ഒരു ദസ്സയുടെ മരണവും ഉയിര്‍ത്തെഴുന്നേല്‍പും


വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ജന്തുവര്‍ഗ്ഗമാണ് ദസ്സ. ദിനോസറുകളെപ്പോലെ ഉല്‍ക്കാപതനമോ ഡോഡോ പക്ഷികളെപ്പോലെ മനുഷ്യന്റെ ഇടപെടലോ അല്ല ഇവയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. സ്വന്തം പ്രവൃത്തികളും ഹോമോസാപിയന്‍സ് പ്രൊഫസര്‍മാരിക്കസ് എന്ന ശാസ്ത്രനാമമുള്ള വേട്ടമൃഗങ്ങളുടെ ആക്രമണവുമാണ് ഇവയെ ചരിത്രപുസ്തകങ്ങളിലേക്ക് മറയാന്‍ നിര്‍ബന്ധിതരാക്കിക്കൊണ്ടിരിക്കുന്നത്.

ദസ് എന്നാല്‍ പത്ത്. അപ്പോള്‍ ദസ്സ എന്നാല്‍ പത്തന്‍.

ഐഐടിയില്‍ ഗ്രേഡിങ്ങാണ്. അതും റിലേറ്റീവ്. ഒരുമാതിരി പഠിക്കാന്‍ ആഗ്രഹമുള്ള ചെക്കന്‍മാരെയൊക്കെ (ലിംഗസമത്വമുള്ള പദമുപയോഗിക്കാമെങ്കിലും ചെയ്യുന്നില്ല. ഐഐടി കാന്‍പൂരിലെ ജെന്‍ഡര്‍ റേഷ്യോ – എന്റെ ബാച്ചിലെയെങ്കിലും – മഹാ പോക്കാണ്. കാമ്പസില്‍ അണ്ടര്‍ഗ്രാജ്വേറ്റ് പെണ്‍കുട്ടികളെ കാണാനുള്ള സാധ്യത മയിലുകളെയോ കുരങ്ങന്മാരെയോ പാമ്പുകളെയോ കാണാനുള്ള സാധ്യതയെക്കാള്‍ വളരെ കുറവാണ്) ചീത്തയാക്കുന്ന ഏര്‍പ്പാടാണ്.

വിശദീകരിക്കാം. ഓരോ സെമസ്റ്ററിലും അഞ്ചോ ആറോ കോഴ്സുണ്ടാകും. ഓരോ കോഴ്സിനും കോണ്ടാക്റ്റ് അവേഴ്സിന്റെ എണ്ണമനുസരിച്ച് രണ്ട് മുതല്‍ ആറു വരെ ക്രെഡിറ്റ് കാണും. ഡിഗ്രി കിട്ടണമെങ്കില്‍ ആകെ ഇത്ര ക്രെഡിറ്റുകളെങ്കിലും ചെയ്തിരിക്കണം. ഓരോ സെമസ്റ്ററിലും 17 മുതല്‍ 24 വരെ ക്രെഡിറ്റുകളാണ് സാധാരണ. ഓരോ കോഴ്സിലും ചെക്കന്‍മാരുടെ പരീക്ഷകളുടെയും അസൈന്‍മെന്റുകളുടെയും അറ്റന്‍ഡന്‍സിന്റെയും (പണ്ടാറടങ്ങാന്‍) മാര്‍ക്ക് ചേര്‍ത്ത് ഇന്‍സ്ട്രക്റ്റര്‍ പട്ടികയുണ്ടാക്കുന്നു. ഈ ടോട്ടല്‍ -50 ശതമാനം മുതല്‍ 120 ശതമാനം വരെ എത്രയുമാകാം (ഈ ഇടവേളയുടെയും പുറത്തെത്തിക്കുന്ന കലാകാരന്മാരുമുണ്ട്). ഇതിന്റെ മുകളിലാണ് റിലേറ്റീവ് ഗ്രേഡിങ്ങ്. എന്നുവച്ചാല്‍ ക്ലാസ്സിന്റെ ശരാശരി പ്രകടനം കണക്കിലെടുത്താണ് A, B, C, D, F ഗ്രേഡുകള്‍ കൊടുക്കുന്നത്. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്നതാണ് പ്രവര്‍ത്തനതത്ത്വം. എല്ലാര്‍ക്കും മുപ്പത് ശതമാനം കിട്ടിയ കോഴ്സില്‍ അമ്പത് കിട്ടിയവനും എ കിട്ടാം. കുറേപേര്‍ക്ക് 95 കിട്ടിയ കോഴ്സില്‍ 80 കിട്ടിയവനും എ കിട്ടിക്കൊള്ളണമെന്നില്ല. A ഗ്രേഡ് എന്നാല്‍ 10 പോയന്റാണ്. B = 8, C = 6, D = 4, F =2. ഓരോ വിഷയത്തിന്റെയും ക്രെഡിറ്റ് വെയിറ്റായുള്ള പോയന്റുകളുടെ വെയിറ്റഡ് മീന്‍ (ബ്ലോഗ് വായിച്ച് കളയുന്ന നേരം കൊണ്ട് കുറച്ച് കണക്കെങ്കിലും പഠി) ആണ് ആകെ അക്കാഡമിക് പെര്‍ഫോമന്‍സ് അളക്കാനുപയോഗിക്കുന്നത്. ഒരു സെമസ്റ്ററിലെ കോഴ്സുകളുടെ വെ.മീ. ആണ് സെമസ്റ്റര്‍ പെര്‍ഫോമന്‍സ് ഇന്‍ഡക്സ് (SPI). അതുവരെ ചെയ്ത എല്ലാ കോഴ്സുകളുടെയും വെ.മീ ക്യൂമുലേറ്റീവ് പെര്‍ഫോമന്‍സ് ഇന്‍ഡക്സും (CPI).

ഈ C/S PI രണ്ടിനും പത്തിനുമിടയ്ക്കുള്ള ഒരു സംഖ്യയാകും. ശരാശരി ആറരയോ മറ്റോ ആണ്. ജെഇഇ പാസായവനൊക്കെ യാതൊരു വിഷമവുമില്ലാതെ അഞ്ചിനും എട്ടിനുമിടയില്‍ ഒപ്പിക്കാം. അഞ്ചില്‍ താഴെയെത്തിക്കാന്‍ കുറച്ച് മെനക്കെടണം. ഇടക്കൊരു നാലൊക്കെ കിട്ടിയാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒന്ന് വിരട്ടി വിടും. നാലിലും താഴെയെത്തിക്കാന്‍ ശരിക്ക് പാടുപെടണം – കുറച്ച് കോഴ്സുകളില്‍ പൊട്ടണം. ഇന്‍സ്ട്രക്റ്റര്‍മാര്‍ എത്ര ക്രൂരന്‍മാരായാലും വെറുതെ ആരെയും തോല്‍പിക്കാറില്ല – അടുത്ത വര്‍ഷം കോഴ്സെടുക്കുകയാണെങ്കില്‍ അതേ തലതെറിച്ച പയ്യന്‍മാരെ വീണ്ടും കാണേണ്ടിവരുമല്ലോ. എങ്കിലും 2.4 വരെ സാധിച്ചെടുത്ത പ്രതിഭാശാലികളെ ഞാന്‍ കണ്ടിട്ടുണ്ട്. എട്ടിന് മുകളില്‍ കിട്ടാനും കുറച്ച് പാടുപെടണം. ഇടക്കെങ്കിലും ക്ലാസ്സില്‍ പോകണം. എഴുത്തും വായനയും മറക്കാതിരിക്കാന്‍ പ്രാക്റ്റീസ് ചെയ്തുകൊണ്ടിരിക്കണം. ഒരു ഒമ്പതര വരെയൊക്കെ ഇങ്ങനെ ഒപ്പിച്ചെടുക്കാം. അതിനപ്പുറത്തേക്കും അധികം പേര്‍ പോകാറില്ല. ഓരോ ഡിപ്പാര്‍ട്മെന്റിലും ഒരു രണ്ടുമൂന്നു പേര്‍ കാണും – കംപ്യൂട്ടര്‍, ഇലക്ട്രിക്കല്‍ പോലുള്ള ബ്രോയ്ലര്‍ ഡിപ്പാര്‍ട്മെന്റുകളില്‍ അതിലധികവും.

ഒമ്പതന്മാരെയൊക്കെ ജനറല്‍ പബ്ലിക്കിന് പുച്ഛമാണ്. ലൈബ്രറിയുടെ പടി കണ്ട ഓര്‍മ്മയെങ്കിലും ഉള്ളവന്മാരെയൊക്കെ മഗ്ഗു (=മഗ് ചെയ്യുന്നവന്‍) എന്ന് വിളിക്കുന്ന സംസ്കാരമാണിവിടെ – പ്രീമിയര്‍ ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആണത്രെ. അപ്പോള്‍ 10 കിട്ടുന്നവനോ?

മണ്ടന്‍. ഒന്നിനും കൊള്ളാത്തവന്‍. Nerd. Go get a life man!

പറഞ്ഞിട്ട് കാര്യമില്ല. 10 കിട്ടുന്നവന്‍ ഇന്റലക്ച്വല്‍ ആയിക്കൊള്ളണമെന്നില്ല, തിരിച്ചും. ഞാനറിയുന്നവരില്‍ അക്കാഡമിക്സും റിസര്‍ച്ചും കാര്യമായി എടുക്കുന്നവരൊക്കെ CPI എട്ടിന് മുകളിലുള്ളവരാണ്. എന്നാല്‍ അതിനപ്പുറത്തേക്ക് – എട്ടര, ഒമ്പത്, പത്ത് – വലിയ വ്യത്യാസമൊന്നുമില്ല. കാരണം ഈ ബ്രാക്കറ്റില്‍ വരുന്ന പലര്‍ക്കും കോര്‍ കോഴ്സുകള്‍ കണ്ണെടുത്താല്‍ കണ്ടൂട. അതിന് കിട്ടുന്ന ഗ്രേഡുകള്‍ CPI യെ കാര്യമായി ബാധിക്കുകയും ചെയ്യും. വായിക്കുകയല്ലാതെ ഒരു പണിയുമെടുക്കാതെ ഒമ്പതേമുക്കാലേഅരക്കാല്‍ വാങ്ങുന്നവരുടെ ഇടയില്‍ ഇവരെ ആരറിയാന്‍. അപ്പോള്‍ മഗ്ഗു ദസ്സകളെയും നൈലികളെയും (9) കണ്ടാല്‍ കൂക്കിയോടിക്കുക!

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആരാണീ ദസ്സ?

മൂന്നുകൊല്ലം മുമ്പാണ് ഞാന്‍ ഐഐടിയില്‍ ചേരുന്നത്. ഫിസിക്സ് പഠിക്കണം. ഐസറില്‍ പോകണ്ടാന്ന്  ഡോ. താണു പത്മനാഭന്‍ പറഞ്ഞു. അപ്പോള്‍ പിന്നെ രണ്ട് ചോയ്സേ ഉള്ളൂ. കോഴിക്കോട് ആര്‍ട്സ് കോളേജും ഐഐടി കാന്‍പൂരും. ഉപ്പയും ഉമ്മയും പഠിച്ച മഹാവിദ്യാലയത്തില്‍ ചേരുന്ന കാര്യം ഞാന്‍ മെന്‍ഷന്‍ ചെയ്തപ്പഴേ രണ്ടാളും എന്നെ കാലിക്കറ്റ് എന്‍ഐടിയില്‍ എഞ്ചിനീയറിംഗിന് ചേര്‍ക്കാനുള്ള മോഹത്തെ കുഴിച്ചുമൂടി കാന്‍പൂരിലേക്ക് വണ്ടി കയറ്റിയയച്ചു. അവിടെ എത്തിയ ഉടനെ ഞാന്‍ ഈ ഗ്രേഡിംഗ് സെറ്റപ്പിനെക്കുറിച്ചറിഞ്ഞു. 80 ശതമാനം മാര്‍ക്കുണ്ടെങ്കില്‍ എല്ലാ കോഴ്സിലും എ ഗ്രേഡ് കിട്ടുമെന്നാണ് സീനിയേഴ്സ് പറയുന്നത്. ഹമ്പട, എന്നാല്‍ ടെന്‍ പോയിന്റ് മേടിച്ചിട്ടു തന്നെ കാര്യം. സ്കൂളില്‍ എന്നും ഒന്നാമനായി ഇരുന്നിട്ടുള്ള ചരിത്രമേ നമുക്കറിയൂ (ഫാക്ച്വലി ഇന്‍കറക്റ്റ് ആണ്. എന്നാലും ഒരു ഇഫക്റ്റിന് കിടന്നോട്ടെ) – ഇവിടെ എന്തിന് കാര്യങ്ങള്‍ മാറണം? പിന്നെയാണ് കാര്യങ്ങളുടെ ശരിക്കുള്ള സെറ്റപ്പ് മനസ്സിലാകുന്നത്. ബാച്ചിലെ മൂന്നുപേര്‍ ഹായ് പറയുമ്പോള്‍ രണ്ടുപേര്‍ ക്ലാസ്സില്‍ ഇത്രയും കാലം ഒന്നാമനായിത്തന്നെ ഇരുന്നവരാകും (കോട്ടയില്‍ പോയി ചന്തിക്ക് ഇരുമ്പുപഴുപ്പിച്ചുവച്ചതുകൊണ്ടുമാത്രം ഇവിടെ എത്തിയ ലൂസ് നട്ടാകും മറ്റേത്). ഒന്നാം സെമസ്റ്ററില്‍ എല്ലാവനും ടെന്‍പോയന്റ് വേണം – കാരണം ഉയര്‍ന്ന ഗ്രേഡുള്ളവര്‍ക്ക് ബ്രാഞ്ച് മാറാന്‍ പറ്റും. ഫിസിക്സ് ഡിപ്പാര്‍ട്മെന്റിലേക്ക് ജാക്കിയും ശാശ്വതും വരുന്നുണ്ടെന്ന് ആദ്യമേ അറിയാമായിരുന്നു. അവിടെ എത്തിയ ശേഷം ശുഭായു, സിഡ്, ലോഹാനി, അര്‍ണബ് എന്നീ ദെന്‍ അണ്‍നോണ്‍ പുലികളെയും പരിചയപ്പെട്ടു. പത്തിന്റെ മോഹമൊക്കെ പോയി എല്ലാ കോഴ്സിലും ബിയെങ്കിലും കിട്ടിയാല്‍ മതിയെന്നായി.

എന്നാലും ആദ്യത്തെ സെമസ്റ്ററില്‍ ഞാന്‍ കുത്തിയിരുന്ന് പഠിക്കുമായിരുന്നു. ഒളിമ്പ്യാഡിന് ക്രൊയേഷ്യയില്‍ പോയതുകൊണ്ട് രണ്ടാഴ്ചത്തെ ക്ലാസ്സ് മിസ്സായി. – ഒറ്റയ്ക്ക് പഠിച്ചെടുക്കണം രാഹുലാണെങ്കില്‍ അബദ്ധത്തിന് സിവില്‍ എഞ്ചിനിയറിംഗില്‍ പെട്ടുപോയതുകൊണ്ട് പുറത്തുചാടാന്‍ വേണ്ടി ചത്താലും ടെന്‍ പോയിന്റ് കിട്ടിയാ മതി എന്ന രീതിയിലുള്ള പഠിത്തമാണ്. സഹമുറിയന്‍ ഇങ്ങനെ പഠിക്കുമ്പോള്‍ നമ്മക്ക് സമാധാനത്തോടെ ഉറങ്ങാന്‍ പറ്റുമോ?

എന്നിട്ടും ആദ്യത്തെ മിഡ്സെം വന്നപ്പഴേക്ക് കാറ്റുപോയി. രണ്ട് ലാബ്‌കോഴ്സിനും പരീക്ഷയില്ല. സോഷ്യോളജി അസൈന്‍മെന്റ് സ്കൂളിലെ ഡിപിഇപി പരിചയം വച്ച് തകര്‍ത്തുകൊടുത്തു. ജാവ കോഴ്സും വളരെ എളുപ്പമായിരുന്നു. പക്ഷെ ഫിസിക്സില്‍ 40-ല്‍ 31. കണക്കില്‍ 40-ല്‍ 23. സത്യം പറഞ്ഞാല്‍ 40-ല്‍ 31 എന്ന് പറഞ്ഞാല്‍ നല്ല മാര്‍ക്കാണ്. പുഷ്പം പോലെ എ കിട്ടും. പക്ഷെ 95 ശതമാനത്തില്‍ മാര്‍ക്ക് കുറഞ്ഞാല്‍ ഗ്രേഡ് മാറുന്ന സ്കൂള്‍ സിസ്റ്റത്തില്‍ നിന്ന് വന്ന നമുക്കൊക്കെ അത് മോശം സ്കോറായിരുന്നു, കണക്ക് സ്കോര്‍ സത്യം പറഞ്ഞാല്‍ ഡിസാസ്റ്ററും. പക്ഷെ കണക്കില്‍ ക്ലാസ്സിനാകെ പണി കിട്ടിയിട്ടുണ്ട്. ശരാശരി 12. ഐഐടിയില്‍ എത്തി, ഇനി ഒക്കെ എളുപ്പമാകും എന്ന് വിചാരിച്ച് ഉറങ്ങിക്കിടന്നവനൊക്കെ എണീറ്റു. ഏതോ പാണ്ടിക്ക് കണക്കില്‍ 33ഉം ഫിസിക്സില്‍ 40ഉം കിട്ടിയിട്ടുണ്ടെന്ന് റൂമര്‍ വന്നു. പാണ്ടി ശുഭായുവാണെന്ന് പിന്നെ മനസ്സിലായി. ജീവിതത്തില്‍ ആദ്യമായി, I was just an average student.

പക്ഷെ എന്തോ, അപ്പഴും വിട്ടുകൊടുത്തില്ല. രാഹുലാകാം കാരണം. അവന് കണക്കില്‍ 13ഏ ഉള്ളൂ. പക്ഷെ അപ്പോഴും അവന്‍ എ ഗ്രേഡിന് റിയലിസ്റ്റിക്കായി ശ്രമിച്ചുകൊണ്ടിരുന്നു. അത് പകര്‍ന്നതാകാം. സെമസ്റ്റര്‍ തീരാനാകുമ്പോഴേക്ക് ജാവയിലും സോഷ്യോളജിയിലും എ കിട്ടുമെന്നുറപ്പായി. രണ്ട് ലാബ് കോഴ്സിന്റെ കാര്യം പടച്ചോന്റെ കൈയിലാണ്. ഫിസിക്സ് എയോ ബിയോ ആകാം. കണക്ക് ബിയാണെന്ന് ഉറപ്പായി. ഏതായാലും വന്നപ്പോള്‍ ഒക്കെ എയാണ്. ബാച്ചിലെ 530 പേരില്‍ 98 പേരെ തോല്‍പിച്ച കണക്കുടീച്ചര്‍ എ ഗ്രേഡ് കട്ടോഫ് 150-ല്‍ നിന്ന് 140 ആയി താഴ്ത്തി. എനിക്ക് 141, രാഹുലിന് 142.

അങ്ങനെ ഒരു ദസ്സ ജനിച്ചു. പുതിയൊരു ഐഡന്റിറ്റി കിട്ടി. അതുവരെ എന്നെ അറിയാത്തവര്‍ ടെന്‍പോയിന്റര്‍ എന്ന രീതിയില്‍ അപ്രോച്ച് ചെയ്യാന്‍ തുടങ്ങി. അറിയുന്നവരൊക്കെ ചെറിയൊരു പരിഹാസത്തോടെ  ദസ്സ എന്ന് വിളിക്കാന്‍ തുടങ്ങി. ക്രെഡിറ്റില്ലാത്ത സ്പോര്‍ട്സ് കോഴ്സ് പൊട്ടിയതുകൊണ്ട് (ഒളിമ്പ്യാഡിന് പോയി അറ്റന്‍ഡന്‍സ് മിസ്സായതുകൊണ്ടാണ്, ഗ്രേഡ് പിന്നെ അപ്പീലിലൂടെ ശരിയാക്കിക്കിട്ടി) സ്റ്റീരിയോടിപികല്‍ മഗ്ഗുവായി എന്നെ എല്ലാവരും കണക്കാക്കി. പക്ഷെ എന്തോ, ഒരു രീതിയില്‍ എനിക്കത് ഇഷ്ടപ്പെട്ടു. അപ്രാവശ്യം കണക്കില്‍ എല്ലാവര്‍ക്കും കണക്കിന് കിട്ടിയതുകൊണ്ട് ദസ്സമാരുടെ എണ്ണം കുറവാണ് : ആറുപേരേ ഉള്ളൂ. ഞാനും ശുഭായുവും രാഹുലും മൈനാകും എന്റെ വിങ്ങിലെ വേറൊരു പയ്യനും (പ്രണവ്) പിന്നെ ഇലക്രിക്കല്‍ ഡിപാര്‍ട്മെന്റിലെ ഒരുത്തനും (ധീരജ്).

ദസ്സയായിപ്പോയതില്‍ പിന്നെ കോഴ്സുകളിലൊക്കെ സഹവിദ്യാര്‍ത്ഥികള്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. ഒന്നാം ബെഞ്ചില്‍ (ഈ ദുഃസ്വഭാവം പതിയെ മാറ്റിയെടുക്കുന്നുണ്ട്) മിണ്ടാതിരിക്കുന്ന ഈ മന്ദനെക്കൊണ്ട് ഉപയോഗമുണ്ട്. രണ്ടാം സെമസ്റ്ററില്‍ കണക്കും ഫിസിക്സും അടിച്ചുപൊളിച്ചു. ഇലക്ട്രോണിക്സും സാങ്കേതികവരയും വലിയ പ്രശ്നമില്ലാതെ പോയി. അങ്ങനെ വീണ്ടുമൊരു പത്ത്. പക്ഷെ ഇപ്രാവശ്യം പഠിത്തം കുറഞ്ഞു – പരീക്ഷയ്ക്ക് കുറച്ചുമുമ്പ് ശുഭായുവിന്റെയോ സിദ്ധാര്‍ത്ഥിന്റെയോ കൂടെപ്പോയി പഠിക്കും. രാഹുലിനും പ്രണവിനും ധീരജിനും പത്ത് മിസ്സായി. രാഹുലിന് ബ്രാഞ്ച് ചേഞ്ച് കിട്ടിയില്ല. മൂന്നാം സെമസ്റ്ററില്‍ കണക്കും ഒപ്റ്റിക്സും തെര്‍മോഡൈനാമിക്സും എളുപ്പത്തില്‍ ശരിയാക്കി. കെമിസ്ട്രിയിലും ഫ്ലൂമെക്കിലും ബോര്‍ഡറിലായിരുന്നു – പക്ഷെ അവിടെയും എ കിട്ടി. ഈ സെമസ്റ്ററില്‍ മൈനാകിനും എ മിസ്സായി. ഞാനും ശുഭായുവും ബാക്കി. അടുത്ത സെമസ്റ്ററിലും ഇതുപോലെ മൂന്ന് ഷുവര്‍ കോഴ്സും രണ്ട് ബോര്‍ഡറും – വീണ്ടുമൊരു പത്ത്. അഞ്ചാം സെമസ്റ്ററില്‍ ബോര്‍ഡറേ ഉണ്ടായിരുന്നില്ല.

അഞ്ച് സെമസ്റ്റര്‍, അഞ്ചിലും ടെന്‍. But something was wrong. ഒന്നാം സെമസ്റ്ററില്‍ പ്രാക്റ്റിക്കലി നൂറ് ശതമാനം അറ്റന്‍ഡന്‍സുണ്ടായിരുന്നത് അഞ്ചുപൈസക്ക് പഠിപ്പിക്കാനറിയാത്തവന്മാരുടെ കോഴ്സുകളില്‍ തീരെയും മറ്റുള്ളവരുടെ കോഴ്സുകളില്‍ അല്‍പവും കുറഞ്ഞുതുടങ്ങി. നോട്ടെഴുതുന്നത് നിര്‍ത്തി ആശിഷിന്റെ നോട്ട്ബുക്ക് ഫോട്ടോകോപ്പി ചെയ്യാന്‍ തുടങ്ങി. കോഴ്സുമായി ബന്ധപ്പെട്ട് കാടുകയറി ചിന്തിക്കുന്ന പരിപാടിയും നിന്നു. അല്ല, പഠിത്തം പൊതുവിലേ നിന്നു. വായന പരീക്ഷയ്ക്ക് മാത്രമായി. ക്വിസ്സുകള്‍ക്ക് തലേന്ന്, മിഡ്സെമ്മുകള്‍ക്ക് മൂന്ന് ദിവസം മുമ്പ്, എന്‍ഡ്സെമ്മിന് ഒന്നോ രണ്ടോ ആഴ്ച മുമ്പ്. അത്ര മാത്രമല്ല, മിഡ്സെം സ്കോറുകളുപയോഗിച്ച് എ ഗ്രേഡ് കിട്ടാന്‍ എന്‍ഡ് സെമ്മില്‍ എത്ര മാര്‍ക്ക് വേണമെന്ന് കണക്കുകൂട്ടി അതിനനുസരിച്ച് പഠിക്കാന്‍ തുടങ്ങി.

മൊത്തം പോളിസി തെറ്റാണെന്ന് പറഞ്ഞുകൂട. ഇന്‍സ്റ്റിറ്റ്യൂട്ടിലാകെ നടക്കുന്ന പരിപാടിയാണ്. എന്റെ മാത്രമല്ല, ശുഭായുവിന്റെയും രാഹുലിന്റെയും ഒക്കെ പരിണാമം ഇങ്ങനെയായിരുന്നു. കോഴ്സ് ഒബ്ജെക്റ്റീവ്സ് ഒക്കെ മനസ്സിലാകുന്നുണ്ട്. ഗ്രേഡ് നല്ലതാണ്. വെക്കേഷനിലും അല്ലാതെയും പ്രൊജക്റ്റുകള്‍ ചെയ്യുന്നുണ്ട്. ജുഗുനു, വിക്കിപീഡിയ മുതലായ സൈഡ് ബിസിനസുകളും ശരിക്ക് നടക്കുന്നുണ്ട്. അപ്പോള്‍ പ്രശ്നമൊന്നും ഇല്ലായിരിക്കാം.

ആറാം സെമസ്റ്റര്‍ വന്നു. അഞ്ച് കോഴ്സാണ്. മാത്തമാറ്റികല്‍ മെത്തേഡ്സ്. കുഴപ്പമൊന്നും ഉണ്ടാകില്ല. കോഴ്സിന്റെ ഒന്നാം ഭാഗത്തില്‍ 97 ശതമാനം മാര്‍ക്കുണ്ടായിരുന്നതാണ്. സാറ് അത്ര ശരിയല്ലെന്ന് കേള്‍ക്കുന്നു. സ്റ്റാറ്റിസ്റ്റിക്കല്‍ ഫിസിക്സ്. നല്ല സാറാണ്, ഇഷ്ടമുള്ള ടോപ്പിക്കാണ്. ഇത് എഞ്ചോയ് ചെയ്യണം. ക്വാണ്ടം മെക്കാനിക്സ്. ഒരു ബോറന്‍ കോഴ്സ് കൂടി. കഴിഞ്ഞ ക്വാണ്ടം കോഴ്സെടുത്ത സാറുതന്നെയാണെടുക്കുന്നത്, കാര്യമായി നന്നാകുമെന്ന് പ്രതീക്ഷയൊന്നും ഇല്ല. ആള്‍ജിബ്ര. ഒരു രസത്തിന് കണക്കുകോഴ്സെടുക്കാമെന്ന് വിചാരിച്ചതാണ്. കണ്ടിടത്തോളം എളുപ്പമാണ് വക. ടര്‍ബുലന്‍സ്. ഇത് ശരിക്ക് സെമസ്റ്ററിന്റെ വെയിറ്റ് കുറയ്ക്കാന്‍ വേണ്ടി എടുത്തതാണ്. അമ്പത് ശതമാനം വെയ്റ്റേജും പ്രൊജക്റ്റിനാണ് – അതും കോഡിംഗ്. പകുതി കോഴ്സ് നമ്മുടെ ബ്രിട്ടീഷുകാരനാണെടുക്കുന്നതെന്ന പ്രശ്നമേ ഉള്ളൂ.

സെമസ്റ്റര്‍ തുടങ്ങി. മുകളിലെ ഖണ്ഡികയില്‍ പറഞ്ഞ പരിണാമം തുടര്‍ന്നു. ഒന്നാം മിഡ്സെമിന്റെ തലേന്ന് വരെ ഒക്കെ ശരിയായി പോയി. ആള്‍ജിബ്ര മിഡ്സെമ്മോടെ ഒക്കെ തകിടം മറിഞ്ഞു. ക്വിസ്സിന് ലോലിപോപ് ചോദ്യങ്ങള്‍ വാരിയിട്ട – ഗണിതശാസ്ത്ര ഒളിമ്പ്യാഡിന് ചോദ്യമിടാറുള്ള – സാര്‍ തന്റെ സ്വന്തം ലെവലിലുള്ള ചോദ്യമിട്ടു. ക്ലാസ് ശരാശരി 40-ല്‍ 7. എനിക്ക് 14. ശുഭായുവിനും അമര്‍ത്യക്കും 18. ലോഹാനിക്ക് മാത്രം 30 ഉണ്ട്. 35 ശതമാനത്തില്‍ താഴെയുള്ളവരെ തോല്‍പിക്കുമെന്ന് സാര്‍ അനൗണ്‍സും ചെയ്തു. എന്റെ തല കറങ്ങാന്‍ തുടങ്ങി. എയോ ബിയോ അല്ല ഇപ്പോള്‍ സ്പോട്ട്ലൈറ്റില്‍. ക്വാണ്ടത്തില്‍ വലിയ കുഴപ്പമില്ലാതെ പോയി. മാതമാറ്റികല്‍ മെത്തേഡ്സില്‍ മാര്‍ക്ക് തീരെക്കുറവായിരുന്നെങ്കിലും സാറിനോട് വാദിച്ച് കൂട്ടിയെടുത്തു. കൂടിയ വെയിറ്റേജുള്ള സ്റ്റാറ്റിസ്റ്റികല്‍ മെക്കാനിക്സ് ക്വിസ്സുകളും അത്ര നന്നായി പോയില്ല. ആക്ഷന്‍ പ്ലാനുണ്ടാക്കി. ആള്‍ജിബ്ര കുത്തിയിരുന്ന് പഠിക്കുക. സ്റ്റാറ്റ്മെക്കും. ബാക്കി വിട്ടേക്കുക. രണ്ടാം മിഡ്സെമില്‍ ആള്‍ജിബ്രയില്‍ നല്ല മാര്‍ക്കു കിട്ടി. പക്ഷെ ആദ്യത്തേത് ശരിയാക്കിയെടുക്കാന്‍ ഇതൊന്നും പോര. എന്‍ഡ്സെമ്മിന് മുമ്പുള്ള കാല്‍ക്കുലേഷനില്‍ കഥ ഇങ്ങനെയായിരുന്നു : മാതമാറ്റികല്‍ മെത്തേഡ്സില്‍ എല്ലാവരെക്കാളും വളരെയധികം മാര്‍ക്കുണ്ട്. പൂര്‍ണ്ണമായും വിട്ടേക്കുക. സ്ടാറ്റ്മെക്കില്‍ 75% ഉണ്ട്. അത്രതന്നെ ഇനിയും വേണം. ആവശ്യത്തിന് പഠിക്കുക. ക്വാണ്ടത്തില്‍ 80%, ഏതാണ്ട് അത്രതന്നെ വേണം. ആള്‍ജിബ്രയില്‍ പെര്‍ഫക്റ്റ് സ്കോറിനടുത്തുണ്ടെങ്കിലേ സാര്‍ പറഞ്ഞ 80% കട്ടോഫെത്തൂ. അതുകൊണ്ട് കലക്കിക്കുടിക്കുക.

പക്ഷെ ഒരു പ്രശ്നമുണ്ടായിരുന്നു. ക്വാണ്ടം ഫിസിക്സില്‍ രണ്ടാം മിഡ്സെം കഴിഞ്ഞ് പഠിപ്പിച്ച വക അഞ്ചുപൈസക്ക് അറിഞ്ഞൂട. ഇക്വേഷനുകള്‍ പഠിക്കണമെന്നല്ല, തിയറി അഞ്ചുപൈസക്ക് അറിഞ്ഞൂട എന്ന്. എന്നുവച്ചാല്‍ ഇക്വേഷന്‍ കണ്ടാല്‍ പോലും സാധനം എന്തപ്പാന്ന് തിരിയില്ല എന്ന്. ഏതായാലും ആള്‍ജിബ്ര കലക്കിക്കുടിച്ചു. ക്വാണ്ടം ശുഭായുവിനോടും സിഡിനോടും ചോദിച്ചും വായിച്ചും പരീക്ഷയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ (രണ്ട് സെമസ്റ്ററായില്ലേ സാറിനെ കാണാന്‍ തുടങ്ങിയിട്ട്?) ഒപ്പിച്ചു – അത്രമാത്രം. പരീക്ഷകള്‍ക്കിടയില്‍ കുറേ സമയമുണ്ടായിരുന്നു എന്നതുകൊണ്ടാണ് ഇത്രയെങ്കിലും സാധിച്ചത്. സ്റ്റാറ്റ്മെക്ക് സമയം കിട്ടിയതുകൊണ്ട് ശരിക്ക് വായിക്കാന്‍ പറ്റി. മാത് മെത്തേഡ്സ് നോക്കിയില്ല.

പരീക്ഷ കഴിഞ്ഞ് മാര്‍ക്ക് വന്നപ്പോള്‍ മാത് മെതേഡ്സിലും സ്റ്റാറ്റ്മെക്കിലും കോഴ്സിലാകെ 90 ശതമാനമുണ്ട്. ക്വാണ്ടത്തില്‍ 80-ന് അല്‍പം താഴെ. ആള്‍ജിബ്രയില്‍ എന്‍ഡ്സെമ്മില്‍ 70 ശതമാനം മാര്‍ക്കേ കിട്ടിയുള്ളൂ. അതുകൊണ്ട് ആകെ 70 ശതമാനത്തിന് അല്‍പം മുകളില്‍. ആദ്യ രണ്ടെണത്തിലും ടര്‍ബുലന്‍സിലും എ ഉറപ്പാണ്. ക്വാണ്ടം ബോര്‍ഡറിലാണ്. ആള്‍ജിബ്രയുടെ കാര്യം അറിഞ്ഞൂട. മാര്‍ക്ക് കുറവാണെങ്കിലും ലോഹാനിക്കേ എന്നെക്കാള്‍ കൂടുതലുള്ളൂ. അബ്സല്യൂട്ട് ഗ്രേഡ് ചെയ്യുമെന്നാണ് സാര്‍ പറഞ്ഞത് എന്നതാണ് പ്രശ്നം.

മെനഞ്ഞാന്ന് ഗ്രേഡ് വന്നു. ഐഐടിയിലിരുന്നാലേ മുമ്പ് ഗ്രേഡ് കാണാന്‍ പറ്റുമായിരുന്നുള്ളൂ. ഇപ്പോള്‍ SSL-VPN ഉപയോഗിച്ച് ഒരു റിമോട് ആക്സസ് പരിപാടി തുടങ്ങിയിട്ടുണ്ട്. ഐഐടിയൂടെ പേര് കളയുന്ന അത്ര പോക്കാണ് സാധനം. എന്നാലും അതുപയോഗിച്ച് ഇന്നലെ ഗ്രേഡ് നോക്കി. ബോര്‍ഡര്‍ രണ്ടും ഇപ്രാവശ്യവും എയാണ്. പക്ഷെ ഇന്ന് രാവിലെ ലോഹാനിയുടെ മെയില്‍ വന്നു. എന്റെയും അവന്റെയും ശുഭായുവിന്റെയും ആള്‍ജിബ്ര ഗ്രേഡ് മാറി ബിയായിരിക്കുന്നു. ആദ്യം വല്ല തെറ്റും വന്നത് തിരുത്തിയതാകാം. രാവിലെ ശുഭായു ചാറ്റും ചെയ്തു. ദസ്സ റസിമാന്‍ വടിയായോ? മനുഷ്യനെ വെറുതെ കളിപ്പിക്കുന്ന സ്വഭാവം രണ്ടിനുമുണ്ട്. ഞാനൊരു ഗ്രേഡ് പ്രാന്തനാണെന്ന് ഏതുനേരവും രണ്ടാളും പറയാറുമുണ്ട്. നിജസ്ഥിതി അറിയാന്‍ ഞാന്‍ തന്നെ റിമോട് ആക്സസ് ഒന്നുകൂടി നോക്കിയിട്ട് ശരിയാകുന്നില്ല. വേറെ ആരോടെങ്കിലും ചോദിക്കാമെന്ന് വച്ചപ്പോള്‍ അവര്‍ക്കും ഗ്രേഡ് സൈറ്റ് തുറക്കാന്‍ പറ്റുന്നില്ല. അടുത്ത ദിവസം സാറിനെ പോയി കാണുമെന്നും മെയിലയക്കുന്നെങ്കില്‍ അത് കഴിഞ്ഞ് മതിയെന്നും പറഞ്ഞപ്പോള്‍ എനിക്ക് സംശയം കൂടി. നേരിട്ട് ചോദിച്ചു. ഫ്രാന്‍സ് പരിപാടി പൊളിഞ്ഞിരിക്കുന്നതിനിടയില്‍ എന്നോട് തമാശ കളിക്കാനുള്ള മൂഡിലാണെന്നാണോ വിചാരം എന്ന് ഇങ്ങോട്ട് ചോദിച്ചു. ശരിയാകാന്‍ സാധ്യതയുണ്ട്, മനുഷ്യനെ വെറുതെ ഡബിള്‍ ബ്ലഫ്ഫിട്ട് വടിയാക്കാന്‍ നോക്കുകയുമാകാം. ശരിയാണെങ്കില്‍ ബാച്ചില്‍ ഇനി ദസ്സകളില്ല. രാത്രിവരെ ഞാന്‍ സൈറ്റ് ആക്സസ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പറ്റിയില്ല. ഇപ്പോള്‍ സാധിച്ചു. രണ്ടാളും കൂടി (അതും വളരെ ഇലാബറേറ്റായി. ജര്‍മ്മനിയിലിരിക്കുന്ന അര്‍ണബിനെക്കൂടി പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചു) ഒരു കളി കളിച്ചതാണ്. അപ്പോള്‍ പത്തിന് ഒരു സെമസ്റ്റര്‍ കൂടിയെങ്കിലും ആയുസ്സുണ്ട്.

അതങ്ങനെ പോയി. പക്ഷെ എന്തൊക്കെയോ മനസ്സിലേക്ക് വരുന്നു. ഞാനൊരു കെയര്‍ഫ്രീ ആളാണെന്നാണ് വെപ്പ്. പക്ഷെ ഈ സാധനത്തില്‍ നിന്ന് ഡിറ്റാച്ച്ഡ് ആകാന്‍ സാധിച്ചിട്ടില്ലെന്ന് (understatement of the day) മനസ്സിലായി. ആള്‍ജിബ്രയില്‍ ബി കിട്ടുന്നതിനു പകരം ക്വാണ്ടത്തില്‍ കിട്ടിയാല്‍ മതിയായിരുന്നു എന്നും ചിന്തിച്ചുപോയി. ഐഐടിയില്‍ കാലെടുത്തശേഷം ഞാന്‍ വിചാരിച്ചതിലേറെ – താടി നീട്ടലും ഷര്‍ട്ട് ഔട്സൈഡാക്കലും മാത്രമല്ല – മാറിയിരിക്കുന്നു. ആള്‍ജിബ്ര കോഴ്സിലും ഒന്നാം സെമസ്റ്ററിലെ കണക്കുകോഴ്സിലും ഏതാണ്ടൊരു മാര്‍ക്കാണ് ഉണ്ടായിരുന്നത്. പക്ഷെ അവിടെ ബി കിട്ടിയിരുന്നെങ്കില്‍ മാക്സിമം ഞാന്‍ ഡിസപ്പോയിന്റഡ് ആകുമായിരുന്നു – പ്രയത്നത്തിന്റെ യാതൊരു കുറവും അവിടെയില്ലായിരുന്നു. നിര്‍ഭാഗ്യത്തിനും ഒരുമുഴം മുമ്പ് എറിയാന്‍ ഏറ്റവുമധികം പ്രയത്നിക്കുക എന്നതില്‍ നിന്ന് ഒപ്റ്റിമൈസേഷന്‍ എന്ന പാരഡൈമിലേക്ക് ഞാന്‍ എപ്പോഴാണ് മാറിയത്? കോഴ്സ് ഒരു എകണോമിക്സ് പ്രോബ്ലമായി മാറിയതെപ്പോള്‍?

മാറ്റത്തെ തടുക്കാനാകില്ല. എങ്കിലും ഞാന്‍ ഒന്നാം സെമസ്റ്ററിലേക്ക് ഒരു റീവൈന്‍ഡടിക്കാന്‍ ആഗ്രഹിക്കുന്നു. ടെന്‍ പോയന്ററാകാനല്ല ഞാന്‍ ഐഐടിയിലേക്ക് വന്നത്. ഫിസിക്സ് റിസര്‍ച്ചിന് ഏറ്റവും നല്ല ബെയിസുണ്ടാക്കാനാണ്. ആ ലക്ഷ്യത്തില്‍ വെള്ളം ചേര്‍ക്കാതെ മുന്നോട്ട് പോയിരുന്നെങ്കില്‍ ഈ കോഴ്സുകളിലേതിനെങ്കിലും വേണ്ടി കാടുകേറി വായിക്കുന്നതിനിടയില്‍ ഞാന്‍ ഗ്രീന്‍സ് ഫങ്ഷനുകളെക്കുറിച്ച് ശരിക്ക് പഠിക്കുമായിരുന്നു. മൂന്നു വര്‍ഷത്തിനിടയില്‍ റിലേറ്റിവിറ്റി വായിക്കാന്‍ തുടങ്ങിയിട്ടുണ്ടാകുമായിരുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ ഒരടി പിറകിലാണ്. കാരണം ഞാന്‍ ടെന്‍ പോയിന്ററില്‍ നിന്ന് ദസ്സയായി മാറിയിരിക്കുന്നു.

എനിക്ക് തിരിച്ചുപോണം.

പിന്‍കുറിപ്പ് :
* സിപിഐ വര്‍ഗ്ഗസമ്പ്രദായത്തെക്കുറിച്ചറിയാന്‍ ഈ വീഡിയോ കണ്ടുനോക്കൂ
* എഴുതിക്കഴിഞ്ഞപ്പോള്‍ വല്ലാതെ പെര്‍സണലായി തോന്നി. പബ്ലിഷ് ചെയ്യണോ? ഇതിപ്പോള്‍ ബാക്കിയുള്ളവരൊക്കെ വായിച്ചിട്ടെന്തിനാ? പിന്നെ വിചാരിച്ചു, എനിക്ക് തന്നെയെങ്കിലും പിന്നീട് വായിക്കാമല്ലോ എന്ന്. ഐഐടിക്കകത്ത് എന്താണ് നടക്കാന്‍ പോകുന്നത് എന്ന് ഇങ്ങോട്ട് വരാനാഗ്രഹിക്കുന്നവര്‍ ഒന്ന് വായിച്ചുനോക്കുകയും ചെയ്തോട്ടെ
Advertisements

4 thoughts on “ഒരു ദസ്സയുടെ മരണവും ഉയിര്‍ത്തെഴുന്നേല്‍പും”

  1. നല്ല വിവരണം. English വിവര്‍ത്തനം കൊടുത്താല്‍ ബാക്കി ഉള്ള മലയാളം അറിയാത്ത പാവങ്ങള്‍ക്കും ഉപകരിക്കും.
    നന്ദി.

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )