എന്‍ട്രന്‍സ്


ജെഇഇ റിസള്‍ട്ട് വന്നു. കുറച്ചു ദിവസമായി. എല്ലാ വര്‍ഷവും നടക്കുന്നപോലെ കരിയര്‍ കൗണ്‍സലിംഗ് (ശ്ശൊ എനിക്ക് വയ്യ) ചോദിച്ച് ഇന്നൊരുത്തന്‍ വന്നപ്പോഴാണ് റിസള്‍ട്ട് വന്ന കാര്യമറിയുന്നത്. കേരള എന്‍ട്രന്‍സ് റിസള്‍ട്ടും വന്നുപോയതറിഞ്ഞില്ല. അങ്ങനെ ശ്രദ്ധിക്കാറില്ല. ഒരു മൂന്നുകൊല്ലം മുമ്പ് എന്തായിരുന്നു കഥ?

ആലോചിക്കുമ്പോള്‍ ഇപ്പഴും ചിരിവരും. ഒളിമ്പ്യാഡുകളാണ് എന്നെ ചീത്തയാക്കിയത്. ആരെയും ഉപദ്രവിക്കാതെ കോഴിക്കോട്ടുള്ള വല്ല കോളേജിലും ഫിസിക്സും പഠിച്ച് സ്വസ്ഥജീവിതം നയിക്കാം എന്നായിരുന്നു ഹൈസ്കൂള്‍ കാലത്തെ പ്ലാന്‍. ഐഐടി എന്നൊരു സാധനത്തെപ്പറ്റി കേട്ടിട്ടേ ഉള്ളായിരുന്നു. ഒമ്പതാം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷനിലാണ് ജ്യോതിശാസ്ത്ര ഒളിമ്പ്യാഡ് കാമ്പിലെത്തിയത്. അവിടെ വരുന്ന പൂര്‍വവിദ്യാര്‍ത്ഥികളൊക്കെ ഐഐടിയിലാണ് പഠിക്കുന്നത്. ക്യാമ്പിനു വന്നവര്‍ക്കൊക്കെ ഐഐടിയില്‍ കയറിപ്പറ്റണം, ഒരുമാതിരിപ്പേരൊക്കെ പ്രിപ്പറേഷന്‍ തുടങ്ങിക്കഴിഞ്ഞു. എനിക്കപ്പോള്‍ അദ്ഭുതമാണ് തോന്നിയത് – മൂന്നുകൊല്ലം കഴിഞ്ഞുള്ള പരീക്ഷയ്ക്ക് ഇപ്പഴേ പഠിക്കുകയോ?

പത്താം ക്ലാസ്സും വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു. കൂടെപ്പഠിച്ചവര്‍ പകുതിയും പിസിയുടെ ശിഷ്യത്വം സ്വീകരിക്കാന്‍ നാടുവിട്ടുപോകുന്നത് കണ്ടതോടെയാണ് എന്‍ട്രന്‍സ് എന്ന സാധനം ഒരു യാഥാര്‍ത്ഥ്യമായി തലയിലേക്ക് വന്നത്. എങ്കിലും എനിക്ക് വലിയ കണ്‍സേണ്‍ ഇല്ലായിരുന്നു. മെഡിക്കല്‍ എന്തായാലും ചെയ്യുന്നില്ല. ആ പണി ഞമ്മളെപ്പോലത്തെ ലോലഹൃദയന്മാര്‍ക്ക് പരഞ്ഞതല്ല. പ്ലസ് റ്റുവിന് ബയോളജിക്ക് പകരം (എനിക്ക് വയ്യ ഇത്രേം ബൈഹാര്‍ട്ട് പഠിക്കാനും റെക്കാര്‍ഡ് വരയ്ക്കാനും) കമ്പ്യൂട്ടര്‍ സയന്‍സെടുത്തു. ഉപ്പയുടെ വിഷയം വിട്ട സ്ഥിതിക്ക് ഉമ്മയുടേതും ഒഴിവാക്കി – ഹിന്ദി വിട്ട് ഫ്രഞ്ചെടുത്തു. എഞ്ചിനിയറിംഗിലും താല്‍പര്യമില്ല. ഇത് രണ്ടും കൂടി കേള്‍ക്കുമ്പോഴേക്ക് എല്ലാവരും വാ പൊളിച്ചിരിക്കാറാണ് പതിവ്. എന്താ ഇവരൊന്നും ഡോക്ടറും എഞ്ചിനീയറുമല്ലാത്ത ആരെയും കണ്ടിട്ടില്ലേ? ഒരുമാതിരിപേരൊക്കെ കഞ്ഞി കുടിക്കാന്‍ കിട്ടാത്ത ഭാവി ചൂണ്ടിക്കാണിച്ച് ഭീഷണിപ്പെടുത്തിയതാണ്. കുറച്ച് കഴിഞ്ഞപ്പോള്‍ എനിക്കത് തഴങ്ങി. അപ്പോള്‍ എന്‍ട്രന്‍സൊന്നുമില്ലാതെ സുഖമായി കഴിയാം എന്നതായിരുന്നു പ്ലാന്‍. അപ്പഴാണ് ഐഐടി പ്രശ്നം കയറിവന്നത്. ഈ ചുരുങ്ങിയ കാലം കൊണ്ട് ഐഐടി എന്ന നിഗൂഢതകള്‍ നിറഞ്ഞ സ്ഥലത്തെക്കുറിച്ച് ബോധവാന്മാരായിപ്പോയതുകൊണ്ട് – അവിടെ ഫിസിക്സുണ്ടെന്ന് മനസ്സിലായി – അവിടെ എത്തിപ്പെട്ടാല്‍ കൊള്ളാമെന്നൊരു മോഹം. അടിപൊളി സ്ഥലമാണെന്നാണ് കേള്‍ക്കുന്നത്. അറിഞ്ഞിടത്തോളം ഉള്ളിലുള്ളവരൊക്കെ ബുദ്ധിജീവികളാണ്. ഭാവി ഐന്‍സ്റ്റൈന്‍മാരെ ലോഡായി മാനുഫാക്ചര്‍ ചെയ്യുന്ന സ്ഥലം. പഠിത്തത്തിനും റിസര്‍ച്ചിനും ഭൂലോക ഫെസിലിറ്റീസ്. എന്നാല്‍ പോയി പഠിച്ചുകളയാം. ഐസറുകളിലേക്ക് ജെഇഇ ലിസ്റ്റില്‍ നിന്നാണ് സെലക്ഷന്‍ എന്നുകൂടി കേട്ടപ്പോള്‍ കാര്യം സീരിയസായി.

എന്‍ട്രന്‍സ് എഴുതുക. പോയി ഫിസിക്സ് പഠിക്കുക. സിമ്പിള്‍. പക്ഷെ ഉപ്പയ്ക്കത്ര വിശ്വാസം പോര. സില്‍വര്‍ ഹില്‍സ് സ്കൂള്‍ എത്ര പുലിയാണെങ്കിലും എന്‍ട്രന്‍സിന്റെ കാര്യത്തില്‍ അത്ര പേരുകേട്ടതല്ല. അതുകൊണ്ട് ഉയര്‍ന്ന മാര്‍ക്കുള്ള പലരും പത്താംതരം കഴിഞ്ഞ് അവിടെ കണ്ടിന്യൂ ചെയ്യാറില്ല. വിവിധ കാരണങ്ങളാല്‍ (മോസ്റ്റ് ഇമ്പോര്‍ട്ടന്റ് : വീട്ടില്‍ നിന്ന് നടന്നാല്‍ ഏഴെട്ട് മിനിറ്റുകൊണ്ട് സ്കൂളിലെത്താം) ഞാന്‍ കണ്ടിന്യൂ ചെയ്യാന്‍ തീരുമാനിച്ചു. അതുകൊണ്ട് എന്‍ട്രന്‍സിന് സ്വയം പഠിക്കണം.

എന്നുവച്ച് കോച്ചിങ്ങിന് പോകാന്‍ വയ്യ. ട്യൂഷന്‍ എന്ന പരിപാടിയില്‍ കുടുംബമായി നമക്ക് വിശ്വാസമില്ല (ഉപ്പ പണ്ട് ട്യൂട്ടോറിയല്‍ കോളേജ് നടത്തിയതുകൊണ്ടാകും). ആരെങ്കിലും പഠിപ്പിച്ചിട്ട് വിവരം വയ്ക്കും എന്ന് എനിക്ക് പ്രതീക്ഷയുമില്ല. മദ്രസയില്‍ പോകുന്നതുകൊണ്ട് (വെള്ളിമാടുകുന്ന് സലഫി മദ്രസയിലെ മൂത്താപ്പയായിരുന്നു ഞാന്‍. വൈകിയാണ് മദ്രസയില്‍ പോകാന്‍ തുടങ്ങിയത് – ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍. എന്റെ സൈസ് വച്ച് ഉസ്താദുമാര്‍ക്ക് ഒന്നാം ക്ലാസില്‍ ഇരുത്താന്‍ തോന്നിയില്ല. നേരെ മൂന്നിലേക്ക് വിട്ടു. ഒടുവില്‍ പ്ലസ് റ്റു ചെയ്യുമ്പോള്‍ ഞാന്‍ മദ്രസയിലും ഏഴാം ക്ലാസ് പൊതുപരിക്ഷയ്ക്കിരിക്കുകയായിരുന്നു. അപ്പോള്‍ എന്റെ നെക്സ്റ്റ് ജൂനിയറായുള്ള മദ്രസവിദ്യാര്‍ത്ഥി എനിക്ക് അഞ്ച് വയസ്സിന് ഇളയതായിരുന്നു) ഇങ്ങനത്തെ പരിപാടികള്‍ക്ക് സമയവുമില്ല. വെക്കേഷന് പഠിക്കാന്‍ തൃശ്ശൂര്‍ക്ക് എന്റെ പൂച്ച പോകും. അപ്പോള്‍ ഒണ്‍ലി വണ്‍ വേ ഔട്ട്. ഒറ്റയ്ക്കിരുന്ന് വായിക്കുക. മോക്ക് ടെസ്റ്റിന് ഉപ്പ ഏര്‍പ്പാടാക്കി. മുമ്പ് എന്‍ട്രന്‍സുകള്‍ എഴുതി പൊട്ടിയവന്മാരുടെ കൈയില്‍ നിന്ന് ഒരൊന്നര ലോറി ബുക്കും ഒപ്പിച്ചു.

പക്ഷെ ഞമ്മളാരാ മോന്‍? കെമിസ്ട്രി വായിക്കാന്‍ വേറെ ആളെ നോക്കണം. ഫിസിക്സ് എന്‍ട്രന്‍സിന് പഠിച്ച് ആ വിഷയത്തോടുള്ള ഇഷ്ടം കളയാനില്ല. കണക്ക് വായിക്കണ്ട ആവശ്യവുമില്ല. എന്നു പറഞ്ഞ് ഒരൊന്നര കൊല്ലം അങ്ങനെ പോയി. ആദ്യകാലത്ത് മോക്ക് ടെസ്റ്റുകളില്‍ ഫിസിക്സിലും മാത്സിലും നല്ല മാര്‍ക്കുണ്ടായിരുന്നു. കെമിസ്ട്രി പോക്കായിരുന്നു. പിന്നെപ്പിന്നെ കെമിസ്ട്രി കൂടുതല്‍ പോക്കാകാന്‍ തുടങ്ങി. ഫിസിക്സും പോക്കാകാന്‍ തുടങ്ങി. 2007 ജനുവരിയായപ്പോഴേക്കും ഉപ്പ പറയാന്‍ തുടങ്ങി : കുറച്ച് മാസം കൂടല്ലേ ഉള്ളൂ, ശരിക്ക് പഠിക്കാന്‍ നോക്ക്. ഞാനും വിചാരിച്ചു ഒരു ചേഞ്ചിന് മര്യാദക്കിരുന്ന് പഠിച്ചേക്കാമെന്ന്. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. സ്കൂളില്‍ സ്റ്റഡി ലീവ് സമയമായിരുന്നു. ജനുവരി  മുതല്‍ ഏപ്രില്‍ 7 (ഡേറ്റ് തെറ്റിയോ?) വരെ കുത്തിയിരുന്ന് പഠിച്ചു. കെമിസ്ട്രി കഷായം കുടിക്കുന്നപോലെ കണ്ണടച്ച് മാലിനിട്ടീച്ചറെ ഓര്‍ത്ത് ഇറക്കാന്‍ തുടങ്ങി. ദിവസം രണ്ടുമണിക്കൂര്‍ വച്ച് ഒരാഴ്ച അടുപ്പിച്ച് വായിച്ചാല്‍ മാനസികനില തകരാറിലാകുന്ന ഞാന്‍ ദിവസവും പത്തും പന്ത്രണ്ടും മണിക്കൂറിരുന്ന് വായിച്ചു. മൂന്നു മാസം പ്രാക്റ്റിക്കല്‍സും പബ്ലിക്ക് എക്സാമും ഒക്കെ ഇടയില്‍ കഴിഞ്ഞുപോയി. കേരള എഞ്ചിനീയറിംഗ് എന്‍ട്രന്‍സും ഓള്‍ ഇന്ത്യ എഞ്ചിനീയറിംഗ് എന്‍ട്രന്‍സും എഴുതി (എന്തിനാന്ന് ചോദിച്ചാല്‍ ഉത്തരമില്ല. ഞാനും ഇപ്പഴും ആലോചിച്ചുകൊണ്ടിരിക്കുകയാണ്). ബിറ്റ്സിന്റെ എന്‍ട്രന്‍സും എഴുതി.

അവസാനം റിസള്‍ട്ട് വന്നു. ആദ്യം കേരള എന്‍ട്രന്‍സ്. ഡോ. താണു പദ്മനാഭന്റെ കീഴില്‍ ഒരു റീഡിംഗ് പ്രൊജക്റ്റ് ചെയ്യാന്‍ അയുകയിലേക്ക് പോകുന്ന വഴിക്ക് മഡ്ഗാവില്‍ വണ്ടി കാത്തു നില്‍ക്കുകയായിരുന്നു. പതിനൊന്നാം റാങ്കുണ്ട് (എട്ടെന്നായിരുന്നു ആദ്യം കേട്ടത്). മന്ത്രി പത്രസമ്മേളനത്തില്‍ പേരു പറഞ്ഞതുകൊണ്ട് വീട്ടിലേക്ക് കുറേ ഫോണ്‍ വരുന്നുണ്ട്. മെഡിക്കലിന് ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്തെ ബെസ്റ്റ് ഫ്രന്‍ഡായിരുന്ന ജോ ജെയിംസിനാണ് ഒന്നാം റാങ്ക് (അവന്‍ പക്ഷെ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ വേദവ്യാസയിലേക്ക് ചാടിയിരുന്നു). സത്യം പറഞ്ഞാല്‍ ഞാനാകെ കുടുങ്ങിയപോലായി. ഐഐടി എങ്ങാനും കിട്ടിയിട്ടില്ലെങ്കില്‍ ജെക്കോയിലോ മറ്റോ (Govt Engg College KOzhikkode) വല്ല കോഴ്സിനു ചേരാന്‍ പറഞ്ഞാല്‍ എന്നാ ചെയ്യും? അയുകയിലെത്തിയപ്പോള്‍ എഐഇഇഇ റിസള്‍ട്ടും വന്നു. 458 (സ്റ്റേറ്റ് റാങ്ക് 8). ഇതിപ്പോള്‍ കൂടുതല്‍ പാരയായി. ഇനിയിപ്പോള്‍ വേണമെങ്കില്‍ കോഴിക്കോട് എന്‍ഐടിയിലും കിട്ടും. ജെഇഇ കിട്ടിയില്ലെങ്കില്‍ ഫിസിക്സ് ജീവിതം ഗോപിയായ മട്ടാണ്. ഏതായാലും ഗോപിയാകാതെ രക്ഷപ്പെട്ടു. 137-ആം റാങ്കുണ്ട്.  മാര്‍ക്ക് പിന്നെ കൈയില്‍ കിട്ടിയപ്പോള്‍ അതിലും രസമായിരുന്നു. കണക്കില്‍ 162-ല്‍ ഏതാണ്ട് 140 ഉണ്ട്. കെമിസ്ട്രിയില്‍ 125 ഉം ഫിസിക്സില്‍ 105ഉം. എന്നും ഫിസിക്സിനാണ് മാര്‍ക്ക് കുറവ്. ഫിസിക്സ് ഒളിമ്പ്യാഡിനും ഒന്നാം റൗണ്ടില്‍ പൊട്ടിയിരുന്നു. എന്നിട്ടും ഫിസിക്സെടുക്കുന്നതെന്തിനാ എന്നാണ് പോപ്പുലര്‍ ക്വസ്റ്റ്യന്‍. എനിവേ നാലുഭാഗത്തുനിന്നുമുള്ള സമ്മര്‍ദ്ദത്തിന് വഴങ്ങാതിരുന്നാല്‍ കാന്‍പൂരില്‍ പോയി ഫിസിക്സ് ചെയ്യാം.

ഞാന്‍ നന്നാവില്ലെന്ന് നാട്ടുകാരൊക്കെ തീരുമാനിച്ചതുകൊണ്ട് കാര്യമായ സമ്മര്‍ദ്ദമൊന്നുമുണ്ടായില്ല. മദ്രാസിലും ബോംബെയിലും എഞ്ചിനിയറിംഗ് ഫിസിക്സേ ഉള്ളൂ. അതുകൊണ്ട് പ്രയോറിറ്റി ലിസ്റ്റില്‍ കാന്‍പൂര്‍ ഫിസിക്സ് ആദ്യ ചോയ്സായി കൊടുത്തു. ബോംബെ കംപ്യൂട്ടര്‍ സയന്‍സ് ആറാമത്തെ ചോയ്സായി ഉണ്ടായിരുന്നെന്നാണ് ഓര്‍മ്മ. അങ്ങനെ ആഗ്രഹിച്ചപോലെ ഐഐടിയിലെത്തി.

എത്തിക്കഴിഞ്ഞപ്പഴാണ് വെറുതെ കഷ്ടപ്പെട്ട് മൂന്നുമാസം എന്‍ട്രന്‍സിനു പഠിക്കണ്ടില്ലായിരുന്നുവെന്ന് തോന്നിയത്. 2500 റാങ്കുള്ളവര്‍ക്കു വരെ ബ്രാഞ്ച് കിട്ടിയിട്ടുണ്ട്. ഒന്ന് അയഞ്ഞുപഠിച്ചിരുന്നെങ്കില്‍ നഷ്ടമൊന്നുമില്ലായിരുന്നു (കിട്ടിയിട്ടേ ഇല്ലായിരുന്നെങ്കിലും നഷ്ടമില്ലെന്ന് ഇടക്ക് തോന്നാറുണ്ട്). എന്‍ട്രന്‍സ് റാങ്കും വിവരവും തമ്മില്‍ യാതൊരു കോറിലേഷനുമില്ലെന്ന് കുറേപേരെ പരിചയപ്പെട്ടപ്പോള്‍ മനസ്സിലായി. മൂന്നാല് കൊല്ലം കോട്ടയിലോ രാമയ്യയിലോ പോയി എന്‍ട്രന്‍സിനു പഠിച്ചാല്‍ ഏത് ചാത്തനും ഐഐടിയിലെത്താം. അങ്ങനെയുള്ള കുറേപേര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാണിക്കുന്ന വക കാണുമ്പോള്‍ എന്‍ട്രന്‍സ് കിട്ടാത്ത എന്റെ ചില സുഹൃത്തുക്കള്‍ ഇതിലും എത്രയോ ഭേദമാകുമായിരുന്നു എന്ന് വിചാരിച്ചിട്ടുണ്ട്. എത്തിപ്പറ്റിയാല്‍ പഠിത്തം എന്ന പരിപാടിയേ നിര്‍ത്തും, എല്ലാ കോഴ്സും തട്ടിമുട്ടിയോ റിപ്പീറ്റെഴുതിയോ പാസ്സാകും, എന്നിട്ട് ഒടുക്കം ഡിഗ്രി കഴിഞ്ഞ് സോപ്പുവില്‍ക്കാന്‍ പോകും. വെറുതെയാണോ ഐഐടികള്‍ ലോകത്തെ മികച്ച സാങ്കേതികവിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയില്‍ ഒരിക്കലും ഉള്‍പ്പെടാത്തത്?

അങ്ങനെയാണ് എന്‍ട്രന്‍സ് മഹാമഹത്തോടുണ്ടായിരുന്ന എന്റെ ബഹുമാനമൊക്കെ നഷ്ടമായത്. ഐഐടിയിലെ കാര്യമേ എനിക്ക് പെഴ്സണലായി അറിയൂ. മറ്റ് ഗവണ്മെന്റ്, സ്വാശ്രയ കോളേജുകളിലെ കാര്യത്തെക്കുറിച്ച് പറഞ്ഞുകേട്ട അറിവേ ഉള്ളൂ. ഏതായാലും ഞാന്‍ മനസ്സിലാക്കുന്നതനുസരിച്ച് ഈ എന്‍ട്രന്‍സ് പ്രക്രിയയില്‍ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്. The people clearing these exams are not the most intelligent ones or the most apt ones. സ്റ്റാറ്റിസ്റ്റിക്കലി ഏറ്റവും നല്ല ചോയ്സ് ഇതാണോ എന്നറിഞ്ഞുകൂട.

അവസാനമായി ഇത്രയേ പറയാനുള്ളൂ. ഐഐടിയില്‍ കയറിപ്പറ്റാന്‍ ആഗ്രഹിച്ച് ടിപ്സ് ചോദിച്ച് വരുന്നവരേ, നിങ്ങള്‍ ജീവിതത്തിലെ രണ്ടുമൂന്ന് നല്ല വര്‍ഷങ്ങള്‍ തുലച്ചുകളയുക. വല്ല വിഷയത്തിലും വിവരം വെക്കാന്‍ ശ്രമിക്കുന്നതിനു പകരം കഴിഞ്ഞ മുന്നൂറു കൊല്ലത്തെ എന്‍ട്രന്‍സ് ചോദ്യങ്ങളും ഉത്തരങ്ങളും അവ ചെയ്യാന്‍ ഉപയോഗിക്കുന്ന കുറുക്കുവഴികളും പഠിച്ചുവെക്കുക. ഈ കാലമല്ലാത്ത കാലത്ത് രക്ഷപ്പെടണമെങ്കില്‍ ആരെയും അബദ്ധത്തില്‍ പോലും സഹായിച്ച് മുന്നില്‍ കടക്കാന്‍ അനുവദിക്കാതിരിക്കുക. സുഖമായി എന്‍ട്രന്‍സ് ജയിക്കാം.

Advertisements

21 thoughts on “എന്‍ട്രന്‍സ്”

 1. വായിച്ചു.വളരെ നന്നായിരിക്കുന്നു.വെറും മൂന്നു മാസം കൊണ്ട് പഠിച്ചാണ് IIT യില്‍ ഉയര്‍ന്ന റാങ്കോടെ ചേര്‍ന്നത്‌ എന്നറിയുമ്പോള്‍ അത്ഭുതം തോന്നുന്നു. മൂന്നു വര്‍ഷം തലകുതിയിരുന്നു പഠിച്ചിട്ടും ഇഇറ്റ് ലിസ്റ്റില്‍ പേരില്ലാതെ വന്ന കുട്ടികളെ എനിക്കറിയാം. അവസാനത്തെ ഖണ്ഡികയിലെ ആശയങ്ങളോട് ഞാന്‍ പൂര്‍ണമായും യോചിക്കുന്നു.
  സില്‍വര്‍ ഹില്ല്സ് സ്കൂള്‍ ഇല്‍ പഠിച്ച എത്രയോ പേര്‍ ഇന്ന് ഇന്ത്യയിലും വിദേശത്തും റിസര്‍ച്ച് ചെയ്യുന്നു. അവിടെ continue ചെയ്താല്‍ അത് ഭാവിയെ ബാധിക്കും എന്നാ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല.
  എന്ട്രന്‍സ് പരിക്ഷയില്‍ ഫിസിക്സ്‌ എന്നാ ഒരു വിഷയം കൂടി ഉള്ളതുകൊണ്ട് മാത്രമാണ് ഞാന്‍ ഇന്നൊരു മെഡിക്കല്‍ കോളേജ് ഇല്‍ പഠിക്കുന്നത്. എങ്കിലും, ഒരു നല്ല ഡോക്ടര്‍ ആകാന്‍ ഫിസിക്സ്‌ ഇന്റെ ബാലപാദം പോലും അറിയണമെന്നില്ല. അതുപോലെ, ഫിസിക്സ്‌ കോഴ്സ് ഇന് ചേരാന്‍ ആഗ്രഹിക്കുന്ന വിധ്യാര്‍തികളും എന്ട്രന്‍സ് ഇന് വേണ്ടി മാത്രം chemistry കൂടിപഠിക്കണം എന്നുള്ള ഇപ്പോഴത്തെ രീതി ശരിയല്ല.

  Like

  1. സില്‍വര്‍ ഹില്‍സില്‍ പഠിച്ചാല്‍ ഭാവി പോക്കാകും എന്നൊന്നും ഞാന്‍ പറഞ്ഞെന്ന് കരുതിയേക്കല്ലേ. സ്കൂളിന്റെ പല നയങ്ങളോടും എതിര്‍പ്പുണ്ടെങ്കിലും ആരുടെയും അകാഡമിക് ഭാവി സ്കൂള്‍ കാരണം തകരുമെന്നൊന്നും ഞാന്‍ പറയില്ല. എന്റെ ബാച്ചിലെങ്കിലും ഉയര്‍ന്ന മാര്‍ക്കുണ്ടായിരുന്ന മിക്ക കുട്ടികളും പത്താം തരം കഴിഞ്ഞപ്പോള്‍ സ്കൂള്‍ മാറിപ്പോയതെന്തുകൊണ്ട് എന്ന് ആലോചിച്ചിരുന്നു. ചാടിപ്പോയവര്‍ നിന്നവരെക്കാള്‍ എന്‍ട്രന്‍സില്‍ നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്തു.

   എന്‍ട്രന്‍സിന് പഠിക്കണ്ട കാര്യങ്ങളുടെ ഇപ്പോഴത്തെ ലിസ്റ്റിനോട് എനിക്കും എതിര്‍പ്പുണ്ട്. In an ideal world, സ്കൂളില്‍ പഠിക്കാനുള്ള കാര്യങ്ങള്‍ മാത്രം ശരിക്ക് മനസ്സിലാക്കിയ ഒരു വിദ്യാര്‍ത്ഥി (എന്നുവച്ചാല്‍ ബോര്‍ഡ് ടോപ്പര്‍ എന്നല്ല അര്‍ത്ഥം. നമ്മളെത്ര മന്ദന്‍ ബോര്‍ഡ് ടോപ്പര്‍മാരെ കണ്ടിരിക്കുന്നു) എന്‍ട്രന്‍സ് നേടേണ്ടതാണ്. എന്നാല്‍ എന്‍ട്രന്‍സിന് ആവശ്യമുള്ള കെമിസ്ട്രിയും സ്കൂളില്‍ പഠിപ്പിച്ച കെമിസ്ട്രിയും തമ്മില്‍ അല്‍പമാത്രബന്ധമേ ഞാന്‍ കണ്ടിട്ടുള്ളൂ. ആ, ഇതൊക്കെ പത്തുപേര്‍ മാത്രം വായിക്കുന്ന ഒരു ബ്ലോഗില്‍ ഡിസ്കസ് ചെയ്യുന്നതു കണ്ടിട്ട് ആരും എന്‍ട്രന്‍സ് രംഗം പരിഷ്കരിക്കാന്‍ പോണില്ല

   Like

 2. ഇത്തവണ പ്ലസ്ടു പബ്ലിക്‌ പരീക്ഷ എഴുതേണ്ട വ്യക്തിയായ (ബഹുമാനം) എനിക്ക് ഇത് വായിച്ചപ്പോള്‍ അത്ഭുതം തോന്നുന്നു..വെറും മൂന്നു മാസം കൊണ്ട് ഐ ഐ ടി അഡ്മിഷന്‍ നേടിയത് അത്ഭുതം അല്ലാതെ പിന്നെ എന്ത് ?
  ഇത്തവണ ഒരു എന്ട്രന്സും കൂടി എഴുതാം എന്നാണ് എല്ലാവരുടെയും പോലെ എന്റെയും ആഗ്രഹം , സി ബി എസ്സി ആയതു കൊണ്ടാണോ എന്ന് അറിയില്ല….ഫിസിക്സ്‌ അത്യാവശ്യം അറിയാമെങ്കിലും വിജരിച്ചത്ര ടോപ്‌ മാര്‍ക്കൊന്നും എനിക്ക് കിട്ടാറില്ല.നിങ്ങള്‍ക്കും അത് പോലത്തെ അനുഭവം ഉണ്ടെന്നു പറഞ്ഞു…ഇതിനുള്ള കാരണം ഞാന്‍ ആലോചിച്ചു..കൂടുതല്‍ വര്‍ക്ക്‌ ചെയ്യതിരിന്നിട്ടാണ് എന്നാണ് എനിക്ക് കിട്ടിയ ഉത്തരം..നിങ്ങള്ക്ക് എങ്ങിനെ തോന്നുന്നു ?

  Like

  1. മൂന്നുമാസം കൊണ്ട് ഐഐടി കിട്ടിയത് ഞാന്‍ വല്ല്യ അദ്ഭുതജീവിയായതുകൊണ്ടൊന്നുമല്ല. കണക്കും ഫിസിക്സും ഞാന്‍ പണ്ടേ (എന്നുവച്ചാല്‍ ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും ഒക്കെ മുമ്പ്. ഉമ്മയുടെയും ഉപ്പയുടെയും ഓരോ കുടിലതന്ത്രങ്ങളാണ് – പ്ലസ് റ്റുവിന്റെ ടെക്സ്റ്റ്ബുക്കൊക്കെ വീട്ടില്‍ വാങ്ങിവക്കും. വീട്ടില്‍ കേബിള്‍ ടിവിയോ കമ്പ്യൂട്ടറോ കളിക്കാന്‍ വീട്ടിനടുത്ത് കൂട്ടുകാരോ ഇല്ല. പിന്നെ എന്തുചെയ്യും?) വായിക്കുമായിരുന്നു – എന്‍ട്രന്‍സ് കിട്ടാനൊന്നുമല്ല, വെറുതെ ഒരു രസം. പിന്നെ ഒളിമ്പ്യാഡൊക്കെയായി അതിനും കുറേ വായിച്ചു. കെമിസ്ട്രി മാത്രമേ ഇങ്ങനെ വായിക്കാതിരുന്നുള്ളൂ, അതുകൊണ്ട് എന്‍ട്രന്‍സിന് അങ്ങനെയിരുന്നു മെനക്കെടേണ്ടി വന്നു.

   ഫിസിക്സിന് സ്കൂളില്‍ എനിക്ക് മാര്‍ക്കുണ്ടായിരുന്നു. ഫിസിക്സിനെന്നല്ല, എല്ലാത്തിനും ഉണ്ടായിരുന്നു. പക്ഷെ കോമ്പെറ്റിറ്റീവ് പരിക്ഷകളില്‍ ഫിസിക്സ് ചെയ്തതൊക്കെ പോക്കായി. ഫിസിക്സ് ഒളിമ്പ്യാഡില്‍ ആദ്യ റൗണ്ടില്‍ തന്നെ പൊട്ടി. ജെഇഇയില്‍ ഏറ്റവും മാര്‍ക്ക് കുറവും കിട്ടി. ഓവര്‍കോണ്‍ഫിഡന്‍സാകാം, ആവശ്യത്തിന് പഠിക്കാഞ്ഞിട്ടാകാം. ആ, ഇനിയിപ്പോള്‍ ഓര്‍ത്തിട്ടെന്തുകാര്യം.

   Like

 3. -ഈ കാലമല്ലാത്ത കാലത്ത് രക്ഷപ്പെടണമെങ്കില്‍ ആരെയും അബദ്ധത്തില്‍ പോലും സഹായിച്ച് മുന്നില്‍ കടക്കാന്‍ അനുവദിക്കാതിരിക്കുക. സുഖമായി എന്‍ട്രന്‍സ് ജയിക്കാം.
  -Nowadays, I hear that they don’t even share their notes. That they don’t talk with the fellow competitors. That they wish more for their friends’ failure than their own success. The end result of this training process is students who are addicted to work as patients to morphine.
  All through my training process, I didn’t forget to remain human. I gave my life the first priority, even when I went through all the agony of entrance preparation.
  – nethahussain

  Wht wud you say ?

  Like

  1. മറുപടി ഞാന്‍ നതയുടെ (പേര് മലയാളത്തില്‍ അങ്ങനെത്തന്നെയാണോ എഴുതുക? നദ?) പോസ്റ്റിലിട്ടിട്ടുണ്ട്. എനിക്ക് പെഴ്സണലി ഒരിക്കലും ഒരു യുദ്ധമുള്ളതായി തോന്നിയിട്ടില്ല. സ്കൂളില്‍ ആകെ എന്‍ട്രന്‍സ് വിചാരമുള്ളതായി കണ്ടിരുന്ന – അവര്‍ ഐഐടിക്ക് ട്രൈ ചെയ്തിരുന്നില്ലെന്നുമാത്രം – എല്‍ദോയും അശ്വിനുമായി ഞാന്‍ കുറേ ഡിസ്കസ് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്കാര്‍ക്കും ഇതുകൊണ്ട് ദോഷം വന്നതായി തോന്നിയിട്ടില്ല. അതുപോലെ മോക്ക് ടെസ്റ്റിന് കണ്ടിരുന്ന ഇഖ്ബാലും മറ്റുള്ളവരുമായും ഡിസ്കഷന്‍ ഉണ്ടാകാറുണ്ട്. അവനും ഇപ്പോള്‍ ഐഐടിയിലാണ്. ഡിസ്കഷന്‍ വിരോധികളായ നതയുടെ പോസ്റ്റിലെ നായകന്മാരും ഐഐടിയിലെത്തിയിരിക്കാം – പക്ഷെ അത് അനുകരണീയ മാതൃകയാണെന്നഭിപ്രായമില്ല.

   നമ്മളെത്ര കോമ്പറ്റീഷന്‍ കണ്ടതാ. ക്വിസ്സിംഗ് രംഗത്ത് ഇതിലും എത്ര ഭേദമാണ് കാര്യങ്ങള്‍. നമ്മളെ സ്ഥിരമായി തോല്‍പിക്കുന്നവരും നമ്മള്‍ സ്ഥിരമായി തോല്‍പിക്കുന്നവരും ക്വിസ് കഴിഞ്ഞാല്‍ സുഹൃത്തുക്കളാണ്. ഒന്നുരണ്ട് നമൂനകള്‍ അവിടെയും കാണും. അതിപ്പോള്‍ എല്ലാ കാര്യത്തിലും ഉണ്ടാകുന്നതല്ലേ?

   Like

   1. നത എന്നാണ് എഴുതുക. അറബി വാക്കാണ്‌. തുഷാരം എന്നര്‍ത്ഥം.
    എന്ട്രന്‍സ് കാലത്ത് ഒരു യുദ്ധക്കളത്തില്‍ നില്‍ക്കുന്ന പ്രതീതിയായിരുന്നു. ആരും ആരോടും ദിസ്കുസ് ചെയ്യില്ല.പുസ്തകം കൊടുക്കില്ല.പക്ഷെ ഞാന്‍ എല്ലാവരോടും മനുഷ്യജീവി എന്നാ പരിഗണന കാണിച്ചിട്ടുണ്ട്. ഒരുപാട് പേര്‍ക്ക് മനസിലാകാത്ത ഭാഗങ്ങള്‍ പറഞ്ഞു കൊടുത്തിട്ടുണ്ട്‌. ഇപ്പോഴാതെ കുട്ടികള്‍ വളരെ അധികം സെല്‍ഫിഷ് ആണെന്ന് തോന്നുന്നു. ഒരാളെ ഒരു പാദം മനസിലാക്കാന്‍ സഹായിച്ചാല്‍ ലോകം അവസാനിക്കും എന്നൊന്നും എനിക്ക് തോന്നുന്നില്ല .
    ക്വിസ് ഇതിനെക്കാള്‍ എത്രയോ ഭേദമായിരുന്നു. എല്ലാവരും മറ്റുള്ളവരെ സഹായിക്കും, ദിസ്കുസ് ചെയ്യും. ഞാന്‍ അത്ര നല്ല പെര്ഫോര്മര്‍ ഒന്നുമല്ലെങ്ങിലും ഒരുപാട് quizzഇര ഫ്രണ്ട് എനിക്കുണ്ട്.
    മലയാളം കുറച്ചേ അറിയൂ. ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തു വിവര്‍ത്തനം ചെയ്യുകയാണ്. അക്ഷരതെറ്റുകള്‍ ഒരുപാടുണ്ട്, ക്ഷമിക്കണം.മലയാളം സാഹിത്യത്തില്‍ താല്പര്യം തോന്നിയതുകൊണ്ട് മലയാളപുസ്തകങ്ങള്‍ വായിക്കുന്നുണ്ട്. ഒന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ മലയാളം നന്നായി കൈകാര്യം ചെയ്യാന്‍ പറ്റുമെന്ന് കരുതുന്നു.

    Like

    1. നതയുടെ ദിസ്കുസ് പ്രയോഗത്തിനാണ് ഈ കമന്റ്. ലിപ്യന്തരണ മാര്‍ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും ഇംഗ്ലീഷ്‌ വാക്കുകള്‍, അതേ ഉച്ചാരണത്തില്‍ കിട്ടിക്കൊള്ളണമെന്നില്ല. അതായത്‌ discuss എന്നെഴുതുമ്പോള്‍ ഡിസ്ക്കസ് എന്ന് വരില്ല. അതിനു ചിലപ്പോള്‍ diskkas എന്നെഴുതേണ്ടി വരും. സെല്‍ഫിഷ് എന്നതിന് അതാവശ്യമില്ലതാനും.

     Like

 4. ഹോ സത്യമായിട്ടും gladiator സിനിമയില്‍ russel crowe നോട് തോനിയത്തിലും ബഹുമാനം ഇപ്പൊ Raziman ടു തോന്നുന്നു

  IIT എഴുതി FLOP ആയി ചില രണ്ടാം കിട NIT കളില്‍ പഠിക്കുന്ന എന്നെപോലുള്ള എല്ലാവര്ക്കും ഇതേ വികാരമായിരിക്കും എന്നതില്‍ വലിയ സംശയമൊന്നുമില്ല…

  എന്നാലും…

  “എത്തിപ്പറ്റിയാല്‍ പഠിത്തം എന്ന പരിപാടിയേ നിര്‍ത്തും, എല്ലാ കോഴ്സും തട്ടിമുട്ടിയോ റിപ്പീറ്റെഴുതിയോ പാസ്സാകും, എന്നിട്ട് ഒടുക്കം ഡിഗ്രി കഴിഞ്ഞ് സോപ്പുവില്‍ക്കാന്‍ പോകും. വെറുതെയാണോ ഐഐടികള്‍ ലോകത്തെ മികച്ച സാങ്കേതികവിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയില്‍ ഒരിക്കലും ഉള്‍പ്പെടാത്തത്?”

  “engineering was not my cup of tea,da” എന്ന് google talkiloode നിലവിളിക്കുന്ന സുഹൃത്തുക്കളും ഈ പട്ടികയില്‍ പെടുമോ എന്ന് കൂടി നമ്മള്‍ ആലോചിക്കെണ്ടിയിരികുന്നു…
  Engineeringine കുറിച്ചോ ഗവേഷണത്തെ കുറിച്ചോ കാര്യമായ പിടിപാടില്ലതെയാണ് പലരും (ഈ ഞാനും 😦 ) കുരുക്കില്‍ ചെന്ന് ചാടുന്നത്…..

  എന്തായാലും ….

  ആകെ മൊത്തം നിറഞ്ഞ sarcasm വായനയ്ക്ക് നല്ല രസം പകര്‍ന്നു :)…

  **എങ്കിലും olympiadil കണ്ട physics ന്റെ സൌന്ദര്യം (അല്ലെങ്കില്‍ സൌമ്യത :D)
  ഒന്നാം വര്ഷം കോളേജില്‍ പഠിപ്പിച്ച relativity ക്കോ quantum mechanicsനോ കാണാത്തത് കൊണ്ട് (കുറ്റം നമ്മുടേത്‌ തന്നെ :)) …..രണ്ടു വര്ഷം കൂടെ കഴിഞ്ഞാല്‍ ഏതെങ്കിലും ചില്ലുകൂട്ടില്‍ കിടക്കുന്ന യന്ത്രത്തെ യോര്‍ത്തു നമ്മള്‍ (എന്നെപോലുള്ളവര്‍) ഇന്ന് ചിരിചോട്ടെ :D..

  Like

  1. What do you wish to be in future? ഒന്നിലും രണ്ടിലും വരെ പഠിക്കുന്ന കുട്ടികളോടുവരെ ചോദിക്കുന്ന ചോദ്യമാണ്. പല കാലത്ത് പല ഉത്തരമാണ് വരുക. എന്റെ അനിയന് ഇപ്പോള്‍ റോക്ക് സ്റ്റാറാകണം (അവനൊരു പാട്ടും ഷൂട്ട് ചെയ്തു. സില്‍സില കണ്ടതോടെ എനിക്കിപ്പോള്‍ അതിനോട് ഭയങ്കര ബഹുമാനമാണ്), ഗൂഗിളില്‍ പണിയും കിട്ടണം. എന്റെ അഭിപ്രായമനുസരിച്ച്, എന്ത് പണിയെടുത്താലും അതില്‍ താല്‍പര്യവും കഴിവുമുള്ളവന് സുഖമായി ജീവിച്ചുപോകാം. ഇതിപ്പോള്‍ നാട്ടുകാര്‍ പറയുന്നതുകേട്ട് എഞ്ചിനീയറിംഗിനും ബെഡിക്കലിനും പോയി കോളേജില്‍ എട്തിയ ശേഷം ഈ വിഷയം നമുക്ക് തീരെ ശരിയാകില്ലെന്ന് പറഞ്ഞിട്ട് എന്താ കാര്യം?

   ഐഐടിയില്‍ വരുന്നവരും എന്നോട് പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. എന്നോട് എന്ത് വിഷയമെടുക്കണമെന്ന് ഒരുത്തന്‍ ചോദിച്ചു. അവന്റെ തന്നെ ഉത്തരങ്ങളില്‍ നിന്ന് ഫിസിക്സ് എന്ന് അവന് മനസ്സിലായി. ഫിസിക്സിന് സ്കോപ്പുണ്ടോ എന്നാണ് ഇങ്ങോട്ടുള്ള ചോദ്യം. ഒരു വര്‍ഷം കഴിഞ്ഞ് ഫിസിക്സെടുത്താല്‍ മതിയാരുന്നെന്ന് അവന്‍ ഇങ്ങോട്ട് പറഞ്ഞു. വെറുതെ കോട്ടയില്‍ പോയി റിപ്പീറ്റ് ചെയ്തതുകൊണ്ടാണ് ക്ലിയര്‍ ചെയ്തതെന്നും ഇപ്പോള്‍ എന്തു ചെയ്യണമെന്ന് അറിയില്ലെന്നും പറഞ്ഞ ഒരു സീനിയറെ കണ്ടിട്ടുണ്ട്. ഐഐടിയിലെത്തിയാല്‍ നല്ല പെണ്ണിനെ കല്യാണം കഴിക്കാം (സ്ത്രീധനം?) എന്നു പറഞ്ഞ ബാച്ച്മേറ്റിനെയും. ഐഐടിയില്‍ എത്തിയാല്‍, വല്ലാത്ത കളി കളിച്ച് ടെര്‍മിനേറ്റൊന്നും ആകാതിരുന്നാല്‍, നല്ലൊരു ജോലി കിട്ടും. ഫൈവ് പോയിന്റേഴ്സിനു വരെ നല്ല ശമ്പളമുള്ള ജോലി കിട്ടുന്ന കാര്യമാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന ഉടനെ സീനിയേഴ്സ് പഠിപ്പിച്ചുതന്നത്. നമ്മള്‍ പലപ്പോഴും ഐഐടിയന്‍ എന്ന ടാഗാണ് നോക്കുന്നത്, ആളുടെ കഴിവല്ല. പിനെ പറഞ്ഞിട്ടെന്തു കാര്യം?

   Like

 5. As a reply to Hasseb,
  Ideally speaking, a scientist (considering all those who are studying science as) should be emphatic than anybody else as he is the one who is designing the future.
  Practically speaking, there is absolutely no chance for humane feelings, because you are in a ware field. It’s race in which million young minds are in a race secure the future. (IIT =good job; at least that is what we beileve) IIT’s are not supposed to produce Mother Theresa-s. It’s upto you whether to be the hunted or the hunter.

  Like

  1. ഭാവിയില്‍ വല്ല കേസും വാദിക്കാനുണ്ടെങ്കില്‍ നിന്നെത്തന്നെ വിളിക്കാം. ഈ ചിന്താരീതി സഹായിക്കും. എന്നാലും നീ എനിക്ക് ഫീസൊന്നും കുറച്ചുതരില്ലെന്നും അറിയാം 🙂

   സീരിയസാകാം. ഇതൊരു യുദ്ധക്കളമാണെന്ന് എനിക്കഭിപ്രായമില്ല. ഐഐടിയില്‍ നിന്ന് മദര്‍ (സോറി, ഫാദര്‍) തെരേസകളും വന്നോട്ടെ. ഏതായാലും യുദ്ധങ്ങളില്‍ എനിക്ക് താല്‍പര്യമില്ല

   Like

  2. science is a study of somthin vch is inevitably vital for the humanistic feelings.
   primary thing is we’re human beings and others are also. science is only for our goodness!
   if yu aint agreeing, wat yu meant by designing d future (of wat?) ??

   Like

 6. പഠിച്ചു മടുത്തിട്ടാണ് ഞാന്‍ ഈ വോര്‍ദ്പ്രേസ്സില്‍ എത്തിപ്പെട്ടത്.എനിക്ക് ആരാവണമെന്നു പ്രത്യേകിച്ച് സ്വപ്‌നങ്ങള്‍ ഒന്നും ഇല്ല.പക്ഷെ എന്റെ ചുറ്റുമുള്ളവര്‍ എന്ട്രന്‍സ് എഴുതാനായി …ജയിക്കാനായി പരക്കം പായുന്നു.അതിനാല്‍ എനിക്കും വേറെ വഴികള്‍ ഇല്ലെന്നു തോനുന്നു.ഞാനും അവരുടെ കൂട്ടത്തില്‍ പെട്ടുപോകുന്നു.വളരെ serious ആയിട്ടു ഞാന്‍ ചോദിക്കട്ടെ? IIT അല്ലെങ്കില്‍ AIEEE എഴുതി പിന്നീട് എഞ്ചിനീയര്‍ ആയാല്‍ തന്നെ എനിക്ക് ഇപ്പോള്‍ യാതൊരു എഞ്ചിനീയറിംഗ് സ്കില്ലും ഇല്ല.but truely I want become someone and serve the people.but I don’t know what is my path…പക്ഷെ അച്ഛന്‍ പറയുന്നു അതൊക്കെ കോളേജില്‍ പോയി വിഷയത്തെ കുറിച്ച് കൂടുതല്‍ പഠിക്കുമ്പോള്‍ സ്കില്‍ ഉണ്ടാകും എന്ന്.is it true?tell your experience .സ്കില്‍ ഉണ്ടാകുകയാണോ? ഉണ്ടാക്കുകയാണോ ? or is it possible to create skill.please reply me honestly. yours lovingly appu

  Like

  1. ഇതിനിപ്പം ഞാനെന്താ പറയുക പുളിങ്കുരൂ?
   “but truely I want become someone and serve the people”. ഇതിന് പട്ടാളത്തിലോ പോലീസിലോ ഒക്കെ പോയാലും പോരേ? എഞ്ചിനീയറാകാന്‍ താല്‍പര്യമുണ്ടോ? കണക്കില്‍ കഴിവുണ്ടോ? എഞ്ചിനീയറിംഗുകാര്‍ ഡീല്‍ ചെയ്യുന്ന ഏതെങ്കിലും വിഷയത്തില്‍ ഇന്ററസ്റ്റുണ്ടോ?
   ഇതൊന്നുമില്ലെങ്കില്‍ എഞ്ചിനീയറാകാന്‍ വേണ്ടി എഞ്ചിനീയറാകുന്നത് നല്ല ഐഡിയയാണെന്ന് ഞാന്‍ പറയില്ല.
   എന്നാല്‍ ഇതൊക്കെ ഉണ്ടെങ്കില്‍ എഞ്ചിനീയറിംഗെടുത്ത് നല്ല വല്ല സ്ഥലത്തും പോയി പഠിക്കുക. സ്കില്ലൊക്കെ താനേ ഉണ്ടായിക്കൊള്ളൂം
   (സ്കില്‍ എന്നതുകൊണ്ട് ഞാന്‍ മനസ്സിലാക്കിയ അര്‍ത്ഥം വച്ച് പറഞ്ഞതാണ്. എന്താ ഉദ്ദേശിച്ചത്?)

   Like

 7. ഹലോ Raziman,

  ഇന്നാണു് താങ്കളുടെ പോസ്റ്റ്‌ ആദ്യമായി കണ്ടത്‌. വളരെ നന്നായിരിക്കുന്നു. കുറച്ചു കാലം മുമ്പ്‌ General Relativity പഠിക്കണമെന്നു് എനിക്കു മോഹം ഉദിച്ചു. എനിക്ക്‌ എത്തിപ്പെടാവുന്നവരിൽ വച്ച്‌ ഈ വിഷയത്തിൽ ഏറ്റവും academic background താങ്കൾക്കായിരിക്കുമെന്നു കരുതുന്നു. ചില സംശയങ്ങൾ ചോദിക്കണമെന്നുണ്ടു. വിരോധമില്ലെങ്കിൽ email id അറിയിക്കാൻ അഭ്യർത്ഥിക്കുന്നു.

  Like

 8. എത്തിക്കഴിഞ്ഞപ്പഴാണ് വെറുതെ കഷ്ടപ്പെട്ട് മൂന്നുമാസം എന്‍ട്രന്‍സിനു പഠിക്കണ്ടില്ലായിരുന്നുവെന്ന് തോന്നിയത്. 2500 റാങ്കുള്ളവര്‍ക്കു വരെ ബ്രാഞ്ച് കിട്ടിയിട്ടുണ്ട്. ഒന്ന് അയഞ്ഞുപഠിച്ചിരുന്നെങ്കില്‍ നഷ്ടമൊന്നുമില്ലായിരുന്നു (കിട്ടിയിട്ടേ ഇല്ലായിരുന്നെങ്കിലും നഷ്ടമില്ലെന്ന് ഇടക്ക് തോന്നാറുണ്ട്). എന്‍ട്രന്‍സ് റാങ്കും വിവരവും തമ്മില്‍ യാതൊരു കോറിലേഷനുമില്ലെന്ന് കുറേപേരെ പരിചയപ്പെട്ടപ്പോള്‍ മനസ്സിലായി. മൂന്നാല് കൊല്ലം കോട്ടയിലോ രാമയ്യയിലോ പോയി എന്‍ട്രന്‍സിനു പഠിച്ചാല്‍ ഏത് ചാത്തനും ഐഐടിയിലെത്താം. അങ്ങനെയുള്ള കുറേപേര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാണിക്കുന്ന വക കാണുമ്പോള്‍ എന്‍ട്രന്‍സ് കിട്ടാത്ത എന്റെ ചില സുഹൃത്തുക്കള്‍ ഇതിലും എത്രയോ ഭേദമാകുമായിരുന്നു എന്ന് വിചാരിച്ചിട്ടുണ്ട്.

  ഒപ്പ്.

  വിദ്യാര്‍ത്ഥികളെ പൂര്‍ണ്ണമായും ഞാന്‍ കുറ്റം പറയില്ല. കുട്ടികളുടെ അഭിരുചികളറിയാതെ അവരെയെല്ലാവരെയും എഞ്ചിനീയര്‍മാരും ഡോകടര്‍മാരും ആക്കുവാന്‍ ശ്രമിക്കുമ്പോള്‍, യത്ഥാര്‍ഥത്തില്‍ താല്പര്യമുള്ളവര്‍ പിന്നോക്കം പോവുകയും, ശരാശരി നിലവാരത്തിലുള്ള എഞ്ചിനീയര്‍ സമൂഹങ്ങളുണ്ടാവുകയും ചെയ്യുന്നു. എന്റെ അഭിപ്രായത്തില്‍, ഐ.ഐ.റ്റി-യേക്കാള്‍ പരിതാപകരമാണ് സംസ്ഥാനത്തെ എഞ്ചിനീയറിങ്ങ് കോളേജുകളുടെ അവസ്ഥ. JEE-ലെ സ്ക്രീനിങ്ങ് [താല്പര്യമില്ലാത്തവരെ പുറന്തള്ളല്‍ എന്ന അര്‍ത്ഥത്തില്‍], സംസ്ഥാന എന്‍ട്രന്‍സിനേക്കാള്‍ മെച്ചമേറിയതാണെന്നാണ് എന്റെ വ്യക്തിപരമായ വിലയിരുത്തല്‍.

  Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )