ആണ്ടിമണ്ണുണ്ണി


എന്നുവച്ചാല്‍ അഞ്ചുപൈസക്ക് വിവരമില്ലാത്തയാള്‍. അനിയന്‍ വല്ല മണ്ടത്തരവും കാണിക്കുമ്പോള്‍ “അഞ്ചീസക്ക് വിവരല്ല്യാത്ത ആണ്ടിമണ്ണുണ്ണി” എന്ന് പുനരുക്തിയോടെ പറയാന്‍ ഉപയോഗിക്കും.

ആദ്യം തന്നെ പറഞ്ഞേക്കാം, ഈ പോസ്റ്റും പോസ്റ്റിന്റെ തലക്കെട്ടും ആണ്ടിയെയോ മണ്ണിനെയോ മണ്ണുണ്ണികളെയോ എന്നെയോ എന്റെ അനിയനെയോ യാതൊരുവിധത്തിലും അവഹേളിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. ആര്‍ക്കെങ്കിലും കേസാക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ അതിനുമുമ്പ് ഒരു കുറിപ്പിട്ടാല്‍ ഞാന്‍ തന്നെ പേര് മാറ്റിക്കൊള്ളാം.

അപ്പോള്‍ “ഞാന്‍ ഒരു ആണ്ടിമണ്ണുണ്ണിയാണ്” എന്ന് പൊതുജനമധ്യത്തില്‍ ആരും പറയില്ല. എനിക്ക് വിവരമില്ലെന്ന കാര്യം നാട്ടുകാര്‍ വഴിയെ അറിഞ്ഞോളും; ഞാന്‍ തന്നെ കൊട്ടിഘോഷിക്കണ്ട ആവശ്യമുണ്ടെന്ന് തോന്നുകയാണെങ്കില്‍ അതുതന്നെ ഒരു ആണ്ടിമണ്ണുണ്ണിത്തമല്ലേ? എങ്കിലും അടുത്തിടെ നടന്ന ചില സംഭവങ്ങളില്‍ നിന്ന്, പല കാര്യത്തിലും എനിക്ക് വിവരമില്ലെന്ന് – ഞാന്‍ ഒരു ആണ്ടിമണ്ണുണ്ണിയാണെന്ന് (വാക്കിന് വല്ലാത്ത നീളം. ഇനി ആ.മ. എന്ന ചുരുക്കരൂപമാകും ഉപയോഗിക്കുക) അംഗീകരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.

ഐ മീന്‍, പൊതുവെ അല്ല. ജെഇഇ, ഫസ്റ്റ് ഇയര്‍ ടൈപ്പ് മെക്കാനിക്സ് ചോദ്യങ്ങള്‍ ഇപ്പോഴും ചെയ്യാനറിയില്ലെങ്കിലും ഫിസിക്സില്‍ ഞാന്‍ ആ.മ. ആണെന്ന് ഞാന്‍ ഒരിക്കലും സമ്മതിച്ചുതരില്ല. ബയോളജി, ജ്യോഗ്രഫി, ഹിസ്റ്ററി, കെമിസ്ട്രി, ഇലക്ട്രോണിക്സ് മുതലായ വിഷയങ്ങളിലെ എന്റെ ജ്ഞാനം ലോകപ്രശസ്തമായതിനാല്‍ അതിനെക്കുറിച്ചും എനിക്കൊന്നും പറയാനില്ല. പറയാനുള്ളത് എന്റെ സാങ്കേതികതാ നിരക്ഷരതയെക്കുറിച്ചാണ് (technological illiteracy). ലോകത്തെ എല്ലാ മനുഷ്യരെക്കുറിച്ചും ലേഖനങ്ങളെഴുതുന്ന വല്ല ന്യൂട്രല്‍ വിജ്ഞാനകോശവുമുണ്ടെങ്കില്‍ അതില്‍ [[വര്‍ഗ്ഗം:സാങ്കേതികതാ നിരക്ഷരര്‍]] എന്ന വിഭാഗത്തില്‍ പെടാത്ത എത്രപേരുണ്ടാകും? അപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ ഞാന്‍ തനിച്ചല്ല.

ഇവിടെ ടെക്നോളജി എന്നതുകൊണ്ട് കുറച്ച് വ്യാപകമായ അര്‍ത്ഥമാണ് ഉദ്ദേശിക്കുന്നത്. കൈ കഴുകാതെ തിന്നാനുള്ള ടെക്നോളജിയാണ് സ്പൂണും കത്തിയും മുള്ളും ചോപ്സ്റ്റിക്സുമൊക്കെ. അതുപോലൊരു ടെക്നോളജിയാണ് ടോയിലറ്റ് പേപ്പറും. ഇത്തരം ചെറുചെറു ടെക്നോളജികള്‍ തുടങ്ങി ഹൈ ഫൈ സാധനങ്ങളായ ലേസറുകള്‍, ഓട്ടോമേറ്റഡ് മെഷീന്‍ ഗണ്ണുകള്‍, പമ്പരങ്ങള്‍ മുതലായവ വരെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഞാനൊരു ആ.മ. ആണ്.

പോപ്പുലര്‍ ഡെഫിനിഷനനുസരിച്ച് നിരക്ഷരനായിരുന്ന ഒരു കാലം എനിക്കോര്‍മ്മയില്ല. എന്നാല്‍ ടെക്നോളജിയുടെ കാര്യത്തില്‍ നമ്മളെപ്പോഴും പിന്നിലായിരുന്നു. ഒന്നില്‍ പഠിക്കുമ്പഴാണ് ആദ്യമായി റേഡിയോ കൈയില്‍ കിട്ടുന്നത്, രണ്ടില്‍ പഠിക്കുമ്പോള്‍ ടി.വി.യും (എന്റെ അനിയന്‍ രണ്ടില്‍ പഠിക്കുമ്പോള്‍ തന്നെ കമ്പ്യൂട്ടര്‍ കൂളായി പ്രവര്‍ത്തിപ്പിക്കുമായിരുന്നു – ഈ പുതിയ ചെക്കന്മാരുടെയൊക്കെ ഒരു കാര്യം). ഇത് രണ്ടും ഓണാക്കാനും ഓഫാക്കാനും ടി.വി.യുടെ ചാനല്‍ മാറ്റാനും (റേഡിയോയുടെ കാര്യത്തില്‍ അതും അറിയില്ലായിരുന്നു) മാത്രമേ അറിയുള്ളായിരുന്നു. അതിനിടക്ക് ഉപ്പ സൈക്കിള്‍ വാങ്ങിയപ്പോഴാണ് ജീവിതത്തിലാദ്യമായി ടെക്നോളജിയുമായി എനിക്ക് ഏറ്റുമുട്ടണ്ടി വന്നത്.

സൈക്കിള്‍ ടെക്നോളജിയാണെന്ന് അധികമാരും സമ്മതിച്ചുതരില്ല. പക്ഷെ നാല് ചക്രമുണ്ടായിരുന്നെങ്കിലും പിന്നില്‍ നിന്ന് തള്ളാന്‍ ഉപ്പ ഉണ്ടായിരുന്നെങ്കിലും സൈക്കിള്‍ എനിക്ക് വല്ലാത്ത ഗൂഢരഹസ്യങ്ങളുള്ള ഒരു ടെക്നോളജിയായിരുന്നു. എത്ര നോക്കിയിട്ടും നമുക്ക് സാധനം വഴങ്ങുന്നില്ല. ഉന്തിയുന്തി ഉപ്പയുടെ “ഊരന്റെ സ്കൂള് പൂട്ടിയത്” മിച്ചം. ചുരുങ്ങിയ കാലം കൊണ്ട് ഉപ്പക്ക് ബോധം വന്നു, കിട്ടിയ വിലയ്ക്ക് ആ സാധനം വിറ്റു.

അങ്ങനെ ആദ്യമായി ടെക്നോളജിയോട് എട്ടുനിലയില്‍ പൊട്ടി (പിന്നെ ഉപ്പ ഞാന്‍ പത്തില്‍ പഠിക്കുമ്പോള്‍ ഒന്നുകൂടെ സൈക്കിള്‍ വാങ്ങി. ഒരു പത്തുമീറ്റര്‍ പരസഹായമില്ലാതെ ഓട്ടാന്‍ പഠിച്ചെങ്കിലും അതിനുമേലെ വലിയ പുരോഗതിയൊന്നുമുണ്ടായില്ല. അതും വിറ്റു. പിന്നെ ഐഐടിയില്‍ ചെന്ന ശേഷമാണ് കണ്ടവന്റെ സൈക്കിളിന്റെ പരിപ്പിളക്കി ആവശ്യത്തിന് അഭ്യാസം പഠിക്കുന്നത്). ടി.വി. ട്യൂണ്‍ ചെയ്യാന്‍ പഠിച്ചു എന്നതുമാത്രമാണ് ഇതിനുശേഷമുള്ള കുറച്ച് വര്‍ഷങ്ങളില്‍ ഉണ്ടായ ആകെയുള്ള സാങ്കേതികപുരോഗതി.

പിന്നെയാണ് വലിയ സാധനമായ കമ്പ്യൂട്ടര്‍ എത്തുന്നത്. സ്കൂള്‍ ഓഫീസില്‍ കണ്ട പരിചയമുണ്ട്. ഒരിക്കല്‍ ഉപ്പ മെഡിക്കല്‍ കോളേജിലെ കമ്പ്യൂട്ടറിന്മേല്‍ കൈവെക്കാന്‍ വിട്ടിട്ടുമുണ്ട്. അഞ്ചിലോ ആറിലോ സ്കൂളില്‍ കമ്പ്യൂട്ടര്‍ ഒരു വിഷയമായി പഠിക്കാന്‍ തുടങ്ങി. ആഴ്ചയില്‍ ഒന്നോ രണ്ടോ ലാബു കാണും. ഡോസാണ് സാധനം. ഒരു കമ്പ്യൂട്ടറില്‍ രണ്ടോ മൂന്നോ പേര്‍. ടേമില്‍ രണ്ടു തവണ (അതോ വര്‍ഷത്തിലോ?) പ്രിന്‍സും ഡേവും ഒക്കെ കളിക്കാന്‍ സമ്മതിക്കും. അല്ലാത്തപ്പോള്‍ ടൈപ്പിംഗ് ട്യൂട്ടര്‍ തന്നെ. ഇങ്ങനെ രണ്ടുകൊല്ലം ടൈപ്പിങ്ങ് ട്യൂട്ടിയിട്ടും ഞാനിതുവരെ ബ്ലൈന്റായി ടൈപ്പാന്‍ പഠിച്ചിട്ടില്ല (ആ ഞാനല്ലേ മലയാളം ഇന്‍സ്ക്രിപ്റ്റില്‍ ടൈപ് ചെയ്യുന്നത്). ഏഴില്‍ പഠിക്കുമ്പഴാന്ന് തോന്നുന്നു ലാബ് വിന്‍ഡോസിലേക്ക് ഷിഫ്റ്റ് ചെയ്തു. ഞാനാകെ ത്രില്ലിലായിരുന്നു.

പക്ഷെ അപ്പഴാണ് അടുത്ത പ്രശ്നമുണ്ടായത്. വിന്‍ഡോസില്‍ ഡോസുപോലല്ല, കുറേ കളി കളിക്കാം (ഡോസിലും കളിക്കാം എന്ന് മനസ്സിലാക്കാന്‍ കുറേ കാലമെടുത്തു). എനിക്ക് വീട്ടില്‍ കമ്പ്യൂട്ടറൊന്നുമില്ലാത്തതുകൊണ്ട് പറഞ്ഞുതരുന്നപോലെ പെയിന്റും വേഡുമല്ലാതെ ഒന്നുമറിയില്ല. ചുറ്റുമുള്ള പുലികള്‍ (കമലേശ്വര്‍, ജോ ജെയിംസ് മുതലായവര്‍) കുറേ അദ്ഭുതങ്ങള്‍ കാട്ടുകയും ചെയ്യും. അവര്‍ക്കിടയില്‍ നമ്മളിങ്ങനെ ആ.മ. ആയി വായും പൊളിച്ചിരുന്നു. ബേസിക് പ്രോഗ്രാമിംഗിന്റെ കാര്യത്തിലാണെങ്കില്‍ അവിടെയും നമ്മള്‍ ഓഡിനറിയോ അതിലും മോശമോ ആണ്.

അങ്ങനെ ഉപ്പയുടെ മുമ്പില്‍ ഒരു നിര്‍ദ്ദേശം വച്ചു : ഒരു കമ്പ്യൂട്ടര്‍ വാങ്ങിത്തരണം. ദാറ്റ് യൂ ഗോ ആന്‍ഡ് സേ ഇന്‍ ദ മോസ്ക് എന്നായിരുന്നു പ്രതികരണം. ഉപ്പ വീടുവെക്കുന്ന തിരക്കിലാണ്, ഓണത്തിനിടയിലാ പുട്ടുകച്ചവടം. ലേബര്‍ ഇന്ത്യയുടെ മെഗാക്വിസ്സില്‍ സ്റ്റേറ്റ് ലെവലില്‍ ഒന്നാം സ്ഥാനം കിട്ടിയാല്‍ കമ്പ്യൂട്ടറുണ്ട്, പോയി ജയിക്കാന്‍ പറഞ്ഞു. സ്കൂള്‍, ജില്ല, സ്റ്റേറ്റ് – മൂന്ന് ലെവലുണ്ട്, ജയിച്ചിട്ടുതന്നെ കാര്യം. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മെഗാക്വിസ്സെഴുതി, സ്കൂളില്‍ വച്ചുതന്നെ പൊട്ടി. സ്കൂള്‍ ലെവല്‍ ജയിച്ച ഇജാസ് സ്റ്റേറ്റില്‍ പോയി രണ്ടാം സ്ഥാനം വാങ്ങി ടി.വി.യും കൊണ്ടുവന്നു. ഉപ്പ കൂക്കി, അനിയനും കൂടി. ഏതായാലും ആ ദേഷ്യത്തിന് അടുത്ത രണ്ടു കൊല്ലവും സ്റ്റേറ്റ് ലെവല്‍ ജയിച്ച് രണ്ട് കമ്പ്യൂട്ടറടിച്ചു. ഒമ്പതാം ക്ലാസ്സ് കഴിഞ്ഞുള്ള വെക്കേഷനില്‍ പുതിയ വീട്ടിലേക്ക് താമസം മാറിയ ഉടനെ ഒമ്പതാം ക്ലാസ്സില്‍ വച്ചു കിട്ടിയ കമ്പ്യൂട്ടറിന്റെ ഉദ്ഘാടനവും കഴിച്ചു. തുടക്കം തന്നെ കേമമായിരുന്നു. കമ്പ്യൂട്ടറിനകത്ത് കുറേ പാട്ടുകളുള്ള ഒരു ഫോള്‍ഡറുണ്ടായിരുന്നു. ഞാന്‍ നോക്കുമ്പോള്‍ ഒരേ കണ്ടന്റുള്ള രണ്ട് ഫോള്‍ഡര്‍. രണ്ട് ജി.ബി.യോളം പാട്ടുകള്‍ ഓരോന്നിലുമുണ്ട്. നാല്‍പത് ജി.ബി. ആകെയുള്ള കമ്പ്യൂട്ടറില്‍ ഇത്രയും റിഡണ്ടന്‍സി വെയിസ്റ്റാണെന്ന് ഉത്തമബോധ്യമുള്ളതുകൊണ്ട് ഞാന്‍ ഒരു ഫോള്‍ഡറങ്ങ് ഡിലീറ്റ് ചെയ്തു. റീസൈക്കിള്‍ ബിന്നില്‍ സ്ഥലമില്ലാത്തതുകൊണ്ട് മൊത്തമായി ഒഴിവാക്കി. പിന്നെയാണ് മറ്റേ ഫോള്‍ഡര്‍ വെറുമൊരു ഷോര്‍ട്ട്കട്ടാണെന്ന് മനസ്സിലായത്. അന്ന് വിവരമില്ലാത്ത പണിക്ക് നിന്നതിന് ഉമ്മയുടെ വായിലിരിക്കുന്നത് മുഴുവന്‍ കേട്ടു.

പിന്നെ ആ രണ്ട് കമ്പ്യൂട്ടറുകളും കൊണ്ട് ആ.മ.ത്തങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു (“ഇക്കാക്കയുടെ ആനമണ്ടത്തരങ്ങള്‍” എന്ന ഒരു ബ്ലോഗുണ്ടാക്കി അനിയന്‍ ഇതൊക്കെ വിശദമായി എഴുതാന്‍ പ്ലാനിടുന്നുണ്ടെന്നും ഒരു നൂറ് പോസ്റ്റ് ഡ്രാഫ്റ്റ് ചെയ്തിട്ടുണ്ടെന്നുമാണ് മനസ്സിലാക്കുന്നത്. അടുത്ത രണ്ടുമൂന്ന് മാസത്തേക്ക് ബഹുമാനത്തോടെ നിന്നില്ലെങ്കില്‍ ലാപ്ടോപ് വാങ്ങിത്തരില്ലെന്ന് ഭീഷണിയുള്ളതുകൊണ്ട് അവന്‍ അടങ്ങിയിരിക്കുകയാകും). കുറച്ചെണ്ണം ഇവിടെ കുറിക്കാം. ഒരിക്കല്‍ എന്തോ വക അണിന്‍സ്റ്റാള്‍ ചെയ്ത് വിന്‍ഡോസിന് ആവശ്യമുള്ള കുറേ ഡി.എല്‍.എല്ലുകള്‍ കളഞ്ഞു. വിന്‍ഡോസ് സ്റ്റാര്‍ട്ടാവാത്തതുകൊണ്ട് പുറത്തുനിന്ന് ഹൈടെക് ഹെല്‍പ് വിളിച്ചു. അങ്ങേര് വന്നതില്‍ പിന്നെയാണ് ഡി ഡ്രൈവില്‍ അനാഥപ്രേതം പോലെ കിടന്നിരുന്ന സെറ്റപ് എന്ന ഫോള്‍ഡര്‍ വിന്‍ഡോസ് റീഇന്‍സ്റ്റാള്‍ ചെയ്യാന്‍ വേണ്ടിയുള്ളതാണെന്ന് മനസ്സിലായത്. പിന്നെ പലതവണയായി പലതും ഇന്‍സ്റ്റാളും അണിന്‍സ്റ്റാളും ചെയ്ത് വിന്‍ഡോസിന്റെ പരിപ്പിളക്കി. ഇന്റര്‍നെറ്റ് വന്നതില്‍ പിന്നെ പല പല ലിങ്കുകളായി ക്ലിക്ക് ചെയ്ത് പെട്ടിയില്‍ വൈറസ് നിറച്ചു (അവസാനം നില്‍ക്കക്കള്ളിയില്ലാതെ ആന്റിവൈറസിട്ട് പെട്ടി കുടഞ്ഞപ്പോള്‍ വിന്‍ഡോസ് ഫോള്‍ഡറില്‍ നിന്നുമാത്രം നാലായിരം കൃമികളാണ് പുറത്തുചാടിയത്). പലതവണ ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ച് പേടിച്ച് പിന്‍വാങ്ങി.ഒരു കമ്പ്യൂട്ടര്‍ അടിച്ചുപോയതില്‍ പിന്നെ രണ്ട് ഹാര്‍ഡ് ഡിസ്കും റാമും ഒക്കെ കൂട്ടിയിട്ട് ഹാര്‍ഡ്‌വെയറും ഒരു പരുവമാക്കി. ഈ സാധനങ്ങളൊക്കെ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയിടാന്‍ വേണ്ടി ടെര്‍മിനല്‍ തുറന്നിട്ട് ഇപ്പോള്‍ അത് പല്ലികള്‍ക്കും ചിലന്തികള്‍ക്കുമൊക്കെ ഒരു ആവാസവ്യവസ്ഥയാണ്.

പിന്നെയാണ് ഒളിമ്പ്യാഡെത്തിയത്. ജ്യോതിശാസ്ത്രത്തില്‍ വലിയ പ്രശ്നമില്ലാരുന്നു. ബാക്കിയുള്ളവര്‍ കമ്പ്യൂട്ടറില്‍ ചില ജ്യോതിശാസ്ത്രസോഫ്റ്റ്‌വെയറുകള്‍ പ്രവര്‍ത്തിപ്പിക്കുകയും മറ്റ് കളികള്‍ കളിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ ഞെട്ടാത്തതുപോലെ അഭിനയിക്കണം. പക്ഷെ ഇന്‍ഫര്‍മാറ്റിക്സ് ഒളിമ്പ്യാഡില്‍ അങ്ങനെയാണോ? സജീഷ് സാറാണ് പ്രോഗ്രാമിംഗില്‍ താല്‍പര്യം വളര്‍ത്തിയത്. കുറച്ച് കണക്കും അറിഞ്ഞിരുന്നതുകൊണ്ട് കാമ്പിലെത്തി. അവിടെ മൊത്തം ലിനക്സാണ്. ഒരു വക അറിഞ്ഞുകൂട. ടര്‍ബോ സി++ (ഈ സിലബസുകാരൊക്കെ എന്നാണോ നന്നാവുക) ഇല്‍ നിന്ന് ജിസിസിയിലേക്ക് മാറാനും കുറേ പാടുപെട്ടു. അതൊക്കെ ഒരുവിധം അഡ്ജസ്റ്റ് ചെയ്ത് കഴിച്ച് ഐഐടിയിലെത്തിയപ്പോളാണ് പ്രശ്നം കൂടുതല്‍ ഗുരുതരമായത്. അവിടെ എത്തിയതുതന്നെ കമ്പ്യൂട്ടര്‍ ഒളിമ്പ്യാഡ് മെഡല്‍ വിന്നര്‍ (=> കമ്പ്യൂട്ടര്‍ പുലി) എന്ന ലേബലോടെയാണ്. ലിനക്സില്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പോലും അറിയില്ലെന്ന കാര്യം നമുക്കല്ലേ അറിയൂ.

വിന്‍ഡോസ് പൂര്‍ണ്ണമായി ഒഴിവാക്കാന്‍ തീരുമാനിച്ചു. ലിനക്സൊട്ട് മര്യാദയ്ക്ക് ഉപയോഗിക്കാന്‍ അറിയുകയുമില്ല. ആരോട് സഹായം ചോദിക്കും? അങ്ങനെയാണ് സിദ്ധാര്‍ത്ഥിനെ കണ്ടുമുട്ടിയത്. അവന്‍ എന്നെപ്പോലെയല്ല, ആക്ച്വല്‍ പുലിയാണ്. ഒടുവില്‍ എന്ത് ലിനക്സ് സംശയം വന്നാലും അവനോട് ചോദിക്കാന്‍ തുടങ്ങി. പലതവണയായി ലാബിലെ അക്കൗണ്ട് വളരെ ഇന്റലിജന്റായി നശിപ്പിച്ചപ്പോള്‍ അവനും ഏട്ടന്‍ മണിയുമാണ് രക്ഷിച്ചെടുത്തത്. ചോദിച്ച കാര്യം തന്നെ പിന്നെയും പിന്നെയും ചോദിച്ച് വെറുപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് സിദ്ധാര്‍ത്ഥ് ആ ഗൂഢരഹസ്യം വെളിപ്പെടുത്തിയത്.

“നീ ചോദിക്കുന്നതിനൊക്കെ എനിക്ക് ഉത്തരമറിയാമെന്നാണോ വിചാരിച്ചിരിക്കുന്നത്? ചില കാര്യങ്ങള്‍ പലപ്പോഴായി ചെയ്തതുകൊണ്ട് എനിക്കോര്‍മ്മയുണ്ട്. പക്ഷെ നിനക്ക് വരുന്ന മിക്ക എററുകളും ഞാനാദ്യമായി കാണുകയാണ്. അപ്പോള്‍ ഞാന്‍ പോയി ഫോറങ്ങളില്‍ പോയി സര്‍ച്ചടിക്കുന്നു, ഉത്തരം കിട്ടുന്നു. ഇനി എന്നെ വെറുപ്പിക്കുന്നതിനുമുമ്പ് ആദ്യം ഉത്തരം സ്വയം കണ്ടെത്താന്‍ നോക്ക്”. ഞാനാകെ ഇളിഞ്ഞുപോയി. കാര്യമാണ് പറയുന്നത്. മുന്നില്‍ വരുന്ന മിക്ക എററുകളും അതുപോലെ കോപ്പി-പേസ്റ്റ് ചെയ്താല്‍ സൊല്യൂഷന്‍ കിട്ടും (എന്നിട്ടും ഞാന്‍ സിഡിനെ വെറുപ്പിക്കുന്നത് നിര്‍ത്തിയില്ലെന്നത് വേറെക്കാര്യം).

അങ്ങനെ പലപല ആ.മ.ത്തങ്ങള്‍ കാട്ടിയും സിഡിന്റെ മുന്നില്‍ മാത്രം പൊട്ടനാവാന്‍ ശ്രദ്ധിച്ചും കുറേക്കാലം കഴിച്ചുകൂട്ടി. ഇനി വല്യ പ്രശ്നമില്ലാതെ കഴിക്കാം എന്ന് കോണ്‍ഫിഡന്‍സായ ശേഷം ആറാം സെമസ്റ്ററില്‍ മാത്രമാണ് ലാപ്ടോപ് വാങ്ങുന്നത് (എന്നിട്ടും അതിന്റെമേല്‍ എന്തൊക്കെ കളി കളിക്കണ്ടിവന്നെന്നും സിഡിനെ എത്ര വെറുപ്പിക്കണ്ടിവന്നെന്നും എനിക്കറിയാം). ഒരുമാതിരിപേരൊക്കെ എന്നോട് ഇങ്ങോട്ട് സംശയം ചോദിച്ച് വരാനും തുടങ്ങി. വല്ലവരോടും ചോദിക്കുന്നതിനുമുമ്പ് ഒന്ന് സ്വയം തിരഞ്ഞുനോക്കുക എന്ന തത്ത്വമുപയോഗിച്ചതുകൊണ്ടുമാത്രം പല സ്ഥലത്തും രക്ഷപ്പെട്ടു.

ഞാന്‍ വലിയ സാങ്കേതിക പുലിയാണെന്ന് എനിക്കുതന്നെ തോന്നാന്‍ തുടങ്ങി. കമ്പ്യൂട്ടറില്‍ എന്ത് പ്രശ്നമുണ്ടെങ്കിലും ഞാന്‍ സോള്‍വാക്കിത്തരും എന്ന രീതിയിലാണ് സ്റ്റേള്‍ എന്നെ ജിങ്ങിന് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. എന്നാല്‍ അതോടെ ശനിദശ തുടങ്ങി. മാക് ഓഎസ് തീരെ അറിയില്ലെന്ന് മനസ്സിലായി. ആകെ അല്‍ക്കുല്‍ത്തായിക്കിടക്കുന്ന ഒരു സിസ്റ്റം നേരെയാക്കാന്‍ ഇപ്പഴും സിഡിന്റെ സഹായം വേണമെന്ന് മനസ്സിലായി. എങ്കിലും വലിയ പാടില്ലാതെ ഒപ്പിച്ചു. മറ്റ് സാങ്കേതികവിദ്യകളായ കാര്‍ഡ് സ്വൈപ്പിങ്ങ്, ലൈബ്രറി ഓട്ടോമാറ്റിക് ചെക്കൗട്ട് സിസ്റ്റം മുതലായവയുടെ കാര്യത്തില്‍ ഞാന്‍ ഇന്നും ഇഴഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലായി. ചോപ്സ്റ്റിക്സ് പോയിട്ട് സ്പൂണോ കത്തിയോ മുള്ളോ ഉപയോഗിച്ച് പോലും തിന്നാനറിയില്ലെന്ന് മനസ്സിലായി.

ഞാനും സാങ്കേതികസാക്ഷരതയില്‍ ഉപ്പയെപ്പോലെത്തന്നെയാണെന്ന് മനസ്സിലായി. ഉപ്പ കമ്പ്യൂട്ടര്‍ പഠിക്കില്ലെന്ന് വാശിയാണ്. കേരളം സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ സാക്ഷരതയുള്ള സംസ്ഥാനമാകുന്നത് ഒറ്റയ്ക്ക് തടയാനുള്ള പുറപ്പാടിലാണ്. ഇപ്പഴും കമ്പ്യൂട്ടറില്‍ കാര്യമായി വല്ലതും ചെയ്യാന്‍ ഞാനോ അനിയനോ സഹായിക്കണം. പക്ഷെ ഉപ്പയ്ക്കത്രയേ ആവശ്യമുള്ളൂ. എനിക്ക് കമ്പ്യൂട്ടര്‍ അറിഞ്ഞതുകൊണ്ടു മാത്രം കാര്യമില്ല. ഗണിതശാസ്ത്രസോഫ്റ്റ്‌വെയറുകളും കോഡിംഗും ഒക്കെ അറിയണം. പല ഇന്‍സ്ട്രമെന്റ്സ് ഉപയോഗിക്കാനും അറിയണം. എന്ത് യന്ത്രം കൈയില്‍ കിട്ടിയാലും പത്തുമിനിറ്റ് കൊണ്ട് അതിന്റെ പ്രവര്‍ത്തനം മുഴുവന്‍ മനസ്സിലാക്കാന്‍ പറ്റണം. രണ്ടാം വയസ്സില്‍ റേഡിയോ തല്ലിപ്പൊളിച്ച് തുടങ്ങിയ, അഞ്ചില്‍ പഠിക്കുമ്പഴേ വി.ബി.യില്‍ പ്രൊഗ്രാമുണ്ടാക്കാനാരംഭിച്ച, എന്റെ അനിയന് ഇതും പോര. ആറു വര്‍ഷത്തെ വ്യത്യാസം കൊണ്ട് ലോകം ആകെ മാറി. എന്റെ ബാച്ചിലെ ടെക് ഹീറോ അവന്റെ ബാച്ചില്‍ ബിലോ ആവറേജാണ്. എന്നെ മാതൃകയാക്കാന്‍ ശ്രമിച്ചാല്‍ അവനെന്നും ആണ്ടിമണ്ണുണ്ണിയായിരിക്കും.

അപ്പോള്‍ എന്താണ് പറഞ്ഞുവരുന്നത്? Being technologically illiterate is not a thing to be proud of. ആവശ്യമുള്ള വല്ലതും അറിയില്ലെങ്കില്‍ വലിയ മെനക്കേടില്ലെങ്കില്‍ പഠിക്കാന്‍ ശ്രമിക്കുക. ഈ ഞാന്‍ തന്നെ സൈക്കിള്‍ പഠിച്ചതു കണ്ടില്ലേ (എന്നുവച്ച് ഡ്രൈവിങ്ങ് പഠിക്കാനൊന്നും പോണില്ല). കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതുപയോഗിച്ച് എളുപ്പത്തില്‍ സ്വയം ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ക്കെങ്കിലും മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുക. പരീക്ഷണങ്ങള്‍ നടത്തി കമ്പ്യൂട്ടറില്‍ ആയിരം തെറ്റുകള്‍ വരുത്താന്‍ എളുപ്പമാണ്, പലതും അതുപോലെത്തന്നെ തിരുത്താനും. If you can’t break anything, why don’t you just try to see how it goes? ദിവസവും കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ നമ്മള്‍ കമ്പ്യൂട്ടറിനെ ഏല്‍പിക്കുകയാണ്, ഒരുപാട് പിന്നിലായിപ്പോയാല്‍ പിന്നെ വിഷമമാകും. കമ്പ്യൂട്ടറില്‍ ചാറ്റ് ചെയ്യാനും സിനിമ കാണാനും ഈമെയിലയക്കാനും അറിയുന്നവന്‍ ഗൂഗിള്‍ സര്‍ച്ചുകൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഐഐടി കാന്‍പൂരിലെ ജീവിതം എങ്ങനെയാണെന്ന് അവിടെ മൂന്നുകൊല്ലമായി പഠിക്കുന്ന ഒരാളോട് ചോദിക്കുന്നത് നല്ലതാണ്. എന്നാല്‍ ഐഐടിയിലേക്കുള്ള എന്‍ട്രന്‍സ് എങ്ങനെയാണെന്ന് ചാറ്റ് വഴി ചോദിക്കുന്നതിനു മുമ്പ് iit entrance എന്ന് ഗൂഗിളില്‍ സര്‍ച്ച് ചെയ്ത് ആദ്യത്തെ രണ്ടുമൂന്ന് ലിങ്കുകളെങ്കിലും വായിച്ചു നോക്കുക. ഒരു വാക്കിന്റെ അര്‍ത്ഥമറിയില്ലെങ്കില്‍ ഈമെയിലയച്ച് ചോദിക്കുന്നതിനുമുമ്പ് വിക്ഷണറിയില്‍ ഒരു സര്‍ച്ചിട്ടു നോക്കുക. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കഴുതകളുള്ള രാജ്യമേതെന്ന് അറിയാനാഗ്രഹമുണ്ടെങ്കില്‍ സ്ക്രാപ്പിടുന്നതിനുമുമ്പ് കഴുതയെക്കുറിച്ചുള്ള വിക്കിപീഡിയ പേജെങ്കിലും വായിക്കുക.

ഇതൊന്നും ചെയ്യാതെ എന്നോട് ചോദ്യം ചോദിച്ചാലും ഞാന്‍ ഉത്തരം പറഞ്ഞുതരും. പലരും ചോദിക്കാറുള്ളതുമാണ്. പക്ഷെ ഒരു ജിമെയില്‍ അക്കൗണ്ടുണ്ടാക്കി എനിക്ക് “hi, could you please tell me what butterfly effect is” എന്ന് ഈമെയിലയക്കാന്‍ മാത്രം വിവരമുള്ളവന് ചിത്രശലഭപ്രഭാവത്തെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങളെങ്കിലും ഒറ്റയ്ക്ക് നെറ്റില്‍ നോക്കി കണ്ടുപിടിക്കാന്‍ പറ്റുന്നില്ലെന്നു വന്നാല്‍ അവനൊരു ആഗോള ആണ്ടിമണ്ണുണ്ണിയാണ്.

Advertisements

8 thoughts on “ആണ്ടിമണ്ണുണ്ണി”

 1. ഞാന്‍ നിന്റെ ബ്ലോഗിന്റെ ഒരു സ്ഥിരം സന്ദര്‍ശകനാണ്. എല്ലാ പോസ്റ്റുകളും ഒന്നിനൊന്നു മെച്ചമയിരിക്കുന്നു.

  Like

 2. എല്ലാ ആ.മ കളും മറ്റു പലയിടങ്ങളിലും ആന ബുദ്ധിജീവി ആയിരിക്കുമല്ലോ..
  പിന്നെ എല്ലാരും എവിടെയെങ്കിലുമൊക്കെ ഒരു ആ.മ ആണ്‌ അല്ലേ..

  Like

 3. ഹൃഷിയോടു യോജിച്ചുകൊണ്ട് പറയട്ടെ , സ്വന്തം സാമ്രാജ്യത്തിലെ തമ്പുരാനാവുക…വേറെയിടങ്ങളില്‍ ആ .മ ആയാലും .
  എന്തായാലും കഴിഞ്ഞ പോസ്റ്റുകളെക്കാള്‍ ഇമ്പമുള്ള രചന..

  Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )