ആക്ച്വലി കസബിനെ എന്തുചെയ്യണമായിരുന്നു?


എല്ലാവരും നിര്‍ത്താതെ ഡിസ്കസ് ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ്. ഞാനും കൂടി എഴുതിയതുകൊണ്ട് പ്രത്യേകിച്ച് പുതിയ കണ്ടെത്തലൊന്നും പുറത്തുവരാന്‍ പോകുന്നില്ല. ഏതായാലും വീട്ടിലിരിക്കുകയാണ്. അനിയന്‍ പരീക്ഷയ്ക്ക് പഠിക്കുകയായതുകൊണ്ട് ഭയങ്കര ബോറടി. വല്ലതും എഴുതിക്കളയാമെന്ന് വച്ചു – അത്രയേ ഉള്ളൂ.

എല്ലാ പോസ്റ്റിലും ചെയ്യുന്നപോലെ ആദ്യം ഒരു സംഭവം വിവരിക്കാം. പഴയ കാര്യമാണ്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തേഡ് സെമെസ്റ്റര്‍ കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. കുറച്ച് പൈസ പോയാലും വേണ്ടില്ല, രണ്ട് ദിവസം വീട്ടിലിരിക്കാം എന്ന് വിചാരിച്ച് യാത്ര ഫ്ലൈറ്റിലാക്കാന്‍ തുടങ്ങിയതിന് മുമ്പാണ്. കാന്‍പൂരില്‍ നിന്ന് നേരിട്ട് കോഴിക്കോട്ടേക്ക് വണ്ടിയൊന്നുമില്ല. അതുകൊണ്ട് കുറച്ച് കണക്കുകൂട്ടലൊക്കെ കഴിഞ്ഞ് ഏറ്റവും നേരത്തെ വീട്ടിലെത്താനുള്ള വഴി കണ്ടുപിടിച്ചു : രാത്രി ഏഴുമണിക്ക് പരീക്ഷ കഴിഞ്ഞാലുടനെ ഇന്‍സ്റ്റിറ്റ്യൂട്ട് വിടുക. ഒമ്പതരയ്ക്കോ മറ്റോ ഒരു വണ്ടിയുണ്ട്. പിറ്റേന്ന് രാത്രി കല്യാണിലോ സി.എസ്.ടി. യിലോ ഇറങ്ങി ഒന്നുരണ്ട് മണിക്കൂര്‍ വ്യത്യാസത്തിന് അടുത്ത വണ്ടി കേറിയാല്‍ അതിനടുത്ത രാത്രി കോഴിക്കോടെത്താം. ഇനി ലേറ്റായതുകൊണ്ട് അത് മിസ്സായാല്‍ തന്നെ പിറ്റേന്ന് രാവിലത്തെ മംഗള പിടിച്ച് വീട്ടിലെത്താം. വേറെ ഏത് കോംബിനേഷന്‍ വഴി വന്നാലും ഇതില്‍ കൂടുതല്‍ സമയമെടുക്കും.

മുമ്പ് ഒരുതവണ ഈ കളി കളിച്ചതാണ്. അന്ന് മൂന്ന് ലോക്കല്‍ കേറിയാണ് മാറ്റവണ്ടി പിടിച്ചത്. പക്ഷെ ഇപ്രാവശ്യം ആദ്യത്തെ വണ്ടി കാന്‍പൂര്‍ വിട്ടതുതന്നെ ലേറ്റായാണ്. കല്യാണിലെത്താന്‍ വല്ലാതെ വൈകി. ലോക്കല്‍ കേറി മറ്റേ വണ്ടി വരുന്ന സ്റ്റേഷനിലെത്തുമ്പോഴേക്ക് എന്തായാലും മിസ്സാകും. അതുകൊണ്ട് മംഗള കാത്ത് കല്യാണിലിരുന്നു. പെട്ടി വെയ്റ്റിംഗ് റൂമില്‍ വച്ചിട്ട് പോയി ഒരു മസാലദോശ വാങ്ങിത്തിന്നു. രാത്രി മുഴുവന്‍ വെയ്റ്റിംഗ് റൂമില്‍ കഴിച്ചുകൂട്ടണം. കുറേ ആളുണ്ട്. ഒരു കസേര കിട്ടിയത് തന്നെ ഭാഗ്യം. കുറേപേര്‍ ഫോണിലാണ്. വണ്ടിയൊക്കെ ലേറ്റാണെന്ന് പറയുന്നു. എന്തോ പ്രശ്നമുണ്ടായിട്ടുണ്ട്. വല്ല ആക്സിഡന്റുമായിരിക്കും – രാത്രി ഉറങ്ങിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടക്ക് അത്രയേ വിചാരിച്ചുള്ളൂ. പുലര്‍ച്ചെ അടുത്തിരിക്കുന്നയാള്‍ വായിച്ചുകൊണ്ടിരുന്ന പത്രത്തിലേക്ക് എത്തിനോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്. മുംബൈയില്‍ ഭീകരാക്രമണം. സി.എസ്.ടി സ്റ്റേഷനിലും പ്രശ്നമുണ്ടായിട്ടുണ്ട്.

അപ്പോഴെന്താണ് തോന്നിയതെന്ന് ശരിക്ക് ഓര്‍ക്കുന്നില്ല. ഉറക്കമൊക്കെ ഹീലിയോസ്ഫിയര്‍ കടന്നു. ആദ്യം വീട്ടിലേക്ക് ഫോണ്‍ ചെയ്തു. രാവിലെ പത്രം വായിച്ചിട്ടാണ് ആക്രമണവാര്‍ത്ത വീട്ടിലറിയുന്നതെങ്കില്‍ മുംബൈ, സ്റ്റേഷന്‍, ആക്രമണം എന്ന മൂന്ന് വാക്ക് വായിക്കുമ്പോഴേക്ക് ഉമ്മ ബോധംകെടും. പിന്നെ ഇരുന്ന് സാധ്യതകളെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങി. സത്യം പറഞ്ഞാല്‍ if എന്ന പദം ഭാവികാലത്തിനുവേണ്ടിയേ ഉപയോഗിക്കാവൂ : “If I do X, Y will happen.” വല്ലതും പ്ലാന്‍ ചെയ്യാന്‍ – കണക്കുകൂട്ടാന്‍ – ഉപയോഗിക്കാം. ഭൂതകാലത്തിന് if ഉപയോഗിക്കുന്നത് വെറുതെ സമയം മെനക്കെടുത്തലാണ് : “If I had done X, Y would have happened.” ഇനി X ചെയ്യാന്‍ പറ്റില്ല. എന്നാലും വെറുതെ ആലോചിച്ചുകൊണ്ടിരിക്കും. ഞാന്‍ പരീക്ഷയ്ക്ക് മര്യാദയ്ക്ക് പഠിച്ചിരുന്നെങ്കില്‍, വണ്ടി ലേറ്റായിരുന്നില്ലെങ്കില്‍, ആ സമയത്ത് സി.എസ്.ടി. യില്‍ ഇറങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കില്‍…

സാങ്കല്‍പികമായ പ്രശ്നം കഴിഞ്ഞു. ഇനിയാണ് ശരിക്ക് സീരിയസായ കാര്യം. നിറയെ പോലീസുണ്ട്. ആക്രമണം കഴിഞ്ഞേ പ്രതിരോധമെടുത്ത് നമുക്ക് ശീലമുള്ളൂ. എന്നാലും ആ പണി മര്യാദയ്ക്ക് ചെയ്യും. ചെക്കിങ്ങും കോപ്പുമാണ്. എന്റെ തിരുമുഖം കണ്ടാല്‍ ചെക്ക് ചെയ്യാതെ വിടാന്‍ ഒരുമാതിരി പോലീസുകാരനൊന്നും തോന്നുകയുമില്ല. ബാഗിലാണെങ്കില്‍ ഒരു ബോംബുമുണ്ട്.

എക്സ്പ്ലെയിന്‍ ചെയ്യാം. ഡ്രീംസ് ക്വിസ് ക്ലബ് എന്നൊരു കൂട്ടായ്മയുണ്ട്. പഴയ ക്വിസ് പ്രതാപത്തിന്റെ പേരില്‍ എന്നെ ഒരു സ്റ്റുഡന്റ് കോഓര്‍ഡിനേറ്ററാക്കാന്‍ അവര് റെഡിയായി. ഇടക്ക് ഒന്നുരണ്ട് ക്വിസ്സില്‍ പങ്കെടുക്കും. വല്ലപ്പോഴും ഒരു ക്വിസ് നടത്തും. സ്നേഹജ് നടത്തുന്ന ക്വിസ്സുകള്‍ക്കായി ഇടക്കിടെ ഓരോ റൗണ്ട് ചോദ്യവും ഉണ്ടാക്കിക്കൊടുക്കും. ഇത്രയേ ഉള്ളൂ. ക്ലബ് വളരാന്‍ തുടങ്ങി. ക്ലബ്ബിന് ക്വിസ് നടത്താനൊരു ബസര്‍ വേണം. എന്നോട് ഉണ്ടാക്കിച്ചെല്ലാന്‍ പറഞ്ഞു. പക്ഷെ അന്ന് എനിക്ക് സര്‍ക്യൂട്ട്, മൈക്രോകണ്ട്രോളര്‍ കോഡിംഗ് ഒന്നും വശമില്ല. ഏതായാലും ശുഭായുവും അനുഭവും സഹായിച്ചു. ഹാര്‍ഡ്വെയര്‍ റെഡിയായി. ഇനി പ്രോഗ്രാമുണ്ടാക്കിയാല്‍ മതി. ഇതാണ് ബാഗില്‍. ഒരു ടിഫിന്‍ ബോക്സ്. അതിനകത്ത് മൈക്രോകണ്ട്രോളറും സര്‍ക്യൂട്ടുമൊക്കെ പൊതിഞ്ഞുവച്ചിരിക്കുന്നു. പുറത്ത് 120 മീറ്റര്‍ വയര്‍. പോലീസുകാരന്‍ ബാഗ് തുറന്നുനോക്കിയാല്‍ ഉറപ്പായും എന്താന്ന് ചോദിക്കും. മൈക്രോകണ്ട്രോളര്‍, സര്‍ക്യൂട്ട്, ക്വിസ്സ്, ബസര്‍ എന്നൊക്കെപ്പറഞ്ഞാല്‍ എന്തുമാത്രം തലയില്‍ പോകുമെന്ന് ഏതാണ്ടൂഹിക്കാം. വീടിനു പുറത്ത് റോഡില്‍ ബൈനോകൂലറും നോര്‍ട്ടണ്‍ മാപ്പും കൈയില്‍ പിടിച്ച് ആകാശം നോക്കിയിരിക്കുമ്പോള്‍ എന്നെ പൊക്കിയ പട്രോളിങ്ങ് പോലീസുകാരനെയാണ് എനിക്ക് പരിചയം. വാനനിരീക്ഷണം നടത്തുകയാണെന്ന് പറഞ്ഞപ്പോള്‍ അതെന്താ സാധനം എന്ന് ഇങ്ങോട്ട് ചോദിച്ചു. അന്ന് വീട്ടുമുറ്റം, സമാധാനാന്തരീക്ഷം ഒക്കെയായതുകൊണ്ട് പോലീസ് അവരുടെ പാട്ടിന് പോയി. എന്നെ കാണാന്‍ കുറച്ചുകൂടി കോലവുമുണ്ടായിരുന്നു. ഇതിപ്പോള്‍ കഥ വേറെയാണ്. ബോംബെയില്‍, ഉത്തരേന്ത്യയില്‍ നിന്ന് വരുന്ന ഒരു മലയാളി, കാന്തത്തില്‍ മണ്ണുപിടിച്ചതുപോലെ എന്ന് ഉപ്പ വിശേഷിപ്പിക്കുന്ന താടി, ആക്രമണം നടന്ന രാത്രി, ബാഗില്‍ ഇതും… ഐ ഐ ടി ഐഡന്റിറ്റി കാര്‍ഡ് മാത്രമുണ്ട് സഹായത്തിന്.

ഞാന്‍ റിസ്കെടുക്കാനൊന്നും നിന്നില്ല. മംഗള വരുന്നതിന് പത്തുമിനിറ്റ് മുമ്പുവരെ വെയിറ്റിംഗ് റൂമില്‍ തന്നെ ഇരുന്നു. നില്‍ക്കാന്‍ കൂടി സ്ഥലമില്ലാത്ത ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ കാലെടുത്തുവച്ചതോടെ ജീവിതം പഴയപടിയായി.

മുംബൈ ഭീകരാക്രമണവുമായി എനിക്ക് ഇത്രയേ പരിചയമുള്ളൂ. പത്രങ്ങളും ചാനലുകളും ആഴ്ചകളോളം സംഭവം ആഘോഷിച്ചപ്പോള്‍ ഞാന്‍ പിന്നാലെ പോയിട്ടില്ല. ഇംഗ്ലീഷ് ക്രിക്കറ്റ് ടീം തിരിച്ചുപോയതറിഞ്ഞു. സന്ദീപ് ഉണ്ണികൃഷ്ണന്‍ എന്ന പുതിയൊരു ഹീറോയെ കിട്ടി. പിന്നെ സചിന്‍ ചെന്നൈയില്‍ ശതകം നേടി. ആക്രമണത്തില്‍ കൊല്ലപ്പെട്ട മകളുടെ സഹപാഠിയുടെ പിതാവിനെ ഓര്‍ത്തു. പിന്നെ കസബ് വിചാരണ ഇടക്കിടെ പത്രത്തിന്റെ ആദ്യപേജില്‍ വരുന്നതുമാത്രം കണ്ടു.

ഇപ്പോള്‍ മൂന്ന് സെമസ്റ്റര്‍ കൂടി കഴിഞ്ഞിരിക്കുന്നു. കസബിനെ തൂക്കിക്കൊല്ലാന്‍ വിധിച്ചിരിക്കുന്നു. എനിക്ക് എന്താണ് തോന്നേണ്ടത്? എന്റെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഞാന്‍ അറിയുന്ന മറ്റാര്‍ക്കുമോ പോലും ആക്രമണത്തില്‍ ഒന്നും പറ്റിയിട്ടില്ല. അതുകൊണ്ട് വ്യക്തിപരമായ ഒരു വൈരാഗ്യവും എനിക്ക് കസബിനോടില്ല. ഒരു യുദ്ധത്തില്‍ മരിക്കുന്നതില്‍ കുറവ് മനുഷ്യരെയേ തീവ്രവാദികള്‍ വധിച്ചിട്ടുള്ളൂ. ആക്രമണത്തിനിരയായ ഓരോ വ്യക്തിക്കും ആക്രമണം അപ്രതീക്ഷിതമായിരുന്നിരിക്കാം, എന്നാല്‍ മരണം അത്ര അപ്രതീക്ഷിതമായിരുന്നിരിക്കാന്‍ വഴിയില്ല. ഓരോ വര്‍ഷവും വാഹനാപകടങ്ങളില്‍ ഇതിലും എത്രയോ പേര്‍ മരിക്കുന്നു. രാഹുലുമൊത്ത് ലോകകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനിടക്ക് പൊതുജനമധ്യത്തില്‍ വച്ച് കസബിനെ വെടിവെച്ചുകൊല്ലണമെന്നാണ് അവന്റെ അഭിപ്രായമെന്ന് മനസ്സിലായി. വധശിക്ഷ ക്രൂരമാണെന്നും എത്ര വലിയ കുറ്റവാളിയും അതര്‍ഹിക്കുന്നില്ലെന്നുമുള്ള അഭിപ്രായവും കണ്ടു. ജീവിതാവസാനം വരെ തടങ്കലിലിട്ട് തന്റെ ചെയ്തിയുടെ ഫലത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുക, തീവ്രവാദികള്‍ക്കെല്ലാം ഒരു പാഠമാകാന്‍ വേണ്ടി ക്രൂരമായി വധിച്ച് മൃതശരീരം പ്രദര്‍ശനത്തിന് വെക്കുക… ഓരോരുത്തര്‍ക്കും ഓരോ ശിക്ഷയാണ് യോഗ്യമെന്ന് തോന്നിയത്. വധശിക്ഷ നിര്‍ത്തലാക്കണമെന്ന് എനിക്ക് അഭിപ്രായമില്ല. ഈ വിഷയത്തില്‍ ഒരു മാസത്തോളം ഫിലോസഫി ക്ലാസ്സില്‍ ചര്‍ച്ച നടത്തിയതില്‍ നിന്ന് മനസ്സിലാക്കിയതനുസരിച്ച് ഈ ചര്‍ച്ചയ്ക്ക് എന്നെങ്കിലും അവസാനമുണ്ടാകുമെന്നും തോന്നുന്നില്ല. കസബ് മൃഗമാണെന്നും “ആനിമല്‍ റൈറ്റ്സ്” മാത്രമേ അയാള്‍ക്ക് അവകാശപ്പെട്ടതായുള്ളൂ എന്നും അരിജിത് പസായത് നടത്തിയ ദുഃഖകരമായ പ്രസ്താവനയും കണ്ടു.

അപ്പോള്‍ എനിക്ക് എന്താണ് തോന്നുന്നത്, തോന്നേണ്ടത്? സന്തോഷമോ? നിയമം അതിന്റെ വഴിക്ക് നീങ്ങിയതില്‍, കുറ്റത്തിന് ശിക്ഷയുണ്ടെന്ന് കാണുന്നതില്‍, ഒരു കാര്യത്തിലെങ്കിലും രാജ്യം ഒറ്റക്കെട്ടായി നിന്നതില്‍. അതോ ദുഃഖമോ? ഒരു മനുഷ്യനെ കുറ്റവാളിയെന്ന് വിധിക്കുന്നതിനുമുമ്പ് ഏതാണ്ടൊരു രാജ്യം മുഴുവന്‍ അയാളുടെ ചോരയ്ക്കു വേണ്ടി ദാഹിച്ചതില്‍, ഭരണഘടന കുറ്റാരോപിതന് വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ അയാള്‍ക്ക് നല്‍കാന്‍ ശ്രമിച്ച വ്യക്തികളെ സമൂഹം രാജ്യദ്രോഹികളെന്ന് മുദ്രകുത്താന്‍ ശ്രമിച്ചതില്‍, നമ്മുടെയെല്ലാം ഉള്ളില്‍ ഇപ്പോഴും ആ mob mentality ഉണ്ടെന്നറിഞ്ഞതില്‍.

ഉത്തരം ഞാന്‍ പറയാം. കണ്‍ഫ്യൂഷനുണ്ടെങ്കിലും ഞാന്‍ വിധിയില്‍ സന്തോഷവാനാണ്. കാരണം വളരെ സ്വാര്‍ത്ഥവുമാണ്. എന്നെ മറ്റൊരുതരത്തിലും ബാധിച്ചില്ലെങ്കിലും ഭയപ്പെടുത്താന്‍ സംഭവത്തിന് സാധിച്ചു. പാക്കിസ്താനിലെയും ഇറാഖിലെയും പത്രവാര്‍ത്തകളില്‍ മാത്രം കണ്ട ഫാന്റസിയായിരുന്ന തീവ്രവാദത്തെ ഒരു നാണയം ടോസ് ചെയ്യുന്ന പ്രോബബിലിറ്റിയുടെ അത്ര അകലത്തില്‍ നിര്‍ത്താന്‍ കസബിനും കൂട്ടാളികള്‍ക്കും സാധിച്ചു. രോഗം വന്നോ കാറിടിച്ചോ പ്ലെയിന്‍ തകര്‍ന്നോ ഒക്കെ ഞാന്‍ മരിച്ചേക്കാം. പക്ഷെ വെടികൊണ്ടോ ബോംബു പൊട്ടിയോ ചാകാന്‍ മാത്രം എന്തോ ഒരു വിഷമം. എന്നെ കൊല്ലണം എന്ന നിയ്യത്തും കൊണ്ട് ഒരുത്തന്‍ വന്നാലും തരക്കേടില്ലായിരുന്നു. ഇതിപ്പോള്‍ ആരെയെങ്കിലും കൊല്ലാന്‍ വേണ്ടി എന്നെ കൊല്ലുക. കൊല്ലാന്‍ ഞങ്ങള്‍ക്ക് സാധിക്കും എന്ന് കാണിക്കാന്‍ വേണ്ടി മാത്രം കൊല്ലുക. ഹിംസയുടെ ഏറ്റവും മോശം രൂപം. അതെന്നെ ഭയപ്പെടുത്തുന്നു. അതിന്റെ മറുപുറമായി, ഒരു ഇലക്ട്രിക് സര്‍ക്യൂട്ട് ബാഗിലിട്ടാല്‍ സംശയത്തിന് വിധേയനാകാതെ സമാധാനമായി യാത്ര ചെയ്യാന്‍ സാധിക്കാത്ത ലോകത്തെയും ഞാന്‍ വെറുക്കുന്നു.

ഈ ലോകം സൃഷ്ടിച്ചു എന്ന കുറ്റമേ എന്നോട് കസബും കൂട്ടാളികളും ചെയ്തിട്ടുള്ളൂ. ബാക്കിയൊക്കെ മറ്റുള്ളവരോട് ചെയ്ത കുറ്റങ്ങളും നിയമത്തിന്റെ നൂലാമാലകളുമാണ്. അവയുമായി ബന്ധപ്പെടാതിരിക്കാന്‍ ഞാന്‍ ആശിക്കുന്നു. എങ്കിലും എന്നോട് ചെയ്ത ഈ കുറ്റത്തിന് തന്നെ കസബ് വധശിക്ഷയര്‍ഹിക്കുന്നു എന്നാണ് എന്റെ ഉള്ളിലെ ഇമോഷണലായ മനുഷ്യന്‍ പറയുന്നത്. ഇതിലേറെ അനുഭവിച്ചവര്‍ വിധി ആഘോഷമാക്കുന്നത് അതിനാല്‍ എനിക്ക് മനസ്സിലാക്കാനാകും.

എങ്കിലും ചിന്തിക്കുമ്പോള്‍ വീണ്ടും കണ്‍ഫ്യൂഷനാകുന്നു. യഥാര്‍ത്ഥത്തില്‍ കസബിന് എന്തു ശിക്ഷയാണ് വിധിക്കേണ്ടിയിരുന്നത്?

Advertisements

2 thoughts on “ആക്ച്വലി കസബിനെ എന്തുചെയ്യണമായിരുന്നു?”

  1. കേരളത്തിലെ ചില രാഷ്ട്രീയ പ്രസംഗങ്ങള്‍ കസബിനെ ഒരു മുറിയില്‍ പൂട്ടി ഇട്ടു കേള്‍പിച്ചു കൊടുക്കണം. ഇതിലും വലിയ ശിക്ഷ വേറെ ഇല്ല.

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )