൃതിപ്പെട്ട് മധ്യഭാഗത്തു നിന്നും അവസാനഭാഗത്തേക്കെത്തി അവസാനിപ്പിച്ച പോലെ തോന്നി. എങ്കിലും മഴയ്ക്ക് നിറങ്ങള്‍ നല്കിയ രീതി ഇഷ്ടപ്പെട്ടു. ആ കണ്ടെത്തലിന് അഭിനന്ദനങ്ങള്‍!

  Like

 2. വളരെ നന്നായിരിക്കുന്നു. ബദ്ധപ്പെട്ട് എഴുതിത്തീർത്തപോലെയൊന്നും തോന്നിയില്ല. തുടക്കമാകട്ടെ ഗംഭീരമായിട്ടുണ്ട്.
  “ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുമ്പോഴാണ് പലപ്പോഴും നാം ദുഃഖിക്കുന്നത്.”
  “ചിത്രം വരയ്ക്കുന്നത് മനുഷ്യനല്ല, ദൈവമാണ്.” എന്നീ രണ്ട് നിരീക്ഷണങ്ങൾ ഒരുപാടിഷ്ടപ്പെട്ടു. റസിമാന്റെ ചില കഥകളെങ്കിലും വായിച്ച ശേഷം കഥാകൃത്ത് ഉദ്ദേശിച്ചത് പൂർണമായും ഉൾക്കൊള്ളാനായില്ല എന്ന തോന്നൽ വരാറുണ്ടായിരുന്നു, പക്ഷെ ഇത്തവണ അങ്ങനെ തോന്നിയില്ല.
  പണ്ട് യൂത്ത് ഫെസ്റ്റിവലിനും, ക്ലാസ് മാഗസിനും മറ്റും വേണ്ടി എഴുതിയ കഥകൾ ഒരുപാടുണ്ടാകുമല്ലോ, അവയും കൂടി ഓർത്തെടുത്ത് എഴുതൂ. 🙂

  Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )