പ്രൊജക്റ്റുകൾ


ഈ സെം പ്രൊജക്റ്റ് കൊണ്ടുപോയി

എന്നുവച്ചാൽ റ്റ്വന്റി ഫോർ ബൈ സെവൻ പ്രൊജക്റ്റായിരുന്നു എന്നല്ല. രണ്ട് പ്രൊജക്റ്റുണ്ടാരുന്നു. ചെയ്ത് തീർന്നപ്പോഴെക്കും ജീവിതത്തിന്റെ നല്ല കുറേ ഭാഗം ആവിയായിക്കിട്ടി.

ആദ്യത്തേത് ഫിലോസഫിയായിരുന്നു. കോഴ്സ് : Ethics and society. ഇവിടെ ഹ്യുമാനിറ്റീസ് കോഴ്സുകളൊക്കെ തമാശക്കുള്ളതാണ്. സെമ്മിൽ അഞ്ച് കോഴ്സുള്ളതിൽ നാലെണ്ണം മാത്രം പഠിച്ചാൽ മതി എന്ന് വരുത്താനുള്ള ഒരുപാധി. എന്നാലും ചിലതൊക്കെ രസമാണ്. ഇത് അങ്ങനെ രസമുള്ളൊരു കോഴ്സായിരുന്നു. നല്ല പ്രൊഫസർ. ഇങ്ങനത്തെ വിഷയമായതുകൊണ്ട് ക്ലാസ്സ് സമയം മൊത്തം രസമായിരുന്നു. തർക്കങ്ങളും സംവാദങ്ങളും ഒക്കെ. നല്ല എരിവും പുളിയുമുള്ള വിഷയം തന്നെ നോക്കി എടുക്കുകയും ചെയ്തു : Sex : Morality and other Philosophical Considerations

ഭീകരമായ ഒരു തിയറി ഉണ്ടാക്കണമെന്നും വല്ല ഫിലോസഫി ജർണലിലും പബ്ലിഷ് ചെയ്യണമെന്നും ഒക്കെ വിചാരിച്ചിരുന്നു (അതിന്റെ കാര്യം രസമാണ്. എന്തെങ്കിലും ഒരു പബ്ലിക്കേഷൻ കിട്ടാൻ വേണ്ടി ഒന്നു രണ്ട് കൊല്ലമായി കളിക്കുന്നു. എവടേം എത്തിയില്ല. നിഴലിന്റെ പിന്നാലെ ഓടുന്നതുപോലൊക്കെയായി അവസാനിച്ചു). പക്ഷെ മടിപിടിച്ചും തർക്കങ്ങളിൽ സമയം കളഞ്ഞും അവസാനം ഓടിപ്പിടിച്ച് എന്തൊക്കെയോ തട്ടിക്കൂട്ടി സബ്മിറ്റ് ചെയ്യാനേ പറ്റിയുള്ളൂ.

അതിന്റെ ഹാങ്ങോവർ മാറും മുമ്പ് അടുത്തത് വന്നു. കോഴ്സ് : Modern Physics Laboratory. വല്ലാത്ത സാധനമാണ്. മര്യാദയ്ക്ക് വർക്ക് ചെയ്യാത്ത കുറേ കോപ്പ് ലാബിലുണ്ടാകും. ശരിയാക്കി വരുമ്പോഴെക്ക് രണ്ടുമൂന്ന് ലാബ് ടേൺ എടുക്കും. എന്നാലും രണ്ട് ലാബ് ടേൺ വച്ച് ഓരോ പരീക്ഷണവും തീർക്കണം. ആകെ എട്ടുപത്തെണ്ണം. ഒക്കെ ചെയ്തുവരുമ്പോഴേക്ക് അവസാനം രണ്ടുമൂന്നാഴ്ച ബാക്കി.

ആ സമയം കൊണ്ടാണ് പ്രൊജക്റ്റ് ചെയ്യേണ്ടത്. അസാധ്യമൊന്നുമല്ല. സാധാരണ മനുഷ്യന്മാർക്ക് ചെയ്യാൻ പറ്റുന്ന ഒരു ടോപ്പിക്കെടുക്കുക. രണ്ടുമൂന്നാഴ്ച ഏതാണ്ട് നന്നായി അതിമ്മൽ പണിയെടുക്കുക. ശരിയാകും. പക്ഷെ അവിടെയാണ് പ്രശ്നം. പ്രൊഫസർ വല്ലാത്തൊരു മനുഷ്യനാണ്. ഒരുമാതിരി ചെയ്യാൻ പറ്റുന്ന പ്രൊജക്റ്റ് പ്രൊപ്പോസലൊക്കെ കൊണ്ടുചെന്നപ്പോൾ അതേപോലെ ചവറ്റുകുട്ടയിലിട്ടു. എടുക്കാൻ നോക്കിയാൽ നടുവൊടിയുന്ന സാധനം തന്നെ വേണം അങ്ങേർക്ക്. സുനാമി എങ്ങനെയാണുണ്ടാകുന്നതെന്ന് സിമ്യുലേറ്റ് ചെയ്യാനാണ് അവസാനം തീരുമാനിച്ചത്. പ്രൊജക്റ്റ് കണ്ടപ്പഴേ തീർന്നെന്ന് ഉറപ്പിച്ചതാണ്.

ഐഡിയ സിമ്പിളാണ്. ആഴമേറിയ നടുക്കടലിൽ ഒരു സാമാന്യം വലിയ തരംഗമുണ്ടാക്കുക. അവിടെ അതിന്റെ ആയതി കുറവും ആവൃത്തി, പ്രവേഗം എന്നിവ കൂടുതലുമായിരിക്കും. അതിനാൽ തിരിച്ചറിയാൻ തന്നെ പ്രയാസമാകും. എന്നാൽ തരംഗം കരയോടടുക്കുമ്പോൾ വേവ് ഷോളിങ്ങ് എന്ന പ്രതിഭാസം മൂലം ആയതി വർദ്ധിക്കുകയും തരംഗദൈർഘ്യം, പ്രവേഗം എന്നിവ കുറയുകയും ചെയ്യുന്നു. അങ്ങനെയാണ് തീരത്ത് ഭീമാകാരങ്ങളായ തിരമാലകൾ എത്തുന്നത്.

സാറിന്റെ ആവശ്യങ്ങൾ
1) ഈ പ്രതിഭാസം ലാബിൽ കാണിക്കുക
2) ഈ പ്രതിഭാസത്തെ സൈദ്ധാന്തികമായി മോഡൽ ചെയ്യുക
3) 1,2 എന്നിവ തമ്മിൽ ബന്ധപ്പെടുത്തുക

1 ആണ് തമ്മിലെ എളുപ്പം. എളുപ്പം എന്ന് പറയുന്നതുകൊണ്ട് തെറ്റിധരിക്കണ്ട. ആദ്യം ഈ തരംഗത്തിനൊക്കെ പോകാൻ പറ്റിയ ഒരു ടാങ്കുണ്ടാക്കണം. തരംഗം ഉണ്ടാകുന്നിടത്തെ അൽകുൽത്തൊക്കെ ശരിയായി (പ്ലേൻ വേവ് ആയി മാറുക എന്ന് പച്ചമലയാളം) സൈദ്ധാന്തികരൂപത്തോടടുത്ത രൂപമെടുത്ത് തരംഗം മുന്നോട്ടുപോകാൻ മാത്രം വലിപ്പം ടാങ്കിന് വേണം. എട്ടടിയാണ് തീരുമാനിച്ചത്. വീതി കുറവായിരിക്കണം – നാലഞ്ചിഞ്ച്. ഉയരം ഏതാണ്ടൊരടി.സ്വച്ഛസുന്ദരമായ കാൺപൂർ നഗരത്തിൽ പോയി പെർസ്പെക്സ് വാങ്ങി ഫിസിക്സ് വർക്ക്ഷോപ്പിൽ കൊടുത്തു. രണ്ട് ദിവസം കൊണ്ട് ശരിയാക്കിത്തരാമെന്ന് പറഞ്ഞവർ ഒരാഴ്ചയെടുത്തു. അങ്ങനെ ടാങ്കായി (പിന്നേം രണ്ട് ദിവസം അതിന്റെ ലീക്ക് സീൽ ചെയ്തും മറ്റും പോയി). തരംഗം കാണാൻ ക്യാമറകൾ, പരീക്ഷണത്തിനാവശ്യമായ മറ്റ് കുണ്ടാമണ്ടികൾ ഒക്കെ ശരിയാക്കി. ഇതോടെ എളുപ്പമുള്ള ഭാഗം കഴിഞ്ഞു.

2 ആണ് ജീവിതം നായ നക്കിക്കാൻ തുടങ്ങിയത്. ഒര് പത്തിരുപത് പേപ്പർ നിരത്തിയിരുന്ന് വായിച്ചു. ഞാനും ശുഭായുവും സുനാമികൾ പേടിസ്വപ്നം കണ്ട് ഞെട്ടിയെണീക്കാൻ തുടങ്ങി. കൂടുതൽ വിശദീകരിക്കുന്നില്ല – നിങ്ങൾക്കും കരച്ചില് വരും. അവസാനം എവിടെയുമെത്തിയില്ല.

3 എന്തായി എന്ന് പറയുന്നതിന് മുമ്പ് പരീക്ഷണഫലങ്ങൾ. ടാങ്കുണ്ടാക്കലും ലീക്കടക്കലും ഒക്കെകഴിഞ്ഞ് അവസാനം 7 ദിവസമേ എല്ലത്തിനും കൂടി ബാക്കിയുണ്ടായിരുന്നുള്ളൂ. നിരത്തി പരീക്ഷണം നടത്താൻ തുടങ്ങി. ചാവി വാങ്ങി ശനിയും ഞായറും ലാബിൽ കിടന്നുറങ്ങി.

ചൊവ്വാഴ്ച. വെള്ളിയാഴ്ച പ്രൊജക്റ്റ് റിപ്പോർട്ട് സമർപ്പിക്കണം. അപ്പോളാണ് 3 ന്റെ പ്രശ്നം മനസ്സിലായത്. ഡിജികാം ഉപയോഗിച്ച് വീഡിയോ എടുത്താണ് തരംഗങ്ങളെ നിരീക്ഷിച്ചത്. അതിന്റകത്തുനിന്നും വല്ല വിവരവും പുറത്തെത്തിക്കണമെങ്കിൽ അസാമാന്യമായ പാടുപെടണം. ഒരു വേവ്പൾസിന്റെ പരിണാമം മനസ്സിലാക്കാൻ ഒരു മണിക്കൂറോളമെടുക്കും.

കുത്തിയിരുന്ന് പതിനാറ് വേവ്പൾസുകളെ ഫോളോ ചെയ്തു (ബാക്കിയുള്ള സമയം കൂട്ടിക്കിഴിച്ച് രണ്ട് രാത്രി ഉറങ്ങിയില്ല എന്ന നിഗമനത്തിലെത്താം). ഒരെത്തും പിടിയും കിട്ടിയില്ല – ഒരട്ടി സ്പ്രെഡ്ഷീറ്റ് മുന്നിലുണ്ട്. ഗ്രാഫേത് വരയ്ക്കുമ്പോഴും ക്വാളിറ്റേറ്റീവായി ശരിയാകുന്നു. ക്വാണ്ടിറ്റേറ്റീവായി ഒരു തിയറിയുടെയും അടുത്തുപോലുമെത്തുന്നില്ല. അവസാനം മതിയാക്കി. ഗ്രാഫുകളെ അൽപമെങ്കിലും സമീപിക്കാൻ ശ്രമിക്കുന്ന രണ്ടുമൂന്ന് ഫങ്ഷൻ തരുന്ന ഏറ്റവും സരളമായ തിയറി മാത്രം റിപ്പോർട്ടിലിട്ടു. ഫിറ്റുന്നതും ഫിറ്റാത്തതുമായ ഗ്രാഫൊക്കെ വരച്ച് കൊടുത്തിട്ടുണ്ട്.

സബ്മിറ്റ് ചെയ്തതും കിടക്കയിലേക്ക് വീണു. 15 മണിക്കൂർ കഴിഞ്ഞാണ് പൊന്തിയത്.

റിസൾട്ടെന്താകുമെന്ന് പടച്ചോനറിയാം. നല്ല സാറാണ്. തിയറി വളരെ നന്നായി പഠിപ്പിക്കും. വളരെ കൂളായി ഗ്രേഡിങ്ങും നടത്തും. ആ ദേഷ്യം ലാബ് കോഴ്സിൽ തീർക്കും. ചിരിച്ച് ചിരിച്ച് ഇഞ്ചിഞ്ചായി ആളെക്കൊല്ലും. കഴിഞ്ഞ വർഷം ആകെ ഒരു എ ഗ്രേഡ് മാത്രമേ ഈ വിഷയത്തിന് കൊടുത്തുള്ളൂ. വിവരമുള്ളതുകൊണ്ട് തോന്ന്യാസമെഴുതി പറ്റിക്കാനും കഴിയില്ല. ഈ വിഷയത്തിലെ പരീക്ഷയുടെ പേപ്പർ നാളെ കിട്ടും. കേൾക്കാനുള്ളതൊക്കെ അപ്പോൾ കേൾക്കും. ഗ്രേഡിനെപ്പറ്റി ഏതാണ്ടൊരു ഐഡിയയുമാകും.

പ്രൊജക്റ്റ് റിപ്പോർട്ടുകൾ ഇവിടെയുണ്ട്. വായിച്ച് അഭിപ്രായം പറയുക. സമയമെടുത്ത് കുറച്ചുകൂടി സമാധാനം തരുന്ന ആരുടെയെങ്കിലും കീഴിൽ സുനാമി പ്രൊജക്റ്റ് ഒരിക്കൽക്കൂടി ചെയ്യണമെന്നുണ്ട്. അപ്പോഴെങ്കിലും ശരിയാക്കിയെടുക്കണം. പ്രൊജക്റ്റിന്റെ സാമ്പിൾ വീഡിയോ (ഐ മീൻ, സുനാമി പ്രൊജക്റ്റിന്റെ) അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാം. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും വേവ് ഷോളിങ്ങ് കാണാൻ പറ്റിയതിൽ വലിയ സന്തോഷമുണ്ട്. പ്രൊഫസറൊഴികെ എല്ലാവരും കണ്ട് impressed ആയിരുന്നു. ഇങ്ങേർക്കെന്താ സാധാരണ മനുഷ്യൻമാരെപ്പോലോക്കെ ആയാൽ?

Advertisements

4 thoughts on “പ്രൊജക്റ്റുകൾ”

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )