സൈക്കോഅനാലിസിസ്


“റസിമാന്‍, നിനക്ക് എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്.”

അപ്പോഴത്തെ ദേഷ്യത്തില്‍ സിദ്ധാര്‍ത്ഥിന്റെ ചെകിട്ടത്തൊന്ന് പൊട്ടിക്കാനാണ് തോന്നിയത്. പക്ഷെ തല്ലുകൂടാനുള്ള സമയമല്ലിത്. മേശപ്പുറത്തെ പാക്കറ്റില്‍ നിന്നൊരു ബിസ്കറ്റെടുത്തു. രാത്രി തള്ളിനീക്കാന്‍ വാങ്ങിയതാണ്. ഒരു കവിള്‍ സ്പ്രൈറ്റുകൂടി ഇറക്കിയപ്പോഴേക്ക് തണുത്തു. ഇങ്ങനത്തെ സമയത്ത് എനിക്ക് ദേഷ്യം കൂടുതലാണെന്ന് ഇവന് നന്നായറിയുന്നതാണ്. ഒന്നടങ്ങിയിരുന്നൂടേ?

ആറുമണിക്കേ രാത്രിഭക്ഷണം കഴിച്ച് കമ്പ്യൂട്ടറിനു മുന്നില്‍ ഇരിക്കാന്‍ തുടങ്ങിയതാണ്. ഇപ്പോള്‍ നേരം പതിനൊന്നര കഴിഞ്ഞു. സിദ്ധാര്‍ത്ഥിന്റെ റൂംമേറ്റ് എന്നത്തെയും പോലെ ഗേള്‍സ് ഹോസ്റ്റലിലാണ് ഇന്നും കിടന്നുറങ്ങുന്നത്, അതുകൊണ്ട് ഇന്നു രാത്രി മുഴുവന്‍ വേണമെങ്കില്‍ ഇങ്ങനെ ഇവിടെയിരിക്കാം. എനിക്ക് സിഡിനെപ്പോലെ ആഴ്ചയ്ക്കാഴ്ചയ്ക്ക് നൈറ്റൗട്ടടിച്ച് ശീലമില്ല, പക്ഷെ ഇന്ന് മെനക്കെട്ടേ പറ്റൂ. ഒരാഴ്ചയായി പ്രൊഫസറോട് പ്രൊജക്റ്റ് സബ്മിഷന്‍ ഡേറ്റ് നീട്ടിവാങ്ങുന്നു. നാളത്തേക്ക് ചെയ്തുതീര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ ഗ്രേഡിന്റെ കാര്യം ഗോവിന്ദയാകും.

കഴിഞ്ഞ ഒരു മണിക്കൂറിന്റെ ജോലിയുടെ ഫലമെന്താകുമെന്ന് ഇപ്പോഴറിയാം. ചെറിയൊരു ഓപ്പറേഷന്‍ ചെയ്യാനുള്ള ഫങ്ഷന്‍ ശരിയാക്കാനാണ് കഴിഞ്ഞ കുറേ ദിവസമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അഞ്ചുപൈസക്ക് കാര്യവിവരമുള്ള ആര്‍ക്കും കോഡുചെയ്യാവുന്നതേ ഉള്ളൂ, പക്ഷെ എഴുതിയുണ്ടാക്കിയ വകയില്‍ വണ്ടിക്കണക്കിനാണ് ബഗ്ഗുകള്‍. ആ, സാധനം റെഡിയാക്കാന്‍ പറ്റിയാല്‍ നാളെ സമയത്തിന് സാറിന്റെ മേശപ്പുറത്തു കൊണ്ടുവയ്ക്കാം. അല്‍ഗൊരിതം ശരിയായെന്നാണ് വിശ്വാസം. ഭാഗ്യം, കോഡ് കമ്പൈല്‍ ചെയ്യുന്നുണ്ട്. അതു തന്നെ വലിയ കാര്യം. പ്രോഗ്രാം പ്രവര്‍ത്തിപ്പിച്ചു നോക്കി. ഒരട്ടഹാസമാണ് പുറത്തുവന്നത്. ഹോസ്റ്റല്‍ ജീവിതത്തിനിടക്ക് ഒരുദിവസമെങ്കിലും നേരത്തെ ഉറങ്ങിക്കളയാമെന്ന് തീരുമാനിച്ചവനൊക്കെ ഉണര്‍ന്നുകാണും. ഔട്പുട്ടാകെ തെറ്റാണ്. വീണ്ടും തുടങ്ങിയിടത്തേക്കുതന്നെ…

സിഡ് കൈയിലെ പുസ്തകം താഴെവച്ച് എന്നെനോക്കി ചിരിക്കാന്‍ തുടങ്ങി. അവന് കോഡ് ചെയ്യാനുള്ള ഭാഗം അത്ര വിഷമമില്ലാത്തതാണ്. ആ പണിയൊന്ന് വേഗം കഴിച്ച് എന്നെ സഹായിക്കാന്‍ കുറേയായി പറയുന്നു. ആ, ചിരിച്ചോ ചിരിച്ചോ. ഞാനിത് ശരിയാക്കിയിട്ടില്ലെങ്കില്‍ തൂങ്ങുന്നത് രണ്ടുപേരും ഒരുമിച്ചായിരിക്കും.

“റസിമാന്‍, നിനക്ക് എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്.”

“സത്യമായും സിഡ്. എനിക്കാകെ പ്രശ്നങ്ങളാണ്. ഈ സെമെസ്റ്ററില്‍ കോഴ്സുകളൊക്കെ ഒരു വകയാണ്. സമ്മര്‍ പ്രൊജക്റ്റിന്റെ കാര്യവും നിനക്ക് ശരിക്കറിയാമല്ലോ. പിന്നെ ഇന്ന് രാത്രികൊണ്ട് ഈ കോഡ് മുഴുവനാക്കിയിട്ടില്ലെങ്കില്‍ പ്രൊഫസര്‍ നമ്മളെ രണ്ടുപേരെയും കൊന്ന് കുഴിച്ചുമൂടുകയും ചെയ്യും.”

“കോഡ് പൂര്‍ത്തിയാക്കുന്നത് നിന്റെ പ്രശ്നം. നീയല്ലേ വലിയ ഒളിമ്പ്യാഡ് കോഡര്‍. പിന്നെ ഞാന്‍ കാര്യമായാ പറയുന്നത്. നിനക്ക് എന്തൊക്കെയോ മാനസികപ്രശ്നങ്ങളുണ്ട്.”

സിദ്ധാര്‍ത്ഥ് കമ്പ്യൂട്ടര്‍ സ്ക്രീന്‍ ലോക്ക് ചെയ്ത് കസേര വലിച്ചടുപ്പിച്ചു. എനിക്കൊന്നും മനസ്സിലായില്ല. മനുഷ്യന്‍ തലയ്ക്ക് തീപിടിച്ചിരിക്കുമ്പഴാ അവന്റെയൊരു…

“ഒന്ന് നിര്‍ത്തുന്നുണ്ടോ. നോക്ക് സിദ്ധാര്‍ത്ഥ്, നട്ടപ്പാതിരക്ക് ഉറങ്ങാതിരിക്കുന്നത് നിന്റെ തമാശ കേള്‍ക്കാനല്ല. മാട്രിക്സ് ട്രാന്‍സ്പോസ് പോലുള്ളൊരു ചെറിയ ഓപ്പറേഷന്‍ പോലും എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഇത്ര ദിവസം ആലോചിച്ചിട്ടും കണ്ടുപിടിക്കാന്‍ പറ്റിയിട്ടില്ല. ഒന്നെങ്കില്‍ നീയെന്നെ ആലോചിക്കാന്‍ വിട്, അല്ലെങ്കില്‍ അല്‍ഗൊരിതം കണ്ടുപിടിച്ച് പറഞ്ഞുതാ. നാളെ രാവിലെയായിട്ടും കിട്ടിയിട്ടില്ലെങ്കില്‍ എന്താ പറ്റുക എന്നറിയാമല്ലോ.”

“ചൂടാവാതെ റസിമാന്‍. ഇതാണ് കൂടുതല്‍ പ്രധാനപ്പെട്ട കാര്യം. വായടച്ചുവച്ച് ശ്രദ്ധിച്ച് കേള്‍ക്ക്. നീ അടുത്തകാലത്തെഴുതിയ ചെറുകഥകളൊക്കെ ഞാന്‍ വായിച്ചുനോക്കി. നിന്റെ കഥകളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയതനുസരിച്ച് നിനക്ക് മാനസികവിഷമങ്ങളുണ്ട്.”

“നീ പറയുന്നതില്‍ ഒരു വസ്തു എനിക്ക് മനസ്സിലാകുന്നില്ല.”

“ചുരുക്കിപ്പറയാം. നിന്റെ കഥകളില്‍ കുടിലതയും മുഴുത്ത ഭ്രാന്തും പച്ചയായ ക്രൂരതയും നിറഞ്ഞിരിക്കുന്നു.”

എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

“പ്രൊജക്റ്റ് നശിപ്പിച്ചേ അടങ്ങൂ എന്നാണെങ്കില്‍ കുറച്ച് നേരം നമുക്ക് നിന്റെ ഈ വട്ടന്‍ സിദ്ധാന്തത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കാം. ഞാന്‍ അങ്ങനെ എഴുതാറൊന്നുമില്ലെന്ന് നിനക്കറിയില്ലേ സിഡ്? കഴിഞ്ഞയാഴ്ച ഒരു ചെറുകഥ എഴുതി എന്നതുകൊണ്ട് എന്തുമാത്രം നിഗമനങ്ങളിലാണ് നീ എത്താന്‍ പോകുന്നത്? ഏതായാലും എനിക്കും ഈ പ്രൊജക്റ്റ് മടുത്തു, ആയിടത്തോളം മതി. സി ഗ്രേഡ് നിനക്ക് പുത്തരിയൊന്നുമല്ലല്ലോ.”

“അങ്ങനെ പ്രൊജക്റ്റ് വിട്ടുകളയാനൊന്നും നോക്കണ്ട. പ്രൊജക്റ്റ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് സി കൊടുത്ത് പാസ്സാക്കിവിടാനുള്ള മഹാമനസ്കതയൊന്നും സാറിനില്ല. എ, ബി അല്ലെങ്കില്‍ എഫ്. നമുക്ക് പാസാവണ്ടേ മോനേ? ഏതായാലും നിന്റെ കഥകളെക്കുറിച്ച് നീയൊന്ന് ചിന്തിക്കണം. സാഹിത്യപരമായി ആകെ പോക്കാണെങ്കിലും നിന്നെക്കുറിച്ച് നിന്റെ കഥകളില്‍ നിന്ന് ഏറെ മനസ്സിലാക്കാന്‍ സാധിക്കും. ഉദാഹരണമായി, അവസാനം എഴുതിയ കഥതന്നെയെടുക്ക്. പെണ്‍വേഷം കെട്ടി ജീവിക്കാനാഗ്രഹിക്കുന്ന നായകന്‍ – എഴുതാന്‍ വേറൊരു വിഷയവും കിട്ടിയില്ലേ നിനക്ക്?”

“വിഷയത്തിനെന്താ കുഴപ്പം? കാലികപ്രാധാന്യമുണ്ട്, വായിച്ചുകഴിയുമ്പോള്‍ വായനക്കാരന്‍ ഞെട്ടുകയും ചെയ്യുന്നു. എന്നിലെ കഥാകൃത്തിന് വിഷയം നന്നായിത്തോന്നി, ഞാന്‍ എഴുതി.”

“എന്നുവച്ച് നീ തന്നെ നിന്റെ കഥയിലെ ഹിജഡയാകണോ?”

“നോക്ക് സിഡ്, ഞാന്‍ കഥകളെഴുതുന്ന ഒരു രീതിയുണ്ട്. ആദ്യം ഒരു വിഷയമോ സന്ദേശമോ എടുക്കുന്നു. പിന്നെ അത് വിശദീകരിക്കാനുതകുന്ന ഒരു കഥയുടെ നട്ടെല്ലുണ്ടാക്കുന്നു. ബാക്കിയൊക്കെ കോസ്മെറ്റിക് ആണ്. വിഷയം വായനക്കാരുടെ മനസ്സില്‍ പതിയുന്നതിന് ഏറ്റവും സഹായകമെന്ന് എനിക്കു തോന്നുന്ന രീതിയിലാണ് ഞാന്‍ ഈ ബാക്കിയുള്ള എലിമെന്റ്സ് തിരഞ്ഞെടുക്കുക. ഈ വിഷയം നന്നായി അവതരിപ്പിക്കാനാവുക കാഥികനെ കേന്ദ്രീകരിച്ച് എഴുതിയാലാണെന്ന് എനിക്ക് തോന്നിയതുകൊണ്ടാണ് അങ്ങനെ എഴുതിയത്.”

സിദ്ധാര്‍ത്ഥ് കൂടുതല്‍ സീരിയസാകുന്നു. അവന്‍ വിശദീകരിക്കാനാരംഭിച്ചു.

“ആ കഥ വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ ചില സംശയങ്ങളുണ്ടായി. നിന്റെ പഴയ രചനകളും ഞാന്‍ കണ്ടെത്തി വായിക്കാന്‍ തുടങ്ങി. രചനകള്‍ എന്നു പറയുമ്പോള്‍ ആരും വായിക്കാത്ത ബോറന്‍ വിക്കിപീഡിയ ലേഖനങ്ങളല്ല – ബ്ലോഗും കഥകളും ഒക്കെ. ഇതൊക്കെ വായിച്ചതുകൊണ്ടാണ് പറയുന്നത്, നീ സൂക്ഷിക്കണം. നിന്റെ കഥകളിലധികവും മാനസികവിഭ്രാന്തിയുള്ള കഥാപാത്രങ്ങളുണ്ട്. അവ ആത്മകഥാപരമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മറ്റു കഥകളിലും കഥാപാത്രങ്ങള്‍ മാനസികസംഘര്‍ഷമനുഭവിക്കുന്നവരാണ്. ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്ന ഒരു കഥാപാത്രമോ വായനക്കാരെ സംഘര്‍ഷത്തിനടിപ്പെടുത്താതെ ആനന്ദിപ്പിക്കുന്ന ഒരു കഥയോ നീ സൃഷ്ടിച്ചു കണ്ടിട്ടില്ല. നീ ആദ്യം എഴുതിയ ചെറുകഥ തന്നെയെടുക്ക്. ഒമ്പതാം ക്ലാസ്സിലോ മറ്റോ ക്ലാസ്സ് മാഗസിനു വേണ്ടി എഴുതിയത്. മാനസികപ്രശ്നങ്ങളുള്ള ഒരു ഡോക്ടര്‍. ശസ്ത്രക്രിയക്കിടെ ഹൃദയത്തിനുള്ളില്‍ മനസ്സിന്റെ സ്ഥാനം തിരഞ്ഞ് അയാള്‍ രോഗിയെ കൊല്ലുന്നു. ആദ്യത്തെ കഥാനായകന്‍ തന്നെ മുഴുഭ്രാന്തന്‍.”

അഞ്ചാറു വര്‍ഷമായി. ഇങ്ങനെ ഒരു വസ്തു എഴുതിയതേ ഞാന്‍ മറന്നിരുന്നു. എത്രതവണ തിരുത്തിയെഴുതിയിരുന്നു? കഥയ്ക്കെത്ര നീളമുണ്ടായിരുന്നു? ആ. കഥയെക്കുറിച്ച് കാര്യമായൊന്നും ഓര്‍ക്കുന്നില്ല.

“ഓര്‍ക്കുന്നു സിഡ്. എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നിയിരുന്നു. ആദ്യത്തെ കഥ മോശമല്ലെന്നു തോന്നി.”

“അതു പിന്നെ എഴുതിയയാള്‍ക്ക് അങ്ങനെയല്ലേ തോന്നൂ? ഏതായാലും വലിയ കുഴപ്പമില്ലായിരുന്നു. പക്ഷെ മുഴുഭ്രാന്തുള്ള കേന്ദ്രകഥാപാത്രം നിന്റെ കഥകളിലെ സ്ഥിരതാമസക്കാരനാണ്. അതു കഴിഞ്ഞെഴുതിയ കഥ നോക്ക്. ഒരു വിദ്യാര്‍ത്ഥി റൂംമേറ്റിനെ കൊല്ലുന്നു. എന്തിന്? വെറുമൊരു അക്കാഡമിക് പ്രതിയോഗി മാത്രമായ തന്റെ സുഹൃത്ത് തന്നെ കൊല്ലാന്‍ നോക്കുന്ന ശത്രുവാണെന്ന് മാനസികവിഭ്രാന്തി മൂലം തോന്നിയതിനാല്‍. പിന്നെ നീ സ്കൂള്‍ യുവജനോത്സവത്തിലെ കഥാമത്സരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങി. ആദ്യം സമ്മാനം നേടിയ കഥയുടെ രത്നച്ചുരുക്കം : ഒരു മനഃശാസ്ത്രജ്ഞന്‍ തന്റെ സുഹൃത്തിനെ ക്രൂരമായി വഞ്ചിക്കുന്നു, ഒടുവില്‍ കുറ്റബോധം മൂലം അയാള്‍ക്ക് ഭ്രാന്തുപിടിക്കുന്നു.”

“സിഡ്, ഈ കഥകളെക്കുറിച്ചൊക്കെ ഞാന്‍ തന്നെ മറന്നുപോയിരുന്നതാണ്. ഏതായാലും നിന്റെ കണ്ടെത്തല്‍ നന്നായിട്ടുണ്ട് – എന്റെ കഥാനായകന്മാര്‍ക്കൊക്കെ വട്ടാണ്. ഇങ്ങനെയൊരു സംഭവത്തെപ്പറ്റി ഞാനിതുവരെ ചിന്തിച്ചിരുന്നില്ല.”

“പറഞ്ഞുതീര്‍ന്നില്ല റസിമാന്‍. അടുത്ത വര്‍ഷവും നീ അതുപോലൊരു കഥ തന്നെ സ്കൂള്‍ യുവജനോത്സവത്തിന് എഴുതി. പക്ഷെ അതിന് ഞാന്‍ നിന്നെ കുറ്റപ്പെടുത്തില്ല – കഥയെഴുതാന്‍ തന്ന വിഷയം തന്നെ അത്തരത്തിലുള്ളതായിരുന്നു. പിന്നെ നീ ഏതോ സംസ്ഥാനതലമത്സരത്തിന് ഒരു കഥയെഴുതി. വായിച്ചിട്ട് എനിക്ക് ഛര്‍ദ്ദിക്കാന്‍ വന്നു – അത്രക്ക് പോക്കായിരുന്നു. തന്റെ വളര്‍ത്തുനായയുടെ ജീവിതത്തിലേക്ക് തന്റെ ജീവിതം പരിണമിക്കുന്ന കുറ്റവാളി. അടുത്ത കഥയിലെ നായകന് കോപ്പിറൈറ്റ് വിഭ്രാന്തിയും. പിന്നെ ജില്ലാ യുവജനോത്സവം വന്നു. ഒരു കന്യാസ്ത്രീയും അവരുടെ വളര്‍ത്തുമകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചെഴുതി നീ ഒന്നാം സ്ഥാനം നേടി. കഥ സ്നേഹത്തെക്കുറിച്ചായിരുന്നെങ്കിലും അവിടെയും വളര്‍ത്തമ്മയുടെ മരണത്തോടെ യുവാവായ ചിത്രകാരന്റെ സമനില തെറ്റുന്നു. ഒടുവില്‍ സംസ്ഥാനതലമത്സരത്തിന് നീ ആദ്യമായി ഭ്രാന്തന്മാരില്ലാത്ത ഒരു കഥയെഴുതി. പക്ഷെ അവിടെയും അര്‍ബുദവും ഒടുവില്‍ ഒരു കൂട്ട ആത്മഹത്യയും. ഭ്രാന്തന്മാരെക്കുറിച്ചല്ലാതെ നിനക്ക് മര്യാദയ്ക്ക് എഴുതാന്‍ സാധിക്കാത്തതിനാലാകാം, അതിന് സമ്മാനം പോയിട്ട് എ ഗ്രേഡ് പോലും കിട്ടിയില്ല. അടുത്ത മത്സരത്തിന് എഴുതിയ കഥയുടെ അര്‍ത്ഥം മനസ്സിലായ ആരെയും ഞാന്‍ കണ്ടിട്ടില്ല.”

“എടാ നീയിങ്ങനെ മഞ്ഞപ്പിത്തം വന്ന കണ്ണുകൊണ്ട് എല്ലാത്തിനെയും നോക്കാതെ. ഞാന്‍ തിരഞ്ഞെടുത്ത വിഷയങ്ങളുടെ റെലവന്‍സ് നോക്ക്. അവ ഞാന്‍ ക്രാഫ്റ്റ് ചെയ്ത രീതി നോക്ക്. ഏതൊരു കഥാകാരനും കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലോ എഴുതുന്ന ശൈലിയിലോ പൊതുവായ അംശങ്ങളുണ്ടാകാം. എനിക്ക് ഇരുണ്ട വിഷയങ്ങളോടാണ് കൂടുതല്‍ മമത എന്നുമാത്രം. എന്റെ സഹപാഠികള്‍ എഴുതുമായിരുന്നില്ലാത്ത വിഷയങ്ങളെക്കുറിച്ച് ഞാന്‍ എഴുതി. അങ്ങനെ വ്യത്യസ്തത പുലര്‍ത്തുന്നത് നല്ല കാര്യമല്ലേ? എല്ലാവരെയുംപോലെ ആകാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് നിനക്കറിയാമല്ലോ. ഏതായാലും ആ കഥയ്ക്കുശേഷം ഞാനീ നശിച്ച സ്ഥലത്തേക്കു വന്നു, എഴുത്തും വായനയുമൊക്കെ അതോടെ നിന്നു.”

“അതെ. ഞാനതില്‍ സമാധാനിക്കുകയും ചെയ്തു. ഇങ്ങനെ ഇരുണ്ട കഥകളെഴുതുന്നത് തുടര്‍ന്നിരുന്നെങ്കില്‍ നീ നിന്റെ കഥാപാത്രങ്ങളെപ്പോലെ ആയിപ്പോകുമായിരുന്നു. നിന്റെ പുതിയ ചെറുകഥ എന്നെ ഭയപ്പെടുത്തുന്നത് അതുകൊണ്ടാണ്.”

“സിഡ്, നീയിപ്പറയുന്നത് എനിക്ക് അംഗീകരിക്കാന്‍ പറ്റില്ല. എന്റെ കഥകള്‍ ഇരുണ്ടതായിരിക്കാം, കഥാപാത്രങ്ങള്‍ മാനസികപ്രശ്നങ്ങളും ശുഭാപ്തിവിശ്വാസമില്ലായ്മയും പ്രകടിപ്പിക്കുന്നുമുണ്ടാകാം. എന്നുവച്ച് എനിക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന് ഇതിനൊന്നും അര്‍ത്ഥമില്ല.”

“റസിമാന്‍, നിന്റെ കഥകള്‍ മാത്രമല്ല ഞാന്‍ വായിക്കാറുള്ളത്. നിന്റെ ബ്ലോഗും ഞാന്‍ ഫോളോ ചെയ്യുന്നുണ്ട്. നിന്റെ ബ്ലോഗിലെ പോസ്റ്റുകളെല്ലാം നിന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളോ നിന്റെ ചിന്തകളോ ആണ്. നിന്നെ കേന്ദ്രീകരിച്ച് നിനക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ ലളിതമായ ഭാഷയില്‍ വിവരിക്കുന്ന ഒരു രീതി. സംഭവങ്ങള്‍ വിവരിക്കുന്നതിനിടയിലും നീ ഓരോ വിഷയങ്ങളെക്കുറിച്ചുള്ള നിന്റെ ചിന്തകള്‍ അനാവശ്യമായി നീട്ടിപ്പരത്തി വിശദീകരിക്കുകയും ചെയ്യുന്നു. നിന്റെ കഥകളും കഥാകാരനെത്തന്നെ കേന്ദ്രീകരിച്ചുള്ള സംഭവവിവരണങ്ങളാണ്. നിന്റെ കഥകളിലെ നായകകഥാപാത്രങ്ങള്‍ ബ്ലോഗില്‍ നീ സംസാരിക്കുന്നതുപോലെത്തന്നെയാണ് സംസാരിക്കുന്നത്. ബ്ലോഗില്‍ നീ ചെയ്യുന്നതുപോലെ അവര്‍ ഫിസിക്സും കമ്പ്യൂട്ടര്‍ സയന്‍സുമൊന്നും പറയാറില്ലെന്നു മാത്രം. ഇതില്‍ നിന്നൊക്കെ എന്റെ നിഗമനം : നീ നിന്നെത്തന്നെയാണ് മാനസികവിഭ്രാന്തി കാണിക്കുന്ന നിന്റെ കഥാപാത്രങ്ങളിലൂടെ വരച്ചുകാട്ടുന്നത്. അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെല്ലാം നീയും അനുഭവിക്കുന്നു. അവര്‍ കടന്നുപോകുന്ന സാഹചര്യങ്ങളൊക്കെ നിന്റെ ഭൂതകാലത്തില്‍ നിന്നോ നീ സങ്കല്‍പിക്കുന്ന നിന്റെ ഭാവിയില്‍നിന്നോ ഉള്ളതാണ്.”

“നീയിപ്പറയുന്നത് എത്രമാത്രം അസംബന്ധമാണെന്ന് നിനക്ക് മനസ്സിലാകുന്നില്ലേ?”
“അല്ല – ഇതാണ് സത്യം. നീ രോഗലക്ഷണങ്ങള്‍ കഥകളിലെപ്പോലെ ജീവിതത്തിലും പുറത്തുകാണിക്കാന്‍ പോകുന്ന ഒരു മാനസികരോഗിയാണ്. കഴിഞ്ഞ കഥയിലെ നായകനെപ്പോലെ നാളെ നീ സ്ത്രീവേഷം ധരിച്ച് നടക്കാന്‍ തുടങ്ങിയാല്‍ ഞാന്‍ അദ്ഭുതപ്പെടില്ല.”
“എനിക്ക് വട്ടാണെന്നാണോ നീ പറഞ്ഞുവരുന്നത്?”
“വട്ടന്‍ എന്നുള്ളത് വളരെ നെഗറ്റീവായൊരു പദമാണ്. എനിക്ക് ഇത്രയേ പറയാനുള്ളൂ : നിനക്ക് പ്രശ്നങ്ങളുണ്ട്, നീയൊരു മനഃശാസ്ത്രജ്ഞന്റെ സഹായം തേടണം, അതും ഉടനെത്തന്നെ. അടുത്ത ഞായറാഴ്ച ഇന്‍സ്റ്റിറ്റ്യൂട്ട് സൈക്യാട്രിസ്റ്റ് വരുമ്പോള്‍ ഒരു അപ്പോയിന്റ്മെന്റ് ഫിക്സ് ചെയ്യാന്‍ നോക്ക്. ഇല്ലെങ്കില്‍ നിന്റെ കഥാപത്രങ്ങളെക്കൊണ്ട് ചെയ്യിക്കാനുദ്ദേശിക്കുന്ന വല്ലതും നീ എഴുതുന്നതിനുപകരം ശരിക്കും ചെയ്തുപോകും.”
“എന്താ നീ ഉദ്ദേശിക്കുന്നത്?”
“നീ ആരെയെങ്കിലും കൊല്ലുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തേക്കാം. അല്ലെങ്കില്‍ മണി പറഞ്ഞതുപോലെ നീ ഒരു സീരിയല്‍ റേപ്പിസ്റ്റായി മാറും”
“വാട്ട് ദ…”
“നോക്ക്, നിന്റെ കഥയും നിന്റെ ജീവിതവും തമ്മിലുള്ള വ്യത്യാസം വളരെ നേര്‍ത്തതാണ്. നീ എഴുതാന്‍ പോകുന്ന അടുത്ത കഥയില്‍ മുഖ്യകഥാപാത്രം ആത്മഹത്യ ചെയ്യുന്നു. കഥയെഴുതുന്നതിനു പകരം നീ ശരിക്കും ആത്മഹത്യ ചെയ്താല്‍?”

മരണത്തിലേക്ക് നടക്കാന്‍ വിധിക്കപ്പെട്ട എഴുതപ്പെടാത്ത കഥാപാത്രവും മുറിയിലെ ബാഗില്‍ കിടക്കുന്ന നൈലോണ്‍ കയറും എന്റെ മനസ്സിലേക്കോടിയെത്തി. ഒരു നാണയം. രണ്ട് സാധ്യതകള്‍ മാത്രം. ഹെഡ്സ് വീണാല്‍ ലാപ്ടോപ്പില്‍ കഥ ടൈപ്പ് ചെയ്യുന്നു. ടെയില്‍സ് വീണാല്‍ ബാഗില്‍ നിന്ന് നൈലോണ്‍ കയറെടുക്കുന്നു.

“എന്റെ അടുത്ത കഥയിലെ നായകന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് നിനക്കെങ്ങനെ മനസ്സിലായി?

സിദ്ധാര്‍ത്ഥ് പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. സഹിക്കാനാകാതായപ്പോള്‍ ഞാന്‍ നിര്‍ത്താന്‍ അലറി. മുന്നില്‍ നിന്ന് മുറിയും കംപ്യൂട്ടറുകളുമെല്ലാം മാഞ്ഞുപോവുന്നു.

“നിനക്കിത് മുമ്പേ മനസ്സിലായിക്കാണുമെന്നാണ് ഞാന്‍ വിചാരിച്ചത്. യൂ ആര്‍ സപ്പോസ്ഡ് റ്റു ബി ഇന്റലിജന്റ്. നിന്നോടിപ്പോള്‍ സംസാരിക്കുന്നത് നിന്റെ സുഹൃത്തായ സിദ്ധാര്‍ത്ഥല്ല. അവന് നിന്നെ പുറത്തുനിന്നേ നോക്കാന്‍ സാധിക്കൂ – നീ ഉദ്ദേശിക്കുന്നത്രയേ അവന് നിന്നെക്കുറിച്ച് അറിയാനും സാധിക്കൂ. നിന്റെ കഥാപാത്രമായ സിദ്ധാര്‍ത്ഥാണ് ഞാന്‍. നിന്റെ ഉള്ളിലാണ് എന്റെ വാസം – നിന്റെ ചിന്തകളും ഉദ്ദേശ്യങ്ങളും ഒക്കെ എനിക്ക് കാണാം. അല്ലെങ്കില്‍ പിന്നെ നിന്റെ കഥകളൊക്കെ എനിക്കെങ്ങനെയാണ് വായിക്കാന്‍ സാധിച്ചിരിക്കുക? അവ ഇപ്പോള്‍ എവിടെയാണെന്ന് നിനക്കുതന്നെ നിശ്ചയമില്ലല്ലോ. ബ്ലോഗുള്‍പ്പെടെയുള്ള നിന്റെ രചനകളിലധികവും മലയാളത്തിലുമാണ്. എനിക്ക് മലയാളം വായിക്കാനറിയില്ലെന്ന് നിനക്കറിഞ്ഞുകൂടേ?”

ഇരുട്ട്. സിഡ് മാത്രം ബാക്കി. ആ ചിരി എനിക്ക് അടക്കിയേ കൂടൂ.

“അപ്പോള്‍ നീ എന്റെ കഥാപാത്രമാണ്. എന്റെ മനസ്സിന്റെ താക്കോല്‍ നിന്റെ കൈയിലാണ്. എനിക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന് നീ പറയുകയാണെങ്കില്‍ അത് വെറുമൊരു സാധ്യതയല്ല, അതാണ് സത്യം. ഈ സത്യം നീ മനസ്സിലാക്കിയെങ്കില്‍ നീ അറിയാന്‍ പാടുള്ളതിലുമേറെ അറിഞ്ഞിരിക്കുന്നു. എന്നെ നീ ഇനിയും അലട്ടാതിരിക്കാന്‍ നിന്നെ കൊല്ലുകയേ എനിക്ക് നിര്‍വാഹമുള്ളൂ. നീ എന്റെ കഥാപാത്രമായതിനാല്‍ ഇത് വളരെ എളുപ്പവുമാണ്. ഗുഡ്ബൈ സിഡ്, ഈ വാക്യത്തിന്റെ അവസാനം വരെയേ നിനക്ക് ആയുസ്സുള്ളൂ.”

“സിഡ്, ഒരു കാര്യം കൂടി മനസ്സിലാക്കുക. ഇനിയും ഞാന്‍ നാണയം ടോസ് ചെയ്യും. ഹെഡ്സ് വീണാല്‍ കഥ. എന്നെങ്കിലും ടെയില്‍സ് വീഴുന്നതിനുമുമ്പ് യഥാര്‍ത്ഥ ജീവിതത്തില്‍ നീ ഈ സത്യമൊക്കെ അറിഞ്ഞാല്‍ എന്റെ കഥാപാത്രത്തോട് ചെയ്യാനുദ്ദേശിച്ചിരുന്നതാകും ഞാന്‍ നിന്നോട് ചെയ്യുക.”

പിന്‍കുറിപ്പ് :
* ഇതൊരു ചെറുകഥയാണ്. വായിച്ചിട്ട് ചിലര്‍ക്ക് ഇക്കാര്യം മനസ്സിലാകുന്നില്ലത്രെ 🙂
* ഫാന്‍സിന്റെ അഭ്യര്‍ത്ഥനകള്‍ മാനിച്ച് ഒരു തര്‍ജ്ജമ ദാ, ഇവിടെ

39 thoughts on “സൈക്കോഅനാലിസിസ്”

  1. hi, a long post after a long time. interesting….
    ശരിക്കും വട്ടായോ ?

    താങ്ങള്‍ എന്താണ് ഉദ്ധേശികുന്നത് ?

    മനസിലായില്ല…….

    കഴിയുമെങ്ങില്‍ ആ ചെറുകഥകള്‍ ഒന്ന് അപ്‌ലോഡ്‌ ചെയ്യുക.

    വായിച്ചിട്ട് അഭിപ്രായം പറയാം .

    Like

    1. ഉഗ്രന്‍ കഥ….
      എന്നാലും ഒരു ഡിസ്ക്ലൈമര്‍ വേണ്ടിവന്നു അല്ലേ?

      ഈ സിഡ് ഒരു പെണ്ണാവാനാണ് സാധ്യത അല്ലാതെ ആര്‍ക്കാ ഇത്രമാത്രം കുറ്റം കണ്ടു പിടിക്കാന്‍ കഴിയുക 🙂

      Like

    1. ഇക്കാര്യം ഇക്ബാലിനെങ്ങനെ മനസ്സിലായി? ഞാനും അനിയനും കൂടി ഇതിനെ അടിസ്ഥാനമാക്കി ഒരു ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ ആലോചിക്കുന്നുണ്ട്. വല്യാ കാര്യമൊന്നുമുണ്ടാവില്ല, ന്നാലും കെടക്കട്ടെ. തിരക്കഥ പുരോഗമിക്കുന്നു

      Like

  2. റസിമാനെ .ഈ പറഞ്ഞ സംഭവം സത്യമാണെങ്കില്‍ സൂക്ഷിക്കുക.
    പിന്നെയൊരു വ്യകതിപരമായ കാര്യം.ഞാന്‍ സ്കൂളില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കാലത്ത് മാധ്യമങ്ങളിലൂടെ റസിമാന്‍ എന്നാ കഥാപാത്രത്തെ കുറിച്ച് ഞങ്ങള്‍ കുട്ടികള്‍ അറിഞ്ഞപ്പോള്‍,പലരില്‍ നിന്നും ഉയര്‍ന്നു അഭിപ്രായങ്ങള്‍ എന്റെ കാതുകളില്‍ ഇപ്പോളുമുണ്ട്.”ഇവനൊന്നും വേറെ തൊഴിലില്ലേ?പഠിച്ചു പഠിച്ചു ഒടുവില്‍ വട്ടാകും”

    ഈ ‘കഥ’ വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ സഹാപാടികലായ സിഡ്മാരെ ഒരു നിമിഷം ഓര്‍ത്തു പോയി.

    Like

  3. ഗുഡ് ജോബ്. ഇത് മോഷൻ പിക്ചറിലേക്ക് മാറ്റുകയണെങ്കിൽ തുടക്കത്തിലെ ഡിറ്റെയിത്സ് കുറക്കൂ.. സസ്പെൻസ് പെട്ടെന്ന് കത്തിയതുപോലെ തോന്നി. ആശംസകൾ.

    Like

  4. നന്നായിടുണ്ട് റസിമാനെ ..

    ഇത്രേം കാലം പോസ്ടാത്തതൊക്കെ ഈ ഒറ്റ പോസ്റ്റിലൊതുക്കി …

    ഇനി ഷോര്‍ട്ട് ഫിലിം .. 🙂

    Like

  5. ‘This piece is entirely fictional. ‘ഫിക്ഷന്‍ ആണെന്നത് സത്യം..പക്ഷെ ഫിക്ഷന്‍ മാത്രമാണ് എന്ന് പറഞ്ഞാല്‍ അതില്‍ ഒരു നുണയില്ലേ.;)
    Loved this piece for its unique Crazyman style..

    Like

  6. May be Sid is the central character’s Id. You may have to tame him before it goes wild. The fear of losing equilibrium is an innate fear in everybody who plunges into the cognitive depths. In cybernetic chaos also similar mirror images of life used to emerge. But when the moment the story teller realize his real existence he becomes a mere creator of a deemed world ; otherwise he may become a victim of the mental trap made by himself. This work is not at all a manifestation of any aberration.It is nothing but an out put of a creative talent which is higher in craftsmanship comparing to the writers other work……..go ahead youngman

    Like

  7. പ്രതീക്ഷിച്ചതിലും എത്രയോ നല്ല പ്രതികരണമാണ് ലഭിച്ചത്. കഥയുടെ എന്‍ഡിങ്ങ് എനിക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. എല്ലാവരുംകൂടി കടിച്ചുകീറി ചോരകുടിക്കുമെന്നാണ് വിചാരിച്ചത്. നീണ്ടകാലത്തെ ഇടവേളയ്ക്കുശേഷമുള്ള പോസ്റ്റിന് നല്‍കിയ വരവേല്‍പിന് എല്ലാവര്‍ക്കും നന്ദി.

    മടിയൊക്കെ കുറച്ച് എഴുത്തില്‍ അല്‍പം കൂടി ആക്ടീവാകാനുള്ള പ്രചോദനമായി എടുക്കാന്‍ ശ്രമിക്കാം 🙂

    Like

    1. ഓരോ വരിയും ഇഷ്ടപ്പെട്ടു..ending ഏറെ ഇഷ്ടപ്പെട്ടു..
      വായനക്കാര്‍ കാത്തിരിക്കുന്നു..ധൈര്യമായി എഴുതിക്കോ..

      Like

  8. കഥ വളരെ ഇഷ്ടമായി . .. പിന്നെ ഏതൊരു രചനക്ക് പിന്നിലും രചയിതാവിന്റെ മാത്രം സ്വന്തമായ ചില അംശങ്ങള്‍ ഉണ്ടാവില്ലേ . . Razimante കഥകളിലെല്ലാം ഇങ്ങനെയോന്നുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് . .

    Like

  9. കൊള്ളാം. എനിക്കിതു തന്നെ വേണം. വാലും തലയുമില്ലാത്ത പ്രാന്തന്‍ പിടയലിനിടെ എത്തിപ്പെട്ടത് ഈ പോസ്റ്റില്‍. ഉള്ളില്‍ പലയിടങ്ങളിലായി കുത്തിമറിയുന്ന പലരുണ്ട്. ഇനിയും പിടി കിട്ടാത്ത സ്വന്തം കഷണങ്ങള്‍. അവരോടുള്ള മല്‍പ്പിടിത്തം സത്യത്തില്‍ എഴുത്തും കുത്തും. അങ്ങിനിരിക്കെ, ഈ കഥ. കഥാപാത്രവും കഥാകാരനും ഡിഷും ഡിഷും നടത്തുന്നത് കേട്ടു പുളിച്ചതാണ്. പക്ഷേ, റസിമാന്‍ അതു പറയുമ്പോള്‍, അവസാനം അങ്ങിനെ ആയെങ്കില്‍ പോലും പിടിച്ചു നിര്‍ത്തി വായിപ്പിക്കുന്ന
    ഒരു ത്രില്ലര്‍ അനുഭവം. നന്നായി കഥ പറയാനറിയാം. പള്‍പ് ഫിക്ഷന്‍ എന്ന കഥാ സമാഹാരത്തിന്റെ ആമുഖമായി ലതീഷ് മോഹന്‍ എഴുതിയ കുറിപ്പ് ചുമ്മാ ഓര്‍മ്മ വന്നു, ഇതു കണ്ടപ്പോള്‍,. മറ്റൊന്നുമല്ല, ഓരോരുത്തരും അകമേ എത്ര പേരാണെന്ന കാര്യം. അതി ബുദ്ധിമാനായ ഒരു കഥ പറച്ചിലുകാരന്റെ തൊപ്പി ഞാനിതാ അണിയിക്കുന്നു. സന്തോഷത്തോടെ

    Like

  10. എന്‍റെ കഥകള്‍ വായിച്ചു ഈ ചോദ്യം പലരും ചോദിച്ചിട്ടുണ്ട്. പിന്നെ പറയാന്‍ അഞ്ചു വര്‍ഷത്തെ മനശാസ്ത്ര പഠന അനുഭവം ഉള്ളത് കൊണ്ട് അധികം പ്രശ്നമില്ല. ഇനി ഒരു ഉപകഥ ബോര്‍ അടിപ്പിക്കുക അല്ല കേട്ടോ ???മോന് അറിയാന്‍ വേണ്ടിയാ….പണ്ട് ഫ്രോയിഡ് എന്ന ന്യുറോലജിസ്റ്റ് ഹിപ്നോടിസം പഠിക്കാന്‍ ചാര്‍ക്കൊട്റ്റ് എന്ന ഗുരുവിന്റെ അരികില്‍ എത്തുന്നു. അവിടെ വച്ചു അന്ന എന്ന സ്ത്രീയെ പരിച്ചപ്പെടുന്നു. ഹിസ്ടീരിയക്ക്‌ ചികിത്സ തേടി എത്തിയതായിരുന്നു അവര്‍. ഫ്രോയിടുമായ് സൌഹൃധതിലായ അവര്‍ അദേഹ തോട് തുറന്നു സംസാരിക്കുന്നു. അവരുടെ വിറയല്‍ മാറുന്നു. തുറന്നു സംസരിക്കുന്നതിലൂടെ രോഗം മാറുന്ന രീതിക്ക് അദ്ദേഹം ഫ്രീ അസോസിയേഷന്‍ എന്ന പേര് നല്‍കി. പിന്നീട് അതാണ് സൈക്കോ അനാലിസിസ് ആയതു.

    Like

ഒരു അഭിപ്രായം ഇടൂ