ആദ്യപ്രണയം


സ്കൂളില്‍ പഠിക്കുമ്പോഴാണ് അവളെ ആദ്യമായി കാണുന്നത്. പരിചയപ്പെടുക, അത്രയേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കാലം എന്നെ അപ്രതീക്ഷിതമായി അവളിലേക്ക് വലിച്ചടുപ്പിക്കുകയാണുണ്ടായത്. അവളെക്കുറിച്ച് കൂടുതലറിയാനായതോടെ ആകര്‍ഷണം പ്രണയത്തിന് വഴിമാറി. പിന്നെ ഒന്നും എന്റെ വരുതിയിലായിരുന്നില്ല. സമൂഹം ഞങ്ങളുടെ ബന്ധത്തെ അവിഹിതം എന്ന പേരിലാണ് വിശേഷിപ്പിച്ചത്, എങ്കിലും എന്റെ വിശ്വാസസംഹിതയനുസരിച്ച് എനിക്കിതൊരു തെറ്റായി ഒരിക്കലും തോന്നിയില്ല. രഹസ്യമാക്കി വയ്ക്കേണ്ടിയിരുന്ന ഈ ബന്ധത്തെക്കുറിച്ച് ഞാന്‍ സുഹൃദ്സദസ്സുകളില്‍ ഒരു ചെറുപുഞ്ചിരിയോടെ വാചാലനായി.

അവള്‍ എന്നും പ്രവചനങ്ങള്‍ക്ക് അതീതയായിരുന്നു. അവളെ പ്രണയിക്കുന്നത് ഒരിക്കലും എളുപ്പമായിരുന്നില്ല. അവളുടെ മനസ്സിന്റെ ചാഞ്ചാട്ടങ്ങളില്‍ എന്റെ ജീവിതം ഒരപ്പൂപ്പന്‍താടി പോലെ ലക്ഷ്യമില്ലാതെ പാറുകയായിരുന്നു. പൊടുന്നനെ എന്നോട് പിണങ്ങി ഞാന്‍ പറയുന്നതൊന്നും കേള്‍ക്കാതെ, മിണ്ടാതെ അവളങ്ങനെ ഇരിക്കും. അവളുടെ മുഖത്ത് ആ പുഞ്ചിരി തിരിച്ചുകൊണ്ടുവരാന്‍ ഞാനെന്തുമാത്രം പണിപ്പെട്ടിരുന്നെന്നോ? എങ്കിലും എന്തുകൊണ്ടോ എനിക്കതെല്ലാം ഇഷ്ടമായിരുന്നു. ഒരുപക്ഷെ അവളുടെ അപ്രവചനീയതയായിരുന്നിരിക്കാം എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. എന്റെ സമയത്തിന്റെ വലിയൊരു പങ്കും ഞാന്‍ അവളോടൊപ്പം ചിലവഴിക്കാന്‍ തുടങ്ങി. അവള്‍ക്കറിയാത്ത രഹസ്യങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല.

കാലം പ്രയാണം തുടര്‍ന്നു. ഞങ്ങളുടെ ബന്ധത്തില്‍ അതിനനുസരിച്ചുള്ള പാകത വന്നോ എന്നറിഞ്ഞുകൂട. എങ്കിലും എനിക്ക് ചില തീരുമാനങ്ങളെടുക്കേണ്ടിയിരുന്നു. ഞങ്ങളുടെ ബന്ധം നിയമവിധേയമാക്കാന്‍ സമൂഹം നിരന്തരമായി മുറവിളികൂട്ടിക്കൊണ്ടിരുന്നു. ഒരിക്കലും എന്നെ നിര്‍ബന്ധിച്ചിരുന്നില്ലെങ്കിലും അവളും അതാണാഗ്രഹിച്ചിരുന്നത്. ഞങ്ങളുടെ അപ്പോഴത്തെ അവസ്ഥയെക്കുറിച്ച് അവള്‍ വ്യാകുലപ്പെട്ടുകൊണ്ടേയിരുന്നു. എന്നാല്‍ ബന്ധം നിയമവിധേയമാക്കുക എന്നുവച്ചാല്‍ ജീവിതാവസാനം വരെ ഒരുമിച്ചുകഴിയാം എന്ന പ്രതിജ്ഞയാണ്. അത്ര വലിയൊരു തീരുമാനമെടുക്കാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു. എങ്കിലും അറിയാത്ത ആ പുതിയ ജീവിതത്തിലേക്ക് കുതിച്ചുചാടാന്‍ ഞാനാഗ്രഹിച്ചു.

അതിനിടയ്ക്കാണ് ഞാന്‍ ഇവളെ പരിചയപ്പെടുന്നത്. ഇവളില്‍ പറയത്തക്ക ആകര്‍ഷണീയതയൊന്നും എനിക്ക് കാണാന്‍ സാധിച്ചിരുന്നില്ല. എങ്കിലും ഇവള്‍ എന്നെ കൂടുതല്‍ ആഴത്തില്‍ സ്നേഹിക്കുന്നതായി എനിക്കനുഭവപ്പെട്ടു. ഇവളെക്കുറിച്ച് അറിയാന്‍ ശ്രമിക്കുന്നത് ആദ്യം വിഷമകരമായി തോന്നിയെങ്കിലും ഇവളുമായുള്ള ബന്ധം കൂടുതല്‍ സരളമായിരുന്നു. ഇവള്‍ അനുസരണയുള്ള ഒരു പൂച്ചക്കുട്ടിയെപ്പോലെയായിരുന്നു. ഞാന്‍ എന്തുചെയ്താലും ഇവള്‍ എന്നെ ഒരു പുഞ്ചിരിയോടെയേ എതിരേല്‍ക്കുമായിരുന്നുള്ളൂ. അപ്രവചനീയതയോടൊത്തുവരുന്ന ആവേശമില്ലായിരുന്നുവെങ്കിലും ഇവളോടൊത്ത് ചിലവഴിച്ച ഓരോ നിമിഷവും ഞാന്‍ സുരക്ഷിതത്വമനുഭവിച്ചു. ഇടക്കിടെ എന്നെ അതിശയിപ്പിക്കാനും ഇവള്‍ക്ക് സാധിച്ചു. ഇവളുമായി കൂടുതലടുത്തതോടെ ഇവളില്‍ ഞാന്‍ കൂടുതല്‍ സൌന്ദര്യം ദര്‍ശിക്കാന്‍ തുടങ്ങി. ജീവിതാവസാനം വരെ ഇവളോടൊത്ത് കഴിയാനുള്ള പ്രതിജ്ഞപോലും എനിക്ക് വലിയൊരു കാര്യമായി തോന്നിയില്ല. സമൂഹം ഞങ്ങളെക്കുറിച്ച് എന്തുവിചാരിക്കുന്നു എന്ന ആകുലത ഒരിക്കലും ഇവളുടെ മനസ്സില്‍ ഉയര്‍ന്നുവന്നതുമില്ല.

അതെ, ഇവള്‍ക്കുവേണ്ടി ഞാന്‍ അവളെ – എന്റെ ആദ്യത്തെ പ്രണയിനിയെ – ഉപേക്ഷിച്ചു. ആ പ്രവൃത്തി തെറ്റായിരുന്നോ എന്നൊരു സംശയം ഇടക്കിടെ മനസ്സില്‍ ഉയര്‍ന്നുവരാറുണ്ട്. എങ്കിലും ഇവളോടൊപ്പം പ്രണയത്തിന്റെ, സമാധാനത്തിന്റെ, സംതൃപ്തിയുടെ ജീവിതം നയിക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു – ഞാനെടുത്ത തീരുമാനം ശരിയായിരുന്നു.

ഞാനും അവളും തമ്മിലുള്ള ബന്ധം ഇപ്പോഴെങ്ങനെയാണ്? ഞങ്ങളിപ്പോഴും സുഹൃത്തുക്കളാണ്. ഇടയ്ക്ക് വല്ലയിടത്തും വച്ച് കണ്ടുമുട്ടും, വല്ലതുമൊക്കെ സംസാരിച്ച് പിരിയുകയും ചെയ്യും.

അതെ, എന്റെ ലാപ്ടോപ്പില്‍ ലിനക്സിനോടൊപ്പം വിന്‍ഡോസ് 7ഉം ഡുവല്‍ ബൂട്ട് ചെയ്തിട്ടുണ്ട്. രണ്ട് മാസത്തിലൊരിക്കലോ മറ്റോ ഞാന്‍ വെറുതെ വിന്‍ഡോസുപയോഗിക്കാറുമുണ്ട്, ഇപ്പോഴും.

പിന്‍കുറിപ്പ്:
റിജോയുമായി ചാറ്റ് ചെയ്യുന്നതിനിടെ ഉയര്‍ന്നുവന്നതാണ് വിന്‍ഡോസുമായുള്ള അവിഹിതബന്ധം എന്ന ആശയം. അതൊരു ബസ്സാക്കിയിട്ടു. നത പറഞ്ഞപ്പോള്‍ ഒരു ബ്ലോഗ് പോസ്റ്റുമാക്കി. ഇപ്പോള്‍ അലക്സ് പറഞ്ഞതിനനുസരിച്ച് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുന്നു. എന്റെ യൂഷ്വല്‍ തര്‍ജ്ജമകളെപ്പോലെ ഇതും ബോറായിരിക്കും, ന്നാലും കെടക്കട്ടെ.

Advertisements

14 thoughts on “ആദ്യപ്രണയം”

 1. പറ്റിച്ചു. എന്നേം പറ്റിച്ചു.
  ചതിയായിപ്പോയി.

  സെന്റിയടിച്ചിരുന്നു വായിച്ചിട്ട് അവസാനം……
  എന്നാലും കൊള്ളാട്ടോ.

  Like

 2. ഞാന്‍ അവളെ ഏകദേശം ഉപേക്ഷിച്ചത് പോലെയാ… കൂടെ കൊണ്ടു നടക്കുന്നു എന്നു മാത്രം. പിന്നെ ഇവളെ ഇടക്ക് മേക്കപ്പോക്കെ ചെയ്ത് അവളെയും മറ്റവളെയും പോലെ ആക്കന്‍ നോക്കാറുണ്ട് എന്ന് മാത്രം. 🙂

  Like

 3. ഹാ..ഹാ..ഞാനും രണ്ടു പെരെയും കൂടെ കൂടിയിട്ടുണ്ട്..പുതിയ ആളെ (ലിനക്സ്) ഇപ്പൊഴും അല്പം പേടിയാണ്..അതുകൊണ്ടു പഴയ കൂട്ടുകാരിയോടൊപ്പം നടക്കുന്നു.

  Like

 4. രണ്ടും നന്നായിരിക്കുന്നു എങ്കിലും ഇന്ഗ്ലിഷിലെഴുതിയതാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്. മലയാളത്തിലെതിയപ്പോലെക്കും അല്പം ആശയചോര്‍ച്ച ഉണ്ടായോ ( അതോ എന്റെ വായനയുടെ കുഴപ്പമാണോ?) സൌന്ദര്യം കൂടുതലുള്ള പ്രയോഗങ്ങള്‍ ഉള്ളത് മലയാളം തര്‍ജമയില്‍ തന്നെ, സംശയമില്ല.

  Like

 5. റസിമാനെപ്പറ്റി ആദ്യം കേട്ടത് ലേബര്‍ഇന്ത്യയുടെ “generalknowledge ” എന്ന പഴയഒരു പ്രസിദ്ധീകരണത്തിന്റെ കവറ് പേജീന്നാണ്`… ഏറ്റവും ഒടുവില് iitയില് ചേരുന്നു എന്ന് ‘ദേശാഭിമാനി’ പത്രത്തില്‍ വാര്‍ത്തയിലാണ് കേട്ടത്… പക്കാ പുസ്തകപ്പുഴുവാവും എന്നാണ്` കരുതിയിരുന്നത്… ഇവിടെ വന്നപ്പോള്‍ ആ ധാരണ തിരുത്തേണ്ടി വന്നു… നന്നായി എഴുതുന്നുണ്ട്… ആശയങ്ങള്‍ കൊള്ളാം… എഴുത്തുരീതികളും… ഉപ്പുമാങ്ങാ മധുരം(മധുരം തന്നെയോ?) തയ്യാറാക്കാന്‍ എങ്ങനെ ഉണ്ടാക്കിയെടുക്കുന്നു സമയം?

  Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )