ഇന്‍ഫര്‍മാറ്റിക്സ് ഒളിമ്പ്യാഡ് 2010


2010-ലെ അന്താരാഷ്ട്ര ഇന്‍ഫര്‍മാറ്റിക്സ് ഒളിമ്പ്യാഡിനുള്ള (IOI) ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമംഗങ്ങള്‍ ഇവരാണ് :
1. കേശവ് ധന്ധാനിയ (ലക്ഷ്മീപഥ് സിന്‍ഘാനിയ അക്കാദമി, കൊല്‍കത്ത)
2. അര്‍ച്ചിത് കരണ്ടികര്‍ (ജോഗ് ജൂനിയര്‍ കോളേജ്, പൂനെ)
3. അനീഷ് ശങ്കര്‍ (പി.എസ്.ബി.ബി. സീനിയര്‍ സെകന്ററി സ്കൂള്‍, ചെന്നൈ)
4. സിദ്ധാര്‍ത്ഥ് കെ (റിഷി വാലി സ്കൂള്‍, മദനപള്ളി)

ജൂണ്‍ 14 മുതല്‍ 28 വരെ ബാംഗ്ലൂരിലെ ടിഐഎസ്ബിയില്‍ വച്ചു നടന്ന ട്രെയിനിങ്ങ് ആന്‍ഡ് സെലക്ഷന്‍ ക്യാമ്പില്‍ നിന്നാണ് ടീമംഗങ്ങളെ തിരഞ്ഞെടുത്തത്. 2009 ല്‍ ബള്‍ഗേറിയയില്‍ വച്ച് നടന്ന അന്താരാഷ്ട്ര ഇന്‍ഫര്‍മാറ്റിക്സ് ഒളിമ്പ്യാഡിനുള്ള ടീമിലും അംഗമായിരുന്ന കേശവ് വെങ്കലമെഡല്‍ നേടിയിരുന്നു. അര്‍ച്ചിത്, അനീഷ് എന്നിവര്‍ മുമ്പും സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ടീമിന്റെ ഭാഗമാകുന്നത് ആദ്യമാണ്. നാലുപേരും പന്ത്രണ്ടാം തരം പാസ്സായവരാണ്.

ടീം ഫോട്ടോ

ടീം ഫോട്ടോ. അനീഷ്, സിദ്ധാര്‍ത്ഥ്, കേശവ്, അര്‍ചിത്.
Photo Credit : Prateek Karandikar.
Licensed under Creative Commons Attribution-ShareAlike 3.0 Unported License

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു അന്താരാഷ്ട്ര കമ്പ്യൂട്ടര്‍ സയന്‍സ് മത്സരമാണ് അന്താരാഷ്ട്ര ഇന്‍ഫര്‍മാറ്റിക്സ് ഒളിമ്പ്യാഡ്. ഇന്‍ഫര്‍മാറ്റിക്സിനു പുറമെ മറ്റു വിഷയങ്ങളിലും (ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ജ്യോതിശാസ്ത്രം, ജ്യോതിശാസ്ത്ര-ജ്യോതിര്‍ഭൗതികം) ഇതുപോലെ അന്താരാഷ്ട്ര ഒളിമ്പ്യാഡുകളുണ്ട്. ഇവ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഏറ്റവും പേരെടുത്ത അന്താരാഷ്ട്രമത്സരങ്ങളില്‍ പെടുന്നു. 1959-ല്‍ ആരംഭിച്ച ഗണിതശാസ്ത്ര ഒളിമ്പ്യാഡാണ് ആദ്യത്തെ അന്താരാഷ്ട്ര ഒളിമ്പ്യാഡ്. 1989-ല്‍ ബള്‍ഗേറിയയിലാണ് ആദ്യത്തെ അന്താരാഷ്ട്ര ഇന്‍ഫര്‍മാറ്റിക്സ് ഒളിമ്പ്യാഡ് നടന്നത്. ഈ വര്‍ഷം ഓഗസ്റ്റ് 14 മുതല്‍ 21 വരെ കാനഡയിലെ വാട്ടര്‍ലൂവിലായിരിക്കും മത്സരം.

നാല് വിദ്യാര്‍ത്ഥികളും രണ്ട് ടീം ലീഡര്‍മാരും വരെയടങ്ങുന്ന ടീമിനെയാണ് ഓരോ രാജ്യവും അന്താരാഷ്ട്ര ഇന്‍ഫര്‍മാറ്റിക്സ് ഒളിമ്പ്യാഡിനയക്കുക. അഞ്ച് മണിക്കൂര്‍ വീതമുള്ള രണ്ട് പരീക്ഷകള്‍ ഒളിമ്പ്യാഡിന്റെ ഭാഗമായുണ്ടാവും. ഓരോ പരീക്ഷയിലും നാല് ചോദ്യങ്ങളുണ്ടാകും. ഇവയ്ക്ക് അല്‍ഗൊരിതങ്ങള്‍ ഉപയോഗിച്ച് സി, സി++, പാസ്കല്‍ എന്നീ ഭാഷകളിലേതെങ്കിലുമുപയോഗിക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളിലൂടെ ഉത്തരം കാണണം. ഈ പ്രോഗ്രാമുകള്‍ ഓട്ടോമാറ്റിക് ആയി മൂല്യനിര്‍ണ്ണയം ചെയ്യുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണ, വെള്ളി, വെങ്കല മെഡലുകള്‍ നല്‍കുകയും ചെയ്യുന്നു. ഔദ്യോഗികമായി ടീമുകള്‍ക്ക് സ്ഥാനങ്ങള്‍ നല്‍കപ്പെടുന്നില്ല.

2002 മുതല്‍ ഇന്ത്യ ഇന്‍ഫര്‍മാറ്റിക്സ് ഒളിമ്പ്യാഡിന് ടീമിനെ അയക്കുന്നുണ്ട്. മറ്റ് ഒളിമ്പ്യാഡുകള്‍  ഇന്ത്യയില്‍ നടത്തുന്നത് ഹോമി ഭാഭ സെന്റര്‍ ഫോര്‍ സയന്‍സ് എജ്യുകേഷന്റെ കീഴിലാണെങ്കിലും ഇന്‍ഫര്‍മാറ്റിക്സ് ഒളിമ്പ്യാഡ് നടത്തുന്നത് ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്, സിബിഎസ്ഇ എന്നിവര്‍ ചേര്‍ന്നാണ്.

അന്താരാഷ്ട്ര ഇന്‍ഫര്‍മാറ്റിക്സ് ഒളിമ്പ്യാഡിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കാനുള്ള ഇന്ത്യന്‍ പ്രകിയയെ ഇന്ത്യന്‍ കമ്പ്യൂട്ടിങ്ങ് ഒളിമ്പ്യാഡ് (ICO) എന്ന് വിളിക്കുന്നു. ഇതിന് മൂന്ന് ഘട്ടങ്ങളുണ്ട്. ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലായി പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് മുന്നൂറോളം പേരെ തിരഞ്ഞെടുക്കുന്നു. ഇതിന് രണ്ട് ഭാഗങ്ങളുണ്ട് : സോണല്‍ ഇന്‍ഫര്‍മാറ്റിക്സ് ഒളിമ്പ്യാഡ് (ZIO), സോണല്‍ കമ്പ്യൂട്ടിങ്ങ് ഒളിമ്പ്യാഡ് (ZCO) എന്നിവ. ZIO വിദ്യാര്‍ത്ഥികളുടെ logical skills പരീക്ഷിക്കാനുള്ള ഒരു എഴുത്തുപരീക്ഷയാണ്. ZCO ആകട്ടെ ഒരു ഓണ്‍ലൈന്‍ പ്രോഗ്രാമിംഗ് മത്സരവും. ഇവയില്‍ ഏതെങ്കിലും ഒരെണ്ണം എഴുതിയാല്‍ മതിയാകും. ഈ വര്‍ഷം ZIO വഴി 261 പേരും ZCO വഴി 14 പേരുമാണ് ഈ ആദ്യ കടമ്പ കടന്നത്.

ഇന്ത്യന്‍ നാഷണല്‍ ഒളിമ്പ്യാഡ് ഇന്‍ ഇന്‍ഫര്‍മാറ്റിക്സ് (INOI) ആണ് അടുത്ത ഘട്ടം. ഇതും ഒരു പ്രോഗ്രാമിംഗ് മത്സരമാണ്. രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാന്‍ സി/സി++/പാസ്കല്‍ ഭാഷകളിലേതെങ്കിലുമുപയോഗിച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ പ്രോഗ്രാമുകളുണ്ടാക്കണം. ഈ ഘട്ടത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് മത്സരിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ചവെക്കുന്ന 25 ഓളം പേര്‍ അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു.

ഇന്റര്‍നാഷണല്‍ ഒളിമ്പ്യാഡ് ഇന്‍ ഇന്‍ഫര്‍മാറ്റിക്സ് ട്രെയിനിങ്ങ് കം സെലക്ഷന്‍ ക്യാമ്പ് (IOITC) ആണ് മൂന്നാം ഘട്ടം. ടിഐഎസ്ബിയില്‍ വച്ച് നടക്കുന്ന രണ്ടാഴ്ച ദൈര്‍ഘ്യമുള്ള ഈ ക്യാമ്പില്‍ വച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അല്‍ഗൊരിതങ്ങള്‍, പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളില്‍ ട്രെയിനിങ്ങ് നല്‍കുന്നു. മുന്‍വര്‍ഷങ്ങളിലെ വിവിധ പ്രോഗ്രാമിംഗ് മത്സരങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാന്‍ അവരെ പര്യാപ്തരാക്കുന്നതാണ് ട്രെയിനിംഗ്. ചെന്നൈ മാതമാറ്റികല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍മാരായ മാധവന്‍ മുകുന്ദ്, നാരായണ്‍ കുമാര്‍ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ഇവരെ സഹായിക്കാന്‍ മുന്‍ വര്‍ഷങ്ങളിലെ ടീമംഗങ്ങളുമുണ്ടാകും. ഈ വര്‍ഷം ഹര്‍പ്രീത് സിംഗ്, പ്രതീക് കരണ്ടികര്‍, നദീം മൊയ്തു, ശ്രീവത്സന്‍ ബാലകൃഷ്ണന്‍, അധിരാജ് സൊമാനി, പ്രശാന്ത് വി എന്നിവരാണ് അസിസ്റ്റന്റ് കോച്ചുകളായുണ്ടായിരുന്നത്. ക്യാമ്പിന്റെ  ഭാഗമായി നടത്തുന്ന അന്താരാഷ്ട്ര ഒളിമ്പ്യാഡിന് സമാനമായ പരീക്ഷകളിലൂടെയാണ് ടീമിനെ തിരഞ്ഞെടുത്തത്.

2003 മുതല്‍ എല്ലാ വര്‍ഷവും ഇന്ത്യ അന്താരാഷ്ട്ര ഒളിമ്പ്യാഡില്‍ മെഡല്‍ നേടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ബള്‍ഗേറിയയില്‍ നടന്ന ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ ടീമംഗങ്ങള്‍ ഒരു വെള്ളിയും രണ്ട് വെങ്കലവും നേടുകയുണ്ടായി. എങ്കിലും ഇതുവരെ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയും സ്വര്‍ണ്ണമെഡല്‍ നേടിയിട്ടില്ല. ഇതിന് ഈ വര്‍ഷം മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

പിന്‍കുറിപ്പ് :
* 2007-ല്‍ ഇന്‍ഫര്‍മാറ്റിക്സ് ഒളിമ്പ്യാഡിനുള്ള ഇന്ത്യന്‍ ടീമില്‍ ഞാനും അംഗമായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷം കാമ്പില്‍ അസിസ്റ്റന്റ് കോച്ചായി പോവുകയും ചെയ്തിരുന്നു. 2004, 2006 വര്‍ഷങ്ങളില്‍ ജ്യോതിശാസ്ത്ര ഒളിമ്പ്യാഡ് ടീമിലും അംഗമായിരുന്നിട്ടുണ്ട്
* 2007-ല്‍ ക്യാമ്പില്‍ എന്റെ സഹക്യാമ്പറും 2008-ല്‍ എന്റെ സ്റ്റുഡന്റും 2009-ല്‍ സഹഅസിസ്റ്റന്റ് കോച്ചുമായിരുന്ന (:-)) നദീമിന് ഈ പോസ്റ്റുണ്ടാക്കാന്‍ സഹായിച്ചതിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
* ഇന്‍ഫര്‍മാറ്റിക്സ് ഒളിമ്പ്യാഡുമായോ മറ്റ് ഒളിമ്പ്യാഡുകളുമായോ (പ്രത്യേകിച്ച് ജ്യോതിശാസ്ത്രം, ഗണിതം) ബന്ധപ്പെട്ട് വല്ല സംശയങ്ങളുമുണ്ടെങ്കില്‍ ചോദിക്കുക. ആവുന്നത്ര സഹായിക്കാന്‍ ശ്രമിക്കാം

Advertisements

9 thoughts on “ഇന്‍ഫര്‍മാറ്റിക്സ് ഒളിമ്പ്യാഡ് 2010”

 1. നന്നായിരിക്കുന്നു.
  “ZIO വഴി 261 പേരും ZCO വഴി 14 പേരുമാണ് ഈ ആദ്യ കടമ്പ കടന്നത്.”എന്നല്ലേ വേണ്ടിയിരുന്നത്?

  Like

 2. റസിമാനെ നമ്മുടെ നാടിലെ 8, 9, 10 ക്ലാസുകളിലെ കുട്ടികൾ ഇതിനു ഏതു തരത്തിൽ പ്രക്റ്റീസ് തുടങ്ങണം, എന്തൊക്കെ വായിക്കണം, എന്നുമുതൽ ആദ്യ കടമ്പ കടക്കാൻ എന്ന് തുടങ്ങണം ഇങ്ങനെ തുടക്കക്കാർക്ക് വേണ്ടിയുള്ള കുഞ്ഞുകാര്യങ്ങൾ ഒന്ന് പറഞ്ഞു തന്നൽ കൊള്ളാം.

  ഇതിനു മുൻപ് റസിമന്റെ ഒരു പോസ്റ്റ് വായിച്ചിരുന്ന് ഐ ഐ റ്റി അഡ്മിഷൻ കാലത്തെക്കുറിച്ചായിരുന്നു എഴുതിയിരുന്നത്.

  റസിമാന്റെ അനുഭവങ്ങൾ കൊച്ചു കൂട്ടുകാർക്ക് വളരെയേറെ പ്രയോജനപ്പെടും.

  Like

  1. ഞാന്‍ തന്നെ കാര്യമായ പ്രിപ്പറേഷനൊന്നും ഇല്ലാതെ പങ്കെടുത്തതുകൊണ്ട് എന്ത് ഉപദേശം തരണമെന്നറിയില്ല. എങ്കിലും ചില കാര്യങ്ങള്‍ ഇവിടെ പറഞ്ഞുവെക്കാം :
   * 12-ആം തരം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ പങ്കെടുക്കാം
   * പ്രോഗ്രാമിംഗ് പഠിക്കണം. സി++ ആണ് നല്ലത്. ഞാന്‍ ഹയര്‍ സെക്കന്ററിയിലായിരുന്നപ്പോള്‍ TurboC++ ആയിരുന്നു പഠിക്കാനുണ്ടായിരുന്നത്. അത് ശരിയാകില്ല. gcc, Dev-C++ ഇങ്ങനെയേതെങ്കിലും സ്റ്റാന്‍ഡേര്‍ഡായിട്ടുള്ളത് വേണം. ഒളിമ്പ്യാഡിന് പ്രോഗ്രാമിംഗില്‍ അഗാധപാണ്ഡിത്യം വേണമെന്നൊന്നുമില്ല, എങ്കിലും കൂടുതല്‍ പ്രോഗ്രാമിംഗ് പഠിക്കുന്നതുകൊണ്ട് ആര്‍ക്കും നഷ്ടമൊന്നുമില്ലല്ലോ 🙂
   * ZIO ഒരു പ്രോഗ്രാമിംഗ് മത്സരമല്ല. ചിന്താശേഷിയും സ്വന്തമായി അല്‍ഗൊരിതങ്ങളും റികര്‍ഷനുകളുമൊക്കെ ഉണ്ടാക്കാനുള്ള കഴിവുമൊക്കെയാണ് ഇതില്‍ പരിശോധിക്കപ്പെടുന്നത്. മുന്‍വര്‍ഷങ്ങളിലെ ചോദ്യങ്ങളൊക്കെ നോക്കിയാല്‍ ഇത് മനസ്സിലാകും. ചിന്തിക്കാനുള്ള കഴിവ് ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയില്‍ വളര്‍ത്തിയെടുക്കാന്‍ പറ്റുന്ന ഒന്നാണെന്ന് തോന്നുന്നില്ല – എങ്കിലും ഇത്തരം ചോദ്യങ്ങള്‍ ചെയ്തു പരിശീലിച്ചാല്‍ നന്നായിരിക്കും
   * ZCO, INOI ചോദ്യങ്ങളൊക്കെ അല്‍ഗൊരിതമുണ്ടാക്കി കോഡ് ചെയ്ത് ഉത്തരം കാണേണ്ടവയാണ്. ഇത് കുറേ ചെയ്ത് പരിശീലിക്കണം. സാധാരണയായി ഉപയോഗിക്കപ്പെടുന്ന അല്‍ഗൊരിതങ്ങളെക്കുറിച്ച് പഠിച്ചെടുക്കണം. ഒളിമ്പ്യാഡ് സ്റ്റൈല്‍ ചോദ്യങ്ങള്‍ ചെയ്തുനോക്കാന്‍ സഹായിക്കുന്ന പല സൈറ്റുകളുമുണ്ട്. ഏതാനും ലിങ്കുകളിതാ:
   # ഒളിമ്പ്യാഡിന് സാധാരണ ഉപയോഗിക്കേണ്ടിവന്നിട്ടുള്ള ഒരുമാതിരിപ്പെട്ട അല്‍ഗൊരിതങ്ങളൊക്കെ വിശദീകരിക്കുന്ന ഒരു താള്‍
   # ഒളിമ്പ്യാഡ് സ്റ്റൈല്‍ ചോദ്യങ്ങള്‍ക്ക് നല്ലൊരു പരിശീലനസ്ഥലം
   # വേറൊന്ന്
   # ഒന്നുകൂടി
   * ഇതിനുപുറമെ ഐഎആര്‍സിഎസ് സൈറ്റ് ഫോളോചെയ്യുകയും അതിലെ ലിങ്കുകളൊക്കെ നോക്കുകയും ചെയ്യുന്നതും നന്നായിരിക്കും. മുന്‍വര്‍ഷങ്ങളിലെയും മറ്റ് കോണ്ടസ്റ്റുകളിലെയും ചോദ്യങ്ങളൊക്കെ അവിടെക്കിട്ടും

   (നദീമേ, കൂടുതല്‍ വല്ലതും ചേര്‍ക്കാമോ?)

   Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )