പ്രഭാതവ്യായാമപുരാണം


ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ പാര്‍ലമെന്റില്‍ ഞാന്‍ ആരോഗ്യമന്ത്രിയായിരുന്നു എന്നത് ചരിത്രത്തിലെ ക്രൂരമായ തമാശകളിലൊന്നാണ്.

ആരോഗ്യസംരക്ഷണസംബന്ധമായ കാര്യങ്ങളില്‍ എന്റെ യാതൊരു ഗൂഢാലോചനയും ആരോപിക്കപ്പെടാവതല്ല. സ്കുളിലെ കായികദിനത്തില്‍ നിന്ന് മുങ്ങല്‍ എല്‍പിയില്‍ പഠിക്കുന്ന കാലം തൊട്ടേ തുടങ്ങിയതാണ്. യുപിയില്‍ പഠിക്കുന്ന കാലത്ത് പനിയുടെയും ജലദോഷത്തിന്റെയുമൊക്കെ കാര്യം പറഞ്ഞ് ഡ്രില്‍ അവറില്‍ പോലും കളിക്കാതിരുന്ന പാര്‍ട്ടിയാണ് ഞാന്‍ (ഇങ്ങനെയൊക്കെയാണെങ്കിലും വീട്ടില്‍ ദിവസവും പഠിത്തമില്ലെങ്കിലും കളിയുണ്ടായിരുന്നെന്നത് വേറെക്കാര്യം). വ്യായാമത്തോടുള്ള എന്റെ ഔദ്യോഗികമായ അവഗണനയും ഈര്‍ക്കിലി പോലുള്ള എന്റെ ഈ ബോഡിയും കണക്കിലെടുത്ത് എനിക്കിട്ട് അധ്യാപകര്‍ ഒന്ന് വച്ചതായിരുന്നു ആരോഗ്യമന്ത്രി സ്ഥാനം എന്നാണ് ഇന്നും എന്റെ ഉറച്ച വിശ്വാസം (സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷനുകളെയും അതിലെ അധ്യാപകരുടെ കറുത്ത [വെളുത്ത] കൈയെക്കുറിച്ചുമൊക്കെ പറയാനുള്ളതൊക്കെ പറയണമെങ്കില്‍ ഒരു പ്രത്യേക പോസ്റ്റ് തന്നെ വേണ്ടിവരും).

മേലനങ്ങല്‍ എന്നത് അനിയന്റെ കൂടെയുള്ള ക്രിക്കറ്റും (അതും ബാറ്റിങ്ങ് മാത്രം) ലേശം ഓടിക്കളിയും കിലോമീറ്ററുകള്‍ നടത്തവും മാത്രമായി പരിമിതപ്പെടുത്തിയതുകൊണ്ട് എനിക്ക് കാര്യമായി ദോഷമൊന്നും ഉണ്ടായതായി തോന്നുന്നില്ല. ഒന്ന് മനസ്സുവച്ചിരുന്നെങ്കില്‍ ശരിയാക്കിയെടുക്കാമായിരുന്ന സിക്സ് പാക്കും സ്റ്റീല്‍ ബോഡിയും നഷ്ടപ്പെടുത്തിയതില്‍ എനിക്ക് ലവലേശം വിഷമവുമില്ല – അത് മൂലം നഷ്ടമായ ആരാധികമാരെ ഞാന്‍ വേറെ വിധത്തില്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പക്ഷെ ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ പണി കിട്ടി. ഫിസിക്കല്‍ എജ്യുക്കേഷന്‍, കല, സ്വഭാവം ഇതിനൊക്കെ ഗ്രേഡിങ്ങുണ്ടാകുമെന്ന് പൊടുന്നനെ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. എല്ലാ വിഷയത്തിലും എ ത്രീ സ്റ്റാറുണ്ടായിരുന്ന എനിക്ക് അഞ്ച് പുഷപ് എടുക്കാനറിയാത്തതുകൊണ്ട് ഫിസിക്കലില്‍ ബി കിട്ടി. കലയിലും അതുപോലെ ബി. എന്തൊക്കെയായാലും അധ്യാപകര്‍ക്ക് എന്നോട് ലേശം സ്നേഹക്കൂടുതലുണ്ടായിരുന്നെന്ന് പറയാതെ വയ്യ – അല്ലെങ്കില്‍ എന്റെ ഉമ്മ പോലും എന്റെ വരയ്ക്ക് ബി ഗ്രേഡ് തരില്ല. ആ, പത്താം ക്ലാസ്സിലെത്തിയപ്പോഴേക്ക് പരിഷ്കാരങ്ങളൊക്കെ ചത്തുമലച്ചതുകൊണ്ട് രക്ഷപ്പെട്ടെന്ന് പറഞ്ഞാ മതിയല്ലോ.

സ്കൂള്‍ വിട്ട് ഐഐടിയിലെത്തിയപ്പോള്‍ ഇതൊക്കെ തീരുമല്ലോ എന്ന സന്തോഷമായിരുന്നു. പക്ഷെ പടപേടിച്ച് പന്തളത്ത് ചെന്നെത്തിയ ശേഷമാണ് കാര്യങ്ങളുടെ ശരിയായ കിടപ്പ് മനസ്സിലാകുന്നത്.

ആദ്യത്തെ രണ്ട് സെമസ്റ്ററിലായി PE101, PE102 എന്ന രണ്ട് കോഴ്സുകളുണ്ട്. ക്രെഡിറ്റ് ഇല്ലാത്ത വകയാണ് – ജയിച്ചോ തോറ്റോ എന്നേ ഗ്രേഡ് ഷീറ്റിലുണ്ടാകൂ. പക്ഷെ മെനക്കേടാണ് രണ്ട് കോഴ്സും. രണ്ട് ഭാഗങ്ങളാണ് കോഴ്സിനുള്ളത്. ഒന്ന് ആഴ്ചയില്‍ രണ്ട് ദിവസം ഓരോ മണിക്കൂര്‍ വീതം ഗ്രൗണ്ടില്‍ ഓട്ടവും എക്സര്‍സൈസും. രണ്ടാമത്തേത് സ്പോര്‍ട്സാണ്. ബാച്ചിലെ അഞ്ഞൂറ് പേരില്‍ നിന്ന് ഓരോ കളിയിലേക്കും ഒരിരുപതുപേരെ തിരഞ്ഞെടുക്കും. അവര്‍ക്ക് വര്‍ക്കിങ്ങ് ഡേയ്സില്‍ പ്രാക്റ്റീസ്. ഇവര്‍ക്ക് പ്രാക്റ്റീസുള്ളതുകൊണ്ട് ഒന്നാം ഭാഗത്തില്‍ നിന്ന് ഇളവ് കിട്ടും. ഒരു കളിയിലേക്കും സെലക്ഷന്‍ കിട്ടാത്തവര്‍ക്ക് എന്‍സിസി, എന്‍എസ്എസ്, യോഗ ഇവയിലേതെങ്കിലും. ബാച്ചില്‍ പകുതിയിലേറെയും എന്‍സിസിയിലായിരിക്കും.

എന്‍സിസിയെക്കുറിച്ച് ഭീകരമായ പല വാര്‍ത്തകളും കേട്ടിരുന്നു. എല്ലാ ശനിയാഴ്ചയും ഷേവ് ചെയ്ത് ഷൂ പോളിഷ് ചെയ്ത് രാവിലെത്തന്നെ അവരുടെ മടയില്‍ ചെന്ന് മൂന്നാല് മണിക്കൂര്‍ മലമറിക്കണം. ആ, പക്ഷെ ഞാനതൊന്നും അത്ര കാര്യമായെടുത്തിരുന്നില്ല. ഒരു കായികവിഭാഗത്തിലെങ്കിലും കയറിപ്പറ്റാനുള്ള കഴിവ് നമ്മക്കുണ്ടെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു.

കളികള്‍ക്ക് അപ്ലൈ ചെയ്യാനുള്ള ഫോം കൈയിള്‍ കിട്ടിയപ്പോഴാണ് ആദ്യത്തെ അടി വീണത്. രണ്ട് കളികളുടെ സെലക്ഷനേ പോകാന്‍ പറ്റൂ. എല്ലാ സ്ഥലത്തും ഭാഗ്യം പരീക്ഷിച്ച് ഒരിടത്തെങ്കിലും രക്ഷപ്പെടാമെന്നുള്ള ഐഡിയ ഇപ്പഴേ പൊളിഞ്ഞു. എന്തോ പ്രാന്തിന് ബാഡ്മിന്റണും ഫുട്ബോളുമാണ് ഞാന്‍ തിരഞ്ഞെടുത്തത്. അതൊരു ആനമണ്ടത്തരമായെന്ന് പിന്നെയാണ് മനസ്സിലായത്. വളരെ പോപ്പുലറായ ഈ സാധനങ്ങള്‍ക്ക് പോകാതെ ഒരുത്തനും വേണ്ടാത്ത വല്ല ഹോക്കിക്കോ മറ്റോ പോയാല്‍ സെലക്ഷന്‍ കിട്ടാന്‍ സാധ്യത കൂടുതലാണ്. ആദ്യം ബാഡ്മിന്റണ്‍ സെലക്ഷനാണ് പോയത്. എല്ലാവര്‍ക്കും അഞ്ചുമിനിറ്റ് കളിക്കാന്‍ സമയം കൊടുക്കുന്നുണ്ട്. എന്നിട്ട് ചുരുക്കം ചിലരോട് അവിടെ പേര് കൊടുക്കാന്‍ പറയുന്നു, ബാക്കിയുള്ളവരെ പറഞ്ഞുവിടുന്നു. അവസാനം നമ്മള നമ്പര്‍ വന്നു, നമ്മള്‍ രണ്ട് തട്ട് തട്ടുന്ന സ്റ്റൈല്‍ കണ്ടപ്പോഴേക്ക് വണ്ടി വിട്ടോളാന്‍ പറഞ്ഞു. അതും രാഹുലിന് ഫുട്ബോളിന് സെലക്ഷന്‍ കിട്ടിയേക്കില്ലെന്ന വാര്‍ത്തയുമായപ്പോള്‍ പിന്നെ ഫുട്ബോള്‍ സെലക്ഷന് പോയേ ഇല്ല.

അങ്ങനെയാണ് എന്‍സിസിയിലെത്തുന്നത്. അവടെ നിന്ന് ജീവനോടെ പുറത്തുവരാന്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച് ഏകദേശമൊരു ഐഡിയ കിട്ടി. ജീവിതത്തോടുള്ള സകല ആസക്തിയും നശിച്ച അഞ്ചാറ് സാഡിസ്റ്റുകളാണ് (അതില്‍ രണ്ടുപേര്‍ മലയാളികള്‍) എന്‍സിസി പ്രോഗ്രാം നടത്തുന്നത്. അവരുടെ വായിലിരിക്കുന്നതൊക്കെ കേള്‍ക്കുക എന്നതൊഴിച്ചാല്‍ എന്‍സിസിയില്‍ നിന്ന് കാര്യമായ ദ്രോഹമില്ല എന്നതാണ് സത്യം (സമയത്തിന് എഴുന്നേല്‍ക്കുന്ന കാലത്തായതുകൊണ്ടായിരുന്നു ഇത്). അറ്റന്‍ഡന്‍സ് ഉണ്ടാവുക എന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം. ഷേവിങ്ങില്‍ നിന്നും എക്സപ്ഷന്‍ കിട്ടി. മോണിങ്ങ് എക്സര്‍സൈസ് എന്നാണ് കോഴ്സിന്റെ പേരെങ്കിലും വൈകുന്നേരമാണ് വ്യായാമപരിപാടികളൊക്കെ. ഗ്രൗണ്ടിന് ചുറ്റും നാലഞ്ച് റൗണ്ട് ഓടുക, കുറച്ചുനേരം എക്സര്‍സൈസ്, ഒടുവില്‍ ഒപ്പിട്ട് തിരിച്ചുപോരുക. രണ്ടും മൂന്നും നാലും കൊല്ലം കോഴ്സ് തോറ്റവരൊക്കെ കൂടെ എന്‍സിസി ചെയ്യുന്നുമുണ്ട്.

പന്ത്രണ്ട് ദിവസമാണ് എന്‍സിസി ഉണ്ടാവുക. അതില്‍ ഒമ്പതെണ്ണത്തിന് പോയാലേ പാസ്സാകൂ. അതുപോലെ 75 ശതമാനം അറ്റന്‍ഡന്‍സ് വൈകുന്നേരത്തെ സാധനത്തിനും വേണം. ഈസിയായി സാധിച്ചെടുക്കാവുന്നതേ ഉള്ളൂ.

അപ്പഴാണ് ഒളിമ്പ്യാഡ് ഒരു പ്രശ്നമായി വരുന്നത്. അന്താരാഷ്ട്ര ഇന്‍ഫര്‍മാറ്റിക്സ് ഒളിമ്പ്യാഡിന് സെലക്ഷന്‍ കിട്ടിയിട്ടുണ്ട്. അതും അതിന്റെ ട്രെയിനിംഗുമായി രണ്ടാഴ്ചത്തെ ക്ലാസ്സ് പോകും. ആദ്യം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലീവ് ഒപ്പിച്ചെടുക്കണം. മാധവന്‍ സാറിന്റെ സുഹൃത്തായ മനീന്ദ്ര അഗര്‍വാളും അസി. രജിസ്ട്രാര്‍ ശരിഫും സഹായിച്ചതുകൊണ്ട് ചുവപ്പുനാടപ്രശ്നങ്ങളൊന്നുമില്ലാതെ നോ ഒബ്ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റും ലീവുമൊക്കെ കിട്ടി. മൂന്ന് എന്‍സിസി പരേഡ് മിസ്സാകും. ഒളിമ്പ്യാഡിന്റെ കാര്യമായതുകൊണ്ട് ലീവിനെക്കുറിച്ചൊക്കെ പറഞ്ഞ് അത് ശരിയാക്കിയെടുക്കാമെന്നുവച്ചപ്പോള്‍ എന്‍സിസി സാഡിസ്റ്റുകള്‍ സമ്മതിക്കുന്നില്ല. സമയമില്ലാത്തതുകൊണ്ട് അതിനെക്കുറിച്ച് കൂടുതല്‍ വാദിക്കാനൊന്നും പറ്റിയില്ല. ബാക്കിയുള്ള ഒമ്പത് പരേഡിന് പോയി ഒപ്പിക്കാമെന്ന് തീരുമാനിച്ചു. വൈകുന്നേരത്തെ ക്ലാസ്സാണെങ്കില്‍ മൂന്ന് ദിവസമേ ഉള്ളൂ, അതുകൊണ്ട് അറ്റന്‍ഡന്‍സില്‍ വലിയ പ്രശ്നമൊന്നും വരില്ല.

ചെന്നൈയിലും ക്രൊയേഷ്യയിലുമൊക്കെ പോയി തിരിച്ചുവന്നു. വന്ന ആദ്യം തന്നെ ചെയ്തത് പി.ഇ.യുടെ ഭാഗമായ മാരത്തണിന് പോവുകയായിരുന്നു. മേക്കപ് ലാബുകളും കണക്കില്ലാത്ത പരിക്ഷകളും ചെയ്തുതീര്‍ക്കുന്നതിന്നിടയില്‍ PE101 നെക്കുറിച്ച് കൂടുതലൊന്നും ആലോചിക്കാന്‍ പറ്റിയില്ല. പക്ഷെ തിരിച്ചുവന്നതിനുശേഷം പരേഡുകളും “പ്രഭാത”വ്യായാമങ്ങളുമൊന്നും മിസ്സാക്കിയില്ലെന്ന് ഉറപ്പുവരുത്തി. എല്ലാ ശരിയാഴ്ചയും രാവിലെ മസാലദോശ എന്ന് പേരിട്ടുവിളിക്കുന്ന മെസ്സിലെ അക്രമവും കഴിച്ച് ഞാന്‍ എന്‍സിസിക്ക് പോകും. ഉച്ചയായി തിരിച്ചെത്തുമ്പോഴേക്ക് ആ ദിവസം വേറൊന്നിനും കൊള്ളാത്ത പരുവമായിട്ടുണ്ടാകും. അങ്ങനെ സെമസ്റ്ററിനെക്കാള്‍ വേഗത്തില്‍ ഞാന്‍ തേഞ്ഞുതീരാന്‍ തുടങ്ങി. മൂന്ന് സെറ്റ് പരീക്ഷകളും ലാബ് എക്സാമും ഒക്കെ കഴിഞ്ഞ് ഡിസംബറില്‍ ഒരു മാസത്തെ അവധി വന്നു. പരീക്ഷയുടെ പേപ്പറൊന്നും വാങ്ങാന്‍ നില്‍ക്കാതെ വീട്ടിലേക്കോടി. അത് ശുഭായുവും രാഹുലുമൊക്കെ വാങ്ങിച്ചു. പക്ഷെ ഗ്രേഡറിയാന്‍ തിരിച്ച് ഐഐടിയിലെത്തണം. അല്ലെങ്കില്‍ ഐഐടിയിലിരിക്കുന്ന വല്ലവനും ഇന്‍സ്റ്റിറ്റ്യൂട്ട് മെയില്‍ ഐഡിയുടെ പാസ്വേഡ് കൊടുക്കണം. കൊടുത്തു. പക്ഷെ ആരും ഗ്രേഡ് നോക്കി പറഞ്ഞുതന്നില്ല.

ഡിസംബര്‍ അവസാനം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തിരിച്ചെത്തി. അപ്പഴേക്കും ഗ്രേഡൊക്കെ നോക്കിവച്ച രാഹുല്‍ അവനും എനിക്കും എല്ലാ വിഷയത്തിലും എ ഗ്രേഡ് ഉണ്ടെന്ന് പറഞ്ഞുതന്നു. സന്തോഷം. പിന്നെ കുറേ നേരം വിങ്ങിലുള്ളവരോടൊക്കെ സംസാരിച്ചിരിക്കുന്നതിനിടെയാണ് ആരോ എനിക്ക് പി.ഇ.യില്‍ ഫെയില്‍ ഗ്രേഡാണ് കിട്ടിയതെന്ന് പറയുന്നത്. എനിക്കപ്പോള്‍ തമാശയായാണ് തോന്നിയത്. ഒമ്പത് പരേഡിന് എന്തായാലും പോയിട്ടുണ്ട്. വൈകുന്നേരവും എല്ലാ ദിവസവും പോയിട്ടുള്ളതാണ്. പിന്നെങ്ങനെ ഫെയിലാകും? പക്ഷെ കുറച്ച് കഴിഞ്ഞപ്പോള്‍ പേടിതോന്നിത്തുടങ്ങി. പൊട്ടിയാല്‍ കുറേ പ്രശ്നങ്ങളുണ്ട്. കോഴ്സ് മൊത്തമായി റിപ്പിറ്റ് ചെയ്യണം – അതിലും വലിയൊരു ദുര്‍ഗതി വരാനില്ല. ഓണേഴ്സ് ഡിഗ്രി നഷ്ടമാവുകയും ചെയ്യും.

അന്ന് വൈകുന്നേരം സിസിയില്‍ ചെന്ന് ഗ്രേഡ് നോക്കി. സംഭവം ശരിയാണ് – പി.ഇ.യില്‍ X ഗ്രേഡാണ് കിട്ടിയിരിക്കുന്നത്. പിന്നെ ആകെ കച്ചറയായിരുന്നു. അടുത്ത ദിവസം തന്നെ എന്‍സിസി ഓഫീസില്‍ പോയി. അവരുടെ ഭാഗത്തുനിന്ന് എന്നെ തോല്‍പിക്കാന്‍ യാതൊരു ശ്രമവുമുണ്ടായിട്ടില്ലെന്ന് മനസ്സിലായി. പി.ഇ. ഓഫീസിലെത്തിയപ്പോഴാണ് കാര്യം മനസ്സിലായത്. ഞാന്‍ ഒളിമ്പ്യാഡിനു പോയ രണ്ടാഴ്ച സാധാരണയില്‍ കൂടുതല്‍ പി.ഇ. ക്ലാസ്സുകളുണ്ടയിരുന്നു. കൂടെയുള്ള ബ്ലഡിഫൂള്‍സ് ഇതൊന്നും എന്നോട് പറഞ്ഞിരുന്നുമില്ല. അതൊക്കെ മിസ്സായതുകൊണ്ട് ആവശ്യത്തിലും ഒരു ദിവസം കുറവേ ഞാന്‍ പി.ഇ. അറ്റന്‍ഡ് ചെയ്തുള്ളൂ. ക്രൂരനായ പി.ഇ. ഇന്‍ചാര്‍ജ്ജ് ആ ഒരു ദിവസത്തിന്റെ വ്യത്യാസത്തിന് എന്നെ തോല്‍പിച്ചുകളഞ്ഞു.

ഏതായാലും രജിസ്ട്രേഷന്‍ ദിവസം തന്നെ ഡീന്‍ ഓഫ് സ്റ്റുഡന്റ്സിനെ പോയി കണ്ടു. അങ്ങേര്‍ രജിസ്ട്രേഷന്‍ കഴിഞ്ഞ് വരാന്‍ പറഞ്ഞു. നല്ല മനുഷ്യനായിരുന്നു. എന്നോട് ഒരു അപ്ലിക്കേഷനെഴുതി കൊടുക്കാന്‍ പറഞ്ഞു. കൊടുത്തുകഴിഞ്ഞപ്പോള്‍ ഇതൊന്നും കഴിഞ്ഞ സെമസ്റ്ററില്‍ തന്നെ നോക്കാത്തതിന് എന്നെ കുറേ ചീത്ത പറഞ്ഞു.

പത്തു കിട്ടിയിട്ട് പി.ഇ.യില്‍ തോറ്റതുകൊണ്ട് എനിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നല്ല പ്രശസ്തി കിട്ടി. ക്ലാസിക്കല്‍ മഗ്ഗുവായി എന്നെ എല്ലാവരും കണക്കാക്കാന്‍ തുടങ്ങി. അതുകഴിഞ്ഞ് എന്റെ സെമസ്റ്ററിന്റെ വലിയ ഭാഗവും യു.ജി. ഓഫീസിലേക്കും ഡോസ (ഡീന്‍ ഓഫ് സ്റ്റുഡന്റ്സ് അഫെയര്‍സ്) ഓഫീസിലേക്കുമുള്ള ഗ്രേഡ് ചേഞ്ച് ഓട്ടങ്ങള്‍ തിന്നുതീര്‍ത്തു. ആഴ്ചയ്ക്കെന്നോണം രണ്ട് സ്ഥലത്തും പോണം. ശരിയാകും, ഡയറക്ടര്‍ക്ക് ഫോര്‍വേഡ് ചെയ്തിട്ടുണ്ട് എന്നിങ്ങനെയുള്ള മറുപടികളിങ്ങനെ കേള്‍ക്കാം. ഇതിനിടക്ക് കോഴ്സ് റിപ്പീറ്റ് ചെയ്യേണ്ടിവന്നാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ തുടര്‍ച്ചയായി ഓര്‍മ്മപ്പെടുത്തിക്കൊണ്ട് PE102 കോഴ്സിലെ എന്‍സിസി പരേഡുകളും വ്യായാമവുമുണ്ടായിരുന്നു. ഒടുവില്‍ പൊടുന്നനെ ഡോസയെ കാണാതായി. ഒരാഴ്ചക്കാലം കാണാതായപ്പോള്‍ ഞാന്‍ സാക്ഷാല്‍ ഡയറക്ടര്‍ക്ക് ഒരു മെയിലയച്ചു.

അടുത്ത ആഴ്ച ഡോസ തിരിച്ചുവന്നു. വയറ് നിറച്ചും പണിയുള്ള ഡയറക്ടറെ (അങ്ങേരുടെ പണിയെന്താന്ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പാട്ടാണ്) നേരിട്ട് മെയിലയച്ച് വെറുപ്പിച്ചതിന് എന്നെ പിന്നേം കുറെ ചീത്തപറഞ്ഞു. ഏതായാലും ഗുണമുണ്ടായി. ഡോസ ഫോര്‍വേഡ് ചെയ്ത കത്ത് ഡയറക്ടറുടെ ഓഫീസില്‍ എതോ ക്ലര്‍ക്കിന്റെ മേശപ്പുറത്ത് കെട്ടിക്കിടക്കുകയാരുന്നു. അത് ശരിയാക്കിക്കിട്ടി. അങ്ങനെ മൂന്നുമാസത്തോളം പ്രാന്തുപിടിച്ചശേഷം എന്റെ X ഗ്രേഡ് S ആയി മാറി. ഇതിനിടക്ക് ഫാകള്‍ട്ടി ബില്‍ഡിങ്ങിനകത്ത് അങ്ങോട്ടുമിങ്ങോട്ടും ഓടിയത് കണക്കിലെടുത്താല്‍ എനിക്ക് പി.ഇ.യില്‍ ഒരു മൈനര്‍ തന്നെ കിട്ടാന്‍ വകുപ്പുണ്ട്. ആ, പക്ഷെ ഐഐടി കാന്‍പൂരില്‍ മൈനറിന്റെ പരിപാടിയില്ല.

അങ്ങനെയാണ് ദസ്സയുടെ ട്രാന്‍സ്ക്രിപ്റ്റിലെ ബ്ലാക്ക് മാര്‍ക്ക് മാഞ്ഞത്. ഏതായാലും ഈ സംഭവത്തിനുശേഷം എനിക്ക് കോഴ്സില്‍ തോല്‍ക്കുന്നവരോടൊക്കെ ഭയങ്കര ബഹുമാനമാണ്. കോഴ്സ് കഴിഞ്ഞതില്‍ പിന്നെ ഐഐടിക്കകത്ത് മേലനങ്ങി ഒന്നും ചെയ്തിട്ടുമില്ല. ഒരു റിപ്പീറ്റുണ്ടെങ്കില്‍ ആരോഗ്യം അത്രകൂടിയെങ്കിലും നന്നാകുമായിരുന്നു…

Advertisements

19 thoughts on “പ്രഭാതവ്യായാമപുരാണം”

 1. “ഷേവിങ്ങില്‍ നിന്നും എക്സപ്ഷന്‍ കിട്ടി”
  ഛെ..എന്നാലും അവര്‍ എക്സപ്ഷന്‍ കൊടുത്തല്ലോ. അവര് ചെയ്തത് ഒട്ടും ശരിയായില്ല.
  ബാക്കിയൊക്കെ പ്രവീണ്‍ പറഞ്ഞത് പോലെ.

  Like

 2. ഞാന്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ആദ്യം ഓപ്പണ്‍ ചെയ്യുന്നതു ഗൂഗിള്‍ കഴിഞ്ഞാല്‍ ഉപ്പുമാങ്ങ സൂക്ഷിച്ച ഈ ഭരണിയാണ്…എല്ലാ പോസ്റ്റുകളും ഏറെ ആസ്വാദകം. പിന്നെ ഈയടുത്ത ദിവസം തങ്ങളെ ഞാന്‍ സ്വപ്നത്തില്‍ കണ്ടു…..

  Like

  1. മുടങ്ങാതെ വായിക്കുന്നതിന് നന്ദി ഇഹ്ജാസ്
   എന്നെ സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നാല്‍ പിന്നെ ആ രാത്രി ഉറക്കം കട്ടപ്പൊകയാണ്, ല്ലേ?

   Like

   1. “…പിന്നെ ഈയടുത്ത ദിവസം “തങ്ങളെ” ഞാന്‍ സ്വപ്നത്തില്‍ കണ്ടു…..”

    റസിമാനേ.. എന്നാ ങ്ങള് ഒരു ‘തങ്ങള് ’ ആയത്…? മുൻപ് ഇവിടെയെങ്ങാണ്ട് ‘പൂക്കോയ തങ്ങൾ’ ന്നെന്തോ ഒരു പേരില് ഒരു ഡ്യൂപ് സിദ്ധണ്ടായിരുന്നു. അതുപോലെ ‘റസിമാൻ തങ്ങള് ’ വല്ലോമാണോ ഇപ്പോ പരിപാടി… ;-)))

    Like

   2. ഹഹഹ അങ്ങനെ കരുതിന്നില്ല …………… അന്ന് സ്വപ്നത്തില്‍ താങ്കള്‍ പതിവ്‌ വേഷ രീതിയില്‍ നിന്ന് വിപരീതമായി വെളുത്ത കോട്ടും വെളുത്ത പാന്റും ഒക്കെ ഇട്ടാണ് ദര്‍ശനം നല്‍കിയത്. റസിമാന്‍ അമേരിക്കയില്‍ പോയ സമയത്തെ പോസ്റ്റുകള്‍ വായിക്കുന്നത് കൊണ്ടായിരിക്കാം , ഫുള്ളി അമേരിക്കന്‍ സ്റ്റൈലില്‍ ആയിരുന്നു.

    Like

 3. ‘അത് മൂലം നഷ്ടമായ ആരാധികമാരെ ഞാന്‍ വേറെ വിധത്തില്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.’
  – ഈ റസിമാന്റെ ഒരു കാര്യം.
  ‘ഷേവിങ്ങില്‍ നിന്നും എക്സപ്ഷന്‍ കിട്ടി.’
  – അതെന്റാ അങ്ങനെ ഒരു എക്സപ്ഷന്‍?

  പൊസ്ട് തരക്കേടില്ല..

  Like

 4. റസിമാനിക്കാ……….
  എന്റെ പേര് രഞ്ജിത്ത്
  ഉപ്പുമാങ്ങയെക്കുരിച്ചു വിവരം കിട്ടിയത് നൌഫുക്കയില്‍ നിന്നാണ്…
  പിന്നെ ഷാരോണ്‍ തരുന്ന ഐ ഐ ടി വിശേഷങ്ങളിലുടെ ഞാന്‍ താങ്കളെക്കുറിച്ച് കൂടുതല്‍ അറിയാറുണ്ട്….. 🙂
  അങ്ങോട്ടേക്ക് വരുന്നതിനു മുന്‍പ് ഇക്കാടെ ബ്ലോഗിന്റെ പേര് ഞാനാണ് അവനു പറഞ്ഞു കൊടുത്തത് എന്നതും വാസ്തവം…….

  എന്തായാലും ബ്ലോഗ്‌ പോസ്റ്റുകളെല്ലാം കസറുന്നുണ്ട്‌ കേട്ടോ……
  ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു….

  Like

 5. രണ്ട് തെറി പറയാന്‍ വന്നതാ, ഈ ഫോളോ ചെയ്യുന്ന ഞങ്ങളൊക്കെ ഊളന്മാരാണെന്ന് കരുതരുത്. കുറേ കാലമായി ഇപ്പ വരും ഇപ്പവരും എന്ന് കരുതി ഇരിക്കുന്നു, മറ്റന്നാളേക്ക് ഒരു മാസം തികയും മറക്കണ്ട. x-(

  Like

 6. റസിമാന്‍,

  ഒരു ഓഫ് ടോപ്പിക്ക് കമന്റിട്ടോട്ടെ.. അതായത് ഉപ്പുമാങ്ങ എന്ന പേരും അതിനു താഴെ കൊടുത്തിരിക്കുന്ന ഹെഡറിലെ ചിത്രവും കാണുമ്പോള്‍ പണ്ട് ആരോ എന്റെ ബ്ലോഗില്‍ എഴുതിയ ഒരു കമന്റ് ഓര്‍മ്മ വരുന്നു. ശരവണഭവനില്‍ പന്നിയിറച്ചി വിളമ്പിയ പ്രതീതി.. ഉപ്പുമാങ്ങ എന്ന പേരിനോട് നീതിപുലര്‍ത്തുന്നതാവട്ടെ ഹെഡര്‍.. അല്ലെങ്കില്‍ ബ്ലോഗില്‍ വരുമ്പോളേയുള്ള ആദ്യ ഇമ്പ്രഷന്‍ തന്നെ എന്തോ ശരിയാകുന്നില്ല എന്നൊരു തോന്നല്‍.. വിമര്‍ശനമായെടുക്കരുതെന്ന് അപേക്ഷ..

  Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )