കവാടം


ഇയാളെന്തിനാണ് കുന്തവും പിടിച്ച് മനുഷ്യന്റെ വഴിമുടക്കി നില്‍ക്കുന്നത്?

മതിലുകെട്ടിത്തിരിച്ച വാഗ്ദത്തഭൂമിയുടെ ഒരേയൊരു പ്രവേശനകവാടത്തിലെത്താന്‍ തന്നെ വര്‍ഷങ്ങളെടുത്തു. നിരന്തരദുരിതത്തില്‍ നിന്ന് രക്ഷതേടി അകത്തേക്ക് ഓടിക്കയറാന്‍ ശ്രമിച്ചതാണ്. അപ്പോഴാണിയാള്‍ വഴിതടയുന്നത്.

ഒന്ന് പൊട്ടിച്ചുകൊടുക്കാന്‍ തോന്നിയതാണ്. പക്ഷെ ആ കുന്തം കാണുമ്പോള്‍ ഒരു പേടി. രണ്ട് വര്‍ത്തമാനം പറയാന്‍ തന്നെ ധൈര്യമില്ല എന്നതാണ് സത്യം.

അയാള്‍ ചിരിക്കാന്‍ തുടങ്ങി. പുഞ്ചിരിക്കും അട്ടഹാസത്തിനുമിടയില്‍ എന്തോ ഒന്ന്.

“അകത്തുകടക്കണം, അല്ലേ?”
“ഉം”
“എന്തിനാണ്?”
“വാഗ്ദത്തഭൂമി…”

അയാള്‍ വീണ്ടും ചിരിച്ചു. എന്റെ ബ്ലഡ് പ്രഷര്‍ കൂടാന്‍ തുടങ്ങി. അകത്ത് കടക്കാന്‍ കൈക്കൂലിയൊന്നും ചോദിക്കാതിരുന്നാല്‍ മതിയായിരുന്നു.

“എല്ലാവര്‍ക്കും അകത്തുകടക്കണം. എന്നാല്‍ അങ്ങനെ കണ്ട അണ്ടനെയും അടകോടനെയുമൊന്നും കടത്തിവിടാന്‍ പറ്റില്ല, അതിന് ചില നിബന്ധനകളൊക്കെ പാലിക്കണം.”
“?”
“ഞാന്‍ കുറച്ച് ചോദ്യങ്ങള്‍ ചോദിക്കും. അവയ്ക്കൊക്കെ എങ്ങനെ ഉത്തരം തരുന്നു എന്നുള്ളതിനനുസരിച്ചായിരിക്കും അകത്തേക്ക് കടത്തിവിടണോ എന്ന് തീരുമാനിക്കുക.”

ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി. അതുവരെയുള്ള ജീവിതമെല്ലാം ഈ നിമിഷത്തിനായുള്ള തയ്യാറെടുപ്പ് മാത്രമാണെന്ന് ജ്ഞാനികള്‍ പലവട്ടം ഓര്‍മ്മപ്പെടുത്തിയതാണ്. അറിയാമായിരുന്നു, പക്ഷെ നശ്വരമായ സുഖങ്ങളില്‍ മുഴുകി ഞാനീ ദിനത്തെ മറന്നു. ഇല്ല, ഇനി ഇതൊന്നും ആലോചിച്ചിട്ട് കാര്യമില്ല. വരാനുള്ളതെന്താണെന്നുവച്ചാല്‍ നേരിടുകതന്നെ. പരീക്ഷയില്‍ വിജയിച്ചാല്‍ സ്വര്‍ഗ്ഗം, ഇല്ലെങ്കില്‍ ഗതികിട്ടാതെ അനന്തകാലം അലയാം…

“തയ്യാറാണല്ലോ അല്ലേ? ഞാനിതാ ആദ്യത്തെ ചോദ്യമിടാന്‍ പോവുകയാണ്.”
“തയ്യാറല്ല എന്ന് ഞാന്‍ പറഞ്ഞാലും കാര്യമൊന്നുമില്ലല്ലോ. പിന്നെന്തിനാണിത്?”

വീണ്ടും ആ ചിരി. പക്ഷെ ഇപ്പോള്‍ ആ മുഖത്ത് അല്‍പം കരുണ കാണാനുണ്ട്.

“നീ അല്‍പമൊന്ന് തണുക്ക്. ചോദ്യങ്ങളൊക്കെ വഴിയേ വരും. അതിനുമുമ്പ് ഒന്നറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്, എന്തിനാണ് നീ ഇതിനകത്തുകടക്കാന്‍ ശ്രമിക്കുന്നത്?”
“ഇതാണോ പരീക്ഷയിലെ ആദ്യത്തെ ചോദ്യം?”
“അല്ല. നിന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം നശിപ്പിച്ച്, അനേകം ത്യാഗങ്ങള്‍ സഹിച്ച് ഇതിനകത്തുകടക്കാന്‍ ശ്രമിച്ചതെന്തിനെന്ന് അറിയാനൊരാഗ്രഹം”

പിന്നിട്ട വഴികളിലെ മുള്ളുകള്‍ ചവിട്ടിയ മുറിവുകളെല്ലാം വീണ്ടും വേദനിക്കാന്‍ തുടങ്ങി.

“വാഗ്ദത്തഭൂമി…”
“എന്ത് വാഗ്ദത്തഭൂമി? അകത്തുകടന്നാല്‍ എന്ത് ലഭിക്കുമെന്നാണ് നീ വിചാരിക്കുന്നത്?”
“സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട നിത്യജീവിതം. ദുഃഖങ്ങളും വേദനകളുമില്ലാത്ത ജീവിതം.”

കാതടപ്പിക്കുന്ന പൊട്ടിച്ചിരിയായിരുന്നു മറുപടി. എനിക്കൊന്നും മനസ്സിലായില്ല.

“വിഡ്ഢികള്‍. ഇതിനകത്ത് കടക്കുന്നതോടെ സങ്കടങ്ങളൊന്നുമില്ലാത്ത നിത്യജീവിതം ലഭിക്കുമെന്ന് സ്വപ്നം കാണുന്നു. എന്നിട്ട് ഇവിടെയെത്താനായി ജീവിതം തന്നെ നഷ്ടപ്പെടുത്തുന്നു. നിങ്ങളെയൊക്കെ ആരാണ് ഇങ്ങനെ വഴിതെറ്റിക്കുന്നത്?”

“ഇതിനകത്ത് എന്താണുള്ളതെന്നറിയാമോ? നീ എവിടെനിന്ന് വന്നോ അത്ര തന്നെയെങ്കിലും ദുഃഖങ്ങളും കഷ്ടപ്പാടുകളുമെല്ലാം ഇവിടെയുമുണ്ട്. ആ ലോകം വെറുത്ത് ഇവിടെ വന്നതുപോലെ ഇവിടെനിന്നും രക്ഷപ്പെടാനേ നീ ആഗ്രഹിക്കൂ. പക്ഷെ അതാകട്ടെ നീ ഇതുവരെ പിന്നിട്ട വഴികളെക്കാളെല്ലാം ദുര്‍ഘടം നിറഞ്ഞതായിരിക്കും. അതെ, ദുഃഖങ്ങളില്‍ നിന്ന് ദുഃഖങ്ങളിലേക്കാണ് നിന്റെ യാത്ര.”

കണ്ണില്‍ ഇരുട്ടുകയറാന്‍ തുടങ്ങുന്നല്ലോ.

“അപ്പോള്‍ പറയൂ, ഇനിയും നിനക്ക് ഇതിനകത്ത് കടക്കണമെന്നുണ്ടോ? പരിചിതമായ വിഷമങ്ങളല്ലേ അപരിചിതമായവയെക്കാള്‍ നല്ലത്?”
“വേണ്ട, ഉപദേശം നിര്‍ത്തൂ. എനിക്ക് അകത്തുകടക്കണം. എവിടെ നിങ്ങളുടെ ചോദ്യങ്ങള്‍?”
“ശരി, ചോദിക്കാം. പക്ഷെ ഒരു കാര്യം. നീ ഇവിടെ എത്തിയത് ആരുടെ വഴി പിന്‍പറ്റിയിട്ടാണെങ്കിലും ആരുടെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയാണെങ്കിലും ഇത് നിന്റെ തീരുമാനമാണ്. ചോദ്യങ്ങള്‍ ആവശ്യപ്പെടുന്നതും അവയ്ക്ക് ഉത്തരം കാണുന്നതും നീയാണ്. ഇതിനകത്ത് കയറാന്‍ സാധിച്ചാലും ഇല്ലെങ്കിലും ആ ഫലവുമായി ജീവിക്കേണ്ടതും നീയാണ്.”
“സമ്മതിച്ചു”

“ശരി, ആദ്യത്തെ ചോദ്യമിതാ:”
1. Let S = {1,2,3,4}. The total number of unordered pairs of disjoint subsets of S is equal to
a) 24
b) 34
c) 42
d) 41
e) 45

ചോദ്യത്തെ ഏത് കോണില്‍ നിന്ന് സമീപിക്കണമെന്നുപോലും അറിഞ്ഞുകൂടാ. ഞാനാകെ ഇരുട്ടിലാണ്. ഇതുപോലെ നൂറ്റിഇരുപതെണ്ണം. ആകെ സമയം രണ്ടര മണിക്കൂര്‍. ഇതു കഴിഞ്ഞ് വേറൊരു പേപ്പറും. ഇതെല്ലാം ശരിക്ക് ചെയ്താലേ സ്വര്‍ഗ്ഗരാജ്യത്തെത്താനാകൂ. പടച്ചോനേ…

അയാള്‍ ഇപ്പോഴും പൊട്ടിച്ചിരിക്കുകയാണ്.

Advertisements

4 thoughts on “കവാടം”

  1. “പിന്നിട്ട വഴികളിലെ മുള്ളുകള്‍ ചവിട്ടിയ മുറിവുകളെല്ലാം വീണ്ടും വേദനിക്കാന്‍ തുടങ്ങി”

    മുള്ളാണോ അതോ പിന്നാണോ ചവിട്ടിയത് ?

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )