ചെറിയൊരു പോസ്റ്റ്


കുറേ വായിക്കാനും നാളെ ഒരു റിപ്പോര്‍ട്ട് സബ്മിറ്റ് ചെയ്യാനും ഉള്ള സ്ഥിതിക്ക് ഒരു പോസ്റ്റാകാമെന്നുവച്ചു (ഈ പോക്ക് പോയാല്‍ എന്നെയും അമേരിക്ക ആ പെങ്കൊച്ചിനെപ്പോലെ കരിമ്പട്ടികയില്‍ പെടുത്തുമെന്നാണ് ഉപ്പ പറയുന്നത്). സാധാരണ വലിച്ചുവാരി എഴുതുന്നതില്‍ നിന്ന് വിഭിന്നമായി ഈ പോസ്റ്റ് ചെറുതായിരിക്കും. ഒരു കാര്യം കൂടി, എന്നെപ്പറ്റിയോ ജീവിതത്തെപ്പറ്റിയോ ലോകത്തെപ്പറ്റിയോ ആരുടെയും ധാരണകളൊന്നും ഈ പോസ്റ്റ് വായിച്ച് മാറാന്‍ പോകുന്നില്ല, പുതിയ ജ്ഞാനമൊന്നും സിദ്ധിക്കാനും പോണില്ല.

പ്ലസ് റ്റുവില്‍ പഠിക്കുന്ന കാലം. അറ്റന്‍ഡന്‍സ് ഫനാറ്റിക്കുകളായ സ്കൂളുകാരുടെ പൂര്‍ണ്ണസമ്മതത്തോടെ ക്ലാസ് കട്ടുചെയ്യാനുള്ള ഉപാധികളായ ക്വിസ്സുകളിലും സമാനപരിപാടികളിലും കഴിയുന്നത്ര പങ്കെടുത്തിരുന്ന കാലം. ജില്ലാ യുവജനോത്സവം വന്നു. സ്കൂളില്‍ ഇന്‍ഡിവിജ്വല്‍ ചാമ്പ്യനായിരുന്നതുകൊണ്ട് (ശ്ശോ എനിക്ക് വയ്യ. എന്റെ യൂത്ത് ഫെസ്റ്റിവല്‍ പരാക്രമങ്ങളെക്കുറിച്ചെഴുതുകയാണെങ്കില്‍ ഒരു നോവല്‍ തന്നെ എഴുതണ്ടിവരും) ഒന്നുരണ്ട് ഐറ്റത്തില്‍ പങ്കെടുക്കാം – എന്നുവച്ചാല്‍ രണ്ട് ദിവസത്തെ ക്ലാസ്സ്, പടച്ചോനേ… വടക്കാണ് പരിപാടി – മേമുണ്ട ആയിരുന്നെന്ന് തോന്നുന്നു.

രാവിലെ തന്നെ പോയി. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയമനുസരിച്ച് വൈകുന്നേരമേ നമ്മുടെ ഐറ്റം ഉണ്ടാകൂ എന്ന് മനസ്സിലായി. അതുവരെ സമയം കൊല്ലണം. വല്ലവരോടും സംസാരിച്ചിരിക്കുകയേ വഴിയുള്ളൂ. നമ്മളെ അറിയുന്ന ഒരുത്തനും അടുക്കുന്നില്ല. അബദ്ധത്തില്‍ അടുത്തുവരുന്ന വല്ല അജ്ഞനും ഉണ്ടെങ്കില്‍ എന്റെ കത്തി കേട്ട് പത്തുമിനിറ്റിനുള്ളില്‍ യുവജനോത്സവമോഹങ്ങള്‍ തന്നെ ചവറ്റുകൊട്ടയില്‍ തള്ളി നാടുവിടുന്നു. അവസാനം ഞമ്മളെ സഹിക്കാന്‍ കപ്പാസിറ്റിയുള്ള രണ്ടാള്‍ മാത്രം ബാക്കിയായി.

കുറേ നേരം ഞാനും അവനും അവളും സംസാരിച്ചുകൊണ്ടിരുന്നു. അവര്‍ രണ്ടുപേരും എന്നെക്കാള്‍ നല്ല കലാകാരന്മാരായതിന്റെ കോമ്പ്ലക്സ് മറക്കാന്‍ ഞാനവരെ കൊല്ലുന്ന കത്തിവച്ചുകൊണ്ടിരുന്നു, പക്ഷെ എന്തോ. അവര്‍ക്കത് താങ്ങാനുള്ള കഴിവും ഉണ്ടായിരുന്നു. ഒടുവില്‍ ഉച്ചയായി. വിദ്യാര്‍ത്ഥികള്‍ക്കൊക്കെ സര്‍ക്കാര്‍ വക സൗജന്യഭക്ഷണമുണ്ട്. വെജാണെങ്കിലും ഓരോരുത്തരായി പല ലെവലുകളില്‍ പൈസ മുതലാക്കിയതുകൊണ്ട് വായില്‍ വെക്കാന്‍ കൊള്ളാത്തതാണെങ്കിലും സൗജന്യഭക്ഷണമായതുകൊണ്ട് പോയി തിന്നാമെന്ന് വിചാരിച്ചു.

ഹോട്ടലില്‍ കയറിയപ്പോള്‍ അവടെ ജനങ്ങളുടെ പ്രളയമാണ്. എല്ലാവരും എന്നെയും മൈക്കിനെയും പോലെ സൗജന്യഭക്ഷണത്തിന്റെ ആരാധകരാണെന്നുതോന്നുന്നു. ഭക്ഷണം നിരത്തി ഉണ്ടാക്കിവച്ചിട്ടുണ്ട്, ഇരുന്ന് തിന്നാനുള്ള സ്ഥലത്തിന്റെ കുറവേ ഉള്ളൂ. അവസാനം ഗുസ്തി പിടിച്ച് ഇരിക്കാനൊരു സ്റ്റൂളൊപ്പിച്ചു. ഞാനും അവനും ആ ഒന്നുകൊണ്ട് അഡ്ജസ്റ്റ് ചെയ്ത് അവടിരുന്ന് തിന്നാന്‍ തുടങ്ങി. കുറച്ച് മല്‍പ്പിടിത്തം കഴിഞ്ഞ് അവള്‍ക്കും ഇരിക്കാനൊരു സ്റ്റൂള്‍ കിട്ടി.

അവിടെയും ഞങ്ങള്‍ ചിലച്ചുകൊണ്ടിരിക്കുകയായിരുന്നു. ഓരോന്നും പറഞ്ഞുപറഞ്ഞ് ഒടുവില്‍ അഡ്ജസ്റ്റ്മെന്റിനെക്കുറിച്ച് ഡിസ്കഷന്‍ തുടങ്ങി. ഒരു സ്റ്റൂളില്‍ രണ്ടുപേര്‍ കേറിയിരുന്ന മഹാ എന്റര്‍പ്രൈസിങ്ങ് സംഭവത്തെക്കുറിച്ച് സംസാരിക്കവെ ഞാന്‍ രോമാഞ്ചം കൊള്ളൂകയായിരുന്നു. അപ്പോള്‍ അവള്‍ പറഞ്ഞു : “എങ്കിലും നമുക്ക് രണ്ടുപേര്‍ക്കും ഒരു സ്റ്റൂളില്‍ അഡ്ജസ്റ്റ് ചെയ്തിരിക്കാന്‍ പറ്റില്ലല്ലോ റസിമാന്‍”.

ചെറിയൊരു പ്രസ്താവന. എന്റെ മറുപടിയും ചെറുതായിരുന്നെന്നു തോന്നുന്നു. ശരിക്ക് ഓര്‍മ്മവരുന്നില്ല. ഞാനൊന്ന് ചിരിച്ചിരിക്കാം, അല്ലെങ്കില്‍ തലയാട്ടുകയോ അതെയെന്ന് പറയുകയോ ചെയ്തിരിക്കാം. എങ്കിലും എന്തിനും തര്‍ക്കുത്തരം പറയുന്ന എനിക്ക് അപ്പോഴെന്തേ ഒരു മറുചോദ്യം ചോദിക്കാന്‍ തോന്നിയില്ല?

പിന്‍കുറിപ്പ് : ഈ ചോദ്യം എവിടെയെങ്കിലും കുറിച്ചിടണമെന്ന് കുറച്ചായി വിചാരിക്കുന്നു. ഇതുകൂടി കണ്ടപ്പോള്‍ ഇപ്പത്തന്നെയാകാമെന്ന് കരുതി (ലിങ്കിട്ടെന്നു കരുതി അതിയാന്‍ പറയുന്നതൊക്കെ ഞാന്‍ എന്‍ഡോഴ്സ് ചെയ്യുന്നെന്നൊന്നും കരുതിയേക്കരുത്. എങ്കിലും ചിന്തിക്കേണ്ട വിഷയമാണ്)

Advertisements

11 thoughts on “ചെറിയൊരു പോസ്റ്റ്”

 1. എല്ലാം മനസ്സിലായി. ഇനിയും ഇങ്ങനെ ഒരു നാലെണ്ണം കൂടി എഴുതിയാല്‍ ഞാന്‍ വല്ല അവാര്‍ഡോ മറ്റോ സംഘടിപ്പിച്ചു തരാം. പോക്കിപ്പറയുകയല്ല.

  Like

 2. വിദഗ്ധസഹായം കൊണ്ട് സംഗതി മനസ്സിലായി. ഇത് ഒരു അതാണ്. ആണിനും പെണ്ണിനും ഒരുമിച്ചിരിക്കാന്‍ പാടില്ല എന്ന സദാചാരം. അതിലും സമൂഹത്തിന്‍റെ ഇരട്ടത്താപ്പുണ്ട്. ബസില്‍ ആണും പെണ്ണും അടുത്തിരുന്നാല്‍ ആളുകള്‍ പുരികം ചുളിക്കും. ട്രെയിനില്‍ ആ പ്രശ്നം ഇല്ല താനും. സമൂഹം എന്ന് നന്നാവുമോ ആവോ .

  Like

 3. ഇതൊക്കെ വായിച്ച് ‘സദാചാരമുള്ള മലയാളികള്‍’ കരിമ്പട്ടികയില്‍ പെടുത്തിയാലേ ഉള്ളൂ..
  സാരമില്ല ലോകം എന്നെങ്കിലും നന്നാവും എന്നു നമ്മ്ക്കങ്ങ് വിശ്വസിക്കാം ..

  Like

  1. അത്രേം ബോറാണോ? ഇമ്പ്രൂവ് ചെയ്യാന്‍ ശ്രമിക്കാം. പിന്നെ നമ്മളെക്കൊണ്ട് അത്രയധികമൊന്നും പറ്റില്ല, സഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഈ ബ്ലോഗ് വായിക്കുന്നത് നിര്‍ത്തിയേര്.

   Like

 4. എന്തുകൊണ്ടാണ് ഈ വിഷയത്തെ കുറിച്ച് ഇത്ര ചെറിയ പോസ്റ്റ്‌?
  പിന്നെ മലയാളിയുടെ(ഇന്ത്യക്കാരുടെ ?) മനോഭാവത്തെ കുറിച്ച് തുടങ്ങിയാല്‍, അത് കമെന്റില്‍ ഒതുങ്ങില്ല. ശ്രീകുമാര്‍ ചേട്ടന്‍ പറഞ്ഞതും ,രസിമാന്‍ പറഞ്ഞതും , ഒരു ചീഞ്ഞ വേരില്‍ നില്‍കുന്ന മരത്തിന്റെ രണ്ടിലകളെ കുറിച്ച് മാത്രമാണെന്ന് മനസ്സിലാകുന്നു .
  പിന്നെ ഇതൊന്നും അത്ര പെട്ടെന്ന് മാറ്റാന്‍ കഴിയുമെന്ന വിശ്വാസം ഒട്ടുമില്ല . ക്ഷമിക്കണം.

  സുരേഷ് ചേട്ടന്‍ എപ്പോഴെങ്കിലും “anonimity”യുടെ തൂണും പൊളിച്ചു പുറത്തു ചാടിയാല്‍ ഒരു shake hand താരമായിരുന്നു . അല്ല പിന്നെ. X-(

  Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )